ഫലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടത്തിനൊപ്പം തുടക്കം മുതലേ നിലകൊണ്ട ഇന്ത്യ, ഫലസ്തീനിൽ പ്രതിനിധി കാര്യാലയം തുറന്നിട്ട് ഇപ്പോൾ മൂന്ന് പതിറ്റാണ്ട് പൂർത്തിയായിരിക്കുന്നു. 1996ൽ ഗസ്സയിൽ പ്രതിനിധി കാര്യാലയം തുറന്നതു മുതൽ വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഫലസ്തീന് ബഹുവിധ പിന്തുണ നൽകാൻ ഇന്ത്യക്ക് സാധിച്ചു. അവിടെ ടെക്നോപാർക്ക് ആരംഭിക്കാനും, യുവശാസ്ത്രജ്ഞരെ വളർത്തിയെടുക്കാനും, വിദ്യാലയങ്ങൾ തുറക്കാനും, മിടുക്കരായ ഫലസ്തീനി വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ ഇന്ത്യയിൽ പഠിക്കാനുമെല്ലാം രാജ്യം കൈയയച്ച് സഹായിച്ചു.

സൗഹൃദം, ഐക്യദാർഢ്യം, വികസന സഹകരണം എന്നിവയിൽ അധിഷ്ഠിതമായ മൂന്ന് പതിറ്റാണ്ടുകളുടെ നയതന്ത്ര ബന്ധത്തെ അടയാളപ്പെടുത്തുന്ന പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തിറക്കിയിരുന്നു. ഇപ്പോൾ റാമല്ലയിൽ സ്ഥിതി ചെയ്യുന്ന ഫലസ്തീനിലെ ഇന്ത്യൻ പ്രതിനിധി ഓഫിസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഈ ഡോക്യുമെന്ററി ‘വൈറലാ’യിട്ടില്ലെങ്കിലും തേടിപ്പിടിച്ച് കാണേണ്ടതു തന്നെയാണ്. ഒരു കാലത്ത് കണ്ണിലെ കൃഷ്ണമണി പോലെ നാം കാത്തുസൂക്ഷിച്ച സാഹോദര്യത്തിന്റെയും നീതിപക്ഷ വിദേശനയത്തിന്റെയും ഓർമകളുണർത്തുന്നുണ്ട് ഈ ലഘുചിത്രം.

ഡോക്യുമെന്ററിയിൽ ലഭ്യമാവുന്നത് ഇന്ദിര ഗാന്ധിയുടെ കാലം മുതലുള്ള, അതായത് 40-45 വർഷങ്ങളായുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ്. എന്നാൽ, ഔദ്യോഗിക കാര്യാലയം തുറക്കുന്നതിനും എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇന്ത്യ ഫലസ്തീൻ ജനതയുടെ പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു.

‘‘ബ്രിട്ടൻ ബ്രിട്ടീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കുമെന്നതുപോലെ ഫലസ്തീൻ അറബികളുടേതാണ്’’ എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിഖ്യാതമായ വാക്കുകൾ ഇന്ത്യയുടെ പിൽക്കാല വിദേശനയത്തിന്റെ അടിത്തറയായിരുന്നു. ഫലസ്തീൻ വിഭജിക്കാനുള്ള 1947ലെ ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തുടർച്ചയായി കണ്ട് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യ അതിശക്തമായി എതിർത്തു. ഫലസ്തീനിലെ അറബ് ജനതയുടെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച നെഹ്‌റു 1960ൽ ഗസ്സ സന്ദർശിക്കുകയുമുണ്ടായി. പിൽക്കാലത്ത് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി സ്വന്തം നേതാക്കളിലൊരാളെപ്പോലെ ഫലസ്തീൻ ജനതക്ക് പ്രിയങ്കരിയായി മാറി. 1974ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ആ ജനതയുടെ ഔദ്യോഗിക പ്രതിനിധിയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമായ ഇന്ത്യ, 1988ൽ ഫലസ്തീൻ രാജ്യത്തെയും ഔദ്യോഗികമായി അംഗീകരിച്ചു.

ഒരു സൈനിക-സാമ്പത്തിക ശക്തിയല്ലാതിരുന്നിട്ടും പ്രബലരായ സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ തലകുനിക്കാത്ത ധാർമിക ശേഷിയുള്ള രാഷ്ട്രമെന്ന നിലയിൽ, ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച ആർജവമുള്ള നിലപാടിനെ ലോകം അത്യാദരപൂർവമാണ് കണ്ടതും നെഞ്ചേറ്റിയതും.

ഇന്ത്യ സന്ദർശിച്ച ഫലസ്തീൻ വിമോചന പോരാട്ട നായകൻ യാസർ അറാഫത്തിനെ 1985ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ദൃശ്യങ്ങളോടെയാണ് നടേ പറഞ്ഞ ഡോക്യുമെന്ററി ആരംഭിക്കുന്നത്. കാര്യാലയം ആരംഭിക്കുന്നതിനായി ഗസ്സയിൽ എത്തി, അവിടത്തെ ജനങ്ങൾക്കിടയിൽ അവരുടെ പ്രയാസങ്ങൾ പങ്കിട്ട് ജീവിച്ച ഉദ്യോഗസ്ഥരോട് അന്നാട്ടിലെ മനുഷ്യർ പുലർത്തിയ സ്നേഹത്തെക്കുറിച്ച് ഫലസ്തീനിലെ ഇന്ത്യയുടെ ആദ്യ നയതന്ത്ര പ്രതിനിധിയായിരുന്ന അംബാസഡർ ടി.എസ്. തിരുമൂർത്തി വിശദീകരിക്കുന്നത് കേൾക്കുമ്പോൾ, എത്ര മഹത്തായൊരു സൗഹൃദ പാരമ്പര്യത്തിന്റെ നേരവകാശികളായിരുന്നു നമ്മൾ എന്ന ചിന്ത വെറുപ്പിനെയും വിദ്വേഷത്തെയും പടിക്കൽ പുറത്തുനിർത്തുന്ന ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ നിറയും. ഒപ്പം, ഫലസ്തീൻ വിഷയത്തിൽ ഇന്ന് രാജ്യം എവിടെ നിൽക്കുന്നു എന്ന ചോദ്യവുമുയരും.

ഫലസ്തീൻ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിക്കുമ്പോൾ തന്നെ സയണിസ്റ്റ് അധിനിവേശകരെ മുറുകെ പുണരാനും അവർക്ക് ആയുധമെത്തിക്കാനും ആവേശപ്പെടുകയാണ് ഭരണകൂടം. നെഹ്‌റു മുതൽ വാജ്‌പേയി വരെയുള്ള നേതാക്കൾ ദേശീയ നയമായി ഉറക്കെപ്പറഞ്ഞിരുന്ന ഫലസ്തീൻ ഐക്യദാർഢ്യം, ഇന്ന് തീവ്രവാദി ചാപ്പ മുതൽ നിയമനടപടികൾ വരെ നേടിക്കൊടുക്കുന്ന ദണ്ഡനീയ അപരാധമായി മാറിയിരിക്കുന്നു.

വാഗ്ദത്ത ഭൂമി തേടിപ്പോയവരുടെ പിന്മുറക്കാരാണ് പൂർവികർ ഉറങ്ങുന്ന കല്ലറകളിൽ തിരിതെളിയിക്കാനും ചരിത്രപ്രസിദ്ധമായ സിനഗോഗുകൾ കാണാനും മുമ്പ് ഇന്ത്യയിലേക്ക് കൂടുതലായി വന്നിരുന്നതെങ്കിൽ, ഗസ്സയിൽ കൂട്ടക്കുരുതി നടത്തുന്ന സയണിസ്റ്റ് സൈനികരുടെ വിശ്രമ സങ്കേതമായും നമ്മുടെ നാട് ഇപ്പോൾ മാറിയിരിക്കുന്നു.

ഭരണകൂടവും വംശഹത്യാവാദികളും സയണിസ്റ്റുകളെ താലംപിടിച്ച് വരവേൽക്കുമ്പോഴും ഇന്ത്യയുടെ മനസ്സാക്ഷി ഫലസ്തീൻ ജനതക്കൊപ്പം തന്നെയാണെന്ന് സംശയരഹിതമായി പറയാനാവും. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തടയണമെന്ന് ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്ക് അനുകൂലമായി വോട്ട് ചെയ്ത ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയും, ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ഉറപ്പാക്കാൻ പൊരുതുന്ന ഐക്യരാഷ്ട്രസഭ അന്വേഷണ കമീഷൻ ചെയർമാൻ ജസ്റ്റിസ് ഡോ. എസ്. മുരളീധറും ഉയർത്തിപ്പിടിച്ചത് ഇന്ത്യയുടെ സത്യസന്ധമായ പഴയ നിലപാടാണ്.

ഈ നീതിമാന്മാരിലൂടെ, ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ ജനതയെ ചേർത്തുപിടിച്ച ഇന്ത്യയിലെ തുറമുഖ തൊഴിലാളികളിലൂടെ, വംശഹത്യയെ പിന്തുണക്കുന്ന സ്ഥാപനങ്ങളുടെ ചോരപുരണ്ട ബേബി സോപ്പും വെടിപ്പുക മണക്കുന്ന ചോക്ലറ്റുകളും എന്റെ മക്കൾക്ക് വേണ്ട എന്നുറച്ച് ബഹിഷ്കരിച്ച അമ്മമാരിലൂടെ ഇന്ത്യയുടെ ഫലസ്തീൻ സൗഹൃദം ഇനിയും തളിർക്കുക തന്നെ ചെയ്യും.

Tags:    
News Summary - Don't forget the history of our friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-24 00:30 GMT