‘കേരളത്തിലെ പൊലീസ് ഏതു വഴിക്കാണ് പോകുന്നത്? വടകരയില്‍ ദേശീയപാത സമരസമിതിയുടെ സമരത്തില്‍ പങ്കെടുത്തയാളുടെ ജനനേന്ദ്രിയം തകര്‍ക്കുന്നവിധം പൊലീസ് ആക്രമിക്കുന്നതിെൻറ ദൃശ്യങ്ങള്‍ എല്ലാ കേരളീയരെയും ലജ്ജിപ്പിക്കുന്നതാണ്. മന്ത്രി ആരായാലും യു.ഡി.എഫ് ഭരണത്തിൽ പൊലീസിെൻറ സ്വഭാവം ഒന്നുതന്നെ’ - പിണറായി വിജയൻ 2014 ഫെബ്രുവരിയിൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയോടെ മുഖ്യമന്ത്രിപദത്തിൽ രണ്ടു വർഷം പൂർത്തീകരിക്കാനിരിക്കുേമ്പാഴും അദ്ദേഹം ഉന്നയിച്ച ചോദ്യം പ്രസക്തമായിത്തന്നെ നിലനിൽക്കുകയാണ്. കേരളത്തിലെ പൊലീസിെൻറ സമീപകാല പെരുമാറ്റങ്ങൾ കേരളീയ സമൂഹത്തിനുതന്നെ അപമാനകരമാകുന്ന സാഹചര്യത്തിൽ ആ ചോദ്യം ആവർത്തിക്കപ്പെടേണ്ടിവരുന്നു. കേരളത്തിലെ പൊലീസ് ഏതുവഴിക്കാണ് പോകുന്നത്. മാതൃദിനത്തിലെന്നല്ല ഒരു ദിനവും കേൾക്കാൻ പാടില്ലാത്തതാണ് എടപ്പാൾ സിനിമ തിയറ്ററിൽ പത്തുവയസ്സുതികയാത്ത മകളെ ലൈംഗികാതിക്രമത്തിന് ഒരു വിടന് എറിഞ്ഞുകൊടുത്തതിൽ ഒരമ്മ അറസ്റ്റിലാകുകയെന്നത്. എന്നാൽ, അതിനേക്കാൾ ഭീതിജനകമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഏപ്രിൽ 26ന് ദൃശ്യങ്ങളടക്കം കൈമാറിയിട്ടും മുഖംനോക്കാതെ നീതിനടപ്പാക്കേണ്ട പൊലീസ് കേെസടുക്കാതെ രണ്ടാഴ്ചയോളം പ്രതിയോട് പുലർത്തിയ ‘ഉദാര’ സമീപനം. പോക്സോ കേസുകൾ കേരളത്തിൽ വർധിക്കുന്നുവെന്ന മോശം വാർത്ത പുറത്തുവരുമ്പോൾ തന്നെയാണ് കുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിെൻറ പേരിൽ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ ആക്ടിങ് കമീഷൻ പി. മോഹനദാസ് ഉത്തരവിടുന്നത്.
സാമൂഹിക ജീവിതത്തിൽ ഏതൊരു വികസിത സമൂഹത്തിെൻറയും മാനദണ്ഡത്തിലെത്തിയതിൽ വിജയിച്ച കേരളം നിയമപാലനത്തിൽ ഇപ്പോഴും പുലർത്തുന്നത് കൊളോണിയൽ സമീപനങ്ങളായതിനാലാണ് വിപുലമായ ജനാധിപത്യ സംവാദങ്ങൾ നടന്നിട്ടും വംശീയ മുൻവിധികളും ലിംഗബോധങ്ങളും അട്ടിപ്പേറായി കേരള പൊലീസിെൻറ ‘ഗുഡ്ബുക്കി’ൽ അവശേഷിക്കുന്നത്. വരാപ്പുഴ ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകം പൊലീസ് സേനയിലെ നിയമബാഹ്യ പ്രവൃത്തികളുടെ ആഴം ദിനംപ്രതി പുറത്തുകൊണ്ടുവരുന്നു. എസ്.പി റാങ്കിലുള്ള ഒരുദ്യോഗസ്ഥൻ ഭരണകൂട അനുമതിയില്ലാതെ സമാന്തരമായി സേനയുണ്ടാക്കുകയും ചുരുങ്ങിയത് 21 കേസുകളിലെങ്കിലും നിയമബാഹ്യ ഇടപെടലുകൾ നടത്തുകയും അധികാര ദുർവിനിയോഗത്തിലൂടെ നിരപരാധികളുടെ അവകാശങ്ങൾ ധ്വംസിക്കുകയും ചെയ്തുവെന്നത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റും ജനാധിപത്യ സംവാദവുമായിമാറാത്തത് പൊലീസുകാരെന്നാൽ നിയമപരിപാലനത്തിെൻറ പേരിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ നിയമപരമായി അനുവാദമുള്ളവരെന്ന ധാരണ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നതിനാലാണ്. ജനകീയസമരങ്ങളെ പകൽ വെളിച്ചത്തിൽ തെരുവുകളിലും അർധരാത്രിയിൽ വീടുകളിലും നിഷ്ഠുരമായി കൈകാര്യം ചെയ്യുമ്പോൾ ഇതൊക്കെ സർവസാധാരണമല്ലേയെന്ന നിസ്സംഗമായ ചോദ്യമുയരുന്നതും പൊലീസ് ഭരണകൂടത്തിെൻറ മർദക ഉപകരണം തന്നെയാെണന്ന അനുഭവത്തിൽ നിന്നാണ്. സംസ്ഥാന മനുഷ്യാവകാശ കമീഷനു മുന്നിലെത്തുന്നകേസുകളിൽ അമ്പതുശതമാനവും പൊലീസിെനതിരായ കേസുകളത്രെ. ഗുരുതരമായ ക്രിമിനൽ കേസുകളിൽപെട്ട നിയമപാലകരുടെ എണ്ണം ആയിരത്തിലധികമാണ്. അഴിമതിയും അവിഹിതമാർഗേണ പ്രമുഖരെ സഹായിച്ചും നടപടികൾക്ക് വിധേയരായവരുടെ കണക്കെടുത്താൽ എണ്ണം പിന്നെയും വർധിക്കും. കോടതികൾ ആവശ്യപ്പെട്ടിട്ടും പൊലീസിലെ ക്രിമിനൽവത്കരണത്തെ തൂത്തുമാറ്റാൻ സർക്കാറിനായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് തുറന്നു സമ്മതിക്കേണ്ടി വന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്.
ജനങ്ങളുമായി സൗഹൃദത്തിലാകണം നിയമപാലകരെന്ന സ്വപ്നത്തിലേക്കൊന്നുമെത്തിയില്ലെങ്കിലും നീതിപൂർവം പ്രവർത്തിക്കുന്നവരാകണം അവരെന്ന അടിസ്ഥാന സമീപനമെങ്കിലും കേരളത്തിൽ സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ട്. കാരണം, ജനങ്ങളുടെ സുരക്ഷിത ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ നിയമപാലകരുടെ കാര്യക്ഷമതയും നീതിബോധവുമാണ് നിർണായക പങ്കുവെക്കുന്നത്. പൊലീസ് സംവിധാനത്തെ രാഷ്ട്രീയ ദുഃസ്വാധീനത്തിൽനിന്ന് വിമുക്തമാക്കുന്നതുപോലെ പ്രധാനമാണ് അമിതാധികാര പ്രയോഗങ്ങൾ നടത്തുന്നതിൽനിന്ന് തടയുകയെന്നതും. പൊലീസ് സഞ്ചരിക്കേണ്ട വഴി നീതിപരിപാലനത്തിേൻറതാണ്. രാഷ്ട്രീയ സമ്മർദങ്ങളെയും മേലുദ്യോഗസ്ഥ പീഡനങ്ങളേയും അവഗണിച്ച് നീതിനിർവഹണത്തിലേർപ്പെടുന്ന പൊലീസ് സേനക്ക് അപമാനകരമാണ് ഇത്തരം സംഭവവികാസങ്ങൾ. പൊലീസിലെ യൂനിയൻ പ്രവർത്തനമെന്നത് മുദ്രാവാക്യം വിളികളും രാഷ്ട്രീയ മേലാളരെ തൃപ്തിപ്പെടുത്തലുകളുമല്ല, വികസിതമായ നീതിനിർവഹണ സംവിധാനത്തിലേക്ക് കേരള പൊലീസിനെ ആന്തരികമായി വഴിനടത്തലാണ്. ക്രമസമാധാനപാലനം ശരിയായ ദിശയിലാക്കുന്നതിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും സവിശേഷമായ ബാധ്യതയുണ്ട്. ദൗർഭാഗ്യവശാൽ ആരും ഉത്തരവാദിത്തങ്ങളെ കുറിച്ചല്ല താൽക്കാലികമായ രാഷ്ട്രീയ നേട്ടങ്ങളെ കുറിച്ചാണാലോചിക്കുന്നത്. അതുകൊണ്ടുതന്നെ, 2014ൽ നടന്ന വഴികളിലൂടെതന്നെയാണ് 2018ലും കേരള പൊലീസ് സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.