തൊഴിൽ  പ്രതിസന്ധിയുടെ വ്യാപ്​തി

കേന്ദ്ര സർക്കാർ രേഖകൾപ്രകാരം നമ്മുടെ രാജ്യത്ത് തൊഴിലന്വേഷിച്ച് അലയുന്നത് ഏറ്റവും ചുരുങ്ങിയത് നാലര കോടി മുതൽ അഞ്ചര കോടി വരെയുള്ള യുവാക്കളാണ്. 2008നുശേഷം തൊഴിൽരഹിതരുടെ ഔദ്യോഗിക എണ്ണം വർഷംപ്രതി കുറഞ്ഞുവന്നിരുന്നെങ്കിലും 2017 ജൂലൈ മുതൽ തൊഴിലില്ലാത്തവരുടെ എണ്ണം രാജ്യത്ത് വർധിക്കുകയാ​െണന്ന് ഇന്ത്യൻ സമ്പദ്​ഘടന നിരീക്ഷണ കേന്ദ്രം (സി.എം.​െഎ.ഇ) റിപ്പോർട്ട് ചെയ്യുന്നു. 3.8ൽനിന്ന് 5.6 അനുപാതത്തിലേക്കുള്ള വളർച്ച ഞെട്ടിക്കുന്നതാ​െണന്ന് സാമ്പത്തിക വിദഗ്​ധർ. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കലും തൊഴിൽമേഖലയിൽ കടുത്ത പ്രതിസന്ധിക്ക് ഇടവരുത്തിയെന്നും അസ്ഥിര തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ അവ കാരണമായിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയത്തിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ തൊഴിൽ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള അന്തർദേശീയ തൊഴിൽ സംഘടന (​െഎ.എൽ.ഒ) യുടെ 2018ലെ പഠനം വ്യക്തമാക്കുന്നത് നമ്മുടെ തൊഴിൽശേഷിയിൽ 77 ശതമാനവും എപ്പോൾ വേണമെങ്കിലും ജോലിയില്ലാതാവുകയോ താൽക്കാലികമായി മാത്രം ​േജാലി ലഭിക്കുകയോ ചെയ്യുന്ന ‘ദുർബല’ തൊഴിൽവിഭാഗത്തിൽപെട്ടവരാണത്രെ. യുവാക്കൾ തൊഴിൽരാഹിത്യത്താൽ ഉഴലുകയും അരക്ഷിതരാവുകയും ചെയ്യുന്ന ഈ ദശാസന്ധിയിലാണ് 24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ  കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒളിച്ചുകളി നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്​. 

2018 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ രാജ്യസഭയിലും ലോക്​സഭയിലും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ ക്രോഡീകരിച്ചതിൽനിന്ന് വ്യക്തമാകുന്ന കാര്യം സർക്കാർ, അർധ സർക്കാർ മേഖലയിലെ 24 ലക്ഷം തൊഴിലവസരങ്ങൾ നികത്താതെ ഇട്ടിരിക്കുന്നുവെന്നാണ്. 10 ലക്ഷത്തിലധികം ഒഴിവുകൾ അധ്യാപക തസ്തികയിലാണ്. പൊലീസ് സേനയിൽ 5.4 ലക്ഷം, റെയിൽവേയിൽ 2.4 ലക്ഷം, അംഗൻവാടിയിൽ 2.2 ലക്ഷം, പ്രതിരോധസേനയിൽ 1.2 ലക്ഷം, ആരോഗ്യവകുപ്പിൽ 1.5 ലക്ഷം, തപാൽ വകുപ്പിൽ 54,263, ‘എയിംസു’കളിൽ 21,740,  മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 12,020, കോടതികളിൽ 5853 എന്നിങ്ങനെയാണ് നികത്താതെ കിടക്കുന്ന പ്രധാന ഒഴിവുകൾ. ഇവയിൽ ഭൂരിഭാഗവും നോൺ ഗസറ്റഡ് റാങ്കിലുള്ളവയും പിന്നാക്ക സാമൂഹിക സാഹചര്യങ്ങളിലുള്ള വിഭാഗങ്ങൾക്ക് എത്തിപ്പിടിക്കാനാവുന്ന സർക്കാർ തൊഴിലവസരങ്ങളുമാണ്. സർക്കാർ മേഖലയിലെ തൊഴിൽസാധ്യതകൾ തടയപ്പെടുന്നതിലൂടെ നഷ്​ടമാകുന്നത് യുവാക്കളുടെ ജീവിതസുരക്ഷക്കൊപ്പം സാമൂഹികമായി പിന്നാക്കംനിൽക്കുന്നവരുടെ അധികാര പങ്കാളിത്തം കൂടിയാണ്. 

24 ലക്ഷം പേരുടെ തൊഴിലവസരങ്ങൾ നികത്താൻ കേന്ദ്ര സർക്കാർ വൈമുഖ്യം കാണിക്കുന്ന അതേ സന്ദർഭത്തിലാണ് ലോക്​സഭയിലെ അവിശ്വാസപ്രമേയത്തിനുള്ള മറുപടിയിൽ  പ്രധാനമന്ത്രി വിചിത്രമായ കണക്കുകളുടെ അവതരണത്തിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലുകൾ രാജ്യ​െത്ത ചെറുപ്പക്കാർക്ക് തുറന്നുകൊടുത്തുവെന്ന് പ്രഖ്യാപിച്ചത്. രാജ്യ​െത്ത ഔദ്യോഗിക ഏജൻസികളുടെ വിവരങ്ങൾക്ക് വിരുദ്ധമായി പ്രധാനമന്ത്രി പാർലമ​െൻറിൽ തെളിവാക്കിയത് സ്വകാര്യ ഏജൻസിയുടെ കണക്കുകസർത്തുകളാണ്​.  കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ പ്രൊവിഡൻറ്​ ഫണ്ടിലും ദേശീയ പെൻഷൻ പദ്ധതിയിലും ചേർന്നവർ 50 ലക്ഷം. ടാക്സികളും ഓട്ടോറിക്ഷയും ലോറികളും മറ്റുമായി ഗതാഗത മേഖലയിൽ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയ പുതിയ വാഹനങ്ങളിൽ ചേരുന്ന ഡ്രൈവർമാരും ക്ലീനർമാരുമടക്കം 20 ലക്ഷം പേർ. ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയ പ്രഫഷനലുകളും മറ്റുമുണ്ടാക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളുടെ ഏകദേശ കണക്ക്. ഇവയെല്ലാം ചേർത്തിട്ടും തികയാതെ വന്നപ്പോൾ പ്രധാനമന്ത്രി  25 ലക്ഷത്തിലധികം പേരെ ഭാവനയിൽനിന്ന്​ എടുത്തുചേർത്ത്​ ഒരു കോടി തികച്ചു. ലോക്​സഭയിൽ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ വസ്തുതാപരവും ആധികാരികവുമായിരിക്കണമെന്ന ചട്ടത്തെയാണ് പ്രധാനമന്ത്രി ലംഘിച്ചത്. 

അശാസ്ത്രീയവും അമൂർത്തവുമായ വിവരങ്ങളുപയോഗിച്ച് വ്യാജം പ്രചരിപ്പിച്ച്​ രാജ്യത്ത് തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ തൊഴിലവസ്ഥയെക്കുറിച്ച് അവതരിപ്പിച്ച വിവരങ്ങൾ അവകാശലംഘനത്തിന് വകുപ്പുള്ളതാണ്. തൊഴിലന്വേഷിച്ച് ഹതാശരായ ചെറുപ്പക്കാരെ അവഹേളിക്കുന്നതിന് തുല്യവുമാണ്. ഇത്രയും ഭീമമായ രീതിയിൽ സർക്കാർ മേഖലയിലെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നതി​െൻറ കാരണം ഭരിക്കുന്നവർ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം തന്നെയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത്  സാമൂഹിക പ്രത്യാഘാതം സൃഷ്​ടിക്കുക ഗ്രാമ പ്രദേശത്തെ വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമായിരിക്കും. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികമാന്ദ്യത്തി​െൻറ പ്രകടമായ ലക്ഷണമാണ് തൊഴിൽ മേഖലയിലെ കടുത്ത പ്രതിസന്ധികളെന്ന് അംഗീകരിക്കപ്പെട്ടാലേ അവ പരിഹരിക്കാൻ സാധിക്കൂ. തെരഞ്ഞെടുപ്പ് ആസന്നമായ കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് അത്തരമൊരു സത്യസന്ധതയും ശരിയായ ചികിത്സാവിധിയും പ്രതീക്ഷിക്കുന്നതുതന്നെ വിഡ്ഢിത്തമായിരിക്കും. 

Tags:    
News Summary - Volume Of Employment Crisis - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.