പശുസംരക്ഷണത്തിെൻറ പേരിൽ മനുഷ്യരെ കൊല്ലുന്നത് അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിെൻറ തൊട്ടുപിന്നാലെ ഝാർഖണ്ഡിൽ ഗോരക്ഷക ഗുണ്ടകൾ ഒരാളെ തല്ലിക്കൊന്ന് അദ്ദേഹത്തിെൻറ വാഹനത്തിന് തീവെച്ചു. പല സംസ്ഥാനങ്ങളിലും നടക്കുന്ന ഇത്തരം കൊലകൾക്കെതിരെ രാജ്യവ്യാപകമായി ആക്ടിവിസ്റ്റുകൾ ‘എെൻറ പേരിൽ വേണ്ട’ എന്ന പേരിൽ കാമ്പയിൻ നടത്തിയപ്പോഴാണ് മോദി ഗുണ്ടാനീതിയെ അപലപിക്കാൻ തയാറായത്. അദ്ദേഹത്തിെൻറ പ്രസ്താവനക്കുപിന്നിലെ ആത്മാർഥതയെക്കുറിച്ചുള്ള സന്ദേഹമാണോ പിെന്നയും കൊലനടത്താൻ ഗുണ്ടകൾക്ക് ധൈര്യം നൽകിയത്? മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യവ്യാപകമായി ഗോരക്ഷക ഉന്മാദം പടർന്നിരിക്കുന്നു. അനേകദശം അക്രമസംഭവങ്ങൾ നടന്നു. എന്നാൽ, രാജ്യത്തിെൻറ പ്രധാനമന്ത്രിയിൽനിന്ന് ഇതിനെതിരായ വാക്കുകൾ പോലും വരുന്നത് വർഷത്തിലൊരിക്കൽ എന്ന തോതിലാണ്. ആ വാക്കുകൾ വെറും വാക്കുകൾ മാത്രമാണെന്ന് ഗുണ്ടകൾ തന്നെ തീരുമാനിച്ചതുപോലെയാണ് കാര്യങ്ങൾ നടക്കുന്നത്. 2015ൽ മുഹമ്മദ് അഖ്ലാഖിനെ ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗുണ്ടകൾ തല്ലിക്കൊന്നു; അതേവർഷം ഉദ്ധംപൂരിൽ സാഹിദ് റസൂൽ ഭട്ട് എന്ന 16കാരനെ പെട്രോൾ ബോംബെറിഞ്ഞുകൊന്നു. പിറകെ, ഝാർഖണ്ഡിലെ ലാത്തേഹാറിൽ രണ്ടു കാലിക്കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കി. അസമിൽ രണ്ടു കാലിക്കച്ചവടക്കാരെ, കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് കൊന്നു. ഝാർഖണ്ഡിലെ മുന്ന അൻസാരിയും കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിെൻറ വിളയാട്ടത്തിൽ. ഹരിയാനക്കാരൻ ജുനൈദ് എന്ന യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മുഹമ്മദ് യൂനുസിനെ വെടിവെച്ചുകൊന്നു. പെഹ്ലുഖാൻ ആക്രമണത്തിൽ പരിക്കേറ്റ് പിന്നീട് മരിച്ചു. രാജസ്ഥാനിൽ സഫർ ഹുസൈനെ അടിച്ചുകൊന്നു. പശ്ചിമബംഗാളിൽ, പശുമോഷ്ടാക്കെളന്നാരോപിച്ച് മൂന്നു യുവാക്കളെ അടിച്ചുകൊന്നു. ഇങ്ങനെയെത്ര അക്രമങ്ങൾ! ഇതിലൊന്നും ഫലപ്രദമായി ഇടപെടാനോ അവക്കു പിന്നിലെ വർഗീയതയെ അങ്ങനെതന്നെ വിളിക്കാനോ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ, വല്ലപ്പോഴുമൊരിക്കൽ ഒൗപചാരിക പ്രസ്താവന നടത്തിയെന്നുവെച്ച് പ്രധാനമന്ത്രിയെ കാര്യമാക്കേണ്ടെന്ന് ഗുണ്ടകളും തീരുമാനിച്ചു കാണണം.
പ്രധാനമന്ത്രിതന്നെ സ്വന്തം വാക്കുകളെ എത്രത്തോളം ഗൗരവത്തിലെടുക്കുന്നു എന്നതും പരിശോധിക്കപ്പെടണം. സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലോ കുറ്റകരമായ മൗനത്തെപ്പറ്റി നാട്ടിലും വിദേശത്തും വിമർശനമേൽക്കേണ്ടിവന്നപ്പോഴോ മാത്രമാണ് അദ്ദേഹം പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. അതേസമയം, ആൾക്കൂട്ടങ്ങളെ ഉന്മാദത്തിലേക്ക് നയിക്കുന്ന വൈകാരിക സാഹചര്യത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം തയാറാകുന്നില്ല. സ്വന്തം പാർട്ടിയും അതിെൻറ പ്രത്യയശാസ്ത്രവും പ്രചാരണ രീതികളും എത്രത്തോളം ഇതിനുത്തരവാദിയാണെന്ന് നോക്കുന്നില്ല. ബീഫ് രാഷ്ട്രീയം 2014ൽ തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ ഭാഗമായി ഇളക്കിവിട്ടത് നരേന്ദ്ര മോദി തന്നെയായിരുന്നല്ലോ. ഡൽഹിയിൽ അധികാരമേറ്റതിനുശേഷം അതിവേഗം പടർന്ന ഗോരക്ഷക ഗുണ്ടായിസത്തെ മെരുക്കാൻ ഒരു ശ്രമവും ഉണ്ടായിട്ടില്ല. എന്നല്ല, സ്വന്തം സഹപ്രവർത്തകരുടെ പ്രകോപനപരമായ വാക്കുകൾക്കെതിരെ ചൂണ്ടുവിരൽ അനക്കിയിട്ടുമില്ല. പശുക്കൾക്കുവേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയാറാണെന്ന് പറഞ്ഞ സാക്ഷി മഹാരാജ് ദാദ്രി കൊലയാളികൾക്കുവേണ്ടി എന്തും ചെയ്യുമെന്നറിയിച്ച സംഗീത്സോം തുടങ്ങിയവരെ തിരുത്താൻ മോദി തയാറായില്ല. സ്വന്തം മന്ത്രിസഭയിലെ സംസ്കാര വകുപ്പ് മന്ത്രിയും ദാദ്രി എം.പിയുമായ മഹേഷ് ശർമയും കൊലയാളികളുടെ പക്ഷത്ത് പരസ്യമായി നിലകൊണ്ടയാളാണ്. അഖ്ലാഖിനെ കൊന്നവർ അദ്ദേഹത്തിെൻറ മകളെ തൊട്ടില്ലല്ലോ എന്ന് ന്യായം പറഞ്ഞയാൾ. പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ഝാർഖണ്ഡ് മുഖ്യമന്ത്രി രമൺസിങ്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലിംകൾ ബീഫ് ഒഴിവാക്കണമെന്ന് പറഞ്ഞു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ഇതിലൊന്നും മറുവാക്കുപോലും പറയാതെ പ്രധാന മന്ത്രിക്ക് എങ്ങനെ ആ സ്ഥാനത്തോട് നീതി ചെയ്യാനാവും?
ബാബരി പള്ളിധ്വംസനത്തിലും ഗുജറാത്ത് വംശഹത്യയിലും കണ്ട രീതിയാണ്, ആൾക്കൂട്ടത്തെ അക്രമത്തിലേക്ക് അഴിച്ചുവിട്ടശേഷം നേതാക്കൾ കൈകഴുകി മാറി നിൽക്കുക എന്നത്. ഗോരക്ഷക ഗുണ്ടായിസത്തിലും അതാണ് കാണുന്നത്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന് മോദി ആരോടാണ് പറയേണ്ടത്? പറയുന്നതിലെ ആത്മാർഥത രാജ്യത്തിന് അനുഭവവേദ്യമാകണം. അതിന് വെറും വാക്ക് പോരാ, ശക്തമായ നടപടിയും ഉണ്ടാകണം. വെറും വാക്കല്ല തേൻറതെന്ന് ഗുണ്ടകളെയും അവരെ പ്രോത്സാഹിപ്പിക്കുന്നവരെയുമാണ് മോദി ബോധ്യപ്പെടുത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.