ശബരിമല: സമാധാനത്തിെൻറ വഴിയാണ് വേണ്ടത്

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർഥാടനകേന്ദ്രമായ ശബരിമല ഇന്ന് നിർഭാഗ്യവശാൽ വിവാദങ്ങളുടെയും സംഘർഷങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്തി​െൻറ പേരിലായാലും ഇങ്ങനെയൊരു അവസ്​ഥ വന്നുചേരുന്നത് യഥാർഥ വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. കേരളീയ സാമൂഹികജീവിതത്തെയാകെ സംഘർഷഭരിതമാക്കുന്ന അവസ്​ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ശബരിമലയിലെ വാർഷിക തീർഥാടനമായ മണ്ഡലപൂജകൾക്കായി ക്ഷേത്രനടകൾ തുറക്കാനിരിക്കെ ക്രമസമാധാനത്തെക്കുറിച്ച ആശങ്ക വ്യാപകവുമാണ്. ദിനംദിനേ സങ്കീർണമാവുകയാണ് അവിടത്തെ കാര്യങ്ങൾ. അതിനാൽതന്നെ ഏതെങ്കിലും ലളിതമായ ഉത്തരങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാനും പറ്റില്ല. വളരെ ഉയർന്ന ഉത്തരവാദിത്തബോധത്തോടെ സർക്കാറും രാഷ്​ട്രീയ പാർട്ടികളും സമുദായ സംഘടനകളും ഭക്​തരും ഉണർന്നുപ്രവർത്തിക്കുകയും ജാഗ്രത്തായിരിക്കുകയും ചെയ്യേണ്ട ദിവസങ്ങളാണ് കടന്നുവരുന്നത്.

ശബരിമലയിലെ പുതിയ വിവാദങ്ങളുടെ കാരണം എല്ലാവർക്കുമറിയാം. എല്ലാ പ്രായത്തിലുമുള്ള സ്​ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ഹരജിയിൽ 2018 സെപ്​റ്റംബർ 28ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ശബരിമലയിലെ സ്​ത്രീവിവേചനം ഭരണഘടനവിരുദ്ധമാണെന്നാണ് ചീഫ് ജസ്​റ്റിസ്​ അധ്യക്ഷനായ ഭരണഘടന ബെഞ്ച് ദീർഘനാളത്തെ വാദപ്രതിവാദങ്ങൾക്കുശേഷം വിധിച്ചത്. സുപ്രീംകോടതി വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ആകാം. വിശ്വാസവും മതാചാരങ്ങളും സംരക്ഷിക്കുക എന്നതും ഭരണഘടനാദത്തമായ അവകാശങ്ങളിൽപെട്ടതാണ്. അതേസമയം, ലിംഗത്തി​െൻറ പേരിൽ വിവേചനം പാടില്ല എന്നതും അതേ ഭരണഘടനയുടെ തത്ത്വമാണ്. ഈ രണ്ടു തത്ത്വങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ലിംഗസമത്വം എന്ന തത്ത്വത്തിന് പ്രാമുഖ്യം നൽകുകയാണ് സുപ്രീംകോടതി ചെയ്തത്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര പക്ഷേ, ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷത്തി​െൻറ വിധിയിൽനിന്ന് വ്യത്യസ്​തമായ വിയോജനവിധിയും രേഖപ്പെടുത്തിയിട്ടുണ്ട്. മതാചാരങ്ങളിൽ കോടതി ഇടപെടുന്നതിൽ പരിമിതികളുണ്ട് എന്നതാണ് അവരുടെ നിലപാട്.

മതവിശ്വാസികളാണ് അവരുടെ ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, മതനിരപേക്ഷത നിലനിൽക്കുന്ന സമൂഹത്തിൽ ഏതൊരു മതവിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസരിച്ച് ആചാരങ്ങൾ തീരുമാനിക്കാം, മതങ്ങളുടെ താരതമ്യവും മതാചാരങ്ങളെക്കുറിച്ച കോടതിതീർപ്പുകളും അപ്രസക്​തമാണ് തുടങ്ങിയ നിലപാടുകൾ ഇന്ദു മൽഹോത്ര അവരുടെ വിധിയിൽ മുന്നോട്ടുവെക്കുന്നുണ്ട്. അതായത്, ഭരണഘടന ബെഞ്ചി​െൻറ വിധി സാങ്കേതികമായി ശരിയായിരിക്കെതന്നെ അതിന് വിരുദ്ധമായ ആശയധാരയും രാജ്യത്ത് നിലനിൽക്കുന്നുണ്ട്; അതിന് പ്രസക്​തിയുമുണ്ട്.

ആണ്ടുകൾ പഴക്കമുള്ള ആചാരത്തെ കോടതിവിധിയുടെ മാത്രം ബലത്തിൽ മാറ്റുന്നത് അത്ര എളുപ്പമല്ല എന്നു ചുരുക്കം. മറ്റൊരർഥത്തിൽ പറഞ്ഞാൽ സാമൂഹിക സങ്കീർണതകളെയോ ആചാരങ്ങളുടെ ബലതന്ത്രങ്ങളെയോ മനസ്സിലാക്കാതെയുള്ള ഇടപെടലായിപ്പോയി സുപ്രീംകോടതിയുടേത് എന്ന വിമർശനത്തിന് പ്രസക്​തിയുണ്ട്. രാഷ്​ട്രീയ സ്വാർഥതകളൊന്നുമില്ലാതെതന്നെ, അയ്യപ്പഭക്​തരിൽ നല്ലൊരു ശതമാനം സുപ്രീംകോടതി വിധിയിൽ ഖിന്നരാണ് എന്നതും വസ്​തുതയാണ്. ഈ ജനവിഭാഗത്തെ കൂടെ നിർത്താനുള്ള ആക്രാന്തംപൂണ്ട പരാക്രമങ്ങളാണ് ശബരിമലയെ മുൻനിർത്തി രാഷ്​ട്രീയ പാർട്ടികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതും വസ്​തുതയാണ്.

ശബരിമല സംഘർഷഭൂമിയാക്കുന്നതിൽ സംഘ്​പരിവാറാണ് മുന്നിൽ നിൽക്കുന്നത് എന്നതിൽ സംശയമില്ല. വിഷയത്തിൽ അവരുടെ ഇടപെടൽ തുടക്കം മുതൽ കാപട്യം നിറഞ്ഞതാണ്. വിധി വരുന്നതിനുമുമ്പ്, ശബരിമലയിൽ സ്​ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ആർ.എസ്​.എസ്​ ദേശീയ നേതൃത്വം. പിന്നീട് വിധി വന്നശേഷം, രാഷ്​ട്രീയ ലാഭം മാത്രം മുന്നിൽവെച്ച് അവർ കളം മാറ്റുകയും ആ ആധ്യാത്മികകേന്ദ്രത്തെ സംഘർഷഭൂമിയാക്കി മാറ്റുകയുമായിരുന്നു. അവരുടെ ദുഷ്​ടലാക്കുകളെ നിശ്ചയമായും തുറന്നുകാണിക്കുകതന്നെ വേണം. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചുകഴിഞ്ഞാൽ അത് നടപ്പാക്കുക മാത്രമേ സംസ്​ഥാന സർക്കാറിനു മുന്നിൽ വഴിയുള്ളൂ.

അതേസമയം, സർക്കാർ നടപടികളെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംഘർഷമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുമുണ്ട്. സർക്കാർ വിരുദ്ധരുടെ പ്രചാരണങ്ങൾ മാത്രമല്ല ഇതിനു കാരണമാവുന്നത്. സർക്കാർ/ഇടതുപക്ഷ അനുഭാവികളായ തീവ്ര മതേതര അത്യാവേശക്കാരുടെ ഇടപെടലും ഫലത്തിൽ ഇതേ ഫലംതന്നെയാണ് സൃഷ്​ടിക്കുന്നത്. ശബരിമലയെയും ആചാരങ്ങളെയും മാനിക്കുന്ന വിശ്വാസികളെ കുറച്ചു കാണുന്ന അവരുടെ സമീപനം ഗുണപരമല്ല. അധികാരത്തി​െൻറ മുഷ്​ടി ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരണമെന്ന നിലപാട് കാര്യങ്ങളെ സങ്കീർണമാക്കുകയേ ഉള്ളൂ. സമവായത്തി​െൻറ വഴിയാണ് തങ്ങളുടേത് എന്ന സന്ദേശം നൽകുന്നതിൽ സർക്കാർ ഇനിയും മുൻകൈകൾ എടുക്കേണ്ടതുണ്ട്.

ഇന്ന് നടക്കുന്ന സർവകക്ഷി യോഗം ആ നിലക്കുള്ള ആലോചനകൾക്ക് വേദിയാവണം. സുപ്രീംകോടതി വിധി, ആണ്ടുകൾ പഴക്കമുള്ള ആചാരം, വിശ്വാസികളുടെ നിലപാടുകൾ, ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചുതന്നെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ വ്യത്യസ്​ത നിലപാടുകളും അവകാശവാദങ്ങളും തുടങ്ങി പരസ്​പരവിരുദ്ധമായ പല ഘടകങ്ങൾ ശബരിമല വിവാദവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇവരിൽ ഓരോരുത്തർക്കും അവരുടേതായ ന്യായങ്ങളുമുണ്ട്. ഓരോ വിഭാഗവും അവരുടെ ന്യായങ്ങളിൽ ഉറച്ചുനിന്ന് പൊരുതാനാണ് ഭാവമെങ്കിൽ നമ്മുടെ സമൂഹത്തിൽ ഗുരുതരമായ വിഭജനങ്ങൾ അത് കൊണ്ടുവരും. മണ്ഡലകാലത്താവട്ടെ അത് വലിയ ക്രമസമാധാനപ്രശ്നമായി മാറാനും ഇടയുണ്ട്. അതിനാൽ സംസ്​ഥാനത്തെയും ജനങ്ങളെയും ഓർത്ത് സങ്കുചിതമായ രാഷ്​ട്രീയ ലക്ഷ്യങ്ങൾ മറന്ന് സമാധാനത്തി​െൻറ വഴി കണ്ടെത്താൻ എല്ലാവരും പരിശ്രമിക്കണം.

Tags:    
News Summary - Sabarimal Want Way of Peace - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.