ന​ജീ​ബ് എ​വി​ടെ?



രാ​ജ്യത്തെ മുൻനിര സർവകലാശാലകളിലൊന്നായ ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ എം.എസ്​സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശിലെ ബദായൂൻ സ്വദേശി നജീബ് അഹ്​മദിെൻറ തിരോധാനത്തിന് നാളെ വെള്ളി (ഒക്ടോബർ 15) അഞ്ചു വർഷമാവുകയാണ്. ജെ.എൻ.യുവിലെ മഹി–മാണ്ഡവി ഹോസ്​റ്റലിലെ 106 ാം നമ്പർ മുറിയിലെ വിദ്യാർഥിയായ നജീബിനെ ഹോസ്​റ്റൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.ബി.വി.പി പ്രവർത്തകർ, 2016 ഒക്ടോബർ 14ന് രാത്രിയിൽ ക്രൂരമായി മർദിച്ചിരുന്നു. രക്ഷിക്കാനെത്തിയ സുഹൃത്തുക്കൾ അവനെ വാർഡ​െൻറ മുറിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ചും എ.ബി.വി.പി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും വർഗീയച്ചുവയുള്ള വാക്കുകളിൽ അസഭ്യം പറയുകയും ചെയ്തുവെന്നും അവർ ആരോപിക്കുന്നു. അടുത്ത ദിവസം മുതൽ നജീബിനെ കാണാതാവുകയായിരുന്നു.

രാജ്യതലസ്​ഥാനത്ത് സ്​ഥിതിചെയ്യുന്ന പ്രസിദ്ധ കലാലയത്തിൽനിന്ന് ഒരു വിദ്യാർഥിയെ കാണാതായി അഞ്ചു വർഷം കഴിഞ്ഞിട്ടും അതേക്കുറിച്ച് ഒരു തുമ്പുപോലും ലഭിച്ചില്ല എന്നത് ആശ്ചര്യകരമാണ്. ഇത്രയും ദുർബലമാണ് ഇന്ത്യയിലെ കുറ്റാന്വേഷണ സംവിധാനം എന്നു വരുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണ്. എന്നാൽ, കുറ്റാന്വേഷണ സംഘത്തിെൻറ ദൗർബല്യമല്ല, അതിനെ നയിക്കുന്നവരുടെ കരുത്താണ് നജീബിെൻറ തിരോധാനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിയാത്തതിെൻറ യഥാർഥ കാരണം എന്നു തന്നെ കരുതേണ്ടി വരും. കേസിെൻറ തുടക്കത്തിൽ തന്നെ അട്ടിമറിശ്രമങ്ങൾ ജെ.എൻ.യു അധികാരികളുടെയും ഡൽഹി പൊലീസിെൻറയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധം നടക്കവെ ജെ.എൻ.യു അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ നജീബിനെ 'കുറ്റക്കാരൻ' എന്നായിരുന്നു വിശേഷിപ്പിച്ചത്.

വിദ്യാർഥികളുടെ കടുത്ത സമ്മർദത്തിനുശേഷമാണ് ജെ.എൻ.യു അധികൃതർ തിരോധാനത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി ഫയൽ ചെയ്യുന്നതു തന്നെ. നജീബിെൻറ മാതാവ് ഫാത്വിമാ നഫീസിെൻറ ഇഛാശക്തിയും പോരാട്ട വീര്യവുമാണ് കേസിനെ ഇത്രയെങ്കിലും സജീവമായി നിലനിർത്താൻ േപ്രരകമായത്. വിവിധ കീഴാള, ന്യൂനപക്ഷ വിദ്യാർഥിസംഘടനകളുടെ പിന്തുണയോടെ ആ ഉമ്മ നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആദ്യം ഡൽഹി വസന്ത്കുഞ്​ജ്​ സ്​റ്റേഷനിലെ പൊലീസുകാരാണ് കേസ്​ അന്വേഷിക്കുന്നത്. നിരന്തര സമ്മർദങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ സ്​പെഷൽ ടാസ്​ക് ഫോഴ്സിനെയും ൈക്രംബ്രാഞ്ചിനെയും പിന്നീട് സി.ബി.ഐയെയും കേസന്വേഷണം ഏൽപിക്കുന്നു. എന്നിട്ടും കേസ്​ നിന്നേടത്തു തന്നെ നിൽക്കുന്നു. ആകെയുണ്ടായ ഒരു പുരോഗതി, നജീബ് ഓട്ടോയിൽ കയറി ജാമിഅ മില്ലിയ്യയിലേക്ക് പോയി എന്ന ഡൽഹി പൊലീസിെൻറ കണ്ടെത്തൽ സി.ബി.ഐ പൊളിച്ചുവെന്നത് മാത്രമാണ്.

നജീബിനെ ആരെങ്കിലും ആക്രമിച്ചതോ അപായപ്പെടുത്തിയതോ അല്ല, അവൻ സ്വയമേവ എങ്ങോട്ടോ പോയതാണ് എന്ന് സ്​ഥാപിക്കാൻവേണ്ടി ഡൽഹി പൊലീസ്​ തട്ടിപ്പടച്ചുണ്ടാക്കിയതായിരുന്നു ഈ മൊഴി. അതായത്, കേസന്വേഷണത്തിെൻറ തുടക്കത്തിൽ തന്നെ നജീബിനെ കണ്ടെത്താനല്ല, എന്തൊക്കെയോ മറച്ചുവെക്കാനാണ് പൊലീസ്​ ശ്രമിച്ചതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റും. ലോക്കൽ പൊലീസും സ്​പെഷൽ ടാസ്​ക് ഫോഴ്സും ൈക്രംബ്രാഞ്ചും സി.ബി.ഐയും എല്ലാം അന്വേഷിച്ചിട്ടും നജീബ് ഇപ്പോഴും കാണാമറയത്തു തന്നെ. നജീബിെൻറ തിരോധാനത്തിനു പിറകിൽ പ്രവർത്തിച്ചവർ സ്വതന്ത്രരായി വിലസുകയും ചെയ്യുന്നു.

ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ദലിത് വിദ്യാർഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കാമ്പസുകളിൽ അലയടിച്ചുയർന്ന വിദ്യാർഥി മുന്നേറ്റത്തിെൻറ പശ്ചാത്തലത്തിലാണ് നജീബ് സംഭവത്തെ കാണേണ്ടത്. രോഹിത് വെമുലയുടെ ജീവത്യാഗത്തിനുശേഷം മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ പദ്ധതികൾക്കെതിരായ അമർഷം കാമ്പസുകളിൽ ശക്തമായിരുന്നു. ദലിത്, മുസ്​ലിം വിദ്യാർഥികൾ നേരിടുന്ന സവിശേഷ വിവേചനങ്ങളും വലിയ ചർച്ചയായി. വിദ്യാർഥിപ്രക്ഷോഭങ്ങൾ കേന്ദ്രസർക്കാറിന് തലവേദനയായി മാറിയ കാലം. അത്തരമൊരു സാഹചര്യം ഇനിയും ഉണ്ടാവരുത് എന്നു കരുതിയവർ ഒരു പക്ഷേ, നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്നു വിചാരിക്കുന്നുണ്ടാവണം. അഞ്ചു വർഷമായിട്ടും കേസിന് ഒരു തുമ്പും ലഭിക്കാതെ പോവുന്നതിെൻറ കാരണവും അതായിരിക്കും.

ഇന്ത്യയിലെ പുരോഗമന, ജനാധിപത്യമുന്നേറ്റങ്ങളുടെ ഈറ്റില്ലമായാണ് ജെ.എൻ.യു പരക്കെ പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ, പ്രത്യക്ഷത്തിലുള്ള അതിെൻറ ഇടതു പുരോഗമന മുഖത്തിനകത്തും മുസ്​ലിം, ദലിത് വിരുദ്ധത ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് ആ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിദ്യാർഥി കൂട്ടായ്മകൾ എപ്പോഴും ഉന്നയിക്കുന്ന വിമർശനം. അതിനെ സാധൂകരിക്കുന്നതാണ് നജീബ് വിഷയത്തിൽ ഇടതുവിദ്യാർഥി സംഘടനകൾ പൊതുവെ എടുക്കുന്ന അലസ സമീപനം. ജെ.എൻ.യുവിലെ ദലിത്, മുസ്​ലിം വിദ്യാർഥി കൂട്ടായ്മകളാണ് നജീബ് വിഷയത്തെ ഇപ്പോഴും സജീവമായി നിലനിർത്തുന്നത്. തിരോധാനത്തിന് അഞ്ചു വർഷമാകുന്ന ഈ സന്ദർഭത്തിലെങ്കിലും നജീബ് എവിടെ എന്ന ചോദ്യം ഉച്ചത്തിൽ ആവർത്തിക്കാൻ ജനാധിപത്യവാദികൾക്ക് ബാധ്യതയുണ്ട്.

News Summary - where is najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.