രാഷ്ട്രാന്തരീയതലത്തിലെ പുതിയ സംഭവവികാസങ്ങളും സാമ്പത്തിക മേഖലയിലെ പ്രതികൂല സാഹചര്യങ്ങളും മറുനാട്ടിൽ ജോലിതേടി പോയ ഇന്ത്യക്കാരുടെ ഭാവി അവതാളത്തിലാക്കുന്നുവെന്ന റിപ്പോർട്ട് അതുൾക്കൊള്ളുന്ന ഗൗരവത്തോടെ ചർച്ചചെയ്യാനോ പരിഹാരമാർഗങ്ങൾ കണ്ടെത്താനോ കേന്ദ്ര–സംസ്ഥാന സർക്കാറുകൾ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആഗമനത്തോടെ നടപ്പാക്കിയ നിയമപരിഷ്കാരത്തെ തുടർന്ന് ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതി നിലനിൽക്കുകയാണ്. ആസ്േട്രലിയയിലെ പുതിയ തൊഴിൽനിയമവും മറുനാട്ടിൽനിന്നുള്ളവരെ ദോഷകരമായി ബാധിക്കുന്നതാണ്. എന്നാൽ, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളെയും സാമ്പത്തികമായി പിടിച്ചുനിർത്തുന്ന ഗൾഫ് പ്രവാസികളെ കാത്തിരിക്കുന്നത് ഇരുളുറഞ്ഞ ഭാവിയാണെന്ന് മുന്നറിയിപ്പു നൽകുന്ന വാർത്തകളാണ് വിവിധ േസ്രാതസ്സുകളിൽനിന്ന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത സംസ്ഥാന പ്രവാസി മന്ത്രിമാരുടെ യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാർ ഈ വിഷയത്തിൽ കൈമാറിയ മുന്നറിയിപ്പുകൾ സത്വരശ്രദ്ധ അർഹിക്കുന്നുണ്ട്. എണ്ണ വിലയിടിവുമൂലവും മറ്റും ഗൾഫ് രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം തുടരുന്ന പശ്ചാത്തലത്തിൽ വരും വർഷങ്ങളിലും പ്രവാസികളെ തിരിച്ചയക്കുന്ന നടപടി തുടരാനാണ് സാധ്യതയെന്നാണ് പ്രശ്നം നേരിൽക്കണ്ട് മനസ്സിലാക്കിയ നയതന്ത്രപ്രതിനിധികൾ പറയുന്നത്. ഇങ്ങനെ തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാറുകൾ പദ്ധതി ആവിഷ്കരിക്കേണ്ടതിെൻറ അനിവാര്യത സമ്മേളനം ഈന്നിപ്പറയുകയുണ്ടായി.
25 ലക്ഷത്തിലേറെ ഇന്ത്യക്കാർ ജീവസന്ധാരണം തേടുന്ന സൗദി അറേബ്യ സമീപകാലത്ത് നടപ്പാക്കിയ തൊഴിൽനിയമ പരിഷ്കാരങ്ങൾ പ്രവാസികളുടെ മടക്കയാത്രക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. വാണിജ്യസ്ഥാപനങ്ങളെ വിവിധ ഗണത്തിൽപെടുത്തി ‘നിതാഖാത്’ നിയമം കർശനമാക്കിയതോടെ പലർക്കും സൗദി വിടേണ്ടിവെന്നങ്കിൽ എല്ലാവരും ഭയപ്പെട്ടതുപോലുള്ള കൂട്ട ഒഴിച്ചുപോക്ക് ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. അതേസമയം, സൗദിവത്കരണം ത്വരിതപ്പെടുത്തുന്ന പുതിയ പുതിയ ഉത്തരവുകൾ ഇടക്കിടെ ഇറങ്ങുന്നത് പല മേഖലകളിൽനിന്നും വിദേശതൊഴിലാളികളെ പുറന്തള്ളാൻ ഇടയാക്കുന്നുണ്ട്്. ഏറ്റവുമൊടുവിലായി, മാളുകളിൽ ഇനി സ്വദേശികളെ മാത്രമേ ജോലിക്ക് വെക്കാവൂ എന്ന നിബന്ധന കൊണ്ടുവന്നത്ത് മലയാളികളെ അടക്കം വലിയൊരു തൊഴിൽപടയെ വഴിയാധാരമാക്കുമെന്നുറപ്പാണ്. മാർച്ച് 29 തൊട്ട് 90 ദിവസത്തേക്ക് സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ഇളവ് പ്രയോജനപ്പെടുത്തി ഇതിനകം 19,000 ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചെത്തിയത് ഒരു രാജ്യത്തുനിന്നുള്ള കൂട്ട മടക്കയാത്ര സൃഷ്ടിക്കുന്ന പുനരധിവാസ പ്രശ്നം എത്ര സങ്കീർണമാണെന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇങ്ങനെ മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിേൻറതാണെന്നും കേന്ദ്ര സർക്കാർ ആവശ്യമായ സഹായം നൽകാൻ സന്നദ്ധമാണെന്നുമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഓർമപ്പെടുത്തുന്നത്. അതേസമയം, രൂക്ഷമായ തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്രം മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ കഴിഞ്ഞാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി. കയറ്റുമതിക്കാർക്ക് നൽകുന്ന േപ്രാത്സാഹനങ്ങൾക്കും വിദേശനിക്ഷേപകർക്ക് നൽകുന്ന ഇളവുകൾക്കും സമാനമായ ആനുകൂല്യങ്ങൾ പ്രവാസികൾക്കും നൽകണമെന്ന വളരെ അവ്യക്തമായ നിർദേശമാണ് പ്രമേയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അരനൂറ്റാണ്ട് പിന്നിട്ട ഗൾഫ് പ്രവാസം രാജ്യത്തിെൻറ സാമൂഹിക–തൊഴിൽ മേഖലയെ സമൂലമായി പുതുക്കിപ്പണിതിട്ടും ജീവിതനിലവാരം അദ്ഭുതകരമാംവിധം മെച്ചപ്പെടുത്തിയിട്ടും സമഗ്രമായൊരു പ്രവാസനയം രൂപവത്കരിക്കാനോ പ്രവാസികളുടെ ക്ഷേമവിഷയത്തിൽ കാര്യക്ഷമമായ ചുവടുവെപ്പുകൾ നടത്താനോ കേന്ദ്ര–സംസ്ഥാന സർക്കാറുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഓരോരോ പ്രശ്നം ഉയരുമ്പോഴും അപ്പപ്പോൾ ചില ചൊട്ടുവിദ്യകൾ പറഞ്ഞുകൊടുക്കുന്നതല്ലാതെ, ദീർഘവീക്ഷണത്തോടെയുള്ള നയപരിപാടികൾ തയാറാക്കാനോ സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കാനോ ബന്ധപ്പെട്ടവർ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഗൾഫ് മണ്ണിൽ കാലുകുത്തുന്ന സന്ദർഭങ്ങളിൽ വലിയ വായിക്ക് വാഗ്ദാനങ്ങൾ വിളമ്പുന്ന രാഷ്ട്രീയനേതാക്കളും ഭരണകർത്താക്കളും നാട്ടിലെത്തിയാൽ എല്ലാം വിസ്മരിക്കുകയാണ് പതിവ്. ‘നിതാഖാത്’ കേരളീയെൻറ അടുക്കളയിൽപോലും ചൂടുള്ള ചർച്ചയായും ആകുലതയായും മാറിയ ഒരു ഘട്ടത്തിൽ പുനരധിവാസത്തിനായി എത്രയെത്ര പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. അവക്കെല്ലാം പിന്നീട് എന്തുസംഭവിെച്ചന്ന് അന്വേഷിച്ചാൽ നടുങ്ങിപ്പോകും. പുനരധിവാസത്തിനു വായ്പ എടുത്തവർ പലിശ അടക്കാൻ വക കാണാതെ, നാടുവിടേണ്ടിവന്ന ദുർഗതിയെക്കുറിച്ചാണ് പിന്നീട് കേൾക്കാൻ കഴിഞ്ഞത്. എന്നും അവഗണനകളെക്കുറിച്ച് പരിഭവം പറഞ്ഞ് എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന പ്രവാസികളാവട്ടെ, തങ്ങൾക്കായി സർക്കാറുകൾ രൂപംകൊടുത്ത ക്ഷേമപദ്ധതികളെ കുറിച്ച് വേണ്ടവിധം മനസ്സിലാക്കാനോ അവ പ്രയോജനപ്പെടുത്താനോ ശ്രമിക്കാറില്ല എന്ന പരാതി മറ്റൊരു ഭാഗത്തുണ്ട്. ഉപരിപ്ലവമായ ഇത്തരം സമീപനങ്ങളുമായി മുന്നോട്ടുപോവാൻ പറ്റില്ല എന്ന മുന്നറിയിപ്പാണ് പ്രവാസികളുടെ കൂട്ടമടക്കയാത്രയെ കുറിച്ചുള്ള ആധികാരിക റിപ്പോർട്ടുകൾ ഓർമപ്പെടുത്തുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുകയും അവ ഫലപ്രദമായി പ്രയോഗവത്കരിക്കുന്നതിനെക്കുറിച്ച് കൂട്ടായ ചർച്ചകൾ നടത്തുകയും വേണമെന്നാണ് ഉണർത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.