യാദവയോഗം

ദ്വാപരയുഗത്തിലെ യാദവവംശമൊടുങ്ങിയ കഥ മഹാഭാരതത്തിലുണ്ട്. സ്ത്രീവേഷം കെട്ടി ഗര്‍ഭിണിയെന്നു നടിച്ച യാദവകുമാരനായ സാംബന്‍ തനിക്ക് ഏത് കുട്ടിയാണ് ജനിക്കുകയെന്ന് മുനിവര്യന്മാരോടു ചോദിച്ചു. ജ്ഞാനദൃഷ്ടിയാല്‍ അവന്‍െറ കള്ളക്കളിയറിഞ്ഞ് കോപിഷ്ഠരായ മഹര്‍ഷിമാര്‍ നീ ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അതു നിമിത്തം യാദവകുലം നശിക്കുമെന്നും ശപിച്ചു. സാംബന്‍ പ്രസവിച്ച ഇരുമ്പുലക്ക വംശത്തിലെ മുതിര്‍ന്നവരുടെ നിര്‍ദേശപ്രകാരം രാകിപ്പൊടിച്ച് നടുക്കടലിലിട്ടു. അതിന്‍െറ പൊടികള്‍ തീരത്തണഞ്ഞ് കോരപ്പുല്ലുകളായി വളര്‍ന്നു.

ഒരിക്കല്‍ കടപ്പുറത്ത് ഒത്തുകൂടിയ യാദവര്‍ സുരപാന മഹോത്സവം തുടങ്ങി. ലഹരിയാല്‍ ഉന്മത്തരായ അവര്‍ പരസ്പരം പോരടിച്ചു. ആയുധങ്ങള്‍ ഒടിഞ്ഞുപോയപ്പോള്‍ കടപ്പുറത്ത് തഴച്ചുവളര്‍ന്ന കോരപ്പുല്ലുകള്‍ എടുത്തു പ്രയോഗിച്ചു. അതോടെ യാദവകുലത്തിലെ ഓരോരുത്തരായി മരിച്ചുവീഴാന്‍ തുടങ്ങി. ഒടുവില്‍ ദ്വാരകയെ സമുദ്രം വിഴുങ്ങി. കലിയുഗത്തിലെ യാദവകുലവും ഇതുപോലെ പോരടിച്ചുനശിക്കാനുള്ള പുറപ്പാടിലാണ്.

അധികാരവടംവലികള്‍, പടലപ്പിണക്കങ്ങള്‍, പുറത്താക്കലുകള്‍, തിരിച്ചെടുക്കലുകള്‍, സ്വത്തുതര്‍ക്കം മുതല്‍ സ്ഥാനമാനതര്‍ക്കം വരെ കലഹത്തിന് കാരണങ്ങള്‍ നിരവധി. ഒടുവില്‍ അച്ഛന്‍ മകനെ പുറത്താക്കുന്നിടം വരെ എത്തി കാര്യങ്ങള്‍. അങ്ങനെ ഒന്നു പുറത്തുപോയി തിരിച്ചുവന്നിരിക്കുകയാണ് അഖിലേഷ് യാദവ്.

മക്കളെ രാഷ്ട്രീയത്തില്‍ വളര്‍ത്താന്‍ പുത്രവാത്സല്യം മൂത്ത് എന്തും ചെയ്യുന്ന കരുണാകരന്മാരെ നാം കണ്ടിട്ടുണ്ട്. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് അഥവ രക്ഷിക്കുന്നവനാണ് പുത്രന്‍ എന്നാണ് സങ്കല്‍പം. ആ മോചനം പ്രതീക്ഷിച്ചാണ് പിതാക്കന്മാര്‍ പലതും ചെയ്തുകൂട്ടുന്നത്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. മകന്‍െറ ഇഹലോകജീവിതം എങ്ങനെ നരകസമാനമാക്കാമെന്നാണ് പിതാവിന്‍െറ നോട്ടം. പിതാവിന്‍െറ പ്രതിച്ഛായ നശിച്ചുതുടങ്ങിയിട്ട് കാലം കുറേയായി.

മോദിക്കെതിരായ കൂട്ടായ്മ തകര്‍ത്തതും മുസഫര്‍നഗര്‍ കലാപത്തിനെ തുടര്‍ന്ന് ഉത്സവം സംഘടിപ്പിച്ചതുമൊക്കെ കുപ്പായത്തിലെ കറയായി. ഒപ്പം നില്‍ക്കുന്ന കുടുംബാംഗങ്ങളുടെ കഥ പറയാനുമില്ല. കുറച്ചെങ്കിലും പ്രതിച്ഛായയുള്ളത് അഖിലേഷിനാണ്. പക്ഷേ, മകന്‍െറ രാഷ്ട്രീയവളര്‍ച്ച കണ്ട മുലായംസിങ്ങില്‍ പെരുന്തച്ചന്‍ കോംപ്ളക്സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മകന്‍ തന്നെക്കാള്‍ കേമനാവുന്നു എന്നു കേള്‍ക്കുന്ന പെരുന്തച്ചന്‍ മകനെ വീതുളിയെറിഞ്ഞ് വീഴ്ത്തുമെന്ന് ഉറപ്പാണല്ളോ. അതാണ് സംഭവിച്ചത്. താനാണ് മകനെ മുഖ്യമന്ത്രിയാക്കിയത്. പക്ഷേ, അവന്‍ ഇപ്പോള്‍ തന്നോട് ഒന്നും ആലോചിക്കുന്നില്ല എന്നായി പരാതി. അതോടെ പുത്രവാത്സല്യം പമ്പകടന്നു. മകന് പാരയുമായി അച്ഛനിറങ്ങിത്തിരിച്ചു.

പാര്‍ട്ടിയെ പിളര്‍ത്തിയാലും വേണ്ടില്ല, മകന്‍െറ പുക കണ്ടാല്‍ മതി എന്നായി അച്ഛന്‍െറ ഉള്ളിലിരിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങളേയുള്ളൂ. അതിനിടയിലാണ് ഈ തൊഴുത്തില്‍കുത്ത്. മുലായം പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ അഖിലേഷിന്‍െറ വിശ്വസ്തരായ സിറ്റിങ് എം.എല്‍.എമാരുടെ പേരില്ല. ഇതിനു ബദലായി അഖിലേഷിന്‍െറ വക സ്ഥാനാര്‍ഥിപ്പട്ടികയിറങ്ങി. അതോടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മകനെ പാര്‍ട്ടി ദേശീയാധ്യക്ഷനായ അച്ഛന്‍ പുറത്താക്കി.  ആറുകൊല്ലത്തേക്കാണ് പുറത്താക്കിയതെങ്കിലും ഒരു ദിവസത്തിനുള്ളില്‍ തിരിച്ചെടുത്തു. എസ്.പി എം.എല്‍.എമാരുടെ പ്രത്യേകയോഗത്തില്‍ 190 പേരാണ് അഖിലേഷിനെ തുണച്ചത്. അത് അച്ഛനെ പേടിപ്പിച്ചിരിക്കണം.

അച്ഛനെപ്പോലെയാവാനല്ല അഖിലേഷ് ശ്രമിച്ചത്. ഗുണ്ടകളും മാഫിയകളും വാഴുന്ന യു.പിയായിരുന്നു മുലായംസിങ്ങിന്‍െറ ഭരണത്തില്‍ സംസ്ഥാന ജനത കണ്ടത്. അത്തരക്കാരെ മാറ്റിനിര്‍ത്താന്‍ നന്നേ ശ്രദ്ധിച്ചു. കൊലക്കേസുള്‍പ്പെടെ 44 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അതീഖ് അഹ്മദിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പിതാവിന്‍െറ ഇപ്പോഴത്തെ നീക്കംവരെ അഖിലേഷ് എതിര്‍ത്തത് ഈ ഗുണ്ടാവിരുദ്ധ നിലപാടുകൊണ്ടാണ്. ഈ അനുസരണക്കേട് അച്ഛന് സഹിക്കുന്നില്ല. അതിനു കാരണമുണ്ട്. മുലായത്തിന്‍െറ ചെവിയില്‍ തലയണമന്ത്രമോതുന്നത് രണ്ടാംഭാര്യ സാധനയും അധികാര ദല്ലാള്‍ അമര്‍സിങ്ങൂമാണ്. അവര്‍ അടുക്കള മന്ത്രിസഭയില്‍ ചേര്‍ക്കുന്ന ചേരുവകളനുസരിച്ചാണ് എസ്.പിയുടെ പാചകവിധി.

അതാണ് പാര്‍ട്ടിയുടെ രാഷ്ട്രീയവിധിയും. പാര്‍ട്ടിയിലും ഭരണത്തിലും കൈകടത്തിയ രണ്ടാളും അച്ഛനെയും മകനെയും തമ്മിലകറ്റി. സാധനക്ക് മുലായത്തില്‍ ഒരു മകനുണ്ടല്ളോ. പ്രതീക്. അവനെയും രാഷ്ട്രീയത്തില്‍ വളര്‍ത്തണം. കോടികളുടെ സ്വത്ത് വീതംവെക്കണം. അതിനിടെ അധികാരത്തിന്‍െറ തൂക്കം ഒപ്പിക്കുകയും വേണം. പിന്നെ പൊട്ടിത്തെറിയുണ്ടാവാതിരിക്കുമോ? അച്ഛന്‍െറ രണ്ടു സഹോദരന്മാരും രണ്ടു ക്യാമ്പിലാണ്. ഇളയസഹോദരന്‍ ശിവ്പാല്‍ എതിരാളിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണ്. മറ്റൊരു സഹോദരന്‍ രാംഗോപാല്‍ യാദവ് അഖിലേഷിന്‍െറ വിശ്വസ്തന്‍. രണ്ടു തവണയാണ് മുലായം രാംഗോപാലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

മുപ്പത്തിയെട്ടാം വയസ്സിലാണ് മുഖ്യമന്ത്രിയായത്. വയസ്സിപ്പോള്‍ 43. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ സെഫായിയില്‍ 1973 ജൂലൈ ഒന്നിന് ജനനം. മാതാവ്  മാലതീദേവി. രാജസ്ഥാനിലെ ധോല്‍പൂരിലെ സൈനിക് സ്കൂളിലാണ് പഠിച്ചത്. അവിടെ കടുത്ത അച്ചടക്കത്തിലും ചിട്ടയിലും വളര്‍ന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന്. സിവില്‍ എന്‍വയണ്‍മെന്‍റ് എന്‍ജിനീയറിങ്ങിലാണ് ബിരുദാനന്തര ബിരുദം. ഏതാണ്ടെല്ലാ രാഷ്ട്രീയ നേതാക്കളുടെയും മക്കളെപ്പോലെ വിദേശവിദ്യാഭ്യാസവും കിട്ടി. ആസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍നിന്ന് എന്‍വയണ്‍മെന്‍റ് എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം. ഉറച്ച സോഷ്യലിസ്റ്റ് വിശ്വാസിയാണ്.

രാംമനോഹര്‍ ലോഹ്യയെക്കുറിച്ച് വാതോരാതെ സംസാരിക്കും. 2000ത്തില്‍ കനൗജില്‍നിന്ന് ആദ്യമായി ലോക്സഭയില്‍ എത്തുമ്പോള്‍ പ്രായം 27. അതിനുശേഷം മണ്ഡലം മാറിയിട്ടില്ല. 2009ല്‍ രണ്ടിടത്ത് മത്സരിച്ചു. രണ്ടിലും ജയിച്ചു. 2009 ജൂണിലാണ് എസ്.പിയുടെ സംസ്ഥാന അധ്യക്ഷനാവുന്നത്. ഗുണ്ടാപാര്‍ട്ടി എന്നു വിളിപ്പേരില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കുകയായിരുന്നു ഏറ്റെടുത്ത ആദ്യദൗത്യം. അതില്‍ ഏറക്കുറെ വിജയിച്ചു. യുവാക്കളും വിദ്യാസമ്പന്നരുമായ കുറേപേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുക ചില്ലറക്കാര്യമല്ല. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ച് 800 റാലികള്‍ നയിച്ചു. വലിയ പരിസ്ഥിതിവാദിയാണ്. കര്‍ഷകന്‍, എന്‍ജിനീയര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ എന്നാണ് ലോക്സഭയിലെ ഒൗദ്യോഗിക ബയോഡാറ്റയില്‍ സ്വയംവിശേഷിപ്പിക്കുന്നത്. ഭാര്യ ഡിംപിള്‍. രാഷ്ട്രീയത്തില്‍ ഒരു കൈനോക്കിയിരുന്നു. പക്ഷേ, ഫിറോസാബാദില്‍നിന്ന് കോണ്‍ഗ്രസിലെ രാജ് ബബ്ബാറിനോട് തോറ്റു. 1999ലാണ് കല്യാണം കഴിഞ്ഞത്. മൂന്നു മക്കളുണ്ട്. അതിഥിയും ഇരട്ടക്കുട്ടികളായ അര്‍ജുനും ടീനയും.

Tags:    
News Summary - mulayam singh yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.