ഇനി ട്രംപ്

‘‘നിങ്ങളുടെ തൊഴിലവസരങ്ങള്‍ ആരും കട്ടെടുക്കുന്നില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ക്കു കാരണം നിങ്ങള്‍തന്നെയാണ്. പണം യുദ്ധങ്ങള്‍ക്ക് വേണ്ടിയാണല്ളോ നിങ്ങള്‍ ചെലവഴിക്കുന്നത്’’ -ഈ മാസം ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കവെ ചൈനീസ് കോടീശ്വരനും ‘അലിബാബ’ കമ്പനി സ്ഥാപകനുമായ ജാക്ക് മാ അമേരിക്കന്‍ നേതാക്കളോടു തുറന്നടിച്ചതാണിത്. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ ഭരണകൂടത്തിന് ധാരാളം പഠിക്കാനുള്ള വക ഈ വാക്കുകളിലുണ്ട്. അമേരിക്കന്‍ ജനതക്കിടയിലെ അതൃപ്തിയും വംശീയതയും വോട്ടാക്കിമാറ്റി വൈറ്റ്ഹൗസ് പിടിച്ച ട്രംപ്, മുന്‍ വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ അതോ നല്ല കച്ചവടക്കണ്ണുള്ള ഒരാളുടെ പ്രായോഗിക ബുദ്ധിയോടെ അതെല്ലാം തിരുത്തുമോ എന്നാണ് കണ്ടറിയാനുള്ളത്.

ലോകരാഷ്ട്രങ്ങളിലും അമേരിക്കക്കുള്ളിലും പ്രതീക്ഷയെക്കാള്‍ ആശങ്കകളാണ് അദ്ദേഹത്തിന്‍െറ സ്ഥാനാരോഹണം കൊണ്ടുവരുന്നത്. അമേരിക്കയെ സാമ്പത്തികമായി തകര്‍ക്കുക മാത്രമല്ല ലോകാടിസ്ഥാനത്തില്‍ വെറുപ്പിന് പാത്രമാക്കുകകൂടി ചെയ്ത വംശീയതയും യുദ്ധജ്വരവും ട്രംപ് യുഗത്തില്‍ വര്‍ധിക്കുമെന്ന് അധികപേരും കരുതുന്നത് അദ്ദേഹത്തിന്‍െറ തന്നെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അമേരിക്ക 13 യുദ്ധങ്ങള്‍ക്കായി ചെലവിട്ടത് 40 ലക്ഷം കോടി ഡോളറാണത്രെ. ഇതില്‍ കുറച്ചെങ്കിലും നിര്‍മാണാത്മകമായി ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര ലക്ഷം തൊഴിലുകള്‍ ഉല്‍പാദിപ്പിക്കാമായിരുന്നു! ജാക്ക് മായെപ്പോലുള്ള വ്യാപാരപ്രമുഖരുടെ ഇത്തരം യുക്തിചിന്തയാണോ അതോ ‘സൈനിക-വ്യവസായ സമുച്ചയം’ എന്ന്  മുമ്പ്  ഐസനോവര്‍ വിശേഷിപ്പിച്ച യുദ്ധക്കച്ചവടക്കാരുടെ ദുഷ്ടലാക്കാണോ ട്രംപിനെ നയിക്കുക എന്ന ചോദ്യം മര്‍മപ്രധാനമാണ്.

ട്രംപ് പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്‍െറ രാഷ്ട്രീയം പ്രതീക്ഷിത രീതിയില്‍ മുന്നോട്ടുപോയാല്‍ സംഘര്‍ഷങ്ങളും പ്രതിസന്ധികളും വര്‍ധിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, പ്രായോഗികതയുടെ പേരില്‍ ഒരു സ്വയം തിരുത്തിന് ട്രംപ് തയാറായാല്‍പ്പോലും ഇന്നത്തെ യു.എസ് ഭരണസംവിധാനത്തില്‍ അത് എത്രത്തോളം സാധ്യമാകും? പല ജനായത്ത രാജ്യങ്ങളിലുമെന്നപോലെ അമേരിക്കയിലും മൂന്നു തട്ടുണ്ട് -ഭരണകൂടം, അതിന്‍െറ ഏജന്‍റുമാരും ഗുണഭോക്താക്കളുമായ രാഷ്ട്രീയ പ്രമാണിമാര്‍, പൊതുജനം എന്നിവ. സംഘര്‍ഷവും യുദ്ധവും ആഗ്രഹിക്കാത്ത ജനങ്ങള്‍ വോട്ടെടുപ്പ് കഴിയുന്നതോടെ അപ്രസക്തരാകുന്നു. അതേസമയം ഭരണകൂടവും രാഷ്ട്രീയ പ്രമാണിമാരും സ്വാര്‍ഥ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നു.

അമേരിക്കയില്‍ ഇന്ന് നടക്കുന്ന ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ജനതാല്‍പര്യത്തിന്‍െറ ആവിഷ്കാരമാണെങ്കിലും അവ ഭരണകൂട നയങ്ങളെ സ്വാധീനിക്കാന്‍ പോകുന്നില്ല. ഇത്തരമൊരു വ്യവസ്ഥിതിയില്‍ റിപ്പബ്ളിക്കന്‍-ഡെമോക്രാറ്റ് പക്ഷങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലതാനും. ട്രംപിന്‍െറ കാബിനറ്റംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ സെനറ്റ് പ്രതിനിധികളെല്ലാം ഒരേതരം വിദേശനയത്തിനു വേണ്ടി വാദിച്ചത് ഉദാഹരണം. ആ നയമാകട്ടെ ഇറാനോടും ചൈനയോടും മറ്റും അന്ധമായ വിരോധം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ്. ഈ വ്യവസ്ഥിതിയോട് വിയോജിപ്പുണ്ടെന്ന് കരുതപ്പെട്ട ഒബാമക്കുപോലും കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കേണ്ടി വന്നു (2015ല്‍ മാത്രം യു.എസിന്‍െറ സൈനികച്ചെലവ് 60,000 കോടി ഡോളറായിരുന്നു). അപ്പോള്‍ ട്രംപിനെപോലുള്ള വെറുപ്പിന്‍െറ വ്യാപാരിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് കരുതാനാവില്ലല്ളോ.

ഇന്ത്യക്ക് ഡോണള്‍ഡ് ട്രംപിന്‍െറ ഭരണം നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരുണ്ട്. ചൈനയോടുള്ള എതിര്‍പ്പിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി അടുക്കുകയെന്ന തന്ത്രം അദ്ദേഹം നടപ്പാക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഇത്രകാലം പാകിസ്താനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിവന്ന അമേരിക്ക ഇനി ഇന്ത്യയോട് ചായ്വ് കാട്ടുമെന്ന് വിചാരിക്കുന്നവരുമുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള മാത്സര്യവും വൈരവും മുതലെടുത്ത് സാമ്പത്തിക നേട്ടവും ആയുധവ്യാപാരവും സാധിക്കുകയെന്ന സാമ്രാജ്യത്വ രീതിയില്‍ അടിസ്ഥാനമാറ്റമുണ്ടാകില്ല എന്നുകൂടിയാണ് ഇതിനര്‍ഥം.

അതേസമയം, ഇന്ത്യക്ക് കൂടുതല്‍ ഗുണകരമായ വിസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ പരിഗണനയൊന്നുമുണ്ടാകില്ല. അമേരിക്ക കഴിഞ്ഞിട്ട് മറ്റെന്തും എന്ന ട്രംപിന്‍െറ മുദ്രാവാക്യം പ്രാവര്‍ത്തികമാകുമ്പോള്‍ ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ക്കും മറ്റും യു.എസില്‍ ഇപ്പോഴുള്ള അനുകൂല സാഹചര്യം ഇല്ലാതാകും. ഏതായാലും ട്രംപിന്‍െറ ഭരണം ഏറ്റവും കൂടുതല്‍ പരിക്കേല്‍പിക്കുക അമേരിക്കയെതന്നെയാവും; പ്രഖ്യാപിത രീതിയിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെങ്കില്‍.

Tags:    
News Summary - now then trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.