ജനാധിപത്യ ഇന്ത്യ കാതോര്‍ത്ത വിധി

അനധികൃത സ്വത്തുസമ്പാദന കേസില്‍ എ.ഐ.എ. ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലക്ക് ബംഗളൂരുവിലെ വിചാരണക്കോടതി നല്‍കിയ ശിക്ഷ ശരിവെച്ച സുപ്രീംകോടതിയുടെ വിധി തമിഴക രാഷ്ട്രീയത്തെ പുതിയ വഴിത്തിരിവില്‍ എത്തിച്ചിരിക്കുന്നു. ഇതനുസരിച്ച് ശശികലയും ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍.  സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും നാലുവര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കണം. കൂടാതെ 10 കോടി രൂപ വീതം പിഴയടക്കുകയും വേണം.

ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിക്കസേരയില്‍  ഒ. പന്നീര്‍സെല്‍വത്തെ അവരോധിച്ച് അണിയറയില്‍നിന്ന് കരുനീക്കങ്ങള്‍ നടത്തുകയായിരുന്ന ശശികലയുടെ മുഖ്യമന്ത്രിമോഹമാണ് കോടതിവിധിയോടെ തകര്‍ന്നടിഞ്ഞത്. ഇനി പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമപരമായി സാധ്യമല്ല എന്ന് വന്നതോടെ, ‘പാവക്കളി’കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ട ദുര്‍ഗതിയാണ് വന്നുപെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് അവര്‍ക്കും കൂട്ടുപ്രതികള്‍ക്കും നിയമത്തിനു മുന്നില്‍ കീഴടങ്ങുകയും തടവറ ജീവിതം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യും. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഇപ്പോഴത്തെ ഏകകണ്ഠതീര്‍പ്പില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ല.

66 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന് വിചാരണക്കോടതി കണ്ടത്തെിയത് പരമോന്നത നീതിപീഠം ശരിവെച്ചതോടെ 2015 മേയ് 11നു ജയലളിതയെയും തോഴിയെയും മറ്റും കുറ്റമുക്തമാക്കിയ കര്‍ണാടക ഹൈകോടതി പ്രത്യേക ബെഞ്ചിന്‍െറ തീര്‍പ്പ് റദ്ദാക്കപ്പെടുകയായിരുന്നു. ജയലളിതക്ക് അധികാരത്തില്‍ തിരിച്ചുവരാന്‍ അവസരമൊരുക്കിയ ഹൈകോടതി വിധിയില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരിച്ചുകൊടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. ജയലളിത ജീവിച്ചിരുന്നുവെങ്കില്‍ അവര്‍ക്കും ബാധകമാകുമായിരുന്നു സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി. കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അപ്പീലുമായി സമീപിച്ചപ്പോള്‍, ഇത്രക്കും ചരിത്രപ്രാധാന്യമുള്ള ഒരു വിധിക്ക് രാജ്യമൊന്നടങ്കം കാതോര്‍ത്തുനില്‍ക്കുന്ന സവിശേഷ സാഹചര്യം സംജാതമാകുമെന്ന് ആരും നിനച്ചിരുന്നില്ല.

‘അമ്മ’ ഇരുന്ന മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടയാവാനുള്ള  ധിറുതിപിടിച്ച നീക്കത്തിനു ഇമ്മട്ടിലൊരു പരിസമാപ്തി ഉണ്ടാവുമെന്ന് ‘ചിന്നമ്മ’ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകണമെന്നുമില്ല. കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് അവര്‍ക്കെതിരെ കെട്ടഴിഞ്ഞുവീണത്. ജയലളിത ജീവിച്ചിരുന്നപ്പോഴും പകരക്കാരന്‍െറ റോളില്‍മാത്രം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പരിഹാസ്യ കഥാപാത്രമാവാന്‍ വിധിക്കപ്പെട്ട പന്നീര്‍സെല്‍വം ശശികലക്കു വേണ്ടിയും സ്ഥാനമൊഴിഞ്ഞ് കെയര്‍ടേക്കര്‍ സര്‍ക്കാറിനു നേതൃത്വം കൊടുക്കുമ്പോഴാണ് ഏതോ ഒരുള്‍വിളിയുടെ പ്രേരണയില്‍ സ്വന്തമായൊരു ചേരിയുണ്ടാക്കി പാര്‍ട്ടിയില്‍ മറ്റൊരു അധികാരകേന്ദ്രമാവാന്‍ ശ്രമം നടത്തിയത്.

അദ്ദേഹത്തിന്‍െറ ഈ നീക്കത്തിനു പിന്നില്‍ ഏതൊക്കെയോ അദൃശ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിച്ചതാണ്. സ്വന്തമായൊരു ചേരിയുണ്ടാക്കി ഭൂരിപക്ഷം എം.എല്‍.എമാരെ തന്‍െറ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തില്‍ പന്നീര്‍സെല്‍വം എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെങ്കിലും ശശികലക്ക് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന കനത്ത പ്രഹരം തന്‍െറ രാഷ്ട്രീയ പ്രതിയോഗിയെ നിമിഷാര്‍ധം കൊണ്ട് ഇല്ലാതാക്കിയിരിക്കുന്നുവെന്നത് കൗതുകകരമായ കാഴ്ചയാണ്.

മുഖ്യമന്ത്രിയാവാന്‍ പുറപ്പെട്ട ശശികലക്ക് ഇനി ജയിലില്‍ പോവുകയേ നിവൃത്തിയുള്ളൂവെന്ന വിരോധാഭാസത്തിനു മുന്നില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാജ്യത്തെ പൗരന്മാരായിരിക്കാം. ജയലളിതയോടൊപ്പം ജീവിതകാലം മുഴുവന്‍ തോഴിയായും ബിനാമിയായും നിന്നതുകൊണ്ട് മാത്രം അവരുടെ രാഷ്ട്രീയ പിന്‍ഗാമി താന്‍തന്നെയാണ് എന്ന് സ്വയം തീരുമാനിച്ച് അധികാരത്തിന്‍െറ ചെങ്കോല്‍ ഏന്താന്‍ മുന്നോട്ടുവന്ന അഹന്തക്കു നേരെയാണ് നീതിപീഠം നീട്ടിച്ചവിട്ടിയിരിക്കുന്നത്.

പന്നീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശശികല, ഹൈവേ മന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ മുന്നില്‍നിര്‍ത്തി അണിയറയില്‍നിന്നാണെങ്കിലും ഭരിക്കാനാണ് കോടതിവിധി കേട്ട ശേഷം തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കത്തില്‍ എത്ര കണ്ട് വിജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാനാവില്ല. കാരണം, കഴിഞ്ഞ പത്തു ദിവസത്തിലേറെയായി  കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ‘തടവില്‍ ’ കഴിയുന്ന 125 എം.എല്‍.എമാരില്‍ എത്രപേര്‍ മാറിയ സാഹചര്യത്തില്‍ ശശികലയുടെ ചേരിയില്‍തന്നെ ഉറച്ചുനില്‍ക്കുമെന്ന ചോദ്യം ബാക്കി.

തമിഴക രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍തന്നെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നിരിക്കെ, നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാവാം ഇനിയും കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുക.   മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞക്ക് ശശികല ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കാലവിളംബം വരുത്തി കോടതിവിധി കാത്തിരുന്നതും എല്ലാറ്റിനുമൊടുവില്‍ ഇത്തരത്തിലൊരു വിധി പുറത്തുവന്നതും തമിഴ്നാട് രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി . ശശികലയുടെ ഭാവി തീരുമാനിക്കുന്നതില്‍ ഈ വിധി പ്രയോജനപ്പെട്ടുവെങ്കിലും തമിഴ്നാടിന്‍െറ രാഷ്ട്രീയം കലങ്ങിത്തെളിയാന്‍ ഇനിയും സമയമെടുത്തേക്കാം.

Tags:    
News Summary - the verdicth, democratic india waits for that

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.