ജനാധിപത്യസ്ഥാപനങ്ങളുടെ അപചയവും മൂല്യശോഷണവും പൗരാവകാശസംരക്ഷണത്തെ എത്രത്തോളം അവതാളത്തിലാക്കുമെന്നതിന് സമീപകാലത്തെ എണ്ണമറ്റ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഭരണകൂടം തങ്ങളുടെ ബാധ്യത നിഷ്പക്ഷമായും നീതിബോധത്തോടെയും നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ വീഴ്ചകളും പാളിച്ചകളും ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും നാം കണ്ടുപിടിച്ച ബലതന്ത്രത്തിന്‍െറ ഭാഗമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വഹിക്കാന്‍ ബാധ്യസ്ഥമായ ഇത്തരം സംവിധാനങ്ങള്‍ വാഴുന്നവര്‍ക്കോ അവരുടെ പിണിയാളുകള്‍ക്കോ വേണ്ടി പക്ഷംപിടിക്കുകയും ഇരകളോട് നീതിനിഷേധം കാട്ടുകയും ചെയ്യുന്ന പരിതോവസ്ഥ നമ്മുടെ വ്യവസ്ഥിതിയെ എത്രമാത്രം തരംതാഴ്ത്തുമെന്നതിന് എണ്ണമണ്ണ ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനാവും.
1993ല്‍ നിലവില്‍വന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍, പല്ളോ നഖമോ ഇല്ലാത്ത നാമമാത്ര സംവിധാനമാണെന്ന് തുടക്കത്തിലേ വിമര്‍ശമുയര്‍ന്നിരുന്നുവെങ്കിലും ജനായത്തക്രമത്തിന്‍െറ മറവില്‍ നടമാടുന്ന പൗരാവകാശധ്വംസനങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടാനെങ്കിലും പ്രയോജനപ്പെട്ടേക്കാമെന്ന പ്രതീക്ഷ ചിലരെങ്കിലും വെച്ചുപുലര്‍ത്തിയിരുന്നു. രാജ്യം സ്ഫോടനാത്മകമായ ദശാസന്ധികളിലൂടെ കടന്നുപോയ ചില ഘട്ടങ്ങളിലെങ്കിലും ഈ ദേശീയ വേദിക്ക് ക്രിയാത്മകമായി ചിലതെല്ലാം ചെയ്യാന്‍ സാധിച്ചിരുന്നു. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ വ്യാപകമായ ന്യൂനപക്ഷവിരുദ്ധ വംശഹത്യകളും കൂട്ടനശീകരണയത്നങ്ങളും അരങ്ങേറിയപ്പോള്‍ കുറ്റവാളികളെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാനും ജുഡീഷ്യറി പോലും വര്‍ഗീയവത്കരിക്കപ്പെട്ട വിപത്തിനെ മറികടക്കാന്‍ സുപ്രീംകോടതിയുടെ സജീവ ഇടപെടല്‍ സാധ്യമാക്കാനും ജസ്റ്റിസ് വര്‍മ അധ്യക്ഷനായ ദേശീയമനുഷ്യാവകാശ കമീഷന്‍ സക്രിയമായ ഇടപെടലുകളാണ് നടത്തിയത്. ബെസ്റ്റ് ബേക്കറി കേസിന്‍േറതടക്കമുള്ള വിചാരണ ഗുജറാത്തിനു പുറത്ത് പൂര്‍ത്തിയാക്കാനും ഗുല്‍ബര്‍ഗ സൊസൈറ്റി കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുമൊക്കെ കഴിഞ്ഞത്, ദേശീയമനുഷ്യാവകാശ കമീഷന്‍ വിഷയത്തെ ഗൗരവമായി സമീപിച്ചതുകൊണ്ടും ഭരണകൂടത്തിന്‍െറ ഒത്താശയോടെ നടപ്പാക്കിയ ക്രൂരമായ പൗരാവകാശ ധ്വംസനത്തെ ജനാധിപത്യവ്യവസ്ഥയുടെ പൂര്‍ണ തകര്‍ച്ചയായി പരമോന്നത നീതിപീഠത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇച്ഛാശക്തി കാണിച്ചതുകൊണ്ടുമാണ്.
എന്നാല്‍, ഇന്ന് ദേശീയ മനുഷ്യാവകാശ കമീഷനെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന പരാതികള്‍ നിഷ്പക്ഷബുദ്ധ്യാ പരിശോധിക്കുമ്പോള്‍, ആശാവഹമല്ലാത്ത ചിത്രമാണ് തെളിഞ്ഞുകാണുന്നത്. സമീപകാലത്ത് രാജ്യത്തിന്‍െറ വിവിധ ദിക്കുകളില്‍നിന്ന് ഉയര്‍ന്നുകേട്ട ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളോട് കമീഷന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അന്വേഷിച്ചാല്‍ നിരാശയായിരിക്കും ഫലം. എന്നല്ല, ഭരണവര്‍ഗത്തോട് ഒട്ടിനിന്ന്, ഭേദചിന്തയോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ വേട്ടക്കാരെ ഇരകളായും ഇരകളെ സാക്ഷികളായുമൊക്കെ അവതരിപ്പിക്കാന്‍ കമീഷന്‍ ഒരുമ്പെടുകയുണ്ടായി. പലപ്പോഴും സംഘ്പരിവാര്‍ നേതാക്കളുടെ ഭാഷ്യമാണ് കമീഷനില്‍നിന്ന് ‘ഒൗദ്യോഗിക ഭാഷ്യ’മായി കേള്‍ക്കേണ്ടിവരുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍, കൈറാന സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന ന്യൂനപക്ഷങ്ങളെ കുറ്റക്കാരായി ചിത്രീകരിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വരെ കമീഷന്‍ ഉദ്യുക്തരായി എന്നത് രാജ്യത്തിനുതന്നെ നാണക്കേടാണ്.
വര്‍ഗീയ കലുഷിതമായി തുടരുന്ന കൈറാനയിലേക്ക് 25,000-30,000 മുസ്ലിംകള്‍ കുടിയേറിയത് പ്രദേശത്തിന്‍െറ സാമുദായിക സന്തുലനം തെറ്റിച്ചുവെന്ന തരത്തില്‍ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അങ്ങേയറ്റം അതിശയോക്തിപരവും വസ്തുതാപരമായി തെറ്റാണെന്നും മുന്‍നിര മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെുകയുണ്ടായി. നഗരപ്രാന്തത്തില്‍ തമ്പടിച്ച് ജീവിക്കുന്ന 70 കുടുംബങ്ങളെക്കുറിച്ചാണ് ഈ പ്രചാരണമെങ്കില്‍ ഇവര്‍ 2000 പേര്‍ പോലും തികയില്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിഭജനകാലഘട്ടത്തിലെ കുപ്രചാരണം ആവര്‍ത്തിച്ച് സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അതേറ്റുപിടിക്കുന്ന നിലപാട് മനുഷ്യാവകാശ കമീഷനു ഭൂഷണമാണോ എന്ന് ചോദ്യമുയരുന്നു.
അതേസമയം, ദേശീയ മനുഷ്യാവകാശ കമീഷന്‍െറ സത്വര ശ്രദ്ധ പതിയേണ്ട ഒത്തിരി സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് നടമാടുമ്പോഴും അവസരോചിതമായി ഇടപെടാനോ ഭരണകൂടത്തിന്‍െറ നിഷ്ക്രിയത്വത്തിലും പക്ഷപാതിത്വ സമീപനങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്താനോ ഭരണഘടനാദത്ത പദവിയിലിരിക്കുന്നവര്‍ തയാറാവുന്നില്ല എന്നത് നാം എത്ര ജനായത്തം ഉദ്ഘോഷിച്ചാലും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നമ്മുടെ മുഖം വികൃതമാക്കുന്നുണ്ടെന്ന് കമീഷന്‍െറ അമരത്തിരിക്കുന്നവര്‍ മനസ്സിലാക്കുന്നത് നന്ന്. മൂന്നുമാസമായി നീറിപ്പുകയുന്ന ജമ്മു-കശ്മീരില്‍ സക്രിയമായി ഇടപെടാനും അവിടത്തെ പൗരന്മാരുടെ പരിദേവനങ്ങള്‍ കേള്‍ക്കാനും എന്തുകൊണ്ട് കമീഷന്‍ മുന്നോട്ടുവരുന്നില്ല? ഹരിയാനയിലെ മേവാത്തില്‍ കുടിലില്‍ കിടന്നുറങ്ങിയ വീട്ടമ്മമാര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും വീടുകളിലും ഹോട്ടലുകളിലും പാകംചെയ്യുന്ന ബിരിയാണി മണത്തുനോക്കാന്‍ പൊലീസ് പട ഇറങ്ങിയിട്ടും പൗരാവകാശത്തിന് ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ സര്‍ക്കാര്‍ പാദസേവ നടത്തുന്ന കമീഷനെ ഇമ്മട്ടില്‍ നിലനിര്‍ത്തുന്നതില്‍ എന്തര്‍ഥം?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.