വെള്ളത്തി​െൻറ പേരിൽ അയൽക്കാർ തല്ലുകൂടരുത്



മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ദിനംദിനേ കനത്തുവരുകയാണ്. മുല്ലപ്പെരിയാറിലെ ബേബി ഡാമിനു സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് കേരളത്തിലെ ഉദ്യോഗസ്​ഥർ അനുവാദം നൽകിയതും അക്കാര്യം സർക്കാർ അറിയാതെപോയതുമാണ് വിവാദച്ചന്തയിലെ മുന്തിയ ഇനം. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ അറിയാതെ ഇങ്ങനെ ഒരു അനുവാദം നൽകപ്പെട്ടുവെന്നത് നിശ്ചയമായും ഭരണപരമായ വീഴ്ചയാണ്. നിങ്ങളെന്തിനാണ് ഹേ ആ കസേരയിൽ ഇരിക്കുന്നതെന്ന് ചോദിക്കാൻ പ്രതിപക്ഷത്തിന് ന്യായമായും അവകാശമുണ്ട്. അക്കാര്യം അവർ നല്ലപോലെ ആഘോഷിക്കുന്നുമുണ്ട്. മരം മുറിക്കാൻ അനുവാദം നൽകിയ കേരളത്തിന് നന്ദി എന്നൊരു സന്ദേശം തമിഴ്നാട് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെക്കുമ്പോഴാണ് കേരളത്തിലെ ഭരണനേതൃത്വം അത് അറിയുന്നത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യംതന്നെയാണ്. അതേസമയം, അതിനെ മുൻനിർത്തി ഈ വിവാദം, ഗൗരവതരവും വൈകാരികവുമായ ഒരു ചർച്ചപോലും സാധ്യമല്ലാത്തവിധം വിക്ഷുബ്​ധമാകുന്നത് ആർക്കും നല്ലതല്ല.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അതിവൈകാരികമായ പ്രചാരണങ്ങൾ പലപ്പോഴും നടക്കാറുണ്ട്. 2011ൽ ഇതാ ഡാം പൊട്ടാൻ പോകുന്നേ, ലക്ഷങ്ങൾ മരിക്കാൻ പോകുന്നേ എന്ന പ്രചാരണം കേരളത്തിൽ വ്യാപകമായി നടന്നിരുന്നു. ടെലിവിഷൻ ചാനലുകൾ അവരുടെ ഒ.ബി വാനുകൾ ഇടുക്കിയിൽ കൊണ്ടുചെന്നിട്ട് തത്സമയ റിപ്പോർട്ടുകളും വിശകലനങ്ങളും ഇടതടവില്ലാതെ നൽകിക്കൊണ്ടിരുന്ന നാളുകൾ. പി.ജെ. ജോസഫിനെപ്പോലുള്ള രാഷ്​​ട്രീയ നേതാക്കൾ ആ പ്രചാരണത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. വ്യത്യസ്​തമായ ഒരു വാക്കുപോലും പറയാൻ പറ്റാത്തവിധം അതിവൈകാരികമായ അവസ്​ഥയായിരുന്നു അന്ന്. 126 വർഷം പഴക്കമുള്ള ഡാമിെൻറ തകർച്ച ഇടുക്കി, എറണാകുളം ജില്ലകളിലുണ്ടാക്കാവുന്ന ആഘാതങ്ങൾ വർണിച്ചുകൊണ്ടുള്ള കഥകൾ എമ്പാടും പരന്നു.

കേന്ദ്ര ജല കമീഷ​െൻറ മേൽനോട്ടത്തിൽ 1979ൽ സമഗ്രമായ പുനരുദ്ധാരണ പ്രവൃത്തികൾ അണക്കെട്ടിൽ നടന്നിരുന്നുവെന്ന യാഥാർഥ്യംപോലും പലരും മറന്നു. ഇന്നിപ്പോൾ വീണ്ടും, 2011നെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തവണത്തെ പ്രചാരണങ്ങൾ കൂടുതലായും നടക്കുന്നത്. അത് രാഷ്​​ട്രീയ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. വൈകാരിക പ്രചാരണങ്ങൾക്കപ്പുറത്ത് യാഥാർഥ്യബോധത്തോടെ വിഷയത്തെ സമീപിക്കാൻ ആർക്കും സാധിക്കുന്നുമില്ല.

ദേശീയ പാർട്ടികൾക്കുപോലും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്​ത അഭിപ്രായങ്ങളാണ്. ഇതിൽ ഏറ്റവും വിചിത്രമായത് ബി.ജെ.പിയുടെ കാര്യമാണ്. തങ്ങൾ മാത്രമാണ് യഥാർഥ ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നത് എന്നാണ് ബി.ജെ.പി എപ്പോഴും അവകാശപ്പെടാറുള്ളത്. ആ പാർട്ടിയും ആ പാർട്ടിയുടെ കൂട്ടാളിയായ എ.ഐ.എ.ഡി.എം.കെയുമാണ് ഇന്ന് തമിഴ്നാട്ടിൽ കേരള വിരുദ്ധ പ്രചാരണത്തിൽ ഏറ്റവും സജീവമായി രംഗത്തുള്ളത്. മുഖ്യമന്ത്രി സ്​റ്റാലിൻ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്നും കേരളത്തിെൻറ താൽപര്യങ്ങൾക്ക് വഴങ്ങുന്നുവെന്നുമാണ് തമിഴ്നാട് ബി.ജെ.പിയുടെ ആരോപണം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സംസ്​ഥാന താൽപര്യങ്ങളെ തമിഴ്നാടിനു മുന്നിൽ അടിയറവെക്കുന്നുവെന്നതാണ് കേരള ബി.ജെ.പിയുടെ ആരോപണം. ദേശീയതക്കുവേണ്ടി നിലകൊള്ളുന്ന ഒരേയൊരു പാർട്ടി എന്നവകാശപ്പെടുന്ന ബി.ജെ.പി എങ്ങനെ അടുത്തടുത്ത് നിൽക്കുന്ന രണ്ടു സംസ്​ഥാനങ്ങളിൽ തീർത്തും വിരുദ്ധമായ രണ്ടു നിലപാട് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകണം. ഇതിനൊന്നും ന്യായമായ ഉത്തരം ഉണ്ടാവില്ല എന്നതാണ് വാസ്​തവം. എല്ലാവർക്കും രാഷ്​​ട്രീയലാഭങ്ങളിൽ മാത്രമാണ് കണ്ണ്. അതിനിടയിൽ രണ്ടു സംസ്​ഥാനങ്ങൾക്കിടയിൽ, തദ്വാരാ രണ്ടു ജനതകൾക്കിടയിൽ സംഘർഷവും അവിശ്വാസവും വളരുന്നതൊന്നും അവരുടെ വിഷയമേ അല്ല.

'തമിഴ്​നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിലെ കേരളത്തിെൻറ അടിസ്​ഥാന നിലപാട്. സ്വാഗതാർഹവും യുക്തിപൂർണവുമായ നിലപാടാണത്. മുല്ലപ്പെരിയാർ എന്നത് തമിഴരെ സംബന്ധിച്ചിടത്തോളം വെറും വൈകാരികപ്രശ്നമല്ല; ജീവൽപ്രശ്നമാണ്. അഞ്ചു ജില്ലകളിലെ ജനങ്ങളുടെ വെള്ളത്തിെൻറ പ്രശ്നമാണ്. അതിനാൽതന്നെ, മുല്ലപ്പെരിയാറിലെ വെള്ളം തങ്ങൾക്ക് നഷ്​ടപ്പെടുമോ എന്ന തോന്നലുണ്ടാക്കുന്ന എന്തും അവർ വൈകാരികമായി എടുക്കും. തമിഴ​േൻറതായാലും മലയാളിയുടേതായാലും മനുഷ്യ​െൻറ അടിസ്​ഥാന ആവശ്യങ്ങളിൽപെട്ടതാണ് വെള്ളം. വെള്ളത്തിനുവേണ്ടി അയൽക്കാർ തമ്മിൽ തല്ലുകൂടുന്നത് ഒരു നാഗരികസമൂഹത്തിന് ചേർന്നതല്ല. ദൗർഭാഗ്യവശാൽ, മുല്ലപ്പെരിയാർ വിവാദത്തിെൻറ പശ്ചാത്തലത്തിൽ അത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.

വൈകാരികത മാറ്റിനിർത്തി സംസാരിക്കുന്നവരെ ഒറ്റുകാരെന്ന് വിളിക്കുന്ന ഏർപ്പാടാണ് ഇരു സംസ്​ഥാനത്തും നടക്കുന്നത്. സംസ്​ഥാനങ്ങളെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന നിലവിലെ ദേശീയ രാഷ്​​ട്രീയ സാഹചര്യത്തിൽ, ഫെഡറലിസത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന, സംഘ്​പരിവാറിെൻറ ഏകശിലാരാഷ്​ട്ര സങ്കൽപത്തിനെതിരെ നിലപാടെടുക്കുന്ന സംസ്​ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ആ രണ്ടു സംസ്​ഥാനങ്ങൾ തമ്മിലടിക്കുന്നത് സംഘ്​പരിവാറിനെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്. പുതിയ വിവാദം അത്തരത്തിലൊരു തലത്തിലേക്ക് ഉയരണമെന്ന് അവർ ആഗ്രഹിക്കുന്നതുപോലെ തോന്നുന്നുണ്ട്. അത് കണ്ടുകൊണ്ട് നിലപാട് സ്വീകരിക്കാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്​​ട്രീയ പ്രസ്​ഥാനങ്ങൾക്ക് സാധിക്കണം. സർക്കാറിനെ കുറ്റപ്പെടുത്തുകയും വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷ ധർമം തന്നെയാണ്. അതിനപ്പുറം മറ്റു ചിലരുടെ ഒളിഅജണ്ടകൾക്ക് തങ്ങളുടെ നിലപാടുകൾ ശക്തിപകരുന്നുണ്ടോ എന്ന ആലോചനയും ജാഗ്രതയും കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷപാർട്ടികൾക്കുണ്ടാവണം.

Tags:    
News Summary - Neighbors should not fight over water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.