അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ൾ

കെജ്രിവാളിനെ ബി.ജെ.പി ഭയക്കുന്നതെന്തുകൊണ്ട് ?

2011 ഏപ്രിലിൽ കള്ളപ്പണത്തിനെതിരെ ആർ.എസ്.എസ് കാർമികത്വത്തിൽ ഡൽഹിയിൽ നടന്ന രണ്ടുദിവസത്തെ സെമിനാറിന്റെ സംഘാടനത്തിൽ സംഘ് പരിവാർ താത്ത്വികാചാര്യൻ സ്വാമിനാഥൻ ഗുരുമൂർത്തി, ആർ.എസ്.എസ് പ്രചാരക് ഗോവിന്ദാചാര്യ, ഇന്നത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ബാബ രാംദേവ്, സുബ്രമണ്യൻ സ്വാമി, അണ്ണാ ഹസാരെ, കിരൺ ബേദി എന്നിവർക്കൊപ്പം 'വിവരാവകാശ പ്രവർത്തകൻ' അരവിന്ദ് കെജ്രിവാളുമുണ്ടായിരുന്നു.

അഴിമതിക്കെതിരെ അണ്ണാ ഹസാരെയും ബാബാ രാംദേവും (!) നടത്തിയ ഉപവാസ സമരത്തിന് അരങ്ങൊരുങ്ങിയത് അവിടെ വെച്ചാണ്. അരവിന്ദ് കെജ്രിവാളും സുബ്രമണ്യൻ സ്വാമിയും ഗോവിന്ദാചാര്യയും കിരൺ ബേദിയുമായിരുന്നു തുടർന്നുണ്ടായ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ അമരത്ത്. കോൺഗ്രസിനെ വീഴ്ത്തിയ ആ പോരാട്ടം കേന്ദ്രത്തിലും ഡൽഹിയിലും ബി.ജെ.പിയുടെയും ആം ആദ്മി പാർട്ടിയുടെയും അധികാരവാഴ്ചയിലാണ് പര്യവസാനിച്ചത്.

വിദേശത്തുനിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാധ്യമ കാമറകൾക്കുമുന്നിൽ ഉപവാസ സമരം നടത്തിയ അണ്ണാ ഹസാരെയോ ബാബ രാംദേവോ 2014നുശേഷം അതേക്കുറിച്ച് ഒരുവാക്ക് മിണ്ടിയിട്ടേയില്ല. കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കാൻ ആയുധമാക്കിയ 'ജൻലോക്പാൽ' ഇന്ന് നരേന്ദ്ര മോദിക്ക് മാത്രമല്ല, അരവിന്ദ് കെജ്രിവാളിനും വലിയ തെരഞ്ഞെടുപ്പ് വിഷയവുമല്ല.

ബദ്ധവൈരികളായി മാറിയ ഒരേ തൂവൽപക്ഷികൾ

കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കാനുള്ള ഒരേ മുന്നേറ്റത്തിൽ പങ്കാളികളായതിന്റെ ഗുണഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികൾ പിന്നീട് ബദ്ധവൈരികളാകുന്നത് നമുക്ക് കാണേണ്ടിവന്നു. ആം ആദ്മി പാർട്ടിയുടെ ഉത്ഭവം തന്നെയാണ് ഭാരതീയ ജനത പാർട്ടിക്ക് അതിനോടുള്ള വൈരത്തിന്റെ തുടക്കവുമെന്ന് പറയുന്നതാകും ശരി.

അഴിമതിവിരുദ്ധ പ്രസ്ഥാനമുണ്ടാക്കിയ പ്രകമ്പനത്തിൽ കേന്ദ്ര ഭരണത്തിനൊപ്പം അനായാസം തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ച ഡൽഹി നിയമസഭ വഴുതിപ്പോയതുതൊട്ട് തുടങ്ങിയതാണിത്. രാജ്യം ഭരിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി 2014ലെ പൊതുതെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാൾ ഒന്ന് പയറ്റിനോക്കിയെങ്കിലും ആ നീക്കം അതിദയനീയമായി പരാജയപ്പെട്ടു.

വാരാണസിയിൽചെന്ന് മോദിയെ കെജ്രിവാൾ വെല്ലുവിളിച്ചതോടെ ആപ് - ബി.ജെ.പി വൈരം മൂർച്ഛിച്ച് ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ആക്രമണ പ്രത്യാക്രമണങ്ങളായി. ലോക്സഭ തെരഞ്ഞെടുപ്പിലെ അതിദയനീയമായ പരാജയത്തിനുശേഷം തന്റെ ഓഫിസ് സി.ബി.ഐ റെയ്ഡ് ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്നും ചിത്തരോഗിയെന്നും വരെ കെജ്രിവാൾ വിളിച്ചിരുന്നു. എന്നാൽ, മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചതുകൊണ്ടോ അദ്ദേഹത്തിന്റെ ഭക്തരെ പരിഹസിച്ചതുകൊണ്ടോ ബി.ജെ.പിയുടെ പെട്ടിയിലുള്ള ഹിന്ദുത്വ വോട്ടുകൾ തന്നിലേക്കുവരില്ലെന്ന് വൈകാതെ കെജ്രിവാൾ മനസ്സിലാക്കി.

കെജ്രിവാൾ കുലുക്കുന്ന ഹിന്ദുത്വ വോട്ടുബാങ്ക്

തനിക്ക് ദേശീയ രാഷ്ട്രീയ മോഹങ്ങളില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ അത്തരമൊരു മോഹവുമായി കെജ്രിവാൾ തന്ത്രപരമായി നീങ്ങി. Modi as PM, Kejriwal as CM (പ്രധാനമന്ത്രിയായി മോദി, മുഖ്യമന്ത്രിയായി കെജ്രിവാൾ) എന്നതാണ് ഡൽഹി ജനത അംഗീകരിച്ച രാഷ്ട്രീയ സമവാക്യമെന്ന്, നിഷ്പക്ഷരെന്ന് അവകാശപ്പെടുകയും തരംപോലെ വംശീയതയും വർഗീയതയും പുറത്തെടുക്കുകയും ചെയ്യുന്ന വരേണ്യ ആം ആദ്മി ഇൻറലക്ചലുകൾ പരസ്യമായി പറഞ്ഞു.

മോദി രണ്ടാമൂഴം നേടിയ 2019ൽ ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒറ്റ ലോക്സഭ സീറ്റുമില്ലാത്ത 2014ലെ നില തുടർന്നപ്പോൾ കോൺഗ്രസിന്റെ വോട്ടു ചോർത്തിയതുകൊണ്ടുമാത്രം പോരെന്നും കെജ്രിവാൾ തിരിച്ചറിഞ്ഞു. ബി.ജെ.പിയുടെ മധ്യവർഗ വോട്ടുബാങ്ക് അടർത്തിയില്ലെങ്കിൽ ആപ് മേധാവിത്വം സുസ്ഥിരമാവില്ലെന്ന തിരിച്ചറിവ് ഇതിൽ നിന്നുണ്ടായി. മോദിയുടെ ഹിന്ദുത്വ വോട്ടുബാങ്ക് ചോർത്താനുള്ള നീക്കങ്ങൾ തുടങ്ങുന്നത് അങ്ങനെയാണ്.

ബി.ജെ.പിയുടെ വോട്ടുബാങ്കിനെ ആകർഷിക്കുന്ന തരത്തിൽ ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും ഹിന്ദുത്വത്തിന്റെയും സ്വന്തം നിലപാടുകൾ പാർട്ടിയുടേതാക്കി അദ്ദേഹം മാറ്റി. പൗരത്വ സമരം, ഡൽഹി വംശഹത്യ, ജഹാംഗീർപുരി വർഗീയ കലാപം, തുടർന്നുണ്ടായ ബുൾഡോസർ രാജ് തുടങ്ങിയ വർഗീയ ധ്രുവീകരണ വിഷയങ്ങളിലെല്ലാം തന്ത്രപരമായി മൗനം പാലിച്ചു, അല്ലെങ്കിൽ പക്ഷം ചേർന്നു. ഹിന്ദുത്വ ഭീകരർ ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ ഗംഭീരമായാണ് കെജ്രിവാൾ സംഘത്തിന്റെ ആഘോഷങ്ങൾ.

റോഹിങ്ക്യൻ വിഷയത്തിൽ ബി.ജെ.പിയെ കടത്തിവെട്ടി

വിവാദ പൗരത്വ ഭേദഗതി നിയമത്തിനുശേഷം മുസ്‍ലിം അഭയാർഥികളോടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ സമീപനം അന്തർദേശീയ തലത്തിൽ ചർച്ചയാവുകയും ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ നയതന്ത്രതലത്തിൽ വലിയ തിരിച്ചടിയാവുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലായിരുന്നു ബി.ജെ.പി നേതാക്കളെപ്പോലും അമ്പരപ്പിച്ച റോഹിങ്ക്യകൾക്കുള്ള കേന്ദ്രത്തിന്റെ പുനരധിവാസ പദ്ധതി പ്രഖ്യാപനം.

എന്നാൽ, റോഹിങ്ക്യൻ അഭയാർഥികളെ ബക്കർവാലയിലെ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി ഫ്ലാറ്റുകളിലേക്ക് മാറ്റുന്നതിനെതിരെ ഹിന്ദുത്വ വോട്ട് ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി രംഗത്തുവന്നതോടെ മോദി സർക്കാറിന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. റോഹിങ്ക്യൻ മുസ്‍ലിംകളുടെ കാര്യത്തിൽ മാത്രമല്ല, മുസ്‍ലിം വംശഹത്യയോടുള്ള അവരുടെ പൊതുസമീപനവും ഇതു തന്നെയാണെന്നാണ് മാധ്യമ പ്രവർത്തകൻ ബിലാൽ സൈദി പറയുന്നത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ നിന്ദിക്കപ്പെടുന്നതിനോട് വിയോജിപ്പില്ലാത്തവർക്ക് ആം ആദ്മി പാർട്ടി ഒരു ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തങ്ങളുടെ ഹിന്ദുത്വ വോട്ടുബാങ്ക് ഇളക്കാനും ചോർത്താനും നിലവിലുള്ള പ്രതിപക്ഷ കക്ഷികളിൽ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ആം ആദ്മി പാർട്ടിക്കായിരിക്കുമെന്ന് നരേന്ദ്ര മോദിക്കും അമിത് ഷാക്കും അറിയാം. അതാണവരുടെ ആശങ്കയും.

സ്വന്തം അജണ്ടയിൽ ബി.ജെ.പിയെ കുരുക്കി

ബി.ജെ.പി സൃഷ്ടിക്കുന്ന അജണ്ടക്ക് പിന്നാലെപോകുന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ രീതികളിൽനിന്ന് ഭിന്നമായി ആം ആദ്മി പാർട്ടി തങ്ങൾ ഉണ്ടാക്കിയ ഡൽഹി മോഡൽ അജണ്ടയിൽ ബി.ജെ.പിയെ തളച്ചിടുന്നതിൽ വിജയിച്ചിരിക്കുന്നു. ന്യൂയോർക് ടൈംസിലും ഖലീജ് ടൈംസിലും ഡൽഹി വിദ്യാഭ്യാസ മോഡലിനെക്കുറിച്ച് വന്ന ഫീച്ചറുകൾ 'പെയ്ഡ് ന്യൂസ്' ആക്കി അവതരിപ്പിക്കുന്ന പ്രതിരോധത്തിലേക്ക് ബി.ജെ.പി എത്തിയിരിക്കുന്നു.

ഡൽഹിയുടെ ആരോഗ്യ, വിദ്യാഭ്യാസ മാതൃകകൾ, സൗജന്യ വൈദ്യുതി-വെള്ളം എന്നിവ ബി.ജെ.പിയെക്കൊണ്ട് ചർച്ചയാക്കിയ ആപ്, സൗജന്യങ്ങൾ ക്ഷേമപദ്ധതികളാണെന്ന തങ്ങളുടെ നിലപാടിലേക്ക് ഡി.എം.കെ, വൈ.എസ്.ആർ.സി.പി തുടങ്ങി നിരവധി പ്രതിപക്ഷ കക്ഷികളെ എത്തിക്കുകയും ചെയ്തിരിക്കുന്നു.

തങ്ങൾക്ക് കഴിയാത്ത ജനപ്രിയ പരിപാടികളുമായി ഡൽഹിയിൽ മുന്നോട്ടുപോയ കെജ്രിവാളിന് അത് ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് മോദിക്കും അമിത് ഷാക്കും 2020ൽ ഡൽഹിയിലും ഈ വർഷം പഞ്ചാബിലും ബോധ്യപ്പെട്ടു. ഗോവയിൽ ഏതാനും സീറ്റുകളിൽ നേടിയ വിജയം വലിയ ആഘോഷമാക്കിയില്ലെങ്കിലും ആപ് തന്ത്രം ഫലം കാണുന്നതിന്റെ സൂചനയായാണ് ബി.ജെ.പി വിലയിരുത്തുന്നത്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിലും പഞ്ചാബിലും പയറ്റിയ വാഗ്ദാനങ്ങളുമായി ആപ് ഇറങ്ങിയതാണ് മോദിയെയും അമിത് ഷായെയും അസ്വസ്ഥമാക്കുന്നത്. ആം ആദ്മി പാർട്ടി പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും ക്ഷേമപദ്ധതികളോ സൗജന്യങ്ങളോ എന്ന തർക്കം അടിയന്തരമായി സുപ്രീംകോടതിയിലെത്തിച്ചതിന് പിന്നിലെ ലക്ഷ്യവും ആപ്പിന് കടിഞ്ഞാണിടുക തന്നെയാണ്.

10 വർഷത്തിനുശേഷം കേന്ദ്രത്തിൽ ബി.ജെ.പി നേരിട്ടേക്കാവുന്ന ഭരണവിരുദ്ധ വികാരം തന്റെ ദേശീയ രാഷ്ട്രീയ മോഹം സഫലമാക്കാനുള്ള സുവർണാവസരമാക്കാം എന്നാണ് കെജ്രിവാൾ ഇപ്പോൾ കരുതുന്നത്. ഇത്രയും കാത്തിരുന്ന് അത് തുറന്നുപറയാനും തയാറായിരിക്കുന്നു. ഇന്ത്യയെ ലോകത്ത് ഒന്നാം നമ്പർ രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായി ആഗസ്റ്റ് 17ന് തന്റെ ദേശീയ രാഷ്ട്രീയമോഹം പരസ്യമാക്കി കെജ്രിവാൾ രംഗത്തുവന്നു.

ആപ്പിന്റെ തുറുപ്പുശീട്ടായ 'സൗജന്യ'ങ്ങൾ നിരോധിക്കാൻ ബി.ജെ.പി അവസാന ശ്രമവും നടത്തുമ്പോൾ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്താണ് കെജ്രിവാളിന്റെ രണ്ടാം ദേശീയ അരങ്ങേറ്റം. മദ്യനയത്തിന്റെ പേരിൽ സി.ബി.ഐയെ ഇറക്കി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കുരുക്കുമുറുക്കുമ്പോൾ തങ്ങൾ ഒരിഞ്ചും പിറകോട്ടില്ലെന്ന് വ്യക്തമാക്കി തിങ്കളാഴ്ച മോദിയുടെയും ഷായുടെയും തട്ടകമായ ഗുജറാത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കെജ്രിവാളും സിസോദിയയും.

Tags:    
News Summary - BJP afraid of Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.