ആ​വ​ര്‍ത്തി​ക്ക​രു​ത് ച​രി​ത്ര​പ​ര​മാ​യ മ​ണ്ട​ത്തം

ഇന്ത്യന്‍ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും ഇരുള്‍തിങ്ങിയ ഘട്ടത്തിലൂടെ നീങ്ങവെ പ്രതീക്ഷ പകര്‍ന്ന് ഇണക്കത്തിെൻറയും വിവേകത്തിെൻറയും ചില ഇത്തിരിവെട്ടങ്ങള്‍ അങ്ങിങ്ങ് മിന്നിത്തെളിയുന്നുണ്ട്. വര്‍ഗീയശക്തികള്‍ മുന്നോട്ടുവെക്കുന്നൊരു പ്രതിനിധി ഈ ബഹുസ്വര രാജ്യത്തിെൻറ പ്രഥമ പൗരപദത്തിൽ വാഴിക്കപ്പെടരുത് എന്നൊരു വാശി വിവിധ മതേതര കക്ഷികള്‍ക്കിടയില്‍ ശക്തമായി കഴിഞ്ഞു. കേന്ദ്രസര്‍ക്കാറിനെ നിയന്ത്രിച്ചുപോരുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിനും കോർപറേറ്റ് സംഘങ്ങള്‍ക്കും സമ്മതനായ ഒരാളെയാവും രാഷ്ട്രപതിയായി ഭരണപക്ഷം നിര്‍ദേശിക്കുക. ആദ്യഘട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്നതെല്ലാം സമാധാനകാംക്ഷികളായ ഓരോ ഇന്ത്യക്കാരനെയും നിരാശപ്പെടുത്തുന്ന പേരുകളാണ്.

സമ്മതിദാന അവകാശമുള്ള പാര്‍ലമെൻറ് നിയമസഭാംഗങ്ങളുടെ എണ്ണത്തില്‍ ബി.ജെ.പിക്ക് മേൽക്കൈ ഉണ്ടെങ്കിലും അവരുദ്ദേശിക്കുന്നയാളെ റെയ്സിനാ കുന്ന് കയറ്റാതിരിക്കാന്‍ ഇതര പാര്‍ട്ടികള്‍ ആഞ്ഞുപിടിച്ചാല്‍ ഇപ്പോഴുമാവും. പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിന് യോഗ്യമാവുന്ന പേരുകളുടെ ചുരുക്കപ്പട്ടികകളും തയാറാവുന്നുണ്ട്. മതേതര, സോഷ്യലിസ്റ്റ് ഫെഡറല്‍ രാജ്യമെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്ന് വാദിച്ച പ്രഫ.കെ.ടി. ഷാ, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കായി നിലകൊണ്ട ന്യായാധിപന്മാരായ എച്ച്.ആർ. ഖന്ന, വി.ആര്‍. കൃഷ്ണയ്യര്‍, സ്വാതന്ത്ര്യപോരാട്ടത്തിെൻറ ജ്വലിക്കും മുഖമായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ തുടങ്ങി തികച്ചും അനുയോജ്യരായ പ്രതിപക്ഷ സ്ഥാനാര്‍ഥികളെല്ലാം കാലാകാലങ്ങളില്‍ പിന്തള്ളപ്പെട്ട ചരിത്രമാണ് രാഷ്ട്രപതി  തെരഞ്ഞെടുപ്പിനുള്ളത്. അത്യന്തം നാടകീയവും അവിശ്വസനീയവുമായ കൂട്ടുകെട്ടുകളുണ്ടായിട്ടുണ്ട് മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ പലതിലും. എന്നാല്‍, ഇക്കുറി പോരായ്മകളെല്ലാം മറന്നും പോരുകള്‍ മാറ്റിവെച്ചും പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കത്തിന് നേതൃത്വം നല്‍കണമെന്ന് പ്രമുഖ നേതാക്കള്‍ പലരും പരസ്പരം ആഹ്വാനം ചെയ്യുന്നു. ഈ ഐകരൂപ്യം ഫലപ്രാപ്തി നേടിയാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ മാത്രമല്ല രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെയും ധൈര്യപൂര്‍വം നേരിടാനുള്ള ആത്മവിശ്വാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടാവും. പ്രഖ്യാപിത വര്‍ഗീയ ഭീകരതക്ക് താൽക്കാലികമായെങ്കിലും ക്ഷീണം പറ്റി എന്ന ആശ്വാസം രാജ്യത്തെ ജനങ്ങള്‍ക്കും.

ഇങ്ങനെയൊരു ഐക്യമനസ്സ് ഉരുവപ്പെടുന്നതിനിടെയാണ് ബംഗാളില്‍ തങ്ങള്‍ക്ക് ഉറപ്പുള്ള ഒരു രാജ്യസഭ സീറ്റില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വിജയിപ്പിക്കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചത്. പാര്‍ട്ടിയുടെ ഇവ്വിധത്തിലെ അധഃപതനത്തിെൻറ കാരണക്കാരായ പല നേതാക്കളും ശത്രുപാളയത്തിലെ പടയാളികളായി പരിണമിക്കുകയും മറ്റു പലരും പുറപ്പാടിനായി ഭാണ്ഡം മുറുക്കുകയും ചെയ്തപ്പോഴുണ്ടായ തിരിച്ചറിവാകാം, അല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലനില്‍ക്കണം എന്ന ആത്മാര്‍ഥ മോഹമുള്ള ഏതെങ്കിലും ഉപദേശകരില്‍നിന്ന് ലഭിച്ചതാവാം- എന്തായാലും രാഷ്ട്രീയ പാകതയില്ലെന്ന രാഹുലിനെതിരായ ആക്ഷേപങ്ങളില്‍ പകുതിയെങ്കിലും റദ്ദുചെയ്യാന്‍ പോന്നതാണ് ആ നീക്കം.

ബി.ജെ.പി സഖ്യത്തിെൻറ ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷ ഹുങ്ക് പലപ്പോഴും നിര്‍വീര്യമാകുന്നത് ഉപരിസഭയില്‍ പ്രതിപക്ഷം ചമക്കുന്ന സംഘടിതമായ ചെറുത്തുനിൽപ്പിനാലാണ്. ഈ ദൗത്യത്തില്‍ യെച്ചൂരി വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചുള്ള ബോധ്യത്തില്‍നിന്നുകൂടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെക്കുന്നത്.  ഇന്ദിര ഗാന്ധിയുടെ സര്‍വാധിപത്യ കാലങ്ങളില്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേയുടെ കോണ്‍ഗ്രസും പൊലീസും ബംഗാളില്‍ സി.പി.എമ്മിനുമേല്‍ കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്ക് ഏറെ വൈകി ചെയ്യുന്ന പ്രായശ്ചിത്തമായും ഇതിനെ വായിക്കാം. എന്നാല്‍, കോണ്‍ഗ്രസൊന്നിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബംഗാള്‍ ഘടകം ഈ ആശയത്തെ സ്വാഗതം ചെയ്യുമ്പോള്‍ പാര്‍ട്ടിയിലെ പ്രബലരായ മറ്റൊരു വിഭാഗം അനാവശ്യമെന്ന് പറഞ്ഞും വഴക്കങ്ങള്‍ തെറ്റുമെന്ന് ഭയന്നും നിരാകരിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്കാണ് മുഖ്യ എതിര്‍പ്പ്. കോണ്‍ഗ്രസ് പിന്തുണയില്‍ യെച്ചൂരിയെ ജയിപ്പിച്ചെടുത്താല്‍ അതിെൻറ പേരില്‍ കേരളത്തില്‍  അണികളോടും എതിരാളികളോടും മറുപടി പറയേണ്ടിവരും എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം.

പക്ഷേ, ചാനല്‍ ചര്‍ച്ചകളിലും കവലയോഗങ്ങളിലും അവസാനിക്കുന്നതല്ലല്ലോ ഇന്ത്യയുടെ ജനാധിപത്യ പ്രതിസന്ധി. യെച്ചൂരിക്ക് വാഗ്ദാനം ചെയ്യപ്പെട്ട പിന്തുണ വേണ്ടെന്ന് വെക്കുകയെന്നാല്‍ 1996ല്‍ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാന്‍ കൈവന്ന അവസരം വേണ്ടെന്നുവെച്ചതുപോലെ ചരിത്രപരമായ മണ്ടത്തത്തിെൻറ തനിയാവര്‍ത്തനമാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷ്യമിടുന്ന ഐക്യശ്രമങ്ങളെയും അത് ദുര്‍ബലമാക്കും. വെറുപ്പിെൻറ, കലാപത്തിെൻറ പ്രത്യയശാസ്ത്രക്കാര്‍ രാഷ്ട്രപതി പദവിയിലേക്ക് ജയിച്ചു കയറാനിടവന്നാൽ അത് മതേതര ഇന്ത്യന്‍ റിപ്പബ്ലിക്കിെൻറ പരാജയമായിരിക്കും. അതിന് കാരണമായവരെ ചരിത്രം കുറ്റക്കാരെന്ന് വിധിക്കുകതന്നെ ചെയ്യും.

Tags:    
News Summary - not repeat the historical blander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.