ചെട്ട്യാലത്തൂർ

ഇവിടം സ്വർഗ്ഗമാണ് പക്ഷേ...!

വനത്തിൽ ജീവിതം തുടരുന്നവർക്ക് കാടിനുള്ളിൽനിന്ന് പുറത്തേക്കുവരാൻ കേന്ദ്രസർക്കാർ നടപ്പാക്കിയതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. ആ പദ്ധതിയിൽ ഉൾപ്പെട്ട വയനാട്ടിലെ വനഗ്രാമമാണ് ചെട്ട്യാലത്തൂർ. 67 കുടുംബങ്ങൾ മാത്രമാണ് നിലവിൽ ചെട്ട്യാലത്തൂരിലുള്ളത്. 60 കുടുംബങ്ങളും കാട്ടുനായ്ക്ക-പണിയ വിഭാഗത്തിലുള്ളവരാണ്.

ഭൂരിഭാഗം പേർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയാൽ ഇവിടെതന്നെ ജീവിക്കാനാണ് താൽപര്യം. കാട്ടുനായ്ക്ക ജനതയാണെങ്കിൽ കാടുവിട്ടുപോകാൻ ഒട്ടും താൽപര്യവും കാണിക്കുന്നില്ല. പോകാൻ താൽപര്യമുള്ളവർക്ക് സർക്കാർ നൽകുന്ന പത്തു ലക്ഷം എന്ന തുകകൊണ്ട് പുറത്ത് വീടും ഭൂമിയും വാങ്ങാനും സാധിക്കുന്നില്ല.

സ്വയം സന്നദ്ധ പുനരധിവാസ പ്രദേശമായതുകൊണ്ട് ഒരു തരത്തിലുമുള്ള വികസനവും ഗ്രാമത്തിൽ നടപ്പാക്കാനും കഴിയില്ല. തുച്ഛമായ നഷ്ടപരിഹാരവും വാങ്ങി പലരും കാടിറങ്ങിയതോടെ കൃഷിഭൂമികൾ വനഭൂമികളായി മാറി. ചോരുന്ന കൂരയിൽ വൈദ്യുതിയും റോഡും വാഹന സൗകര്യവുമില്ലാതെ ദുരിതജീവിതം നയിക്കുമ്പോഴും ജനിച്ച ഗ്രാമത്തിൽ ജീവിച്ചുതീരണമെന്നാണ് ഇവരുടെ ആഗ്രഹം.

 

ദൈവത്തറ

‘ഞങ്ങളിവിടെ കൂടിയിട്ട് ഇതുവരെ ഒരു മൃഗവും ശല്യം ചെയ്തിട്ടില്ല. രാത്രിയും പകലും അവ തോന്നുന്നപോലെ വന്നുപോകും. ഒരാളെയും കൊല്ലാൻ വന്നിട്ടില്ല. പുറത്തുപോയാൽ വിറക്, വെള്ളം കിട്ടാൻ പ്രയാസമാണ്. പുഴയുള്ളതിനാൽ അലക്കാനും കുളിക്കാനും പ്രയാസമില്ല.

പുഴയിൽനിന്ന് മീനും കിട്ടും. നിലവിൽ തൊഴിലുറപ്പു പദ്ധതിക്ക് കീഴിൽ പണിയുണ്ട്. കൃഷിയും തോട്ടപ്പണിയുമുണ്ട്. അല്ലെങ്കിൽ തമിഴ്നാട്ടിൽ കാപ്പി പറിക്കാൻ പോകും. ഒരു പണിയുമില്ലെങ്കിൽ തേൻ, കാട്ടു പച്ചില മരുന്നുകൾ, കാട്ടുവേരുകൾ എന്നിവ വനത്തിൽനിന്ന് ശേഖരിച്ച് വിൽക്കും.

ഞങ്ങൾക്ക് ഈ ജീവിതം മതി’ -കാടിറങ്ങി നാട്ടിലേക്ക് പോകുന്നില്ലേയെന്ന ചോദ്യത്തിന് ചെട്ട്യാലത്തൂർ ഗ്രാമത്തിലെ ആദിവാസി ജനതയിൽ പ്രത്യേകിച്ചും കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകളടക്കം പറയുന്ന മറുപടിയിങ്ങനെയാണ്.

വീടുകൾ

 

ചെട്ട്യാലത്തൂരിലേക്ക്

സുൽത്താൻ ബത്തേരി-ഊട്ടി റോഡിൽ 16 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചങ്ങല ഗേറ്റ് എത്താം. ചങ്ങല ഗേറ്റിൽനിന്ന് രണ്ട് കിലോമീറ്റർ നിബിഡ വനപാതയിലൂടെ സഞ്ചരിച്ചാൽ വനഗ്രാമമായ ചെട്ട്യാലത്തൂർ കാണാം. നൂൽപുഴ പഞ്ചായത്തിലെ 12ാം വാർഡിലാണ് ചെട്ട്യാലത്തൂർ.

വന്യജീവികളുടെ സാന്നിധ്യവും സർക്കാർ അവഗണനയും വനഗ്രാമത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. 67ഓളം കുടുംബങ്ങൾ മാത്രമാണ് നിലവിൽ ചെട്ട്യാലത്തൂരിലുള്ളത്. ഇതിൽ ഏഴ് കുടുംബം ജനറൽ വിഭാഗത്തിലാണ്. ബാക്കി 60 കുടുംബം ഗോത്രവിഭാഗത്തിലും. മുമ്പ് നൂറോളം ജനറൽ വിഭാഗത്തിലുള്ള കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. അവരെല്ലാം കാടിറങ്ങി. അവരുടെ കൃഷിഭൂമിയെല്ലാം കാടായിത്തുടങ്ങി.

തൊഴിലുറപ്പു ജോലിക്കെത്തിയ സ്ത്രീകൾ

 

സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചു നടപ്പാക്കുന്നതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. വനത്തിൽ ജീവിതം തുടരുന്നവർക്ക് കാടിനുള്ളിൽനിന്ന് പുറത്തേക്കുവരാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ ഈ പദ്ധതിയിൽ ഓരോ കുടുംബത്തിനും കൈവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് അനുവദിക്കുക.

അഞ്ചു സെന്റുള്ള ഒരു കുടുംബത്തിനും പത്തേക്കറുള്ള ഒരു കുടുംബത്തിനും കിട്ടുന്ന തുക പത്തു ലക്ഷം മാത്രം. പല കുടുംബങ്ങളും തുച്ഛമായ നഷ്ടപരിഹാരവും വാങ്ങി കാടിറങ്ങി. പല കുടുംബത്തിനും പത്തു ലക്ഷം രൂപ അക്കൗണ്ടിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഭൂമി കണ്ടെത്തിക്കൊടുക്കാൻ സാധിച്ചിട്ടില്ല. പണം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയന്റ് അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുക. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്ത് ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്തം പദ്ധതിയുടെ ജില്ലതല നിര്‍വഹണ സമിതിക്കാണ്. അനുവദിച്ച കുറഞ്ഞ തുകകൊണ്ട് പുറത്ത് ഇവർ ഇഷ്ടപ്പെടുന്ന ഭൂമി വാങ്ങാൻ സാധിച്ചില്ല.

ദൈവപ്പുര

 

വനത്തിനു പുറത്ത് അനുയോജ്യമായ ഭൂമി കണ്ടെത്തിയവർക്ക് ഈ തുകകൊണ്ട് വീട് നിർമിക്കാനും കഴിഞ്ഞില്ല. നിലവിൽ പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളിൽ ഒരാൾ മാത്രമാണ് ഭൂമി കണ്ടെത്തിയത്. ബാക്കിയുള്ള കുടുംബങ്ങൾ ഇപ്പോഴും കാടിന് പുറത്തുപോകാൻ താൽപര്യമില്ലാതെ ഒരു തരത്തിലും അടിസ്ഥാന സൗകര്യമില്ലാത്ത ഗ്രാമത്തിൽ ജീവിക്കുകയാണ്. അതേസമയം, അഞ്ചും പത്തും ഏക്കര്‍ പട്ടയഭൂമിയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റി കാടിന് പുറത്തേക്ക് താമസം മാറുന്നത് ഭീമമായ നഷ്ടമായതുകൊണ്ട് ഏഴോളം കുടുംബങ്ങളും ഇവിടെ ജീവിക്കുന്നു.

ദുരിത ജീവിതങ്ങൾ

ഗ്രാമത്തിൽ ജീവിക്കുന്ന 60ഓളം ആദിവാസി കുടുംബങ്ങളുടെ ജീവിതം വളരെ ദയനീയമാണ്. വൈദ്യുതി, വീട്, റോഡ് എന്നിങ്ങനെ ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണിവർ. കാലികളെ മേച്ചും കൃഷിപ്പണി ചെയ്തും തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലെടുത്തും കാട്ടിൽപോയി തേനെടുത്തും ഉപജീവനമാർഗം കണ്ടെത്തുന്ന ഇവരിൽ പലർക്കും കയറിക്കിടക്കാൻ നല്ലൊരു വീടുപോലുമില്ല.

മഴ തുടങ്ങിയതോടെ ഇവരുടെ ജീവിത ദുരിതം ഇരട്ടിയാണ്. പ്രദേശത്ത് ഒരു തരത്തിലുള്ള വികസ പ്രവർത്തനങ്ങളും നടത്താൻ പാടില്ലാത്തതുകൊണ്ട് ചോർന്നൊലിക്കുന്ന വീടുകളുടെ മേൽക്കൂര ഷീറ്റു വിരിച്ചാണ് നിലനിർത്തുന്നത്. ഗ്രാമത്തിൽ എത്താനും പുറത്തുകടക്കാനും ഇവിടെ തന്നെയുള്ള സ്വകാര്യ ജീപ്പുകളെയാണ് ആശ്രയിക്കുന്നത്. ഒരുമിച്ച് പോകുമ്പോൾ കുറഞ്ഞ തുക മതിയെങ്കിലും ഒറ്റക്കാണെങ്കിൽ വലിയ തുക വാഹനക്കൂലി നൽകേണ്ടി വരും. പുറത്തുനിന്ന് ഓട്ടോയടക്കമുള്ള വാഹനങ്ങൾ വിളിച്ചാൽ എത്താറുമില്ല.

 

മണ്ണിട്ട ചെമ്മൺ വനപാതയിലൂടെയുള്ള സഞ്ചാരവും ദുർഘടമാണ്. വൈദ്യുതി എത്താത്തതുകൊണ്ട് മിക്ക വീടുകളും സോളാറാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്. കുറച്ച് വീടുകൾക്ക് പഞ്ചായത്ത് സോളാർ നൽകിയെങ്കിലും പലരും സ്വന്തം പണം ഉപയോഗിച്ചാണ് ഇത് വാങ്ങിയിരിക്കുന്നത്. വീടുകൾ പലതിന്റെയും ചുമരുകളും തറകളും പൊളിഞ്ഞു കിടക്കുകയാണ്.

മണ്ണു നിറഞ്ഞ തറകളിൽ നിലത്താണ് പലരുടെയും കിടപ്പ്. മഴ തുടങ്ങിയതോടെ ചളിയും വെള്ളവുമായി പരിസരങ്ങളും വൃത്തിഹീനമാണ്. ആൺകുട്ടികൾ പലരും പത്താംക്ലാസ് എത്തുന്നതിന് മുമ്പെ പഠനം പാതിവഴിയിലാക്കുന്നു. പ്ലസ് ടു കഴിഞ്ഞവർതന്നെ വിരളം.

‘വീടും വൈദ്യുതിയും റോഡും കിട്ടിയാൽ ഇവിടെ ജീവിച്ചോളാം. ഞങ്ങളുടെ ആൾക്കാർക്ക് മറ്റുള്ളവരെ പോലെ പുറത്തുപോയി ജീവിക്കാനുള്ള കഴിവില്ല. ഈ കുറഞ്ഞ നഷ്ടപരിഹാരംകൊണ്ട് എന്തു ചെയ്യാനാണ്. സ്ഥലവും വീടും പുറത്തുനിന്ന്‍ വാങ്ങാൻ സാധിക്കുമോ.

 

ഞങ്ങൾക്ക് കാടില്ലാതെ ജീവിക്കാനാവില്ല. എല്ലാവരും പോയാലും ഞങ്ങൾക്ക് പോകാൻ കഴിയില്ല. കിട്ടുന്ന കൂലിക്ക് ജീവിച്ചുപോവുകയാണ്. എന്തൊക്കെയായാലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. പലപ്പോഴും ലൈഫ് മിഷനിലൂടെ അപേക്ഷ നൽകും. വീട് പാസായാലും സ്വയം പുനരധിവാസ മേഖലയിലായതുകൊണ്ട് അനുവദിക്കാറില്ല’ -ഇങ്ങനെയാണ് ഇവിടത്തുകാർ പറയുന്നത്.

ചോദ്യചിഹ്നത്തിൽ പഠനം

ഗ്രാമത്തിലെ ചെട്ട്യാലത്തൂർ എൽ.പി സ്കൂൾ സർക്കാറിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഗോത്രവിഭാഗക്കാരായ നായ്ക്കരും പണിയരും മാത്രമാണ് സ്കൂളിൽ പഠിക്കുന്നത്. സ്കൂളുകളുടെ മേൽക്കൂരകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് നീക്കണമെന്ന ഹൈകോടതി ഉത്തരവുള്ളതിനാൽ സ്കൂളിന് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.

കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം മറ്റു നിർമാണ പ്രവൃത്തികളൊന്നും നടത്താതെ ആസ്ബസ്റ്റോസ് ഷീറ്റ് മാത്രം നീക്കി ഗുണമേന്മയുള്ള മറ്റു ഷീറ്റുകൾ മേയാൻ അനുമതിയുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് നാലു ലക്ഷം രൂപയോളം ഇതിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ലഭിക്കാൻ കാലതാമസമെടുക്കും. 15 കുട്ടികളാണ് സ്കൂളിലുള്ളത്. നാലാം ക്ലാസിലേക്ക് നാലുപേർ, മൂന്നിൽ- ഏഴ്, രണ്ടിൽ- മൂന്ന്, ഒന്നാം ക്ലാസിൽ ഒരാളും. ഗ്രാമത്തിൽതന്നെയുള്ളവരാണ് ഇവിടെ പഠിതാക്കൾ. പ്രധാനാധ്യാപകനും പ്യൂണുമാണുള്ളത്. മൊത്തം ക്ലാസുകളും കൈകാര്യം ചെയ്യുന്നത് ഒരാളാണ്.

ചെട്ട്യാലത്തൂർ എൽ.പി സ്കൂൾ

 

സ്കൂളിൽ പതിവായി എത്തിയില്ലെങ്കിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറവാണ്. നാലാം ക്ലാസ് കഴിഞ്ഞാൽ കാടിന് പുറത്തുള്ള ഹോസ്റ്റലുകളുള്ള സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. പലപ്പോഴും ഹോസ്റ്റലിൽനിന്നും വീട്ടിൽ തിരികെയെത്തുന്ന കുട്ടികളിൽ പലരും തിരിച്ചുപോകാറില്ല. അമ്മമാർ എത്ര നിർബന്ധിച്ചാലും ഫലപ്രദമാകാറില്ല. പുറത്തുനിന്നുള്ളയാളാണ് പ്രമോട്ടറായുള്ളത്. ഇയാൾ ആഴ്ചയിൽ ഒരു ദിവസം ഗ്രാമത്തിൽ എത്തിയാലും കുട്ടികളെ കണ്ടെത്തുക പ്രയാസകരമാണ്. പ്രമോട്ടർമാരാകാൻ ഗ്രാമത്തിൽനിന്നും ആരും തയാറാകുന്നില്ലെന്നാണ് വാർഡ് മെംബർ പറയുന്നത്.

ഏഴു കുടുംബങ്ങൾ

ജനറൽ വിഭാഗത്തിൽ നഷ്ടപരിഹാരവും വാങ്ങി ഭൂരിഭാഗവും കാടിറങ്ങി. ശേഷിക്കുന്ന ഏഴു കുടുംബങ്ങളുടെ ജീവിതവും പ്രയാസമാണ്. പലരും വർഷങ്ങൾക്കുമുമ്പ് ഇവിടെ വന്ന് നട്ടുപിടിപ്പിച്ചതാണ് തെങ്ങ്, കവുങ്ങ്, കാപ്പി തുടങ്ങിയ കാർഷിക വിളകളെല്ലാം. അധ്വാനിച്ച് മണ്ണിൽ പൊന്നുവിളയിച്ചു. മണ്ണെണ്ണയുടെയും മെഴുകുതിരിയുടെയും വെട്ടത്തിലായിരുന്നു മുമ്പ് ജീവിതം, ഇപ്പോൾ സോളാർ പാനൽ ഉപയോഗിക്കുന്നതുകൊണ്ട് വെളിച്ചത്തിന് തടസ്സമില്ല. പക്ഷേ, ഇലക്ട്രിക് വീട്ടുപകരണങ്ങൾ ഒന്നുംതന്നെ ഉപയോഗിക്കാൻ സാധിക്കുന്നില്ല. നെറ്റ് വർക്ക് സൗകര്യം ഇല്ലാത്തതിനാൽ മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ ഒന്നും ഉപയോഗിക്കാൻ കഴിയില്ല.

 

മൃഗശല്യം രൂക്ഷമായതോടെയാണ് സർക്കാറിന് എഴുതിനൽകി പല കുടുംബങ്ങളും കാടിറങ്ങിയത്. വൈദ്യുതിക്കായി ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ഇവിടം സ്വർഗമാണെന്ന് ഇവരും സമ്മതിക്കുന്നു. കിട്ടുന്ന കുറഞ്ഞ നഷ്ടപരിഹാരവുമായി കാടിറങ്ങാൻ ഈ കുടുംബങ്ങളും തയാറല്ല.

പുനരധിവാസം!

പുനരധിവാസ മേഖലയായതുകൊണ്ട് ഒരുവിധ നിർമാണവും ഇവിടെ നടത്താൻ കഴിയില്ലെന്ന് നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശ് പറയുന്നു. കുറച്ച് ആദിവാസി കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ ഫണ്ട് കിട്ടിയിട്ടുണ്ട്. നിലവിൽ ഒരാൾ മാത്രമാണ് സ്ഥലം വാങ്ങിയത്. കുറച്ചാളുകൾക്ക് പോവണമെന്നും കുറച്ചുപേർക്ക് പോവണ്ടായെന്നുമുള്ള ധാരണയാണുള്ളത്.

പട്ടികജാതിക്കാർക്ക് ജോയന്റ് അക്കൗണ്ടാണുള്ളത്. നിലവിൽ ട്രൈബൽ വകുപ്പ്, വനംവകുപ്പ് എന്നിവർ ചേർന്ന് സ്ഥലം കണ്ടെത്തി അവർക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ മാത്രമേ വാങ്ങാൻ കഴിയൂ. പണം വന്നവർക്കൊന്നും സ്ഥലം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പ് പാസായ 10 ലക്ഷം രൂപകൊണ്ട് ഭൂമിയും വീടും വാങ്ങുക പ്രയാസകരമാണ്. കാട്ടുനായ്ക്ക വിഭാഗത്തിന് അവിടെ താമസിക്കാനാണിഷ്ടം. പുനരധിവാസ പ്രദേശമായതുകൊണ്ട് എല്ലാവരെയും പുറത്തുകൊണ്ടുവരാതെ കഴിയില്ല.

നിലവിൽ ഒന്നും ചെയ്യാൻ കഴിയില്ല. പുനരധിവാസ മേഖലയായതുകൊണ്ട് അവിടെ ഒരു പൈസയും ചെലവഴിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവു തന്നെയുണ്ട്. ചെയ്താൽ നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

എങ്ങനെ കഴിച്ചുകൂട്ടും?

പുനരധിവാസ മേഖലയിൽ ഒരു നിർമാണ പ്രവൃത്തിയും വേണ്ടെന്ന സർക്കാർ തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കിയതോടെ ഇവിടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർഡ് മെംബർ കെ.എം. സിന്ധുവും പറയുന്നു. ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടും എന്നു പറയാൻ കഴിയാത്ത അവസ്ഥയാണ്. ദുരിതമാണ് അവരുടെ ജീവിതം.

അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. കുറച്ചുപേർക്ക് പോവാൻ പണം പാസായിട്ടുണ്ടെങ്കിലും അവർ പോകാൻ തയാറാവുന്നില്ല. പ്രത്യേകിച്ചും കാട്ടുനായ്ക്ക വിഭാഗം. പുനരധിവാസ മേഖലയിലായതുകൊണ്ട് പാസായ വീടുകൾപോലും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. പോകുന്നതു വരെയെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാറിനോട് ഇടപെടുന്നുണ്ട്.

സ്കൂളിന് ഫിറ്റ്നസില്ലാതെയാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് കലക്ടറുടെ പ്രത്യേക അനുമതിയിൽ നാലു ലക്ഷം രൂപ മേൽക്കൂര മാറ്റാൻ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തിയായാൽ പ്രവൃത്തി തുടങ്ങും.

വന്യമൃഗങ്ങളെ ഭയമില്ലാത്തവരാണ് ഗോത്രവർഗം. വന്യമൃഗങ്ങളുടെ ആക്രമണത്തെ ചെറുക്കാനുള്ള കഴിവുമുണ്ട്. മൃഗങ്ങൾക്ക് ഇരയാവാതിരിക്കാനുള്ള മെയ്‍വഴക്കവും ജന്മനാ കിട്ടിയവരാണ് പ്രത്യേകിച്ചും കാട്ടുനായ്ക്കർ. പുനരധിവാസം നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ ഇവരുടെ ജീവിതം ദുരിതമായിരിക്കും.

റോഡും വൈദ്യുതിയും അടച്ചുറപ്പുള്ള വീടുമാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യം. കാടിന് പുറത്തുള്ള ജീവിതം ഇവരുടെ ഉപജീവനത്തിന് വരെ പ്രയാസമുണ്ടാക്കും. മറ്റു വിഭാഗം കൃഷിഭൂമിയടക്കം സർക്കാറിന് നൽകി മടങ്ങുമ്പോൾ തൊഴിൽ എന്ന യാഥാർഥ്യം ഇല്ലാതാകുമോ എന്ന ആശങ്കയും ആദിവാസികൾ പങ്കുവെക്കുന്നു.

പലരും കാടിറങ്ങി പോകുമ്പോഴും വനജീവിതം മുറുകെ പിടിക്കുകയാണ് ഇവിടത്തെ ഗോത്രജനത. 

Tags:    
News Summary - This place is heaven but...!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT