മറാത്ത ദേശത്ത് മഹാനാടകം തുടരുകതന്നെയാണ്. പണക്കൊഴുപ്പിന്റെയും ഗ്ലാമറിന്റെയും ചടുലതയിൽ മിന്നിമറയുന്ന ബോളിവുഡിലെ വമ്പൻ ബ്ലോക്ബസ്റ്ററുകളേക്കാൾ ഹരംകൊള്ളിക്കുന്ന തിരക്കാഴ്ചകളൊരുക്കിയിരിക്കുന്നത് ഇക്കുറി പവാർ കുടുംബമാണ്. ബോളിവുഡിന്റെ അണ്ടർഗ്രൗണ്ടിൽ കാലങ്ങളായി നടക്കാറുള്ള ചലച്ചിത്രേതര അഭിനയ ലോകത്തെ കലഹങ്ങളെപ്പോലും കടത്തിവെട്ടും പുതിയ കുടുംബ വഴക്ക്.
‘കമിഴ്ന്നുകിടന്നാൽ കാൽപണം’ എന്ന രാഷ്ട്രീയ സിദ്ധാന്തത്തിന് മഹാരാഷ്ട്രയിൽ കുത്തക അവകാശപ്പെടാൻ ഒരുപാട് പ്രസ്ഥാനങ്ങളുണ്ടെങ്കിലും പാരമ്പര്യം വെച്ചുനോക്കുമ്പോൾ പവാർ കുടുംബം അതിലൊരുപടി മുന്നിലാണെന്നുതന്നെ പറയേണ്ടിവരും. അപ്പോഴും അക്കൂട്ടത്തിലാര് എന്ന ചോദ്യം ബാക്കിയാണ്.
സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ശരദ് പവാറിന്റെയും അനന്തരവൻ അജിത് പവാർ എന്ന ദാദയുടെയും പേര് ഉയർന്നുവരാറുണ്ട്. പുതിയ എപ്പിസോഡിൽ അത് ഒരു തർക്കത്തിനും വകുപ്പില്ലാത്തവിധം ദാദയാണെന്ന് സർവ രാഷ്ട്രീയ പണ്ഡിറ്റുകളും സമ്മതിക്കുന്നു. ഒരു വർഷത്തോളമായി പ്രതിപക്ഷ നേതാവിന്റെ റോളിൽ തകർത്താടിയിരുന്നയാളാണിപ്പോൾ പൊടുന്നനെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് പകർന്നാടിയിരിക്കുന്നത്.
മൂന്നു വർഷത്തിനുള്ളിൽ മൂന്നു വ്യത്യസ്ത പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മറ്റാരെങ്കിലും കാണുമോ? ഒരുപക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അജിത് പവാറിനു മാത്രം സാധ്യമായ കാര്യമായിരിക്കുമത്. എന്നുവെച്ച്, ഇക്കാര്യത്തിൽ ഒരാളെ മാത്രമായി കുറ്റപ്പെടുത്താനാവില്ല. ടിയാൻ കടന്നുവന്നതും നിലനിൽക്കുന്നതുമായ സാഹചര്യങ്ങൾകൂടി പരിഗണിക്കണമല്ലോ.
2019ലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതുതൊട്ടുള്ള കാര്യം തന്നെയെടുത്തുനോക്കൂ. തൊട്ടുമുമ്പുള്ളതുപോലെ, ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭരണത്തിൽ തുടരാമായിരുന്നതേയുള്ളൂ. അതിനിടയിലാണ് ഉദ്ധവ് താക്കറെ ഉടക്കിട്ടത്. രണ്ടര വർഷം തനിക്ക് മുഖ്യമന്ത്രിയായിരിക്കണമെന്ന് ഉദ്ധവ് ശാഠ്യം പിടിച്ചതോടെ സഖ്യം പൊളിഞ്ഞു. അതോടെ, ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ അമിത് ഷാ പഴയ ചാക്കുമായി മുംബൈയിൽ വിമാനമിറങ്ങാൻ തീരുമാനിച്ചു. ഉടനടി ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് ഉപമുഖ്യനായും സത്യപ്രതിജ്ഞ ചെയ്തു. ബാക്കി ആളുകളെ സാവധാനം സെറ്റാക്കാമെന്ന് കണക്കുകൂട്ടിയായിരുന്നു ഇതെല്ലാം.
പക്ഷേ, മറുവശത്ത് അപ്രതീക്ഷിതമായ ഒരു സഖ്യം രൂപപ്പെട്ടു. കോൺഗ്രസിന്റെ പിന്തുണയോടെ ശിവസേനയും എൻ.സി.പിയും ചേർന്നുണ്ടാക്കിയ വിചിത്ര സഖ്യം -മഹാവികാസ് അഘാഡി. രണ്ടര വർഷം മുഖ്യമന്ത്രിയാകാൻ കൊതിച്ച ഉദ്ധവിന് അഞ്ചു വർഷം തികച്ചു ഭരിക്കാമെന്ന് ശരദ് പവാർ ഉറപ്പും നൽകി.
അതോടെ 80 മണിക്കൂർ തികയുംമുമ്പേ ഫഡ്നാവിസ് സർക്കാർ വീണു; പകരം, ഉദ്ധവിന്റെ നേതൃത്വത്തിൽ മഹാവികാസ് അഘാഡി അധികാരത്തിൽ വന്നു. അപ്പോഴേക്ക് മാതൃകേന്ദ്രത്തിലേക്ക് തിരിച്ചെത്തിയ അജിത് ഉപമുഖ്യമന്ത്രിയുമായി. കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് ആ സർക്കാർ മുന്നോട്ടുപോയത്. ഒരു കാലത്ത് വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന ഉദ്ധവ് പല കാര്യങ്ങളിലും പ്രായശ്ചിത്തം ചെയ്യുന്നതിനും ജനങ്ങൾ സാക്ഷിയായി. നാട്ടുകാരുടെ കൈയടി വാങ്ങിക്കൂട്ടിയ പല നടപടികളും തുടർച്ചയായി മഹാവികാസ് അഘാഡി പുറത്തെടുത്തതോടെ കേന്ദ്രത്തിൽ അസ്വസ്ഥത പുകഞ്ഞുതുടങ്ങി.
അമിത് ഷായുടെ ചാക്കു പരീക്ഷണം ഒരിക്കൽ പരാജയപ്പെട്ടതിനാൽ, കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി കളിക്കാനാണ് കാവിപ്പട തീരുമാനിച്ചത്. അത് ഫലം കണ്ടു. ശിവസേനയിൽ ഇ.ഡി നിഴലിലുണ്ടായിരുന്ന എം.എൽ.എമാരെ നഗര വികസന മന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡെക്കൊപ്പം മറുകണ്ടം ചാടിക്കുന്നതിൽ കേന്ദ്രം വിജയിച്ചു. അതോടെ, ഷിൻഡെ മുഖ്യമന്ത്രിയായി.
ഉപമുഖ്യൻ അജിത്തിന് പ്രതിപക്ഷ നേതാവിന്റെ റോളായി. ഒരു വർഷത്തോളമായി ആ വേഷത്തിൽ മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെ, പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ചില്ലറ ഇടപെടലുകളുണ്ടായി. ഷിൻഡെയുടെയും സംഘത്തിന്റെയും കൂറുമാറ്റം അത്ര ശരിയല്ലെന്നാണ് ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. ആ നിലക്ക് നോക്കുമ്പോൾ, നിലവിലെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് ഏതുനിമിഷവും അയോഗ്യത കൽപിക്കപ്പെടാം. അപ്പോൾ സർക്കാറിനെ താങ്ങിനിർത്താൻ കുറച്ചുപേർ വേണം.
കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി കേന്ദ്രമൊരു പ്രശ്നംവെപ്പിച്ചുനോക്കിയപ്പോഴാണ് അജിത് പവാറിന്റെ മുഖം വീണ്ടും തെളിഞ്ഞുവന്നത്. ദാദയടക്കമുള്ള നേതാക്കളുടെ പേരിൽ ഏകദേശം 70,000 കോടി രൂപയുടെ അഴിമതി ആരോപണം നിലനിൽക്കുന്നുണ്ട്. കുറച്ചു ദിവസമായി, അക്കാര്യം മോദിയൊക്കെ വിളിച്ചുപറയുന്നുമുണ്ട്. ഒരു റെയ്ഡിനുമുമ്പേ മറുകണ്ടം ചാടിക്കോ എന്ന സൂചനയാണിതെന്നു മനസ്സിലാക്കാൻ ദാദക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. കൈയിൽ കിട്ടിയ 29 പേരെയും കൂട്ടി മറുപക്ഷത്ത് ഹാജരായി.
ഉപമുഖ്യമന്ത്രി പദവി നൽകിയാണ് ആ സംഘത്തെ അവർ സ്വീകരിച്ചത്. നാടകം ഇവിടെയും അവസാനിക്കുന്നില്ല. അടുത്ത ഘട്ടം പാർട്ടിപിടിത്തത്തിന്റേതാണ്. അതിലും ഏതാണ്ട് വിജയിച്ച മട്ടാണ്. സ്വന്തം ചിറ്റപ്പനോട് ‘ഇനിയെങ്കിലും ഈ കളി മതിയാക്കൂ’ എന്നാക്ഷേപിച്ചാണ് പാർട്ടിയിലെ അപ്രമാദിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രായം 63. ബോളിവുഡ് നിർമാതാവായ ആനന്ദ് റാവുവാണ് പിതാവ്. ആ വഴിയിൽ അവസരങ്ങളുണ്ടായിട്ടും രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിനായി ചെറുപ്പത്തിൽതന്നെ ചിറ്റപ്പന്റെ കൂടെ പുണെയിലെ ബാരാമതിയിൽനിന്ന് മുംബൈയിലേക്ക് വണ്ടികയറുകയായിരുന്നു.
1982ൽ, പഞ്ചസാര സഹകരണ സംഘത്തിന്റെ പ്രാദേശിക ഘടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതൽ രാഷ്ട്രീയത്തിലുണ്ട്. 1991ൽ, പുണെ ജില്ല കോഓപറേറ്റിവ് ബാങ്ക് ചെയർമാൻ. ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽനിന്ന് വിജയിച്ചു. പാർലമെന്റിൽ ഒരു മാസമേ ഇരുന്നുള്ളൂ; ശരദ് പവാറിനെ പ്രതിരോധ മന്ത്രിയാക്കാൻ വേണ്ടി, ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു; അതോടെ നിയമസഭയിലെത്തി.
അന്നുതൊട്ടേ മന്ത്രിസഭയിലുമുണ്ട്. കോൺഗ്രസിൽനിന്ന് തെറ്റി ശരദ് പവാർ എൻ.സി.പി രൂപവത്കരിച്ചപ്പോൾ മുതൽ അവിടെയും കൂട്ടായി ഉണ്ടായിരുന്നു. 2004 മുതൽ 14 വരെ എൻ.സി.പി നയിച്ച സംസ്ഥാന കാബിനറ്റിൽ അംഗമായി. കൃഷിയും ജലസേചനവുമായിരുന്നു ഇഷ്ടവകുപ്പുകൾ. 2010 മുതൽ നാലു വർഷം ഉപമുഖ്യമന്ത്രി പദവിയും അലങ്കരിച്ചു. അക്കാലങ്ങളിലൊക്കെ ചെയ്തുകൂട്ടിയതിന്റെ ബാക്കിപത്രമായി ഒരുപാട് അഴിമതിക്കഥകളും കേസും കൂട്ടവുമൊക്കെയുണ്ട്. അഴിമതിയുടെ ഭാരം മുതുകിൽ പേറി നടക്കുന്നതിനാലാണ് ദാദ അൽപം കുനിഞ്ഞിരിക്കുന്നതെന്ന് പ്രതിയോഗികൾ കളിയാക്കാറുണ്ട്. മേൽ സൂചിപ്പിച്ച 70,000 കോടിയുടെ കളി മാത്രമല്ല നിലവിലുള്ളത്.
ജലസേചന മന്ത്രിയായിരിക്കെ, ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ പേരിൽ 35,000 കോടിയുടെ അഴിമതി സ്വന്തം പേരിലുണ്ട്. അതേപ്പറ്റി ഒരിക്കൽ പാർട്ടിയിൽ ചോദ്യം വന്നപ്പോഴാണ് ‘ധാർമികത’യുടെ പേരിൽ രാജിവെച്ചത്. പിന്നീടതൊക്കെ പിൻവലിച്ച് ഉപമുഖ്യമന്ത്രിയായെങ്കിലും അന്നു മുതൽ ചിറ്റപ്പനുമായി പോരിലാണ്. ശരദ് പവാറിന്റെ മകൾ സുപ്രിയ രാഷ്ട്രീയത്തിൽ സജീവമായത് തന്റെ മുഖ്യമന്ത്രി സ്വപ്നങ്ങൾക്ക് വിലങ്ങായി എന്ന് തിരിച്ചറിയുകകൂടി ചെയ്തതോടെ പോര് പലപ്പോഴും തറവാട്ടു പടിപ്പുരയും കടന്നു. അതിന്റെ ക്ലൈമാക്സ് രംഗങ്ങൾക്കാണിപ്പോൾ നമ്മുടെ രാഷ്ട്രീയ നാടകവേദി സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.
ശരദ് പവാറിന്റെ സന്തത സഹചാരിയും എട്ടു തവണ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന പദംസിൻഹ് പാട്ടീലിന്റെ സഹോദരി സുനിത്രയാണ് ദാദയുടെ ജീവിത സുഹൃത്ത്. രണ്ട് ആൺമക്കൾ: മൂത്തയാൾ ജേയ് പവാർ ബിസിനസുകാരനാണ്. രണ്ടാമൻ പാർഥിന് രാഷ്ട്രീയത്തിലാണ് താൽപര്യം. അഭിരുചി കണക്കിലെടുത്ത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകിയെങ്കിലും രണ്ടു ലക്ഷത്തിൽപരം വോട്ടിനാണ് കക്ഷി തോറ്റത്. ഈ സാഹചര്യത്തിൽ പവാർ കുടുംബം വേരറ്റുപോകാതിരിക്കാൻ ദാദ ഒറ്റക്ക് പൊരുതുകയേ നിർവാഹമുള്ളൂ. അതാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.