തുര്‍ക്കിയും യൂറോപ്പുമായി കൊമ്പുകോര്‍ക്കുമ്പോള്‍

തുര്‍ക്കി പ്രസിഡൻറിന് കൂടുതല്‍ സമഗ്രാധിപത്യം പ്രദാനംചെയ്യുന്ന ഭരണഘടനഭേദഗതിക്കുള്ള ഹിതപരിശോധന ഏപ്രില്‍ 16ന് നടക്കാനിരിക്കെ പുറംനാടുകളിലെ പ്രചാരണത്തെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങളുമായി ഉടക്കേണ്ട വിഷമസന്ധിയിലകപ്പെട്ടിരിക്കുകയാണ് ഉര്‍ദുഗാന്‍ ഭരണകൂടം. പ്രസിഡൻറ്​ പദവിയുടെ അധികാരപരിധി വിപുലീകരിക്കാനുള്ള നീക്കത്തിന് രാജ്യത്തിനകത്തെന്നപോലെ ദശലക്ഷക്കണക്കിന് നാട്ടുകാര്‍ കുടിയേറിപ്പാര്‍ക്കുന്ന വിവിധ യൂറോപ്യന്‍നാടുകളില്‍ പ്രചാരണം നടത്തി വോട്ടുതേടാനുള്ള ഉര്‍ദുഗാ​െൻറ നീക്കത്തിന് ഉടക്കുവെച്ചിരിക്കുകയാണ് പ്രമുഖരായ ചില യൂറോപ്യൻ രാജ്യ
ങ്ങൾ. തുര്‍ക്കി പൗരന്മാരുടെ വമ്പിച്ച സാന്നിധ്യമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നാട്ടില്‍നിന്നു മന്ത്രിമാരെ അയച്ച് വമ്പിച്ച റാലികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിന് ആദ്യം മുടക്കം പറഞ്ഞത് നെതർലൻഡ്​സ്​ ആണ്.

രാജ്യത്ത് ഹിതപരിശോധന പ്രചാരണറാലിയില്‍ പങ്കെടുക്കാനിറങ്ങിയ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്​ലുത് ജാവുസോഗ്​ലുവിന് അനുമതി നിഷേധിച്ച അധികൃതര്‍ ജര്‍മനി വഴി റോട്ടര്‍ഡാമില്‍ പരിപാടിയില്‍ സമാനപരിപാടിയില്‍ സംബന്ധിക്കാ​െനത്തിയ തുര്‍ക്കി കുടുംബ, സാമൂഹികനയകാര്യ മന്ത്രി ഫാതിമ ബെതൂല്‍ സയന്‍കായയെ തിരിച്ചയക്കുകയും അവര്‍ക്ക് അകമ്പടി വന്നവരെയും ചില അനുയായികളെയും പിടികൂടി തടവിലിടുകയും ചെയ്തു. പ്രതിഷേധത്തി​നെത്തിയ തുര്‍ക്കി വംശജര്‍ക്കുനേരെ കുതിരകളെയും നായ്ക്കളെയും അഴിച്ചുവിടുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. വലതുപക്ഷ തീവ്രവാദികള്‍ക്ക് മേല്‍ക്കൈയുള്ള നെതർലന്‍ഡ്സില്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തുര്‍ക്കിയെ ‘അപമാനിച്ച’ ഈ നടപടി.

സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെയും തുര്‍ക്കിയടക്കമുള്ള സമീപരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെയും സാന്നിധ്യത്തില്‍ അസ്വസ്ഥരും അവരെ നാടുകടത്താന്‍ മുറവിളി കൂട്ടുന്നവരുമായ വലതുപക്ഷ തീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങുകയേ ഇസ്​ലാംഭീതിയുടെയും അഭയാര്‍ഥിവിരുദ്ധതയുടെയും വികാരം ഒരു പോലെ പങ്കിടുന്ന ഗവണ്‍മെൻറിനും വഴിയുണ്ടായിരുന്നുള്ളൂ.

ആഭ്യന്തരജനാധിപത്യ വിപുലീകരണയത്നത്തിനിടെ നാറ്റോ സഖ്യത്തിലെ സഹരാജ്യങ്ങളുമായാണ് തുര്‍ക്കി ഇടയേണ്ടി വന്നിരിക്കുന്നത്. സിറിയ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ യൂറോപ്പിലേക്കു കയറ്റാതെ ചിറകെട്ടി സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത തുര്‍ക്കിയോട് തികഞ്ഞ നന്ദികേടാണ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ കാണിക്കുന്നതെന്നാണ് പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉര്‍ദുഗാ​െൻറ ആവലാതി. ഇതിനു പ്രത്യുപകാരമെന്നോണം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാക്ക് പാലിച്ചിട്ടില്ല. എന്നാല്‍, വോട്ടവകാശമുള്ള വിദേശത്തെ സ്വന്തം പൗരന്മാരോട് രാജ്യത്തെ സുപ്രധാനമായ ഹിതപരിശോധനക്കു വോട്ട് അഭ്യര്‍ഥിക്കാനുള്ള അനുമതി നല്‍കുകയെന്നത് നാറ്റോ അംഗരാജ്യമെന്ന നിലയില്‍ വകവെച്ചു കിട്ടേണ്ട പ്രാഥമിക മര്യാദയാണെന്നും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു ഘോഷിക്കുന്ന യൂറോപ്പുകാര്‍ അതി​െൻറ ശാക്​തീകരണത്തിനുവേണ്ടിയുള്ള പ്രചാരണയജ്​ഞം തടയുന്നത് വിരോധാഭാസമാണെന്നുമാണ് തുര്‍ക്കിയുടെ പക്ഷം.

ഫ്രാന്‍സ് മാത്രമേ ഇക്കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിച്ചിട്ടുള്ളൂ. 14 ലക്ഷം തുര്‍ക്കി കുടിയേറ്റക്കാരുള്ള ജര്‍മനിയും ലക്ഷങ്ങള്‍ അധിവസിക്കുന്ന നെതർലന്‍ഡ്സും ​െഡന്മാര്‍ക്കുമൊക്കെ പ്രചാരണറാലിയുടെ പേരില്‍ ഉടക്കിനില്‍ക്കുകയാണ്. സ്വാതന്ത്ര ത്തിനും  ജനാധിപത്യത്തിനും വേണ്ടി വാദിക്കുന്ന യൂറോപ്പി​െൻറ ഇസ്​ലാംഭീതിയുടെ മുഖമാണ് തുര്‍ക്കിക്കെതിരായ നീക്കത്തില്‍ പ്രതിഫലിക്കുന്നതെന്നും ഇത് ഫാഷിസ്​റ്റ്​ രീതിയാണെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ തുര്‍ക്കി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കിന് സമാനസ്വഭാവത്തില്‍ വമ്പിച്ച വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

പ്രസിഡൻറ്​ പദവിയുടെ അധികാരവിപുലീകരണം കൂടുതല്‍ ജനാധിപത്യവത്കരിക്കാനുള്ള ഉര്‍ദുഗാ​െൻറ നീക്കം ആഭ്യന്തരഭീഷണികള്‍ക്കു പുറമെ വിദേശസഖ്യരാജ്യങ്ങളുമായുള്ള പിണക്കത്തിനുകൂടി ഇടയാക്കിയിരിക്കുകയാണ്. തുര്‍ക്കിയിലെ ജനാധിപത്യ സംവിധാനത്തിന് മാര്‍ക്കിടാനും അട്ടിമറിശ്രമത്തിനു ശേഷമുള്ള ഉര്‍ദുഗാ​െൻറ ഒറ്റയാള്‍ കേന്ദ്രിതമെന്ന് ആരോപിക്കപ്പെടുന്ന ഭരണത്തെ വിമര്‍ശനക്കണ്ണോടെ നിരീക്ഷിക്കുകയും ചെയ്യുന്ന പാർലിമെൻററി അസംബ്ലി ഓഫ് ദ കൗണ്‍സില്‍ ഓഫ് യൂറോപ്​ (പേസ്) എന്ന സംഘടന ജനാധിപത്യപരിപാലനം സംബന്ധിച്ച സൂക്ഷ്മപരിശോധനക്ക് വിധേയമാകാന്‍ അങ്കാറക്ക് അവസാനസമയം നല്‍കിയ സന്ദര്‍ഭത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്നതും ശ്രദ്ധേയമാണ്.

അട്ടിമറിശ്രമം കഴിഞ്ഞുള്ള എട്ടുമാസത്തെ ഉര്‍ദുഗാന്‍ ഭരണത്തില്‍ ജനാധിപത്യാവകാശങ്ങള്‍ പലപ്പോഴും ധ്വംസിക്കപ്പെട്ടതായി വിലയിരുത്തുന്ന ‘പേസ്’ വരുന്ന ഏപ്രില്‍ മാസത്തോടെ സമിതിയുടെ സൂക്ഷ്മപരിശോധനക്ക് തയാറാകാന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2004ല്‍ സംഘടനയുടെ ഗുഡ്ബുക്കില്‍ ഇടംനേടിയതാണ് തുര്‍ക്കി. എന്നാല്‍, ഏറ്റവും ഒടുവിലെ അട്ടിമറിക്കു ശ്രമിച്ചതി​െൻറ പേരില്‍ സൈനികര്‍, ജഡ്ജിമാര്‍, അക്കാദമീഷ്യന്മാര്‍ എന്നിവര്‍ക്കെതിരെ ഭരണകൂടം കൈക്കൊണ്ട കടുത്ത നടപടികളിലും ചില സംഘടനകളെ ഭീകരമുദ്ര ചാര്‍ത്തി കര്‍ക്കശമായി നേരിടുന്നതിലും സമിതിക്ക് അതൃപ്തിയുണ്ട്. ഈയൊരു വിപദ്ഘട്ടത്തിലാണ് പുറത്തുനിന്നു ഏതു നേരവും കിട്ടിയ ഏതു വടിയും ഉപയോഗിച്ച് തുര്‍ക്കിയെ നേരിടാന്‍ തക്കം പാര്‍ക്കുന്ന യൂറോപ്പിലെ പ്രമാണികളുമായി ഉര്‍ദുഗാന് കൊമ്പുകോര്‍ക്കേണ്ടി വന്നിരിക്കുന്നത്. ജനാധിപത്യം തന്നെയാണ് ഉര്‍ദുഗാനും പ്രതിയോഗികളും പ്രതിപക്ഷത്തുള്ളവരുമൊക്കെ എടുത്തുപയോഗിക്കുന്ന ആയുധം. ജനാധിപത്യത്തെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള കിടമത്സരത്തിലാണിപ്പോള്‍ തുര്‍ക്കിയും പ്രതിയോഗികളും. അതില്‍ ആരുടെ ജയവും പരാജയവും അവരുടേതു മാത്രമാവില്ല, യൂറോപ്പി​േൻറതു കൂടിയായിരിക്കും.

Tags:    
News Summary - turki fight with europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.