പു​തി​യ യു​ദ്ധ​ത്തി​ന് അ​മേ​രി​ക്ക​യെ അ​നു​വ​ദി​ക്ക​രു​ത്

അമേരിക്കയുടെ ഏകപക്ഷീയ ആക്രമണങ്ങൾ പശ്ചിമേഷ്യക്കുപുറമെ ഉത്തര കൊറിയയിലേക്കുകൂടി വ്യാപിക്കുമോ എന്ന ഭീതിയെ കനപ്പിക്കുന്നതാണ് ഏഷ്യ-----പസഫിക്ക് മേഖലയിൽ നടക്കുന്ന സൈനിക സന്നാഹങ്ങളും രാഷ്ട്രനേതാക്കളുടെ അക്രമോത്സുക വാചാടോപങ്ങളും. എന്ത് വിലകൊടുത്തും ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണം അനുവദിക്കുകയില്ലെന്ന ശാഠ്യത്തിലാണ് ട്രംപ്. ആണവപരീക്ഷണ സാധ്യത ഇല്ലാതാക്കാൻ ഉത്തരകൊറിയയുടെ ഏക നയതന്ത്ര പങ്കാളിയായ ചൈനയുടെ മേൽ അതിസമ്മർദമുണ്ടാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു ജിൻപിങ്ങുമായി ഫ്ലോറിഡയിൽ നടത്തിയ പ്രഥമ ഉച്ചകോടിക്ക് മുമ്പുതന്നെ ഉത്തര കൊറിയ ഒരു പ്രശ്നമാണെന്നും ചൈന നേരിട്ട് പരിഹരിച്ചില്ലെങ്കിൽ അമേരിക്ക സ്വന്തമായിതന്നെ അത് പരിഹരിക്കുമെന്ന ട്രംപിെൻറ പ്രകോപന പ്രസ്താവന. എന്നാൽ, ട്രംപ് ഭരണകൂടത്തിെൻറ സമ്മർദതന്ത്രം ഉത്തരകൊറിയയുടെ വൻ സൈനിക പ്രകടനത്തിലും യുദ്ധത്തിന് തയാറാെണന്ന ആഹ്വാനത്തിലുമാണ് കലാശിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും ആണവപരീക്ഷണത്തിനുള്ള തയാെറടുപ്പെന്ന സൂചനയും പുറത്തുവന്നതോടെ യു.എസ് വിമാന വാഹിനിക്കപ്പൽ വ്യൂഹം ഉത്തരകൊറിയൻ മേഖലയിലേക്ക് നീങ്ങാൻ ട്രംപ് ഉത്തരവിട്ടിരിക്കുന്നു.

ഉത്തര കൊറിയക്ക് നേരെയുള്ള അമേരിക്കയുടെ ഏകപക്ഷീയമായ ഏതൊരാക്രമണവും രണ്ടാം കൊറിയൻ യുദ്ധത്തിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അപക്വമായ വാചാടോപങ്ങളിലൂടെ1950ലെ കൊറിയൻ യുദ്ധത്തിന് സമാനമായ അന്തരീക്ഷം യുദ്ധഭ്രമത്തിനടിപ്പെട്ട ട്രംപും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നും ചേർന്ന് മേഖലയിൽ ഇപ്പോൾതന്നെ സൃഷ്ടിച്ചുകഴിഞ്ഞു. ഏത് അവസ്ഥയിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നും മേഖലക്ക് അത് ഗുണകരമാകുകയില്ലെന്നും കനത്ത നാശത്തിന് ഇടവരുത്തുമെന്നുമാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീയുടെ മുന്നറിയിപ്പ്. സംഘർഷ ലഘൂകരണത്തിന് റഷ്യയുടെ സഹായം തേടിയ ചൈന, അതേസമയം തന്നെ ഉത്തര കൊറിയയുടെ അതിർത്തിയിൽ ഒരുലക്ഷത്തി അമ്പതിനായിരം സൈനികരെ അടിയന്തരമായി വിന്യസിക്കുകയും ചെയ്തിരിക്കുന്നു. യുദ്ധമുണ്ടാകുന്നതിൽ കടുത്ത ആശങ്കയുമായി ദക്ഷിണ കൊറിയയോടൊപ്പം ജപ്പാനുമുണ്ട്. തങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി അമേരിക്ക ആക്രമിക്കരുതെന്നാണ് ദക്ഷിണ കൊറിയയുടെയും ജപ്പാെൻറയും സമീപനം. ഉത്തര കൊറിയൻ തിരിച്ചടിയുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവരിക യു.എസ് സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്ന ഈ രണ്ട് രാഷ്ട്രങ്ങളുമായിരിക്കും. യു.എസ് വൈസ് പ്രസിഡൻറ് മൈക് പൈൻസിെൻറ നടന്നുകൊണ്ടിരിക്കുന്ന സന്ദർശനങ്ങൾ ആ രാജ്യങ്ങളെ യുദ്ധത്തിന് സജ്ജമാക്കാനാണെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനും കിഴക്കനേഷ്യൻ രാജ്യങ്ങളുടെ തകർച്ചക്കുമായിരിക്കും അത് ഇടവരുത്തുക.

സമാധാനത്തിെൻറയും സംയമനത്തിെൻറയും ഭാഷ കൈവശമില്ലാത്ത ഏകാധിപതിയാണ് കിം ജോങ് ഉൻ. ജനാധിപത്യത്തിെൻറ കാറ്റും വെളിച്ചവും അനുഭവിക്കാൻ കഴിയാത്ത, കടുത്ത ഏകാധിപത്യത്തിെൻറ സംരക്ഷണയിൽ മാത്രം ജീവിച്ച ഒരാളിൽനിന്ന് യുദ്ധോത്സുകതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. കടുത്ത ദാരിദ്ര്യം രാജ്യത്ത് നിലനിൽക്കുമ്പോഴും ആയുധശേഷിയുടെ വർധനക്ക് അധികാരമേറ്റടുത്ത 2016 ഫെബ്രുവരി മുതൽ അമിതപ്രാധാന്യം അദ്ദേഹം നൽകുന്നത് സൈന്യബലം അധികാരത്തെ നിലനിർത്തുമെന്ന സേച്ഛാധിപതികളുടെ സ്വാഭാവിക മൗഢ്യ ചിന്തയിൽ നിന്നാണ്. എന്നാൽ, ഏഷ്യൻ പസഫിക് മേഖല സംഘർഷഭരിതമാക്കിയത് 1956 മുതൽ അമേരിക്ക പിന്തുടർന്ന ഏകപക്ഷീയമായ കരാർ ലംഘനങ്ങളും ആയുധ സന്നാഹങ്ങളുമാെണന്ന യാഥാർഥ്യം വിസ്മരിക്കപ്പെടരുത്. ശീതയുദ്ധകാലത്ത് ജപ്പാനിലും ദക്ഷിണ കൊറിയയിലും അമേരിക്ക നടത്തിയ സൈനികവിന്യാസങ്ങളും കരാറുകളുമാണ് ഉത്തരകൊറിയയെ ആണവശക്തിയാർജിക്കുന്നതിലേക്ക് നയിച്ചത്. ശീതയുദ്ധാനന്തരം ഈ സൈനികബലം ചൈനയെയും ഉത്തരകൊറിയയെയും സമർദത്തിലാക്കാനും പ്രകോപിപ്പിക്കാനും അമേരിക്ക നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാ ഉപരോധങ്ങളെയും മറികടന്ന് ഉത്തരകൊറിയ ആണവശേഷി നേടിയത് അതിെൻറ പ്രതിഫലനമാണ്.

സിറിയയിലും അഫ്ഗാനിസ്താനിലും നടത്തിയ ആക്രമണങ്ങളിലൂടെ ലഭിച്ച  ‘ആത്മവിശ്വാസം’ ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയുടെ ഭീഷണിയില്ലാതാക്കാനാകുമെന്ന ധൈര്യം പ്രദാനം ചെയ്യുന്നുണ്ട്. പക്ഷേ, കൊറിയക്കുനേരെയുള്ള ആക്രമണത്തോട് റഷ്യയും ചൈനയും സ്വീകരിക്കുന്ന നിലപാട് ഇപ്പോഴും അവ്യക്തമാണ്. ആഭ്യന്തര കെടുകാര്യസ്ഥതയും അമേരിക്കയുടെ ആയുധശേഷിയും ഒരുപക്ഷേ, കിങ് ഭരണകൂടത്തിെൻറ തകർച്ചക്ക് കാരണമായേക്കും. എന്നാൽ, യുദ്ധം കടലാസിലെ വരകളിലും അനുമാനങ്ങളിലും അവസാനിക്കുകയില്ല. അത് കൊണ്ടുവരുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ ആരുടെയും ഭാവനകൾക്ക് അപ്പുറമാണ്. പശ്ചിമേഷ്യ നൽകുന്ന പാഠമാണത്. ആ ദുരന്തം കിഴക്കനേഷ്യയിലേക്കുകൂടി വ്യാപിപ്പിക്കുവാൻ അമേരിക്കയെ അനുവദിക്കരുത്.

Tags:    
News Summary - never allow to america for another war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.