സ്വതന്ത്ര ഫലസ്തീന്​ കൂടുതൽ പിന്തുണ


പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിന്​ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങളായ സ്​പെയിനും നോർവേയും അയർലൻഡും തീരുമാനിച്ചു. ഈ മാസം 28 മുതൽ ഔദ്യോഗികാംഗീകാരം നിലവിൽവരുമെന്ന് മൂന്നു രാഷ്ട്രത്തലവന്മാരും ബുധനാഴ്ച പ്രസ്താവിച്ചു. ഫലസ്തീനിൽ ദ്വിരാഷ്ട്രപരിഹാരമെന്ന ആശയം ഇസ്രായേലിന്‍റെ ഉത്തമതാൽപര്യത്തെ മാനിക്കുന്നുവെന്നും ഈയൊരു അംഗീകാരം ഇല്ലെങ്കിൽ പശ്ചിമേഷ്യയിലെ സമാധാനം കൈവരില്ലെന്നാണ്​ നോർവേയുടെ പക്ഷം. സമാധാനത്തിലും സുരക്ഷയിലും സഹവസിക്കുന്ന ഇരു രാഷ്ട്രങ്ങളായി ഇസ്രായേല്യരും ഫലസ്തീനികളും വർത്തിക്കണമെന്നാണ്​ നോർവീജിയൻ പ്രധാനമന്ത്രി യോനാസ്​ ഗാർസ്​റ്റോർ അഭിപ്രായപ്പെട്ടത്​. ഈ സുപ്രധാന നീക്കത്തിൽ ഇതര രാജ്യങ്ങൾകൂടി പങ്കുകൊള്ളുമെന്ന്​ അയർലൻഡ്​ പ്രധാനമന്ത്രി സൈമൺ ഹാരിസ്​ പ്രത്യാശ പ്രകടിപ്പിച്ചു.

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ 142ഉം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടു​ണ്ടെന്നാണ്​ വെസ്റ്റ്​ബാങ്കിൽ മാത്രം പരിമിതാധികാരമുള്ള ഫലസ്തീൻ അതോറിറ്റിയുടെ കണക്ക്​. എന്നാൽ ആ അംഗീകാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തിനാണ്​ എന്നു തീർത്തു പറയാനാവില്ല. പശ്ചിമേഷ്യൻ, ആഫ്രിക്കൻ രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാഷ്ട്രങ്ങളുമാണ് ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാൻ മുന്നോട്ടുവന്നത്​​. അമേരിക്ക, കാനഡ, ആസ്​ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പശ്ചിമ യൂറോപ്പിലെ ബഹുഭൂരിഭാഗം രാജ്യങ്ങളും അതിനു സമ്മതിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ യു.എൻ രക്ഷാസമിതിയിൽ ഒരു സമ്പൂർണ യു.എൻ അംഗരാജ്യമാകാനുള്ള ഫലസ്തീന്‍റെ ശ്രമ​ത്തെ അമേരിക്ക വീറ്റോ ചെയ്തു പരാജയപ്പെടുത്തുകയുംചെയ്തു. 2011ൽ യു.എൻ മുഴുസമയ അംഗത്വത്തിനുള്ള കാമ്പയിനുമായി ഫലസ്തീൻ മുന്നോട്ടുപോയപ്പോൾ ആ വർഷം ഒക്​ടോബർ 31ന്​ യു.എൻ സാംസ്കാരിക ഏജൻസിയായ യുനെസ്​കോയിൽ മുഴുസമയ അംഗത്വം കിട്ടി. അന്ന്​ അമേരിക്കയും ഇസ്രായേലും യുനെസ്​കോയിൽ നൽകുന്ന ഫണ്ട്​ റദ്ദാക്കി. 2018ൽ അവർ യുനെസ്​കോ അംഗത്വം കൈയൊഴിഞ്ഞു, അഞ്ചുവർഷം കഴിഞ്ഞ്​ അമേരിക്ക തിരിച്ചുവന്നെങ്കിലും. 2014ൽ സ്വീഡനാണ്​ ഫലസ്തീന്​ അംഗീകാരം നൽകുന്ന ആദ്യ യൂറോപ്യൻ യൂനിയൻ അംഗരാഷ്ട്രം. ബൾഗേറിയ, സൈപ്രസ്​, ചെക്ക്​ റിപ്പബ്ലിക്​, ഹംഗറി, പോളണ്ട്​, റുമേനിയ എന്നീ രാജ്യങ്ങളും സ്വീഡനെ പിന്തുടർന്നു.

സംഘർഷങ്ങളിൽ മുങ്ങിത്താഴുമ്പോഴാണ്​ എന്നും ഫലസ്തീനെ ലോകരാഷ്ട്രങ്ങളുടെ അനുകമ്പയും അംഗീകാരവും തേടിയെത്തിയത്​ എന്നതു കൗതുകകരമാണ്​. 1988ൽ ഒന്നാം ഉയിർത്തെഴുന്നേൽപ്​ (ഇൻതിഫാദ) പോരാട്ടത്തിന്‍റെ നാളുകളിലാണ്​ ഫലസ്തീൻ വിമോചന സംഘടനയുടെ സാരഥി യാസിർ അറഫാത്തിന്‍റെ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കാനുള്ള ആഹ്വാനത്തെ തുടർന്ന്​ വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നത്​. അൽജീരിയയുടേതായിരുന്നു ആദ്യ ചുവട്​. അറബ്​ രാജ്യങ്ങളും ഇന്ത്യ, തുർക്കിയും ആഫ്രിക്കൻ മധ്യ, പൂർവ യൂറോപ്യൻ രാജ്യങ്ങളും അതിനൊത്തു നീങ്ങി. 2010-11 കാലത്ത്​ വെസ്റ്റ്​ ബാങ്കിലെ ജൂത പാർപ്പിടനിർമാണത്തിനുള്ള വിലക്ക്​ അവസാനിപ്പിച്ച്​ ഇസ്രായേൽ മുന്നോട്ടുപോയപ്പോൾ അർജന്‍റീന, ബ്രസീൽ, ചിലി തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഫലസ്തീന്​ അംഗീകാരപിന്തുണ നൽകി. പതിറ്റാണ്ടും കടന്ന്​ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തുവരുന്നതാകട്ടെ, ഇസ്രായേലിന്‍റെ വംശഹത്യ അറ്റമില്ലാതെ തുടരുമ്പോഴാണ്​.

ആധുനിക രാഷ്ട്രങ്ങളെന്നു സ്വയം പ്രഖ്യാപിച്ച വൻശക്തികളുടെ പിൻബലത്തിലാണ്​ 1948ൽ ഫലസ്തീനികളെ കുടിയിറക്കി ഇസ്രായേൽ എന്ന രാജ്യം ജന്മമെടുത്തത്​. അവരുടെ വംശഹത്യ പദ്ധതിക്ക്​ അമേരിക്കയും പടിഞ്ഞാറൻ മിത്രങ്ങളും ആളും അർഥവും ആയുധവും വാരി​ക്കോരി നൽകി സഹായിച്ചു. എന്നാൽ, ഇന്ന്​ ഫലസ്തീനെ ജനശൂന്യവും ഫലശൂന്യവുമാക്കി തകർത്തുതരിപ്പണമാക്കിയ ചട്ടമ്പിത്തരത്തിനെതിരെ അന്താരാഷ്​ട്ര നിയമങ്ങൾ ചൂണ്ടി ലോകം എതിർക്കുമ്പോൾ ഇസ്രായേലിന്​ ദഹിക്കുന്നില്ല. അന്തർദേശീയമെന്നല്ല, ഒരു വക നിയമവും തങ്ങൾക്കു ബാധകമല്ലെന്നും സ്വന്തം വംശഹത്യ പദ്ധതിയുമായി തന്നെ മുന്നോട്ടുപോകുമെന്നും നിശ്ചയിച്ച ഇസ്രായേലിന്​ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിധിയും യൂറോപ്യൻ രാഷ്ട്രങ്ങളുടെ അടിക്കടിയുള്ള പ്രതിരോധപ്രഹരവും സൃഷ്ടിക്കുന്ന അലോസരവും അസ്വസ്ഥതയും ചെറുതല്ല. 1948ലെ കൂട്ടക്കുടിയിറക്ക്​ എന്ന നക്​ബയുടെ ഏഴരപ്പതിറ്റാണ്ടിനു ശേഷവ​ും സ്വന്തം വീടും ദേശവും ഫലസ്തീനികൾക്ക്​ ഇപ്പോഴും അന്യമാണ്​ എന്നു മാത്രമല്ല, മാറിത്താമസിച്ചിടത്തുനിന്നുപോലും തലമുറകളായി അവരെ വംശീയനിർമൂലനത്തിനു വിധേയമാക്കിവരികയാണ്​ ഇസ്രായേൽ. ഈ അനിശ്ചിതത്വത്തിനിടയിലും ലോകഹൃദയം ഫലസ്​തീനികൾക്കുവേണ്ടി തുടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണ്​ ലോകത്ത്​ അനുദിനം ശക്തിപ്പെട്ടുവരുന്ന ഫലസ്തീൻ അനുകൂല-ഇസ്രായേൽ വിരുദ്ധ തരംഗം. ഈ വർഷത്തെ നക്​ബ എന്ന ഫലസ്തീനി കുടിയിറക്കു വാർഷികം ലോകമെമ്പാടും അഭൂതപൂർവമായ പങ്കാളിത്തത്തോടെയാണ്​ ആചരിക്കപ്പെട്ടത്​. അമേരിക്കൻ കാമ്പസുകളിൽ സയണിസ്റ്റ്​ വംശഹത്യക്കെതിരായി കൂറ്റൻ റാലികളും തമ്പുകെട്ടി പ്രതിഷേധങ്ങളും നടന്നു. നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ്​ വാറന്റിന്​ അസാധാരണ പിന്തുണയാണ്​ വിവിധ രാഷ്ട്രനേതാക്കളിൽനിന്നു ലഭിച്ചത്​. അതിന്‍റെ തുടർച്ചയിലാണ്​ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര പിന്തുണ വർധിക്കുന്നതും. സ്വന്തം ദേശങ്ങളിലേക്കും ഭവനങ്ങളിലേക്കുമുള്ള ഇസ്രായേൽ ഉപരോധത്തിന്‍റെ താഴുകൾ തുറക്കാൻ ഫലസ്തീനികൾക്കാവുന്നില്ല എന്നതു നേര്​. എങ്കിലും ലോകമൊന്നടങ്കം ഫലസ്തീനികൾക്കായി മനം തുറന്നിരിക്കുന്നുവെന്നും ചോരച്ചാലുകൾ കടന്നും തുടരുന്ന അവരുടെ രക്തസാക്ഷ്യത്തിന്‍റെ ചെറുത്തുനിൽപുകൾ വെറുതെയാവില്ലെന്നും തെളിയിക്കുന്നുണ്ട്​ ആഗോളതലത്തിൽ വർധിച്ചുവരുന്ന ജനപിന്തുണ. ഇസ്രായേലിന്‍റെ പൈശാചികമായ വംശഹത്യയെ പിന്തുണക്കാൻ മനുഷ്യത്വമുള്ളവരെ കിട്ടില്ല എന്ന ലോകത്തിന്‍റെ മുന്നറിയിപ്പു കൂടിയാണത്​.

Tags:    
News Summary - Madhyamam Editorial 2024 May 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.