‘‘ആഹന്തയെത്ര വിഫലമാക്കിത്തീർത്തു/ നീ ഹിന്ദു ധർമ്മമേ, ‘ജാതി’മൂലം!’’ - മലയാള നാടിന്റെ ‘ദുരവസ്ഥ’ വിവരിക്കുന്നിടത്ത് കുമാരനാശാന്റെ ചോദ്യമാണ്. വർഷം നൂറ് കഴിഞ്ഞിട്ടും ഈ അവസ്ഥക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ‘നവോത്ഥാന കേരള’മെന്നൊക്കെ വിശേഷണം കേൾക്കുമ്പോൾ തോന്നുക, ‘സനാതന വർഷ’ത്തിന് പുറത്തുള്ള ഏതോ തുരുത്താണീ ദേശമെന്നാണ്. നവോത്ഥാനം ഉഴുതുമറിച്ചിട്ടും മണ്ണിന്റെ മേൽപാളിയിൽ പിന്നെയും പൊങ്ങിവരുന്നത് പൂണുൽ തന്നെ. നവോത്ഥാനമെന്നത് വെറുമൊരു മിഥ്യാസങ്കൽപമോ മിത്തോ ആണെന്ന് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും; ഇക്കുറി അതിനവസരം വന്നത് മന്ത്രി രാധാകൃഷ്ണനാണ്. നാട്ടിലെ ക്ഷേത്രഭരണത്തിനായി സ്റ്റേറ്റ് ഏർപ്പാടാക്കിയ ദേവസ്വത്തിന്റെ ചുമതലയുള്ള കാബിനറ്റ് അംഗമാണ്. പറഞ്ഞിട്ടെന്ത്, ടി ദേവസ്വത്തിന്റെ യഥാർഥ ‘അധികാരികളു’ടെ കണ്ണിൽ ജാതിയിൽ താഴ്ന്നവനായി. അങ്ങനെയുള്ളവർക്കു സ്ഥാനം തീണ്ടാപാടകലെ തന്നെ..
രണ്ടാം പിണറായി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രിയാണ്. മന്ത്രിസഭയിലെ ഏക ദലിത് പ്രാതിനിധ്യം. തുടക്കത്തിൽ ഈ കാബിനറ്റിന്റെ ഹൈലൈറ്റുകളിലൊന്ന്. നാട്ടിലെ രാഷ്ട്രീയ കീഴ്വഴക്കമനുസരിച്ച് ദലിത് വിഭാഗക്കാർ സംവരണ മണ്ഡലങ്ങളിലേ മത്സരിക്കാറുള്ളൂ. മന്ത്രിയായാൽ അവർക്ക് നൽകാൻ പിന്നാക്ക ക്ഷേമ വകുപ്പുണ്ട്. ജാതീയതക്കും വർഗീയതക്കും എതിരെ നവോത്ഥാന മതിൽ പണിത പിണറായി സഖാവിന് രണ്ടാമൂഴം ലഭിച്ചപ്പോൾ, ഈ കീഴ്വഴക്കം മാറുമെന്നു പലരും കരുതി. മന്ത്രിസഭ പ്രഖ്യാപിച്ചപ്പോൾ ലക്ഷണമൊത്തൊരു ‘നായർ കാബിനറ്റ്’! 12 ശതമാനം ജനസംഖ്യയുള്ള നായർ വിഭാഗത്തിൽനിന്നാണ് കാബിനറ്റിലെ മൂന്നിലൊന്ന്; പതിവുപോലെ പട്ടിക ജാതി, പട്ടിക ക്ഷേമം ദലിതനായ കെ. രാധാകൃഷ്ണനും. നാലുപാടുംനിന്നും വലിയ വിമർശനമായി. പക്ഷേ, വിമർശകർ ‘വിപ്ലവം’ ശ്രദ്ധിച്ചില്ല. ചരിത്രത്തിൽ ആദ്യമായി ഒരു ദലിതൻ ദേവസ്വം വകുപ്പിന്റെ മന്ത്രിയായിരിക്കുന്നു! ആ വിപ്ലവ നക്ഷത്രമാണിപ്പോൾ താൻ കൊടിയ ജാതീയ വിവേചനത്തിനിരയായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പയ്യന്നൂരിനടുത്തുള്ള ഒരു ശിവക്ഷേത്രത്തിൽ അവിടുത്തെ നടപ്പന്തൽ സമർപ്പണ ചടങ്ങാണ് വിവേചന വേദി. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ്. നടപ്പന്തൽ സമർപ്പണം ക്ഷേത്ര ശാന്തി നിർവഹിക്കുകയും തുടർന്ന് സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യുകയുമാണ് ചടങ്ങിന്റെ അജണ്ട. പക്ഷേ, തന്ത്രിക്ക് ചടങ്ങിനെത്താനായില്ല; പകരം മേൽശാന്തിയും കീഴ്ശാന്തിയും വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. മേൽശാന്തിയാണ് ആദ്യം ദീപം കൊളുത്തിയത്; തുടർന്ന് ദീപം മന്ത്രിക്ക് കൈമാറാൻ കീഴ് ശാന്തിയോട് നിർദേശിച്ചപ്പോൾ അദ്ദേഹമത് താഴെ വെച്ചു. അതോടെ മന്ത്രി ഇടഞ്ഞു; തന്നെ അവഹേളിച്ച് നിലത്തുവെച്ച കൊടിവിളക്കിൽനിന്ന് ദീപം കൊളുത്താൻ തയാറല്ലെന്ന് തീർത്തുപറഞ്ഞു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ സമവായ ശ്രമവും പരാജയപ്പെട്ടു. സമീപത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എയും മന്ത്രിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാറിനിന്നതോടെ സംഭവം അൽപം അലങ്കോലമായി. ഉദ്ഘാടന പ്രസംഗത്തിലും മന്ത്രി വിഷയം ഉന്നയിച്ചു. ചെറുപ്പം മുതൽ നേരിട്ടുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് സംസാരിച്ചു. സഹപൂജാരി കാണിച്ചത് മര്യാദക്കേടാണെന്ന് തീർത്തുപറഞ്ഞാണ് വേദിയിൽനിന്ന് ഇറങ്ങിപ്പോന്നത്.
പിറ്റേ ദിവസം മാധ്യമങ്ങളിൽ ചടങ്ങിന്റെ വാർത്തയും പടവുമൊക്കെ അച്ചടിച്ചുവന്നെങ്കിലും ദേവസ്വം മന്ത്രി നേരിട്ട വിവേചനം എവിടെയും കണ്ടില്ല. മന്ത്രിയോ എം.എൽ.എയോ അത് വെളിപ്പെടുത്തിയതുമില്ല. സംഭവം ജനമറിയാൻ പിന്നെയും ആറേഴ് മാസമെടുത്തു. ദിവസങ്ങൾക്ക് മുമ്പ്, കോട്ടയത്ത് വേലൻ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ആ തിക്താനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. താൻ ക്ഷേത്രങ്ങൾക്ക് നൽകുന്ന പൈസക്ക് അയിത്തമില്ല, തനിക്ക് അയിത്തമുണ്ടെന്നുകൂടി തുറന്നടിച്ചതോടെ സംഗതി വിവാദമായി. മന്ത്രി നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് സകല മനുഷ്യരും വലിയ പ്രബന്ധങ്ങൾ രചിച്ചു. നവോത്ഥാന കേരളത്തിൽ ഇപ്പോഴും ജാതിവിവേചനമോ എന്ന് ആശ്ചര്യപ്പെട്ട നിഷ്കളങ്കരുണ്ട്. ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ലെന്ന് ചോദിച്ചവർക്ക് കേരളത്തിൽ സമീപകാലത്തുനടന്ന നാമജപ സമരവും അതിനോടു പൊലീസിന്റെ മൃദുസമീപനവും ഒന്നും ഓർമയിലുണ്ടാവില്ല. സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച ഉദയനിധി സ്റ്റാലിനെതിരെ കാവിപ്പട രാജ്യമൊട്ടാകെ ഇളകിമറിഞ്ഞപ്പോൾ അദ്ദേഹത്തിന് ലഭിച്ചതുപോലുള്ള പാർട്ടി പിന്തുണ എന്തുകൊണ്ട് ചേലക്കരയുടെ രാധേട്ടന് കിട്ടുന്നില്ല എന്ന് ചിന്തിച്ചവർ ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സവർണ സംവരണത്തെക്കുറിച്ച് കേട്ടിട്ടില്ലായിരിക്കും; സംസ്ഥാനത്തെ അഗ്രഹാരങ്ങളുടെ നിർമാണ-പുനനിർമാണങ്ങൾക്ക് ‘ലൈഫ്’ തുകയുടെ രണ്ടരയിരട്ടി വകയിരുത്തിയ ഇടതുസർക്കാറിനെക്കുറിച്ചും അവർക്കറിവുണ്ടായേക്കില്ല. അംബേദ്കറുടെ ‘ബ്രാഹ്മിൺ ബോയ്സ്’ സിദ്ധാന്തവും അവർക്കജ്ഞാതമായിരിക്കും. അതെന്തായാലും, വിഷയത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ചത് ഇവിടുത്തെ ആചാരവാദികളാണ്. ഇത് തങ്ങളുടെ ആചാരമാണെന്നും നേരിട്ടെങ്ങാനും വിളക്ക് കൈമാറിയിരുന്നുവെങ്കിൽ മൊത്തത്തിൽ അശുദ്ധമായേനെയെന്നുമാണ് ഇക്കൂട്ടരുടെ വാദം. കാവിസംഘത്തിന്റെ ഉറച്ച പിന്തുണയോടെയുള്ള ഈ വാദം ഭരണഘടനവിരുദ്ധമാണെന്നതൊന്നും അവർക്ക് പ്രശ്നമല്ല. അല്ലെങ്കിലും, ഐ.പി.സിയും സി.ആർ.പി.സിയുമൊക്കെ പോയി മോദിയുടെ ന്യായ് വാദ് സങ്കൽപത്തിലേക്ക് കാലെടുത്തുവെച്ച ഈ നാട്ടിൽ എന്തു ഭരണഘടന!
ചേലക്കരയുടെ ജനനായകനെന്ന് രാധാകൃഷ്ണനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അഞ്ച് തവണയും നിയമസഭയിലെത്തിയത് അവിടെനിന്നാണ്. ജന്മംകൊണ്ട് ഇടുക്കിക്കാരൻ. രാധാകൃഷ്ണൻ ജനിക്കുമ്പോൾ പിതാവ് വടക്കെ വളപ്പിൽ കൊച്ചുണ്ണി വാഗമണ്ണിൽ തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര യു.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചേലക്കര എസ്.എം.ടി ജി.എച്ച്.എസിൽ. അന്നുതൊട്ട് എസ്.എഫ്.ഐയിൽ സജീവം. തൃശൂർ ശ്രീകേരളവർമ കോളജിൽനിന്ന് ബി.എയും പൂർത്തിയാക്കുമ്പോഴേക്ക് സംഘടനയുടെ നേതൃനിരയിലെത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. 1991 ൽ വള്ളത്തോൾ നഗറിൽനിന്ന് തൃശൂർ ജില്ല കൗൺസിൽ അംഗമായി. 96ൽ, ആദ്യമായി ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. സംഘടന പ്രവർത്തനങ്ങൾക്കിടയിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷക നേതാവ് അന്ന് വലിയ വാർത്തയായി. രണ്ടായിരത്തിലധികം വോട്ടിന് ജയിച്ച് നിയമസഭയിലെത്തിയ രാധേട്ടനെ കാത്തിരുന്നത് മന്ത്രി സ്ഥാനമായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും വിജയം. വി.എസ് സർക്കാറിന്റെ കാലത്ത് സ്പീക്കറായി. 2016ൽ, മത്സരിച്ചില്ല; ആ ഇടവേളയിൽ രണ്ട് വർഷം പാർട്ടിയുടെ ജില്ല സെക്രട്ടറിയായി. അക്കാലത്താണ് കരുവന്നൂർ ബാങ്ക് കൊള്ള അരങ്ങേറിയതെന്ന മട്ടിൽ ഗൂഢാലോചനാ സിദ്ധാന്തവും സമാന്തരമായി അരങ്ങുതകർക്കുന്നിണ്ടിപ്പോൾ. അതൊന്നും മുഖവിലക്കെടുക്കാതെ നൂറ്റാണ്ടുകളായി തുടുന്ന ദുരവസ്ഥക്ക് അറുതിവരുത്താനുള്ള പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് രാധേട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.