പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം അപ്രതീക്ഷിതമല്ലെങ്കിൽപോലും നടുക്കമുണ്ടാക്കുന്നതാണ്. മറ്റു 194 രാജ്യങ്ങളോടൊപ്പം യു.എസ് 2015ൽ ഒപ്പിട്ട ഉടമ്പടി, കാലാവസ്ഥ മാറ്റം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ കുറക്കാനും അതിജീവന തന്ത്രങ്ങൾ രൂപപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചും ബദൽ ഉൗർജരീതികൾ പിന്തുടർന്നും ആഗോള താപനത്തെ നിയന്ത്രിച്ച് ഭൂമിയെ രക്ഷിക്കാനുള്ള ശ്രമമാണ് അത്. ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം കുറക്കാൻ സമയബന്ധിതമായ പരിപാടി വേണമെന്ന ആവശ്യം ഉയർന്ന് രണ്ടു പതിറ്റാണ്ടിലേറെ കാത്തിരുന്ന ശേഷമായിരുന്നു ഉടമ്പടി. അതിെൻറ ബാധ്യത കുറച്ചെങ്കിലും ഏറ്റെടുക്കാൻ പ്രസിഡൻറ് ഒബാമയുടെ നേതൃത്വത്തിൽ അമേരിക്കകൂടി തയാറായത് വലിയ ശുഭപ്രതീക്ഷ ഉയർത്തുകയും ചെയ്തു. എന്നാൽ, ട്രംപ് പിൻവാങ്ങുന്നതോടെ ഇൗ പ്രതീക്ഷ മങ്ങുകയാണ്. അമേരിക്കക്ക് ഉടമ്പടികൊണ്ട് നഷ്ടമാണെന്നും മറ്റു രാജ്യങ്ങൾക്കാണ് ലാഭമെന്നും പറഞ്ഞാണ് പിന്മാറ്റം. കപ്പലിെൻറ അടിത്തട്ടിൽ വെള്ളം കയറുേമ്പാൾ അതടക്കാൻ ശ്രമിക്കാതിരിക്കുന്നതിന് മുകൾത്തട്ടിലുള്ളവർക്കു പറയാവുന്ന മണ്ടൻവാദമാണിത്. ഭൂമി എല്ലാവരുടേതുമാണ്, അതിെൻറ നാശം എല്ലാവരുടേതുമാണ്. ആഗോള താപനവും കാലാവസ്ഥ മാറ്റവും വരുത്തുന്ന വിനാശങ്ങളെപ്പറ്റി ശാസ്ത്രലോകം മുമ്പ് പ്രവചിച്ചിരുന്നത് കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുേമ്പാഴും ട്രംപിനെപോലുള്ളവർ നിഷേധികളായി തുടരുന്നു. കൽക്കരി വ്യവസായവും അമേരിക്കയിലെ വ്യവസായികളും സ്വന്തം കച്ചവടവുമൊക്കെയാണ് അദ്ദേഹത്തിെൻറ ലോകമെന്ന് തോന്നുന്നു. വാസ്തവത്തിൽ കാലാവസ്ഥ വിനാശത്തിൽ അമേരിക്കയുടെ പങ്ക് നോക്കിയാൽ പാരിസ് ഉടമ്പടി അവർക്ക് വൻ ലാഭമാണ്. ഉടമ്പടിയിലെ വ്യവസ്ഥകൾ അപര്യാപ്തമെന്നു പറഞ്ഞ് വിട്ടുനിന്ന നികരാഗ്വ ഇപ്പോൾ ചിരിക്കുന്നുണ്ടാകണം. ഭൂമിയെയും അന്തരീക്ഷത്തെയും ഏറ്റവും കൂടുതൽ ചൂഷണം ചെയ്ത അമേരിക്ക അതുവഴിലാഭം കൊയ്യുേമ്പാൾ ദ്വീപുരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും അതിെൻറ നഷ്ടംമാത്രം പേറുന്നു.
ധാർമിക ബാധ്യതയെപ്പറ്റി പറഞ്ഞാലൊന്നും മനസ്സിലാകുന്നയാളല്ല ട്രംപ്. എന്നാൽ, സ്വന്തം താൽപര്യങ്ങളിലെങ്കിലും കുറച്ചൊരു ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടാകേണ്ടതായിരുന്നു. അമേരിക്കയിലെ 20 വൻകിട കമ്പനികൾ, ഉടമ്പടി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടത് അതുവഴി ഉണ്ടാകാവുന്ന നഷ്ടംകൂടി പരിഗണിച്ചാണ്. േലാകമെങ്ങും ഫോസിൽ ഇന്ധനം ഒഴിവാക്കി ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇതിെൻറ മുൻനിരയിൽ അമേരിക്കയുണ്ട്. ഇത് അമേരിക്കക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നുണ്ട്. അമേരിക്കക്ക് ഇപ്പോൾ ഉള്ള വ്യാപാരാനുകൂല്യം അതിെനക്കുറിച്ച മതിപ്പുമായും ബന്ധപ്പെട്ടതാണ്. ഉടമ്പടി വിടുന്നതോടെ ഇൗ മതിപ്പ് നഷ്ടപ്പെടുകയും അമേരിക്ക ഒറ്റപ്പെടുകയും ചെയ്യും. ഇപ്പോൾ തന്നെ ചൈനയും യൂറോപ്യൻ യൂനിയനും ആഗോള നേതൃസ്ഥാനത്ത് അമേരിക്കയെ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. പാരിസ് ഉടമ്പടി വിടുന്നതോടെ അമേരിക്കയോടുള്ള സൗമനസ്യവും പരിഗണനയും ഇല്ലാതാകാനാണ് സാധ്യത. ഉടമ്പടി ഉപേക്ഷിച്ചെന്നുവെച്ച് ട്രംപിന് ഉടനെത്തന്നെ തുടർനടപടികളിലേക്ക് കടക്കാനാകില്ലതാനും. പിൻവാങ്ങാനുള്ള വ്യവസ്ഥയനുസരിച്ച്, 2020 നവംബറിലേ പൂർണമായും ഉടമ്പടിയിൽനിന്ന് ഒഴിവാകൂ. അപ്പോഴേക്കും ട്രംപിെൻറ ഇപ്പോഴത്തെ കാലാവധി കഴിയും. നേരെമറിച്ച്, ഉടമ്പടിയിൽ തുടർന്നാൽ, പിന്നീടെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ അമേരിക്കക്ക് കഴിയുമായിരുന്നു. ഇങ്ങനെ നോക്കുേമ്പാൾ, ആഗോള മലിനീകരണ പരിഹാരത്തിനായി സ്വരൂപിക്കുന്ന ഹരിത നിധിയിലേക്കുള്ള അമേരിക്കയുടെ സംഭവനയായ 300 കോടി ഡോളറിൽ ഒബാമ നൽകിയ 100 േകാടി കഴിച്ച് 200 കോടി ലാഭിക്കാമെന്നതു മാത്രമാവും ട്രംപിെൻറ നേട്ടം.
തീരുമാനം അമേരിക്കക്കുതന്നെ ദോഷം ചെയ്യുമെന്നു ചുരുക്കം. പക്ഷേ, അതിൽ ആശ്വസിക്കുന്നതിലർഥമില്ല. കാരണം, ലോകത്തിനുണ്ടാകുന്ന ദോഷം അവഗണിക്കാനാവാത്തതാണ്. വിശ്വാസ്യത നഷ്ടപ്പെടുത്തിയ അമേരിക്കയെ അതേനിലയിൽ കൈകാര്യം ചെയ്യുകയാവും ഇനി നല്ലത്. അമേരിക്ക ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായതും ഏറ്റവും കൂടുതൽ പ്രതിശീർഷ മലിനീകരണം നടത്തുന്ന രാജ്യമായതും മറ്റുള്ളവരുടെ ചെലവിലാണ് എന്നിരിക്കെ, നഷ്ടപരിഹാരം മറ്റു തരത്തിൽ ഇൗടാക്കാനുള്ള അവകാശം മറ്റുള്ളവർക്കുണ്ട്. ഉദാഹരണത്തിന് യു.എസിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേക പരിസ്ഥിതിച്ചുങ്കം ചുമത്താൻ 194 രാജ്യങ്ങൾക്ക് ഒന്നിച്ചു തീരുമാനിക്കാനാവില്ലേ? ഭൂമി എല്ലാവരുടേതുമാണ് എന്ന തത്ത്വം അമേരിക്കയെ ബോധ്യപ്പെടുത്താൻ എന്തെല്ലാം ചെയ്യാനാവുമെന്ന് മറ്റ് രാജ്യങ്ങൾ ചിന്തിക്കേണ്ട സമയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.