ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബപ്പോര് തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്തെ രാഷ്ട്രീയ അടിയൊഴുക്കുകളെ പുതിയ വഴിത്തിരിവിലത്തെിച്ചിരിക്കുകയാണ്. ബിഹാര്‍ മാതൃകയില്‍ രാഷ്ട്രീയ മഹാസഖ്യമുണ്ടാക്കി അടുത്ത തവണയും യു.പി പിടിക്കുമെന്നു കരുതിയിരുന്ന സമാജ്വാദി പാര്‍ട്ടി, നേതാവ് മുലായം സിങ്ങിനും മകന്‍ അഖിലേഷ് യാദവിനുമിടയില്‍ രണ്ടായി പിളര്‍ന്നു കഴിഞ്ഞ മട്ടാണ്. 2000ത്തില്‍ കനൗജ് ലോക്സഭ മണ്ഡലം ഒഴിഞ്ഞുകൊടുത്ത് പാര്‍ലമെന്‍റിലേക്കു ജയിച്ചുകയറ്റി കൊണ്ടുവന്ന മകന്‍ സ്വന്തം രാഷ്ട്രീയ അന്തകനായി മാറുന്നതിന്‍െറ വിമ്മിട്ടത്തിലാണ് മുലായം. അച്ഛനെ വഴിതെറ്റിക്കുന്ന അധികാര മാഫിയയുടെ കൈകളില്‍നിന്ന് അദ്ദേഹത്തെയും പാര്‍ട്ടിയെയും രക്ഷപ്പെടുത്താനുള്ള സാഹസയജ്ഞത്തിലാണ് താനെന്ന് അഖിലേഷും പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനമടക്കമുള്ള പ്രധാന പദവികളില്‍നിന്ന് അമ്മാവന്‍ ശിവപാല്‍ യാദവിനെ പുറന്തള്ളിയതോടെയായിരുന്നു ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. അതോടെ ഫലത്തില്‍ പാര്‍ട്ടി, ശിവപാലും മുലായമും ചേര്‍ന്ന വിഭാഗവും അഖിലേഷിനെ പിന്തുണക്കുന്ന വിഭാഗവുമായി വഴിപിരിഞ്ഞിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മുലായം അഖിലേഷിനെ മാറ്റിനിര്‍ത്തി സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചു തുടങ്ങിയതോടെ പോര് മൂര്‍ധന്യത്തിലായി. അഖിലേഷ് സ്വന്തമായി ഒരു സ്ഥാനാര്‍ഥിപ്പട്ടിക വേറെ പ്രസിദ്ധീകരിച്ചു. ഇതേതുടര്‍ന്നായിരുന്നു വെള്ളിയാഴ്ച ‘ബേട്ടാജി’യെ പുറത്താക്കാനുള്ള ‘നേതാജി’യുടെ തീരുമാനം. എന്നാല്‍, അച്ഛനെ കണ്ട് അനുനയിപ്പിച്ച മകന്‍ പിറ്റേന്നാള്‍ അദ്ദേഹത്തെ രക്ഷാധികാരസ്ഥാനത്തേക്കുയര്‍ത്തി പാര്‍ട്ടി അധ്യക്ഷസ്ഥാനം കൈയടക്കി. ഇപ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കു നീങ്ങാനുള്ള പുറപ്പാടിലാണ്.
യു.പിയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം അഖിലേഷ് നീങ്ങിയ വഴികള്‍ മുലായമിന്‍െറ മല്ലരാഷ്ട്രീയത്തിന് പരിചയമുള്ളതായിരുന്നില്ല. പേശീബലക്കാരെയും പവര്‍ബ്രോക്കര്‍മാരെയും വെച്ച് പാര്‍ട്ടി വലുതാക്കിയ പിതാവിന്‍െറ വഴിയില്‍നിന്നു മാറിയ അഖിലേഷ് ഗാങ്ലീഡര്‍മാര്‍ക്കു പകരം പ്രഫഷനലുകളെ പാര്‍ട്ടിയുടെയും ഭരണത്തിന്‍െറയും നേതൃതലത്തിലേക്ക് അടുപ്പിച്ചു. യാദവ-മുസ്ലിം ഗ്രാമീണ വോട്ടുകളെ പരമാവധി ആശ്രയിച്ചിരുന്ന അച്ഛന്‍െറ വഴിയില്‍നിന്നു മാറി പാര്‍ട്ടി ഓഫിസുകളില്‍ ലാപ്ടോപ് വിതരണം ചെയ്തും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തും നഗര-ഗ്രാമതലങ്ങളുടെ പിന്തുണയാര്‍ജിക്കാനും പുതുതലമുറയുടെ പ്രതീകമായി മാറാനും അദ്ദേഹത്തിനു കഴിഞ്ഞു. എങ്കിലോ, അച്ഛന്‍െറ പഴയ തലമുറയില്‍നിന്ന് തനിക്കു വഴങ്ങുന്നവരെ വേണ്ട പദവികളില്‍ വാഴിക്കാനും മറന്നില്ല.
പ്രീണനരാഷ്ട്രീയത്തില്‍ മുലായമിന്‍െറ ചുവടുകളില്‍തന്നെ നീങ്ങിയ അഖിലേഷ് മുസഫര്‍നഗര്‍ കലാപക്കേസുകളിലും ദാദ്രിയിലെ ബീഫ് കൊലക്കേസിലും ഇരുപക്ഷത്തിനൊപ്പം നിന്നെന്നു വരുത്തിയും എന്നാല്‍, ആര്‍ക്കും പിടികൊടുക്കാതെയും വഴുക്കല്‍ നയം കാഴ്ചവെച്ചു. അടിസ്ഥാനസൗകര്യ വികസനത്തിലും തൊഴിലവസരങ്ങളിലും ഊന്നി വികസന നായകനായി മാറി അടുത്ത ഊഴം കൂടി കൈയടക്കാനുള്ള പരീക്ഷണത്തിന് ശ്രമിക്കുമ്പോഴാണ് പിതാവിന്‍െറ പിറകില്‍നിന്നുള്ള കുത്ത്്. എന്നാല്‍, അത് അവസരമാക്കി പിതാവിനെയും പുത്രനെയും തമ്മിലടിപ്പിക്കുന്ന അമര്‍സിങ്-ശിവപാല്‍ ‘പരിശുദ്ധാത്മാക്കളെ’ തിരിച്ചറിഞ്ഞ് കുടഞ്ഞെറിയാനുള്ള നീക്കമാണ് അഖിലേഷ് നടത്തിയത്. പാര്‍ട്ടി മുച്ചൂടും മകന്‍െറ കൂടെയാണെന്ന വസ്തുത കയ്ച്ചിട്ടിറക്കാന്‍ വയ്യെങ്കിലും സമ്മതിക്കുകയേ മുലായമിനു വഴിയുണ്ടായുള്ളൂ എന്നാണ് വ്യാഴാഴ്ച വിളിച്ചുകൂട്ടിയ യോഗം റദ്ദ് ചെയ്തതിലൂടെ വ്യക്തമാവുന്നത്. സൈക്കിള്‍ ചിഹ്നത്തിന് ഇരുവരും അവകാശവാദമുന്നയിച്ചതോടെ സമാജ്വാദി പാര്‍ട്ടിയുടെ പിളര്‍പ്പ് ഏതാണ്ട് തീര്‍ച്ചപ്പെട്ടിരിക്കുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ സെക്കുലര്‍, രാഷ്ട്രീയ ലോക്ദള്‍, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ കക്ഷികളെ ചേര്‍ത്ത് മഹാസഖ്യം രൂപവത്കരിക്കുമെന്നു കഴിഞ്ഞ നവംബറില്‍ പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷത്തില്‍ പ്രഖ്യാപിച്ചതായിരുന്നു എസ്.പി. അകത്ത് കുടുംബപ്പോരില്‍ ഉലയുന്ന പാര്‍ട്ടിക്ക് ഭരണത്തില്‍ തങ്ങളുടെ ജനകീയാടിത്തറയായ യാദവ-മുസ്ലിം വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ കഴിയാതിരിക്കുകയും മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി ദലിത്-മുസ്ലിം വോട്ടുകളുടെ ഏകീകരണത്തില്‍ മുന്നോട്ടുപോകുകയും ചെയ്ത പശ്ചാത്തലത്തില്‍ അതിനു തടയിടാനുള്ള മുന്നൊരുക്കമായിരുന്നു മുലായമിന്‍െറ മഹാസഖ്യ വ്യായാമം.
ഉത്തര്‍പ്രദേശില്‍ 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയിലെ പോലെ വ്യക്തമായ ഹിന്ദു-മുസ്ലിം രാഷ്ട്രീയധ്രുവീകരണത്തിനു ശ്രമിക്കുന്ന ബി.ജെ.പിയെ തടയാനുള്ള നീക്കത്തില്‍, മുസ്ലിംകള്‍ തമ്മില്‍ ഭേദമായി കാണുന്നത് ബി.എസ്.പിയെയാണ്. അതിനാല്‍, മായാവതിയുടെ പാര്‍ട്ടിയെ അവഗണിച്ച് എസ്.പിയെ പ്രത്യക്ഷ എതിരാളിയാക്കി മാറ്റി മുസ്ലിം, പിന്നാക്ക വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എസ്.പിയും ബി.ജെ.പിയും തമ്മില്‍ പരോക്ഷമായെങ്കിലും സൗഹൃദ മത്സരമാണെന്ന മായാവതിയുടെ ആരോപണം ഇതു കണ്ടാണ്. ഈ രാഷ്ട്രീയതന്ത്രത്തിനേറ്റ അടിയാണ് എസ്.പിയിലെ പടലപ്പിണക്കം. അച്ഛനും മകനും രണ്ടു വഴിക്കു പിരിഞ്ഞാല്‍ ബി.ജെ.പിയോടുള്ള സമീപനത്തില്‍ ഇരുവര്‍ക്കും വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. അത് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്യും. ഇങ്ങനെ അടിച്ചുപിരിയുന്നവര്‍ക്കു മാത്രമല്ല, കണ്ടുനില്‍ക്കുന്നവര്‍ക്കും പിരിമുറുക്കമേറ്റുന്നതാണ് യു.പി രാഷ്ട്രീയത്തിലെ പുതിയ കുടുംബകലഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.