മ​നോ​രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ

പോയവർഷം രാജ്യസഭ പാസാക്കിയ മാനസികാരോഗ്യബിൽ കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭകൂടി ഏകകണ്ഠമായി പാസാക്കിയതോടെ സമൂഹത്തിൽ ഏറ്റവുമധികം അവഗണിക്കപ്പെടുന്നവരും അവഹേളിക്കപ്പെടുന്നവരുമായ മനോരോഗികൾ എന്ന വിഭാഗത്തിെൻറ മാനുഷിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധ്യത തെളിയുകയാണ്. ആത്മഹത്യശ്രമം ഇനിമേൽ കുറ്റകരമല്ലാതാക്കുന്നുവെന്നതാണ് ബില്ലിെൻറ ശ്രദ്ധേയമായ സവിശേഷത. ആത്മഹത്യ ഒരു കുറ്റകൃത്യമല്ല, ചികിത്സിച്ച് മാറ്റേണ്ട മനോരോഗമാണെന്ന സങ്കൽപമാണ് നിയമഭേദഗതിക്കാധാരം. അത്യാധുനിക ആരോഗ്യശാസ്ത്ര ഗവേഷണങ്ങൾ അത് തെളിയിച്ചിരിക്കെ ഇത്തരമൊരു നിയമനിർമാണം വൈകിപ്പോയി എന്നതാണ് വാസ്തവം.

2010ലെ കണക്കുപ്രകാരം രാജ്യത്ത് ഏഴു ശതമാനമായിരുന്നു ഭ്രാന്തോ ഉന്മാദമോ മൂലമുള്ള ആത്മഹത്യകളെങ്കിൽ 2014ൽ അത് 5.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് സഭയിലെ ചർച്ചക്കിടെ പ്രസ്താവിച്ച ആരോഗ്യമന്ത്രി ജെ.പി. നദ്ദ, പക്ഷേ, മാനസികാസ്വാസ്ഥ്യംമൂലമുള്ള ആത്മഹത്യകളുടെ എണ്ണം ഏഴായിരം ആയിരുന്നെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. റിപ്പോർട്ട് ചെയ്യപ്പെടാതെപോവുന്ന ആയിരക്കണക്കിന് ആത്മഹത്യകളും കൂട്ടത്തിൽ കണക്കിലെടുക്കണം. ദൈവം മനുഷ്യന് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് ജീവൻ എന്നിരിക്കെ അത് സ്വമേധയാ ഹനിച്ചുകളയാൻ ആർക്കും അവകാശമില്ലെന്ന് എല്ലാ ധർമസംഹിതകളും ഉദ്ബോധിപ്പിക്കുന്നു. പക്ഷേ, ദാരിദ്ര്യം, കടബാധ്യത, വിവാഹം തടസ്സപ്പെടൽ, വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ, സ്ത്രീധനം, വിവാഹേതര ബന്ധങ്ങൾ, അപമാനഭാരം, വന്ധ്യത, മാറാവ്യാധി, ലഹരിയുടെ അമിതോപേഭാഗം തുടങ്ങി ഒേട്ടറെ കാരണങ്ങളാൽ ആത്മഹത്യ പെരുകുകയാണെങ്കിലും മനസ്സിെൻറ സമനില തെറ്റുേമ്പാഴാണ് മിക്കവരും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നത്.

ചിലർ സ്വതേ ആത്മഹത്യ പ്രവണതയുള്ളവരുമായിരിക്കും. ഇത്തരക്കാരിൽ ചിലർ ആത്മഹത്യശ്രമത്തിൽ പരാജയപ്പെടുേമ്പാൾ അവരെ പിടികൂടി ശിക്ഷിക്കുകയെന്നത് പ്രാകൃതമാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാനും മാന്യമായി ജീവിക്കാനുമുള്ള സാഹചര്യമാണ് അവർക്കായി സമൂഹം ഒരുക്കേണ്ടത്. സാമാന്യബുദ്ധിക്ക് അനായാസേന പിടികിട്ടുന്ന ഇൗ യാഥാർഥ്യം ഇപ്പോഴേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ എന്നത് പരിഷ്കൃത സമൂഹത്തിന് അഭിമാനകരമല്ല. വൈകിയെങ്കിലും സർക്കാറും പാർലമെൻറും കണ്ണുതുറന്നത് ആശ്വാസകരമാണുതാനും. ഇപ്പോൾ പാസാക്കിയ ബില്ലിൽ മനോരോഗിയുടെ അവകാശങ്ങൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

വൈദ്യുതാഘാത ചികിത്സ എന്ന രോഗികളുടെ പേടിസ്വപ്നത്തെ സംബന്ധിക്കുന്നതാണ് ഒന്ന്. പ്രായപൂർത്തിയാകാത്തവർക്ക് ഷോക്ക് കൊടുക്കാനേ പാടില്ല. മറ്റുള്ളവർക്കുതന്നെയും മറ്റു മാർഗങ്ങൾ ഫലപ്രദമല്ലെങ്കിലേ വൈദ്യുതാഘാതമേൽപിക്കാവൂ. മനോരോഗത്തിന് ചികിത്സയിലിരിക്കുന്ന അമ്മമാരിൽനിന്ന് മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ വേർപെടുത്തരുത്. സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കാൻ സാധ്യമല്ലാത്ത മനോരോഗികളൊഴിച്ച്, മറ്റുള്ളവരുടെ ഇംഗിതംകൂടി മാനിച്ചേ അവരെ മനോരോഗ ചികിത്സാലയങ്ങളിൽ അഡ്മിറ്റ് ചെയ്യാവൂ. (ഭ്രാന്തരെന്ന് മുദ്രകുത്തി എത്രയോ പേരെ ചങ്ങലക്കിട്ട് ഏറ്റവും മോശമായ സംവിധാനങ്ങളുള്ള മനോരോഗാശുപത്രികളിലോ സിദ്ധ കേന്ദ്രങ്ങളിലോ തള്ളിവിടുകയും പിന്നെ അങ്ങോട്ട് തിരിഞ്ഞുേനാക്കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ ഹൃദയശൂന്യത ഒേന്നാർത്തുനോക്കൂ). മനുഷ്യത്വപരമല്ലാത്ത ചികിത്സാരീതികളിൽനിന്ന് സംരക്ഷണം, സൗജന്യ നിയമസേവനം, ചികിത്സ രേഖകൾ ലഭിക്കാനുള്ള അവകാശം, പോരായ്മകളെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം തുടങ്ങിയവയും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റികൾ, റിവ്യൂ കമീഷൻ എന്നിവയുടെ രൂപവത്കരണവും ബിൽ നിർദേശിക്കുന്നു. മനോരോഗികളുടെ സ്വത്തവകാശവും സ്വത്ത് സംരക്ഷണവും വ്യവസ്ഥചെയ്യുന്ന വകുപ്പും ബില്ലിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനോ ക്രയവിക്രയങ്ങൾ തടയുന്നതിനോ വേണ്ടി അവരെ ഭ്രാന്തന്മാരാക്കി നടതള്ളുന്ന മക്കളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് തികച്ചും അഭികാമ്യമാണ് ഇൗ വകുപ്പ്. നിയമം എത്ര സമഗ്രവും കുറ്റമറ്റതുമാണെങ്കിലും അത് യഥാവിധി നടപ്പാക്കാനുള്ള ഇച്ഛാശക്തിയും സന്മനസ്സും സർക്കാറുകൾക്കുണ്ടെങ്കിലേ ലക്ഷ്യം നിറവേറൂ. അതുപോലെ പ്രധാനമാണ് മാനസിക സ്വാസ്ഥ്യം നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരോടുള്ള സമൂഹത്തിെൻറ, വിശിഷ്യ, ബന്ധുക്കളുടെ മനോഭാവം. ജീവിക്കാനവകാശമുള്ള പൗരന്മാരായി അവരെ കാണാത്തിടത്തോളം കാലം വഞ്ചി തിരുനക്കരെതെന്ന കിടക്കും.

Tags:    
News Summary - rights of mental patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.