ശരിയിലേക്കുള്ള ചുവട്

കേരളത്തിൽ ഇതിനകം രജിസ്റ്റർ ചെയ്ത 162 യു.എ.പി.എ  കേസുകളിൽ 42 എണ്ണം നിലനിൽക്കില്ലെന്ന, ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പരിശോധന സമിതിയുടെ കണ്ടെത്തൽ ആഹ്ലാദകരമായ വാർത്തയാണ്. മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്താൻ ഉപയോഗിക്കുന്നതും മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതുമായ ഈ കരിനിയമത്തിനെതിരെ രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവർത്തകരും പുരോഗമന ജനാധിപത്യവാദികളും കാലങ്ങളായി വലിയ ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് അന്നത്തെ യു.പി.എ സർക്കാർ മാരക വകുപ്പുകൾ ചേർത്ത് ഭേദഗതികളോടെ ഇന്ന് നിലവിലുള്ള യു.എ.പി.എ പാസാക്കുന്നത്.

അന്ന് ഇടതുപക്ഷവും പ്രസ്തുത നീക്കത്തെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട്, അത് മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ വിമർശനവും അവർ ഉന്നയിച്ചിരുന്നു.  ദേശീയതലത്തിൽ യു.എ.പി.എക്കെതിരെ ഇടതുപക്ഷം ശരിയായ സമീപനം സ്വീകരിക്കുമ്പോഴും കേരളത്തിലെ പിണറായി വിജയൻ സർക്കാർ ലക്കും ലഗാനുമില്ലാതെയും വിവേചനപരമായും അത് ഉപയോഗിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് അടുത്ത നാളുകളിൽ ഉയർന്നുവന്നത്. എൽ.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐ വരെ ഈ വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി അധ്യക്ഷനായി യു.എ.പി.എ കേസുകൾ പുനഃപരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കുന്നത്. പ്രസ്തുത സമിതിയാണ് 42 കേസുകളിൽ യു.എ.പി.എ ചുമത്തിയതിന് അടിസ്ഥാനമില്ലെന്ന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്.

പ്രസ്തുത കേസുകൾ ഏതൊക്കെയെന്ന് ഡി.ജി.പി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സമിതിയുടെ റിപ്പോർട്ട് ബന്ധപ്പെട്ട കോടതികളിൽ സമർപ്പിച്ച് നിയമനടപടികൾ പൂർത്തിയാക്കുന്ന മുറക്ക് പ്രസ്തുത കേസുകളിൽ യു.എ.പി.എ ഒഴിവാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. യു.എ.പി.എക്കെതിരായ വിമർശനങ്ങളെ ഉൾക്കൊണ്ട് ചെറിയ തിരുത്തലിനെങ്കിലും സർക്കാർ സന്നദ്ധമായത് സ്വാഗതാർഹമാണ്.

വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കേരളത്തിൽ ആദ്യമായി യു.എ.പി.എ പ്രയോഗിച്ചുതുടങ്ങിയത്. ഉത്തരേന്ത്യയിലെന്നപോലെതന്നെ പ്രധാനമായും മുസ്ലിം ചെറുപ്പക്കാരെയും മുസ്ലിം സംഘടനകളെയും ലക്ഷ്യംവെച്ചുകൊണ്ടാണ് കേരളത്തിലും യു.എ.പി.എ മുന്നേറിയത്. തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാറും ആവേശത്തോടെ യു.എ.പി.എ പ്രയോഗിച്ചുതുടങ്ങി. യു.എ.പി.എ കേസിൽ കുടുങ്ങിയ തെൻറ സഹോദരനുവേണ്ടി നിയമസഹായങ്ങൾ ചെയ്തുകൊടുത്തതിെൻറ പേരിലാണ് കണ്ണൂരിലെ തസ്ലീം എന്ന ചെറുപ്പക്കാരനെ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ആ ചെറുപ്പക്കാരൻ ജാമ്യംപോലും കിട്ടാതെ ഇപ്പോഴും ജയിലിലാണ്. ഡി.ജി.പി തയാറാക്കിയ പുനഃപരിശോധന ലിസ്റ്റിൽ തസ്ലീം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.

ആവേശംമൂത്ത് പോസ്റ്ററൊട്ടിച്ചവർക്കും മുദ്രാവാക്യം വിളിച്ചവർക്കുമെല്ലാമെതിരെ യു.എ.പി.എ  പ്രയോഗിക്കുന്ന അവസ്ഥ വന്നുചേർന്നു. ഭരണകൂട ഭീകരതക്കെതിരെ പ്രചാരണം നടത്തി അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാറും ഇക്കാര്യത്തിൽ ആവേശം കൈവിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 26 കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. മതവിദ്വേഷ പ്രഭാഷണം നടത്തിയതിെൻറ പേരിൽ സലഫി നേതാവിനും ഹിന്ദു ഐക്യവേദി നേതാവിനുമെതിരെ ഒരു അഭിഭാഷകൻ പൊലീസിൽ പരാതി കൊടുത്തപ്പോൾ സലഫി നേതാവിനെതിരെ മാത്രം യു.എ.പി.എ ചുമത്തിയ വിചിത്ര നടപടിയും സർക്കാർ സ്വീകരിച്ചു. മാവോവാദി ബന്ധമാരോപിച്ച് എടുത്ത യു.എ.പി.എ കേസുകളാവട്ടെ അതിനേക്കാൾ വിചിത്രവുമായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത് പോസ്റ്ററൊട്ടിച്ചവരെ പോലും യു.എ.പി.എ കുരുക്കിൽപെടുത്തി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എടുത്ത 26 യു.എ.പി.എ കേസുകളിൽ 25ഉം പിൻവലിക്കാനുള്ള ലിസ്റ്റിലുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ തീർച്ചയായും അത് തെറ്റുതിരുത്തൽ നടപടിയായി കാണാവുന്നതാണ്.

നിരന്തരം അബദ്ധങ്ങൾ വരുത്തുകയും പിന്നീട് വീഴ്ചപറ്റി എന്ന് കുമ്പസാരിക്കുകയും ചെയ്യുന്ന സംവിധാനമായി കേരളത്തിലെ പൊലീസ് വകുപ്പ് മാറി എന്ന പരിഹാസത്തിൽ ശരിയുടെ അംശങ്ങളുണ്ട്. ഒരാളെ യു.എ.പി.എ കേസിൽപെടുത്തി ജയിലിലടച്ചശേഷം പിന്നീട് വർഷങ്ങളോ മാസങ്ങളോ കഴിഞ്ഞ് തെറ്റ് തിരുത്തിയതുകൊണ്ട് കാര്യമില്ല. ആ ആളുടെ ജീവിതത്തിൽനിന്ന് പറിച്ചെടുക്കുന്ന നാളുകൾ നമുക്കൊരിക്കലും തിരിച്ചുകൊടുക്കാൻ കഴിയില്ല. ഈ നിലയിൽ ജീവിതം തകർക്കപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാർ ഉൾക്കൊള്ളുന്നതാണ് നമ്മുടെ രാജ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ വിധം നിരപരാധികളെ പീഡിപ്പിക്കുന്നത് ദേശീയ കലാപരിപാടിയായി വികസിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് അങ്ങനെ സംഭവിക്കാൻ പാടില്ല. അതിനാൽ തെറ്റുകൾ ചെയ്തശേഷം തിരുത്തുകയല്ല, വലിയ തെറ്റുകൾ സംഭവിക്കാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ് ആവശ്യം.

Tags:    
News Summary - step to right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.