കഴിഞ്ഞ നാലുവർഷമായി രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങൾ അരക്ഷിതരാണ്. വലതുപക്ഷ േനതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ആക്രമണോത്സുകരായ ‘സ്വയംപ്രഖ്യാപിത ‘ദേശീയവാദികൾ’ നടത്തുന്ന ചെയ്തികളാണ് ഇൗ അവസ്ഥ സംജാതമാക്കിയത്. മണിപ്പൂരിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ചും പൻഗലുകൾ എന്നറിയപ്പെടുന്ന മണിപ്പൂരി മുസ്ലിംകൾക്കിടയിൽ മൂന്ന് ദശകമായി അരക്ഷിതബോധം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ബി.ജെ.പി അധികാരത്തിലെത്തിയശേഷം ഇവരുടെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. പല ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കുടിയേറിയ പൻഗലുകൾ അസം, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും അധിവസിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാരെയും കുടിയേറ്റക്കാരെയും മയക്കുമരുന്നുകച്ചവടക്കാരെയും പിടികൂടുന്നതിെൻറ പേരിലാണ് ഇവർ അതിക്രമത്തിന് ഇരയാവുന്നത്.
ആട്ടിയോടിക്കൽ രാഷ്ട്രീയത്തിെൻറ കാഴ്ചപ്പാടിലൂടെ ഇതിനെ നോക്കിക്കാണാം. അല്ലെങ്കിൽ സാമൂഹിക-സാംസ്കാരിക-മത വൈരത്തിെൻറ ഇരകളാവാം ഇവർ. രാജ്യത്ത് പ്രത്യേകിച്ചും മണിപ്പൂരിൽ നടക്കുന്ന ന്യൂനപക്ഷങ്ങളെ കാവിവത്കരിക്കുന്ന പ്രക്രിയയുടെ ഭാഗമാണോ ഇതെന്നും സംശയിക്കാവുന്നതാണ്. 2014ലെ നെല്ല് സംരക്ഷണനിയമത്തിെൻറ പേരുപറഞ്ഞ് മണിപ്പൂർ സർക്കാർ മന്ത്രിപുക്രി പ്രദേശത്ത് പൻഗലുകളുടെ വീടുകൾ ഇടിച്ചുനിരത്തുന്നതായി നിഷ്പക്ഷ അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 1980ലെ വനസംരക്ഷണ നിയമപ്രകാരം കുടിയൊഴിഞ്ഞുപോകാൻ ഇൗ വിഭാഗത്തിന് നോട്ടീസ് നൽകിവരുന്നു.
അവിടെ വസിക്കുന്ന ഗിരിവർഗക്കാർക്കും മറ്റും ഇത് ബാധകമല്ലെന്നതാണ് വസ്തുത. ഉക്രൂലിൽ സെക്രട്ടറിയേറ്റ് പണിയുന്നതിന് പള്ളികൾ നിലനിൽക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുത്ത്അനാവശ്യമായി സംഘർഷം സൃഷ്ടിക്കുന്നു. മണിപ്പൂരിയല്ലാത്തതിെൻറ പേരിൽ ഇംഫാൽ ജില്ലയിലെ ജിറിബാം മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന അസ്ഹബുദ്ദീൻ എം.എൽ.എയെ പ്രത്യേകം ലക്ഷ്യംവെക്കുന്ന സംഭവവുമുണ്ട്. 17ാം നൂറ്റാണ്ടിെൻറ ആദ്യത്തിൽ ഖാഗെംബ രാജാവിെൻറ കാലത്താണ് മണിപ്പൂരിൽ മുസ്ലിംകൾ താമസം തുടങ്ങുന്നത്. സാമൂഹികമായും സാംസ്കാരികമായും മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും പ്രദേശവാസികളുമായി താദാത്മ്യം പ്രാപിച്ചാണ് ഇവർ ജീവിതം കരുപ്പിടിപ്പിച്ചത്.
2011ലെ സെൻസസ് അനുസരിച്ച് മണിപ്പൂരിൽ 8.4 ശതമാനം മുസ്ലിംകളുണ്ട്. മണിപ്പൂർ പൂർണാർഥത്തിലുള്ള സംസ്ഥാനമായപ്പോൾ ആദ്യ മുഖ്യമന്ത്രിയായത് പൻഗൽ വിഭാഗത്തിൽപെട്ട മുഹമ്മദ് അലീമുദ്ദീൻ ആണെന്ന കാര്യം മറക്കരുത്. കാഞ്ചിപുരിൽ സർവകലാശാലയും ലാംഫെലിൽ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, മണിപ്പൂർ പബ്ലിക് സർവിസ് കമീഷൻ, സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് തുടങ്ങിയവയും സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത അദ്ദേഹം സംസ്ഥാനത്ത് സമൂലമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചു.
ഇതിനൊക്കെ എത്രയോ മുമ്പുതന്നെ മണിപ്പൂരി രാജാക്കന്മാരുടെ വിശ്വസ്ത സേവകരായിരുന്നു മുസ്ലിംകൾ. 1606ൽ ആദിവാസികളുടെ ആക്രമണത്തിൽനിന്ന് രാജാവിനെ രക്ഷിച്ചത് മുസ്ലിം സൈന്യത്തിെൻറ തലവനായിരുന്ന മുഹമ്മദ് സാനിയാണ്. ബർമയുടെ ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിൽ നിരവധി പൻഗലുകൾക്ക് ജീവഹാനി സംഭവിച്ചു. ബ്രിട്ടീഷുകാർക്കെതിരായ ഖോങ്ജോം യുദ്ധത്തിൽ 46 മണിപ്പൂരി മുസ്ലിംകൾ പെങ്കടുത്തു. മണിപ്പൂരിെൻറ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുന്നതിനും മനുഷ്യാവകാശലംഘനങ്ങൾ തടയുന്നതിനുമുള്ള 1939ലെ നുപിലാൻ യുദ്ധത്തിൽ മുസ്ലിം സ്ത്രീകൾവരെ പെങ്കടുത്തു. കൃഷി, വ്യവസായം, വസ്ത്രനിർമാണം, കൈത്തൊഴിൽ തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുന്നതിനും മുസ്ലിംകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മണിപ്പൂരി ഭാഷ സംരക്ഷിക്കപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു.
ഇന്നു പാർശ്വവത്കരണ ഭീഷണിയിലാണ് മണിപ്പൂരി മുസ്ലിംകൾ. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അഖില മണിപ്പൂർ മുസ്ലിം സംഘടനകളുടെ ഏകോപന സമിതി (എ.എം.എം.ഒ.സി.ഒ.സി) ആഹ്വാനംചെയ്ത 36 മണിക്കൂർ പണിമുടക്കിനോട് നിഷേധാത്മക സമീപനമാണ് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് സ്വീകരിച്ചത്. സംഘടന കാര്യങ്ങൾ വർഗീയവത്കരിക്കുകയാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മന്ത്രിപുക്രിയിലെ സംഭവങ്ങൾക്ക് പിന്നിൽ മുൻസർക്കാറാണെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാന റവന്യൂമന്ത്രി കരം ശ്യാമിനും ഇതേ അഭിപ്രായമാണ്.
പണിമുടക്കിെൻറ ആദ്യദിവസംതന്നെ പൊലീസിെൻറ ഭാഗത്തുനിന്ന് മൃഗീയനടപടികളാണ് ഉണ്ടായത്. ഒടുവിൽ എ.എം.എം.ഒ.സി.ഒ.സി പ്രസിഡൻറ് എസ്.എം. ജലാലും മറ്റ് നേതാക്കളുമായി ചർച്ചക്ക് മുഖ്യമന്ത്രി തയാറായി. മൂന്നാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെത്തുടർന്ന് പണിമുടക്ക് പിൻവലിച്ചു. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തുന്ന നടപടികളുമായാണ് സർക്കാർ മുേന്നാട്ടുപോകുന്നതെന്ന് കാണാതിരുന്നുകൂടാ. മുസ്ലിംകളുടെ െഎക്യം തടയുകയും അവരിൽ അരക്ഷിതബോധം സൃഷ്ടിക്കുകയുമാണ് സർക്കാർ. ഉരുക്കുമുഷ്ടി ഉപയോഗിച്ച് തങ്ങളെ അരക്ഷിതരാക്കുകയാണ് സർക്കാറെന്ന പൊതുവികാരം മുസ്ലിംകൾക്കുണ്ട്. കാര്യങ്ങൾ ഭരണഘടനയുടെ തത്ത്വങ്ങൾക്ക് അനുസൃതമായി പുനരവലോകനം ചെയ്യുകയാണ് സർക്കാർ വേണ്ടത്.
(ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് സോഷ്യൽ സയൻസിൽ ഗവേഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.