ബി.ജെ.പിക്ക് ബലം പണവും വര്‍ഗീയതയും
കര്‍ഷക സമരങ്ങള്‍ക്കും ബി.ഒ.ടി വിരുദ്ധ സമരങ്ങള്‍ക്കും നേതൃത്വം നല്ക ി നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ച അസമിലെ സാമൂഹിക പ്രവര്ത്തകന ും കൃഷക് മുക്തി സംഗ്രാം സമിതി(കെ.എം.എസ്.എസ്) നേതാവുമായ അഖില്‍ ഗൊഗോയി ലോക്സഭ തെര ഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തിന് നല്കിയ അഭിമുഖം
- ? ലോക്സഭ തെരഞ്ഞെടുപ്പ് 11ന് ആരംഭിക്കാനിരിക്കേ അസമിലെ രാഷ്ട്രീയ സാ ഹചര്യം എന്താണ്.
അസമിനെ അസ്വസ്ഥമാക്കിയ വിഷയങ്ങളെന്ന നിലയി ല്‍ കത്തിനില്‍ക്കുകയായിരുന്നു പൗരത്വ പട്ടികയും പൗരത്വ ഭേദഗതി ബില്ല ും. ഈ രണ്ടു വിഷയങ്ങളും നിര്‍ണായകമാകും എന്നും മോദി തരംഗത്തില്‍ 2014ല്‍ മി കച്ച ജയം നേടിയ ബി.ജെ.പി തിരിച്ചടി നേരിടുമെന്നുമായിരുന്നു എല്ലാവ രും കണക്കുകൂട്ടിയത്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീ ങ്ങിയതോടെ ഇവ രണ്ടും വിഷയമല്ലാതായി മാറുന്ന കാഴ്ചയാണ് കണ്ടത്്.
പൗ രത്വ പട്ടിക തദ്ദേശ അസമികളുടെ പ്രശ്നമല്ലാത്തതിനാല്‍ കരട് പട്ടി കയില്‍നിന്ന് പുറത്തായി പൗരത്വ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങളുടെ മാ ത്രം ആശങ്കയായി പരിമിതപ്പെട്ടു. അസമിലെ ഭൂരിഭാഗം ജനങ്ങള്‍ക്കിടയി ലും പൗരത്വ പട്ടിക ഒരു തെരഞ്ഞെടുപ്പ് വിഷയമായി വന്നില്ല.
മുസ്ലിം ന്യൂനപക്ഷ പ്രശ്നമെന്ന നിലയില്‍ പൗരത്വ പട്ടിക വിവാദം ചുരുങ്ങി. കരട് പൗരത്വ പട്ടിയില്‍ നിന്ന് പുറത്തായത് അസമിലെ കുടിയേറ്റ വിഭാഗങ്ങളായ ബംഗാളി ഹിന്ദുക്കളും ബംഗാളി മുസ്ലിംകളുമാണ്. ആ നിലക്ക് മത ന്യൂനപക്ഷത്തിെൻറയും ഭാഷാ ന്യൂനപക്ഷത്തിെൻറയും പ്രശ്നമെന്ന നിലയിലാണ് അസമികള്‍ ഇതിനെ കാണുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ കാലംതൊേട്ട കൃഷി, മറ്റു തൊഴിലുകൾ എന്നിവക്കായി കുടിയേറിയവർക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുകയാണ് അസമികള്‍. അതില്‍നിന്ന് വര്‍ഗീയമായ ധ്രുവീകരണത്തിലേക്കാണ് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. അത്തരമൊരു ധ്രുവീകരണം ബി.ജെ.പിക്കാണ് ഗുണകരമാകുക.
- ? പൗരത്വ പട്ടിക പോലെയായിരുന്നില്ലല്ലോ മോദി സര്‍ക്കാറും ബി.ജെ.പിയും പ്രത്യേക താല്പര്യമെടുത്ത് കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍. ഇന്ത്യയിലേക്ക് കുടിയേറുന്ന അയല്‍ രാജ്യങ്ങളിലെ മുസ്ലിംകളല്ലാത്ത വിദേശികള്‍ക്കെല്ലാം പൗരത്വം നല്‍കാനുള്ള ബില്‍ അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്ന ബംഗാളി ഹിന്ദുക്കളെ ചേര്‍ത്തുനിര്‍ത്താന്‍ കൂടിയുള്ള തന്ത്രമായിരുന്നില്ലേ? അതുകൊണ്ടല്ലേ അസമീസ് വംശജര്‍ ഒന്നടങ്കം മോദിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്.
ശരിയാണ്. ഇന്ത്യയിലേക്ക് കുടിയേറുന്നവര്‍ക്ക് പൗരത്വം നല്കാനുണ്ടാക്കിയ ബില്‍ നിയമമായാല്‍ അസമിലെത്തുന്ന മുസ്ലിംകളല്ലാത്ത വിദേശികള്‍ക്ക് പൗരത്വം ലഭിക്കുമെന്നതായിരുന്നു അസമീസ് ജനതയുടെ വലിയ വിഷയം. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലും അസമികളില് അതൊരു ആശങ്കയായി നിലനില്ക്കുന്നു. എന്നാല്‍, അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയമുന്നയിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അസംഘടിതരാണിന്ന്. അസമിലെ അവരുടെ സംഘടന സംവിധാനം ആകെ തകര്‍ന്നുപോയിരിക്കുന്നു. കോണ്‍ഗ്രസിെൻറ ഈ ദൗര്‍ബല്യം ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണ്.
- ? കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് കളം മാറിയ ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി ഹേമന്ത ബിശ്വ ശര്‍മയുടെ പ്രവര്‍ത്തനമല്ലേ കോണ്‍ഗ്രസിന് ഭീഷണിയാകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം ബി.ജെ.പിക്ക് കീഴില്‍ കൊണ്ടുവന്നതും ശര്മയായിരുന്നില്ലേ.
ഹേമന്ത ബിശ്വ ശര്‍മയുടെ പ്രവര്‍ത്തനംകൊണ്ട് മാത്രമാണിതെന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ബി.ജെ.പിക്കായി നന്നായി പണിയെടുക്കുന്നുണ്ട്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പിലെ നിലവിലെ സാഹചര്യം ശര്‍മയുടെ നീക്കങ്ങളുടെ ഫലമായി ഉണ്ടായതല്ല. ഈ തെരഞ്ഞെടുപ്പ് കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള തെരഞ്ഞെടുപ്പായി മാറുകയാണുണ്ടായത്. പൗരത്വ ഭേദഗതി ബില്ലിലൂടെ ബി.ജെ.പിക്കെതിരെ അസമിലെ തദ്ദേശീയര്ക്കിടയിലുണ്ടായ ബി.ജെ.പി വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതാണ് കോൺഗ്രസിന് തിരിച്ചടിയായത്. അതേസമയം, 32 ശതമാനം വരുന്ന അസമിലെ മുസ്ലിം ന്യൂനപക്ഷത്തെ ചൂണ്ടിക്കാണിച്ച് അവരുടെ ജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ മോദിയും ബി.ജെ.പിയും പരാജയപ്പെട്ടാല്‍ അസമീസ് വംശജര്‍ക്ക് ഇവിടം വിട്ടുപോകേണ്ടി വരുമെന്നും പ്രചാരണം നടത്തുകയാണ് ബി.ജെ.പി.
മുസ്ലിംകള് ഒന്നടങ്കം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുകയാണെന്നും അവര്‍ അസമീസ് വംശജരെ അസമില്‍നിന്നു പുറത്താക്കുമെന്നും വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. അങ്ങനെ അസമിലെ തെരഞ്ഞെടുപ്പ് മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള തെരഞ്ഞെടുപ്പാക്കി ബി.ജെ.പി മാറ്റിയിരിക്കുന്നു. ഇതാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമില്‍ കാണുന്ന പ്രവണത. ഇവിടെ ഒരു നിലപാട് ഉയര്‍ത്തിപ്പിടിക്കാൻ അസം കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
- ? മറ്റെന്തെല്ലാം ഘടകങ്ങളാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് പണത്തിെൻറ തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷത്തിെൻറ കൈയില്‍ കാശില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കഴിയുന്നില്ല. മറുഭാഗത്ത് ബി.ജെ.പി വലിയതോതിലാണ് പണമിറക്കുന്നത്. ആ നിലക്ക് അസമില്‍ ഈ ലോക്സഭ തെരഞ്ഞെടുപ്പ് പണത്തിെൻറ കളിയാണ്. പ്രതിപക്ഷത്ത് എ.ഐ.യു.ഡി.എഫിനും ഒന്നോ രണ്ടോ സ്ഥാനാര്ഥികള്ക്കുമല്ലാതെ സംസ്ഥാനത്ത് മുഴുവന്‍ മത്സരിക്കാനുള്ള പണമില്ല. കോണ്‍ഗ്രസും പാപ്പരാണ്.
- ? 14 ലോക്സഭ സീറ്റുകളിലെ അവസ്ഥ എന്താണ്.
ഈയൊരു ധ്രുവീകരണത്തോടെ ഗുവാഹതി, തേസ്പുര്‍, ദിബ്രുഗഡ്, ലഖിംപുര്‍, ദിഫു, ബംഗാളി ഹിന്ദുക്കള്‍ നിര്‍ണായകമായ സില്ചാര് എന്നീ ആറ് ലോക്സഭ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ നില ഭദ്രമാണ്. മംഗള്‍ദോയ്, കലിയാബോര്‍, ജോര്‍ഹാട്ട്, നവ്ഗാവ്, ബാര്‍പേട്ട എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് ജയം പ്രതീക്ഷിക്കാവുന്നത്. അത്തര്‍ വ്യവസായിയായ ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് നേതാവ് ബദ്റുദ്ദീൻ അജ്മൽ മത്സരിക്കുന്ന ധുബ്രിയും കൂടാതെ കരീംഗഞ്ചും ന്യൂനപക്ഷ സംഘടനയായ ഒാള് ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നേടിയേക്കും. ബാക്കിയുള്ള സീറ്റ് ബോഡോലാന്‍ഡ് ഓട്ടോണമസ് കൗണ്‍സില്‍ പരിധിയില്‍പ്പെടുന്ന കൊക്രജാര്‍ ആണ്. ബോഡോകളും ബോഡോകളല്ലാത്തവരും നേരിട്ട് ഏറ്റുമുട്ടുന്ന ഈ മണ്ഡലത്തിെൻറ ഫലം പ്രവചനാതീതമാണ്.
ബോഡോലാന്‍ഡ് ഓട്ടോണമസ് കൗണ്‍സില്‍ ഭരണകക്ഷിയായ ബോഡോ പീപ്ള്‍സ് ഫ്രണ്ട് ചിത്രത്തിലില്ലാതായ ഇവിടെ ഇക്കുറി ബോഡോകളുടെ സ്ഥാനാര്‍ഥിയായി രംഗത്തുവന്നത് വിദ്യാര്‍ഥി സംഘടനയായ ഒാള് ബോഡോ സ്റ്റുഡൻറ്സ് യൂനിയന്‍ (ആബ്സു) നേതാവാണ്. ബോഡോകളല്ലാത്ത മുഴുവന്‍ വിഭാഗങ്ങളെയും പ്രതിനിധാനംചെയ്ത് ഇറങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് ബോഡോകളുടെ പ്രധാന മത്സരം.
- ? കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതുപോലെ ബോഡോ സ്ഥാനാര്‍ഥിക്കെതിരെ ബോഡോകളല്ലാത്ത സ്ഥാനാര്‍ഥികള്‍ ഒരുമിച്ചുനിന്നപ്പോള്‍ ബോഡോകള്‍ പരാജയപ്പെടുകയാണല്ലോ ഉണ്ടായത്. അത് ഇക്കുറിയും ആവർത്തിക്കുമോ.
വോട്ടുകള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കുമിടയില്‍ ധ്രുവീകരിക്കപ്പെട്ടാല്‍ അങ്ങനെ സംഭവിക്കുമായിരുന്നു. എന്നാല്‍, ഇക്കുറി കോണ്‍ഗ്രസ് അവിടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബോഡോകളല്ലാത്തവരുടെ വോട്ടില്‍നിന്ന് നല്ലൊരു പങ്ക് പിടിച്ചാല്‍ ബോഡോ സ്ഥാനാര്‍ഥിയാണ് അവിടെ ജയിക്കാന്‍ സാധ്യത.
കഴിഞ്ഞ തവണ എ.ഐ.യു.ഡി.എഫ് നേടിയ, ബംഗാളി മുസ്ലിംകള് നിര്‍ണായകമായ ബാര്‍പെട്ട ഇക്കുറി കോണ്‍ഗ്രസിന് ലഭിക്കും. അവിടെ എ.ഐ.യു.ഡി.എഫില്‍നിന്ന് വലിയൊരു വിഭാഗം വോട്ടര്‍മാര്‍ കോണ്‍ഗ്രസിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് സീറ്റുകളിലാണ് അസം ഗണപരിഷത്ത് മത്സരിക്കുന്നത്. അതില്‍ ധുബ്രിയില്‍ അവര്‍ ഉറപ്പായും പരാജയപ്പെടും. ബാര്പെട്ടയിലും എ.ജി.പി തോല്‍വി ഏറ്റുവാങ്ങും. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന് മത്സരിക്കുന്ന കലിയാബോര്‍ ആണ് എ.ജി.പി ശക്തമായ മത്സരം കാഴ്ചവെക്കുന്ന ഏക സീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.