പാര്‍ലമെന്‍റിനെ നാണം കെടുത്തുന്നവര്‍

പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം വലിയൊരു നാണക്കേടായി അവസാനിച്ചു. നവംബര്‍ 16ന് തുടങ്ങിയ ലോക്സഭയും രാജ്യസഭയും ആകക്കൂടി ചര്‍ച്ചചെയ്ത് പാസാക്കിയത് ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള നിയമമാണ്. അതൊഴിച്ചാല്‍, രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി പറഞ്ഞപോലെ, ചരമോപചാരവേളയില്‍ മാത്രമാണ് ഇരു സഭകളും ശാന്തത നിലനിര്‍ത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടക്കൊരിക്കല്‍ ഒരു പ്രസംഗമധ്യേ ഈ വ്യര്‍ഥതയെപ്പറ്റി സൂചിപ്പിച്ചു. ഭരണപക്ഷത്തെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനി രാജിവെച്ചാലോ എന്നാലോചിക്കുന്നതായി പറഞ്ഞത് ട്രഷറി ബെഞ്ചുകളെയും സ്പീക്കറെയുമടക്കം കുറ്റപ്പെടുത്തുന്ന രൂപത്തിലായിരുന്നു.

എന്തിനുവേണ്ടിയാണോ വലിയ ചെലവു വഹിച്ച് പാര്‍ലമെന്‍റ് സമ്മേളനം സംഘടിപ്പിക്കുന്നത്, ആ ജോലി - നാട്ടുകാരും രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപറ്റി ആഴത്തിലും ഗൗരവത്തിലും കൂടിയാലോചിക്കുക എന്നത് -നടക്കാതെ പോയി. തടസ്സവാദങ്ങളും തടസ്സപ്പെടുത്തലുകളും ബഹളം വെപ്പുമൊക്കെയായി ഇരുസഭകളുടെയും 90ശതമാനത്തിലേറെ സമയം പാഴായി; ഇതാകട്ടെ, രാജ്യനിവാസികള്‍ അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ കഷ്ടപ്പാടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍! നോട്ടു നിരോധനത്തിനു പിന്നാലെ അതിസമ്പന്നരൊഴിച്ചെല്ലാവരും ദുരിതത്തിലാണ്. സമ്പദ്രംഗം ആകെ തകിടംമറിഞ്ഞു. തൊഴിലുകള്‍ കുത്തനെ താഴ്ന്നു. സേവന-നിര്‍മാണ-കാര്‍ഷിക-ചെറുകിട വ്യാപാരമേഖലകളെല്ലാം മുരടിപ്പിലേക്ക് കൂപ്പുകുത്തുന്നു. ഒരു പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനംപോലും ചേരാന്‍ തക്ക ഗുരുതര സ്വഭാവമുള്ള ഈ കൊടും പ്രതിസന്ധിക്കു മുന്നില്‍നിന്നുകൊണ്ടാണ് നമ്മുടെ ജനപ്രതിനിധികള്‍ തീര്‍ത്തും നിരുത്തരവാദപരമായി പാര്‍ലമെന്‍ററി ജനായത്ത വ്യവസ്ഥിതിയെ വഞ്ചിച്ചുകളഞ്ഞത്.

ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷത്തിനും ഈ ദുസ്ഥിതി സൃഷ്ടിച്ചതില്‍ പങ്കുണ്ട്. കൂട്ടബഹളവും പ്രതിഷേധവുമാകാം-പക്ഷേ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുകയെന്ന പരമപ്രധാനമായ ഉത്തരവാദിത്തം നിര്‍വഹിക്കാനാവണം അതെല്ലാം. പാര്‍ലമെന്‍റ് തടസ്സപ്പെടുത്തിക്കൊണ്ടല്ല, നിയമം നല്‍കുന്ന പഴുതുകള്‍ ഉപയോഗിച്ചും പാര്‍ലമെന്‍ററി സാമര്‍ഥ്യം പ്രയോഗിച്ചും വേണ്ടത്ര ഗൃഹപാഠം ചെയ്തുമൊക്കെയാണ് അത് ഫലപ്രദമായി നിര്‍വഹിക്കാനാവുക. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തെ പാര്‍ലമെന്‍ററി പ്രതിഭകളുടെ കഴിവും ഇവിടെ പാഴായിപ്പോയി. അതേസമയം, പ്രതിപക്ഷത്തിനുള്ളതിനേക്കാള്‍ ഇതില്‍ ഉത്തരവാദിത്തം ഭരണപക്ഷത്തിന് തീര്‍ച്ചയായും ഉണ്ട്. സമ്മേളനത്തിന്‍െറ തുടക്കത്തില്‍ പ്രധാനമന്ത്രി സഭയിലത്തെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കേണ്ടിവന്നുവെങ്കില്‍ അതിനു പൂര്‍ണമായും കുറ്റപ്പെടുത്തേണ്ടത് ഭരണപക്ഷത്തെയാണ്.

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക നടപടിയായ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഒന്നും തന്നെ പാര്‍ലമെന്‍റിലല്ല സംഭവിച്ചതെന്നത്, സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കുന്നു എന്നാണല്ളോ കാണിക്കുന്നത്. 125കോടി ഇന്ത്യക്കാരെ നേരിട്ടുബാധിക്കുന്ന ഒരു വിഷയം അവരുടെ പ്രതിനിധിസഭ ചര്‍ച്ചചെയ്തതേ ഇല്ല- പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതിലും ഗുരുതരമല്ളേ പാര്‍ലമെന്‍റിനോടുള്ള ഈ അവഗണന? പ്രതിപക്ഷമാണ് കുറച്ചെങ്കിലും വിട്ടുവീഴ്ച ചെയ്തത്. ആദ്യം അടിയന്തരപ്രമേയം കൊണ്ടുവന്നു; പിന്നീട് ചര്‍ച്ചക്ക് സമ്മതിച്ചു. അതില്‍ തന്നെ വോട്ടിങ് ആവശ്യമില്ലാത്ത വകുപ്പനുസരിച്ചുള്ള ചര്‍ച്ചക്കും വഴങ്ങി. ഭരണപക്ഷമാകട്ടെ നിരന്തരം ചര്‍ച്ച മാറ്റാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി മോദി ചര്‍ച്ചക്ക് മറുപടി പറയില്ളെന്ന് ശഠിച്ചുനിന്നത് നല്ല വഴക്കമായില്ല.

ജനങ്ങള്‍ക്കുവേണ്ടി ഇനി ആരാണ് എവിടെയാണ് സാരവത്തായ ചര്‍ച്ച നടത്തേണ്ടത്? പാര്‍ലമെന്‍റിനെ നിഷ്ക്രിയമാക്കുന്നതുകൊണ്ട് ഭരണപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, ജനാധിപത്യ സംവിധാനത്തിന്‍െറ കാതലായ ഭാഗമാണ് അതോടെ മരവിക്കുന്നത്. മറ്റുചില രാജ്യങ്ങളില്‍ നടപ്പുള്ള രീതി ഒരു മാതൃകയാണ്. മൊത്തം സമ്മേളനദിവസങ്ങളില്‍ നിശ്ചിതഭാഗം പ്രതിപക്ഷത്തിന്‍െറ മുന്‍കൈയില്‍ നടത്തുക എന്നതാണത്. ബ്രിട്ടനില്‍ ഓരോ സമ്മേളനത്തിലും 20 ദിവസം വീതം നടപടിക്രമങ്ങള്‍ നിശ്ചയിക്കുക പ്രതിപക്ഷമാണ്; കാനഡയില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലും 22 ദിവസം വീതം പ്രതിപക്ഷമാണ് പാര്‍ലമെന്‍റ് അജണ്ട തീരുമാനിക്കുക. പ്രതിപക്ഷത്തെ മാനിക്കുകയെന്നത് പാര്‍ലമെന്‍ററി വ്യവസ്ഥിതിയില്‍ ഭരണപക്ഷത്തിന്‍െറ കര്‍ത്തവ്യം കൂടിയാണ്. ഏതായാലും സ്വന്തം ചുമതല നിര്‍വഹിക്കാത്ത പാര്‍ലമെന്‍റ് ഇന്ത്യന്‍ ജനായത്തത്തെ ഒരിക്കല്‍കൂടി പരിഹാസപാത്രമാക്കിയിരിക്കുകയാണ്.

Tags:    
News Summary - people who become shame to parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.