ഹൃദയങ്ങളെ അടുപ്പിക്കാനും വെറുപ്പിന്‍െറ മുറിവുണക്കാനുമുള്ള സിദ്ധൗഷധങ്ങളാണ് കലയും സംഗീതവും. യുദ്ധങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍ സംഗീതത്തിന്‍െറയും കലയുടെയും മാസ്മരികതകള്‍കൊണ്ട് മുറിച്ചുകടന്ന ജനതകളുടെ ആഹ്ളാദകരമായ കഥകള്‍കൊണ്ട് സമ്പന്നമാണ് ലോകത്തിന്‍െറയും ഇന്ത്യയുടെ തന്നെയും ചരിത്രം. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിദ്വേഷം കനക്കുകയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ അതിര്‍ത്തി കടന്ന് സഞ്ചരിക്കുന്ന സാംസ്കാരിക സംഘങ്ങള്‍ സാധാരണക്കാരുടെ ഹൃദയം കവരുകയും സ്നേഹത്തിന്‍െറ ഉറവകളുണ്ടാക്കുകയും വിദ്വേഷത്തിന്‍െറ കറകളെ കഴുകിക്കളയുകയും ചെയ്ത അനുഭവം വിഭജനാനന്തര ഇന്ത്യക്കും പാകിസ്താനും തന്നെ ഏറെ പറയാനുണ്ട്. അതിനാലാണ് പാക് സന്ദര്‍ശനവേളയില്‍ നയതന്ത്രജ്ഞരെ കൂടാതെ കലാകാരന്മാരെ കൂടി എ.ബി. വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തന്‍െറ പര്യടനസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, കലയിലും സാംസ്കാരിക വിനിമയത്തിലും ദൗര്‍ഭാഗ്യവശാല്‍ നഖശിഖാന്തം വെറുപ്പ് ആവാഹിച്ചവരുടെ ഭ്രാന്തന്‍ വൈകാരികതക്ക് മേല്‍കൈ ലഭിക്കുകയും കലാകാരന്മാര്‍ നിശ്ശബ്ദമാകുകയും ചെയ്യുന്നതിന്‍െറ അടയാളമാകുകയാണ് ഉറി ഭീകരാക്രമണാനന്തരമുണ്ടായ ബോളിവുഡിലെ വിവാദം. പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ളെന്നാണ് സിനിമാ ഓണേഴ്സ് ആന്‍ഡ് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സി.ഒ.ഇ.എ.ഐ) തീരുമാനം. ജനവികാരം കണക്കിലെടുത്ത് പാക് താരങ്ങളോ സാങ്കേതിക വിദഗ്ധരോ പ്രവര്‍ത്തിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് അംഗങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും തീരുമാനം ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പാകുമെന്നും അവര്‍ വ്യക്തമാക്കുന്നു. അതിന് മുമ്പുതന്നെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (ഐ.എം.പി.പി.എ) പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും സിനിമാ നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ അനുവദിക്കുകയില്ളെന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ശതകോടികളുടെ നിക്ഷേപമുള്ള പ്രമുഖ നിര്‍മാതാക്കളുടെ സംഘമാണിത്.
പാക് താരം ഫവദ്ഖാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചതിനാല്‍ പ്രദര്‍ശന നിരോധമനുഭവിക്കുന്ന എ ദില്‍ ഹെ മുശ്കില്‍ സിനിമയുടെ സംവിധായകന്‍ കരണ്‍ ജോഹര്‍ നിശ്ശബ്ദത വെടിഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുന്നു; ഇനി പാക് താരങ്ങളെ അഭിനയിപ്പിക്കില്ളെന്ന്. രാജ്യദ്രോഹി എന്ന കുറ്റപ്പെടുത്തലില്‍ മനം നൊന്തതായും രാജ്യമാണ് പ്രധാനമെന്നും ഏറ്റുപറഞ്ഞാണ് കരണ്‍ ജോഹര്‍ നിലപാട് പ്രഖ്യാപിച്ചത്. അതേസമയം സിനിമയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധം ബോളിവുഡിലെ കലാകാരന്മാരെ രണ്ടു ചേരിയിലാക്കിയിരിക്കുകയാണ്. കീപ്പ് സിനിമ ഒൗട്ട് ഓഫ് പൊളിറ്റിക്സ് എന്ന ഹാഷ് ടാഗോടുകൂടിയ കാമ്പയിന് സാമൂഹിക മാധ്യമങ്ങളില്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയില്ളെന്ന് പ്രസ്താവനയിറക്കി പാകിസ്താന്‍ തിയറ്റര്‍ സംഘടനയും ഇന്ത്യയിലെ വിവാദം പാകിസ്താനില്‍ ഉദ്ദീപിപ്പിച്ച് ശത്രുത കൂടുതല്‍ ജ്വലിപ്പിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയാനും തുടങ്ങിയിരിക്കുന്നു.
ഇന്ത്യന്‍ മധ്യവര്‍ഗ അഭിരുചികളെയും മനോഘടനകളെയും സ്വാധീനിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നതില്‍ ബോളിവുഡ് സിനിമകള്‍ വഹിച്ച പങ്ക് ഇന്ത്യന്‍ സാമൂഹിക പരിവര്‍ത്തനത്തിലെ സവിശേഷ പാഠഭാഗമാണ്. ഏറ്റവും വലിയ ജനപ്രിയ കലയും ഏറ്റവും കൂടുതല്‍ പണമൊഴുകുകയും ചെയ്യുന്ന ബോളിവുഡ് സിനിമകള്‍ ഭൂരിപക്ഷ സമയത്തും ഉല്‍പാദിപ്പിച്ചിട്ടുള്ളത് മധ്യവര്‍ഗ വലതുപക്ഷ വൈകാരിക രാഷ്ട്രീയത്തെതന്നെയാണ്. ആ രാഷ്ട്രീയത്തിന്‍െറ ഇരയായിത്തീര്‍ന്നിരിക്കുന്നു ബോളിവുഡ് സിനിമാ വ്യവസായവുമെന്ന വസ്തുതയാണ് ഈ വിവാദങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. രാഷ്ട്രീയവും അധോലോകവും കൂടിക്കുഴഞ്ഞ ബോളിവുഡ് സിനിമാ വ്യവസായത്തില്‍ ശിവസേനയുടെ സ്വാധീനം നേരത്തേതന്നെ പ്രബലമാണ്. 1997ല്‍ ദിലീപ് കുമാറിന് പാകിസ്താനിലെ ഏറ്റവും വലിയ സിവില്‍ പുരസ്കാരം ‘നിഷാനേ ഇംതിയാസ്’ നല്‍കപ്പെട്ടപ്പോള്‍ പാക് ചാരനായാണ് ശിവസേന അദ്ദേഹത്തെ മുദ്രകുത്തിയത്.
ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങള്‍ സാര്‍വദേശീയ രംഗത്ത് ഇന്ത്യയുടെ മുഖം കൂടുതല്‍ അപഹാസ്യമാക്കുകയല്ലാതെ ഗുണാത്മകമായി കഴഞ്ചും പ്രയോജനപ്പെടുകയില്ല. അതിലുപരി സാംസ്കാരിക വിനിമയമെന്ന നിലക്കും മൂലധന നിക്ഷേപമെന്ന നിലക്കും ഇന്ത്യക്ക് കനത്ത നഷ്ടത്തിനുമിടയാക്കും. കാരണം, ഹിന്ദി സിനിമയുടെ മൂന്നാമത്തെ സുപ്രധാന വിദേശ വിപണിയാണ് പാകിസ്താന്‍. 1965ലെ യുദ്ധാനന്തരം നാലു പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനിലുണ്ടായ നിരോധാന്തരീക്ഷത്തിലേക്കാണ് ഈ വിവാദം നീങ്ങുന്നത്. സിനിമാരംഗത്ത് പ്രമുഖരായ പാക് കലാകാരന്മാര്‍ 12 പേരേയുള്ളൂവെന്നാണ് നിര്‍മാതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്‍റ് ടി.പി അഗര്‍വാള്‍ പറയുന്നത്. സാങ്കേതിക വിദഗ്ധരെ കൂടി കണക്കിലെടുത്താല്‍ നാല്‍പതോളം പേരാണത്രെ സജീവം. എന്നാല്‍, ഇന്ത്യന്‍ സിനിമ കാണുന്നത് പാകിസ്താനിലെ 19 കോടി ജനമാണ്. കൃത്രിമമായി സൃഷ്ടിക്കുന്ന ദേശീയ ജ്വരം രാജ്യത്തിനുണ്ടാക്കുന്ന സാംസ്കാരികവും സാമ്പത്തികവുമായ നഷ്ടങ്ങളെ ശരിയാംവിധം ബോധ്യപ്പെടുത്തിത്തരുന്നുണ്ട് ബോളിവുഡിലെ പുതിയ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.