ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റുകൾ മതസംഘടനകൾക്ക് ‘സംവരണം’ ചെയ്തുള്ള ഉത്തരവ് പിൻവലിക്കാൻ സർക്കാർ മുന്നോട്ടുവന്നത് നന്നായി. വിദ്യാഭ്യാസ കച്ചവടത്തിന് അരുനിൽക്കുന്ന ഭരണകൂടത്തിെൻറ ചിന്താശൂന്യവും അറു പിന്തിരിപ്പനുമായ നയനിലപാടിെൻറ ഉത്തമ ഉദാഹരണമായാണ് ഉത്തരവിനെ ബന്ധപ്പെട്ട് കണ്ടത്. ഒരു മതസമൂഹത്തിനുള്ളിലെ അവാന്തര വിഭാഗങ്ങളെ സംവരണത്തിനു മാനദണ്ഡമാക്കാനുള്ള സർക്കാർ നീക്കം പുരോഗമനചിന്താഗതി വെച്ചുപുലർത്തുന്നവർ എന്ന് പൊതുവെ അവകാശപ്പെടാറുള്ള ഇടതുജനാധിപത്യമുന്നണി സർക്കാറിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. മെഡിക്കൽ, ഡെൻറൽ സീറ്റുകൾ അലോട്ട് ചെയ്യുന്ന കാര്യത്തിൽ മെറിറ്റ് ഏക മാനദണ്ഡമാക്കണമെന്ന കേന്ദ്രസർക്കാറിെൻറയും സുപ്രീംകോടതിയുടെയും കർക്കശ മാർഗനിർദേശത്തെ മറികടക്കാൻ മുസ്ലിം/ക്രിസ്ത്യൻ മാനേജ്മെൻറുകൾ കണ്ടുപിടിച്ച കുറുക്കുവഴിക്ക് അംഗീകാരം നൽകാനുള്ള ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ന്യൂനപക്ഷ സമൂഹത്തോടുള്ള അവഹേളനത്തിൽ കുറഞ്ഞൊന്നുമായിരുന്നില്ല. ഈ നീക്കത്തെ ന്യായീകരിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിദ്യാഭ്യാസത്തെക്കുറിച്ചോ മതസംഘടനകളെക്കുറിേച്ചാ അവർക്ക് ഒരു ചുക്കും അറിയിെല്ലന്നതിെൻറ തെളിവാണ്. മുസ്ലിം സമുദായത്തിലാവട്ടെ ക്രിസ്ത്യൻ സമുദായത്തിലാവട്ടെ വിവിധ ചിന്താധാരകളും അവാന്തര വിഭാഗങ്ങളുമുണ്ട്. അവ രൂപപ്പെട്ടതിെൻറ ചരിത്രപരവും വിശ്വാസപരവുമായ പശ്ചാത്തലം മതമീമാംസകരുടെ വിഷയമാണ്. നമ്മുടെ രാജ്യത്ത് രൂഢമൂലമായ ജാതി ഉപജാതി സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് സമാനമായ ഒരു സമ്പ്രദായമായി കണ്ടതാണോ ആരോഗ്യവകുപ്പിനെ തലതിരിഞ്ഞ ഉത്തരവിറക്കാൻ േപ്രരിപ്പിച്ചതെന്ന് സംശയമുണ്ട്. സുന്നി, ജമാഅത്ത്, മുജാഹിദ് തുടങ്ങിയ സംജ്ഞകൾ വിഭിന്നമായ ആശയധാരകളെയാണ് സൂചിപ്പിക്കുന്നത്. ഒരു സെക്കുലർ ഭരണകൂടത്തിന് ഈ അവാന്തരഘടനയിലേക്ക് തലയിടാൻ പഴുതുകളേ ഇല്ല. മുസ്ലിം വിഭാഗങ്ങളിലേതെങ്കിലും തങ്ങൾക്ക് സമുദായത്തിനുള്ളിൽ സംവരണം വേണമെന്ന് ആവശ്യപ്പെട്ടതായി ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ, മെഡിക്കൽ പ്രവേശനം നേടാൻ മതസംഘടനകളുടെ അല്ലെങ്കിൽ മഹല്ലിെൻറ സാക്ഷ്യപത്രവും ശിപാർശക്കത്തുമൊക്കെ വാങ്ങിയിട്ടുവാ എന്ന് വിദ്യാർഥികളോട് ആവശ്യപ്പെടുന്ന ഒരു സർക്കാർ മതേതര ജനാധിപത്യവ്യവസ്ഥക്കുതന്നെ നാണക്കേടാണ്. ഇമ്മട്ടിൽ ന്യൂനപക്ഷസമൂഹത്തിനുള്ളിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ബന്ധപ്പെട്ടവരുടെ നീക്കം പോലും ദുരുപദിഷ്ടമാണെന്ന് പറയാതെ വയ്യ.
ന്യൂനപക്ഷങ്ങളുടെ പേരിൽ പ്രഫഷനൽ കോളജുകൾ നേടിയെടുത്ത വിദ്യാഭ്യാസമേഖലയിലെ കങ്കാണിമാർക്ക് കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുക്കാൻ കണ്ടുപിടിച്ച ഈ കുറുക്കുവഴി ബന്ധപ്പെട്ട സമൂഹങ്ങൾ കണ്ണുംചിമ്മി സ്വീകരിക്കുമെന്ന് സർക്കാർ കരുതിയെങ്കിൽ അവർക്ക് തെറ്റി. ഇവിടെ പ്രസക്തമായ കുറെ ചോദ്യങ്ങൾ സ്വാഭാവികമായും ഉയരുന്നുണ്ട്. ഏത് ആധികാരിക പ്രമാണത്തിെൻറ അടിസ്ഥാനത്തിലാണ് മതസംഘടനകളെ ഇവർ കണ്ടെത്തിയത്? സംഘടനകൾക്ക് സംവരണത്തോത് നിർണയിക്കുമ്പോൾ എന്താണ് മാനദണ്ഡമാക്കിയത്? ഓരോ സംഘടനയുടെയും ശക്തിയും അംഗബലവും ആരോട് ചോദിച്ചാണ് സർക്കാർ തിട്ടപ്പെടുത്തിയത്? ഇനി ഒരു സംഘടനയിലും വിശ്വസിക്കാത്ത, അംഗമാണെന്ന് അവകാശപ്പെടാത്തവരുടെ കുട്ടികൾക്ക് പ്രഫഷനൽ കോളജുകളിൽ പ്രവേശനം വേണ്ടെന്നാണോ സർക്കാർ തീരുമാനിച്ചത്. സമുദായം തെളിയിക്കാൻ റവന്യൂ അധികൃതരുടെ രേഖയും സാമുദായികമായ ഉപവിഭാഗം തെളിയിക്കാൻ സംഘടനകളുടെ കത്തും എന്ന നിലപാടാണ് തങ്ങൾ പിന്തുടരുന്നതെന്ന ആരോഗ്യമന്ത്രിയുടെ വിശദീകരണം മിതമായി പറഞ്ഞാൽ വിവരേക്കടാണ്. ഏതെങ്കിലും വിഷയത്തിൽ ഇതിനുമുമ്പ് സർക്കാറുകൾ മുസ്ലിംകളിലെ ഉപവിഭാഗങ്ങളെ കണ്ടെത്തി ആനുകൂല്യം അനുവദിച്ചുകൊടുത്തിട്ടുണ്ടോ? അങ്ങനെ വേണമെന്ന് ആരെങ്കിലും ഇന്നേവരെ വാദിച്ചിട്ടുണ്ടോ? മിടുക്കന്മാർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകണം എന്നാണ് എല്ലാ വിഭാഗങ്ങളുടെയും ആവശ്യം. മെറിറ്റ് മാത്രം നോക്കി പ്രവേശനം നൽകുമ്പോൾ വൻതുക കോഴ വാങ്ങാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ സ്വാശ്രയ മാനേജ്മെൻറ് വിവിധ മതസംഘടനകളുടെ ലേബലിൽ കച്ചവടമുറപ്പിക്കാനുള്ള തന്ത്രം മെനഞ്ഞതാണ് പിടിക്കപ്പെട്ടത്.
എം.ഇ.എസ് ഒഴികെയുള്ള മുസ്ലിം മാനേജുമെൻറുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിലാണെത്ര മതസംഘടനകൾക്ക് സംവരണം ഏർപ്പെടുത്തിയത്. ചില സ്ഥാപനങ്ങളിൽ പ്രത്യേകവിഭാഗത്തിന് മുഴുവനും സംവരണം ചെയ്യപ്പെടുമ്പോൾ മറ്റിടങ്ങളിൽ പ്രത്യേക അനുപാതത്തിൽ വീതം വെച്ചിരിക്കയാണ്. ഓരോ സ്ഥാപനത്തിലും ശിപാർശക്കത്ത് നൽകേണ്ടവരുടെ പേര് സർക്കാർ നിർദേശിക്കുകയുണ്ടായി. നാളത്തെ ഡോക്ടർമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം മതസംഘടനകൾക്ക് വിട്ടുകൊടുക്കാൻ ശ്രമിച്ചത് യുക്തിരഹിതവും ബുദ്ധിശൂന്യവുമായ തീരുമാനമാണെന്ന് മനസ്സിലാക്കി എത്രയും പെട്ടെന്ന് തെറ്റു തിരുത്താൻ മുന്നോട്ടുവന്നത് ശ്ലാഘനീയം തന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും അവ കൊണ്ടുനടക്കാനുമുള്ള ഭരണഘടനയുടെ 29, 30 അനുച്ഛേദം വകവെച്ചുനൽകുന്ന അവകാശം വിദ്യാഭ്യാസ കച്ചവടത്തിനുള്ള അവകാശമായി ദുർവ്യാഖ്യാനം ചെയ്താണ് ഈ രംഗത്തുള്ളവർ പണത്തോടുള്ള ആക്രാന്തം ശമിപ്പിക്കുന്നതെന്ന വസ്തുത വിസ്മരിച്ചാവരുത് സംസ്ഥാന സർക്കാർ ഈ ദിശയിലെ നയനിലപാടുകൾക്ക് രൂപം നൽകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.