രാജ്യത്തിനു പുറത്ത് ജീവിക്കുന്ന രണ്ടു കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് പൗരത്വത്തില്‍ തുല്യത നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് സമ്മതമല്ളെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ഒക്ടോബര്‍ അവസാന വാരം കൊണ്ടുവന്ന നിയമഭേദഗതി. 2014 ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ ഇ-പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്തുതന്നെ വോട്ടുചെയ്യുന്നതിന് സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനാവശ്യമായ നിയമഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങളും നിയമഭേദഗതിയുടെ കരട് ബില്ലും കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ശിപാര്‍ശകള്‍ ചട്ടങ്ങളായി വന്നപ്പോള്‍ പ്രവാസികള്‍ പുറത്തായിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ്, പ്രവാസികള്‍ക്ക് വിഭാവനംചെയ്ത ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടില്‍നിന്ന് എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
വോട്ടര്‍ക്ക് സംസ്ഥാനത്തിനു പുറത്തുനിന്ന് വോട്ടുചെയ്യാന്‍ അനുവാദം നല്‍കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ദേദഗതി പക്ഷേ, സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു കേന്ദ്രസര്‍ക്കാര്‍. ഗഗനചാരിക്കുവരെ വോട്ടുചെയ്യാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ, അതിനുമാത്രം സാങ്കേതിക സൗകര്യങ്ങള്‍ വികാസം പ്രാപിച്ച കാലഘട്ടത്തിലാണ് ഇന്ത്യ പ്രവാസികള്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കുന്നത്. ഇന്ത്യയെക്കാള്‍ സാമ്പത്തികമായും സാങ്കേതികമായും പിന്നാക്കം നില്‍ക്കുന്ന ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പ്രവാസ പൗരന്മാര്‍ക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പേ വോട്ടവകാശം നല്‍കുമ്പോള്‍ ഇന്ത്യ ഇത് നിഷേധിക്കുന്നത് പൗരത്വത്തിന്‍െറ പൂര്‍ണാവകാശം പ്രവാസികള്‍ക്ക് നല്‍കാനുള്ള വൈമനസ്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. നിയമഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിന് കാരണം വ്യക്തമാക്കി നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ കൈക്കൊണ്ട നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ജീവനോപാധികള്‍ തേടി കടല്‍ കടന്ന് ആറുമാസം കഴിയുമ്പോഴേക്കും വോട്ടര്‍ പട്ടികയില്‍നിന്നും റേഷന്‍ കാര്‍ഡില്‍നിന്നും പേര് വെട്ടിമാറ്റുകയായിരുന്നു നമ്മുടെ ശീലം. പൗരത്വത്തിന്‍െറ പല അടിസ്ഥാന രേഖകളില്‍നിന്നും പേരുകള്‍ വെട്ടിമാറ്റപ്പെട്ട് വിദേശത്തും സ്വദേശത്തും അന്യതാബോധത്തോടെ ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ നിരന്തര പ്രക്ഷോഭത്തിന്‍െറ ഫലമായാണ് സമ്മതിദാന പട്ടികയില്‍ പേരുചേര്‍ക്കാനും നാട്ടിലാണെങ്കില്‍ വോട്ടുചെയ്യാനും അനുവാദം നല്‍കുന്ന 2010ലെ ജനപ്രാതിനിധ്യ നിയമത്തിന്‍െറ ഭേദഗതി യാഥാര്‍ഥ്യമായത്. ഇതേതുടര്‍ന്ന് ഡോ. ഷംസീര്‍ വയലില്‍ നടത്തിയ നിയമ പോരാട്ടങ്ങളാണ് വോട്ടവകാശം ലഭ്യമാകുമെന്ന നിലവിലെ അവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാറിനെ എത്തിച്ചത്.
പക്ഷേ, അവസാന സമയത്തും പ്രവാസികളുടെ അവകാശങ്ങള്‍ അംഗീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ വൈമുഖ്യം ഭരണഘടനാപരമായ പൗരത്വാവകാശങ്ങളുടെ നിഷേധമാണ്. പ്രവാസികളുടെ കാര്യത്തില്‍ വിദേശ രാജ്യങ്ങളുമായി കരാര്‍ ഏര്‍പ്പെടുന്നതിലും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ഇന്ത്യ പരാജയപ്പെടുന്നത് പ്രവാസികളെ വിദേശ നാണയം രാജ്യത്തേക്ക് എത്തിക്കുന്നവര്‍ എന്ന കേവല പരിഗണനയില്‍ മാത്രം നോക്കിക്കാണുന്നതുകൊണ്ടാണ്. തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി നേരിട്ടാല്‍ നിര്‍വഹിക്കേണ്ട താല്‍ക്കാലിക രക്ഷാപ്രവര്‍ത്തനം മാത്രമാണ് പലപ്പോഴും പ്രവാസി അവകാശമായി കേന്ദ്രം മനസ്സിലാക്കുന്നത്.
വോട്ടവകാശം മാത്രമല്ല, രാജ്യത്തെ പ്രധാന നയരൂപവത്കരണ ഘട്ടങ്ങളിലോ സാമൂഹിക പരിവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലോ പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കണമെന്ന ചിന്ത ഒരിക്കലും ഭരണകര്‍ത്താക്കളുടെ ആലോചനകളില്‍ ഇടംപിടിക്കാറില്ളെന്നതാണ് ഇത$പര്യന്തമുള്ള ചരിത്രം. നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകളെ മനസ്സിലാക്കാനോ അഭിപ്രായം പറയാനോ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല എന്നത് ഇതിന്‍െറ മറ്റൊരു ഉദാഹരണം മാത്രം. നാട്ടിലേക്കുള്ള മടക്കയാത്ര ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ കരുതാം.
ഒരു പ്രവാസിയുടെ കൈയില്‍ ശരാശരി 5000 രൂപയുണ്ടെന്ന് കണക്കുകൂട്ടിയാല്‍ തന്നെ ചുരുങ്ങിയത് 10,000ത്തിലധികം കോടി നിയമാനുസൃത രൂപ ഡിസംബര്‍ 30നുമുമ്പ് വിവിധ രാജ്യങ്ങളിലുള്ള പ്രവാസികള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ ബ്രാഞ്ചുകളുള്ള ബാങ്കുകള്‍ക്കോ പണവിനിമയം നടത്തുന്ന അംഗീകൃത ഏജന്‍സികള്‍ക്കോ ഇതെങ്ങനെ കൈകാര്യംചെയ്യണമെന്ന ഒരു അറിയിപ്പും ലഭ്യമായിട്ടില്ല. അതിലുപരി സര്‍ക്കാര്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. കാരണം, നേരത്തേ സൂചിപ്പിച്ചതു തന്നെ. പൗരത്വാവകാശങ്ങളുടെ പുറത്താണ് പ്രവാസി. തുല്യപൗരത്വം അംഗീകരിക്കുകയെന്ന സാമാന്യനീതി വകവെച്ചുകൊടുക്കുന്നതിന് ഭരണകര്‍ത്താക്കളെ നിര്‍ബന്ധിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അറിയുന്ന ഏകഭാഷയായ വോട്ടു മാത്രമേ പോംവഴിയുള്ളൂ. ഭരണനേതൃത്വം തടയുന്നതും ആ അവകാശംതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.