അപകടകരമായ രണ്ടു ‘കുസൃതി’ത്തരങ്ങള്‍

ഭീകരാക്രമണത്തെക്കുറിച്ചും വര്‍ഗീയ കലാപങ്ങളെക്കുറിച്ചും നമ്മുടെ പുതുതലമുറയില്‍ ആണ്ടുകിടക്കുന്ന ബോധങ്ങളിലേക്കും അതുണ്ടാക്കുന്ന അത്യാപത്തുകളിലേക്കും ശരിയാംവണ്ണം വെളിച്ചം വീശുന്നുണ്ട് ഉറാനിലെ പെണ്‍കുട്ടിയും ഭീവണ്ടിയിലെ ആണ്‍കുട്ടിയും ഭാവനയില്‍ നെയ്ത കഥകളും അതുണ്ടാക്കിയ പുകിലുകളും. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച മുംബൈക്കടുത്ത് ഉറാനിലെ കുംഭര്‍വാഡ ജി.എസ്. സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പാകിസ്താനികള്‍ ഉപയോഗിക്കുന്ന വസ്ത്രമണിഞ്ഞ കുറച്ച് ആയുധധാരികളെ വഴിവക്കില്‍ കണ്ടതായും ബോംബ്,  ഒ.എന്‍.ജി.സി തുടങ്ങിയ വാക്കുകള്‍ പറഞ്ഞുകൊണ്ട് രണ്ടു സംഘമായി പിരിഞ്ഞുപോയതായും അധ്യാപകരെ അറിയിച്ചതോടെയാണ് ഉറാന്‍ സംഭവത്തിന്‍െറ കഥയാരംഭിക്കുന്നത്.   വിദ്യാര്‍ഥിനിയുടെ മൊഴി വിശ്വാസത്തിലെടുത്ത പൊലീസ്  ഝടുതിയില്‍ നേവല്‍ബേസിലും ഒ.എന്‍.ജിസിയിലും അതീവ സുരക്ഷയൊരുക്കി.  ഭീകരസംഘത്തെ കണ്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കടകള്‍ അടഞ്ഞു. സ്്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സുരക്ഷാഭീതിയില്‍ ജനങ്ങള്‍ അസ്വസ്ഥരായി.  ദേശീയ സുരക്ഷാ മേധാവി അജിത് ഡോവല്‍ അതിദ്രുതം മുംബൈയില്‍ പറന്നിറങ്ങുകയും ചീഫ് സെക്രട്ടറിയുമായി സുരക്ഷാ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. നാവികസേനയും മഹാരാഷ്ട്ര എ.ടി.എസും തിരക്കിട്ട അന്വേഷണവുമായി സജീവമായി. ഉറി ഭീകരാക്രമണത്തിനുശേഷമായതിനാല്‍  ദിവസങ്ങളോളം  ദേശീയ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്ത, പക്ഷേ അവസാനിച്ചത് ഒരു വിദ്യാര്‍ഥിനിയുടെ കുസൃതിത്തരത്തില്‍. കേവല രസത്തിനുവേണ്ടി തയാറാക്കിയ കല്‍പിതകഥയായിരുന്നുവത്രെ അത്. പൊലീസിന് പറഞ്ഞുകൊടുത്ത  രേഖചിത്രവും പാകിസ്താന്‍ വസ്ത്രം ധരിച്ച ആളും രൂപവുമെല്ലാം നിരന്തരം  മാധ്യമങ്ങള്‍ പകര്‍ന്ന തീവ്രവാദിയുടെ ഇമേജുകളില്‍നിന്ന് സൃഷ്ടിച്ചതാണെന്നും പെണ്‍കുട്ടി കുറ്റസമ്മതം നടത്തി.

ഉറാന്‍ ‘സംഭവം’ കത്തിനില്‍ക്കുമ്പോള്‍തന്നെയാണ് അത്ര പ്രാധാന്യപൂര്‍വമല്ലാതെ മറ്റൊരു  വിദ്യാര്‍ഥിയുടെ വികൃതിയുടെ വാര്‍ത്ത മുംബൈക്കടുത്ത് ഭീവണ്ടിയില്‍നിന്ന് പുറത്തുവന്നത്. പഠനത്തില്‍ മോശമായ പത്തൊമ്പതുകാരന് ഹോംവര്‍ക്ക് ചെയ്യാതെ വന്നതിനാല്‍ മിക്ക ദിവസവും സ്കൂളില്‍നിന്ന് ശിക്ഷ കിട്ടുമായിരുന്നുവത്രെ. കുറച്ചുദിവസം സ്കൂള്‍ അടഞ്ഞുകിടന്നാലേ അധ്യാപകരുടെ ദണ്ഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ അവന്‍ അതിനുള്ള എളുപ്പവഴിയായി വര്‍ഗീയ ലഹളയുണ്ടാക്കാനുള്ള പദ്ധതി ആസൂത്രണം  ചെയ്തു. തന്‍െറ സ്കൂള്‍ നോട്ട് ബുക്കില്‍ സ്വന്തം മതത്തെയും ആരാധനാരീതികളെയും അപഹസിക്കുന്ന കുറിപ്പെഴുതി സ്വന്തം ആരാധനാലയത്തിലിടുകയാണ് അവന്‍ കണ്ടത്തെിയ എളുപ്പ വിദ്യ. കുറിപ്പ് വായിച്ച് വിശ്വാസികള്‍ പ്രകോപിതരാകുകയും ഇതരസമുദായമാണിത് ചെയ്തതെന്ന് ധരിച്ച് എളുപ്പത്തില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്നുമായിരുന്നു അവന്‍െറ കണക്കുകൂട്ടല്‍. അവന്‍െറ ധാരണ ശരിയായിരുന്നു. കുറിപ്പ് വായിച്ച ഭക്തരില്‍ ചിലര്‍ ക്ഷുഭിതരാകുകയും  സംഘര്‍ഷത്തിന്‍െറ അവസ്ഥ സംജാതമാകുകയും ചെയ്തെങ്കിലും വിവേകികളില്‍ ചിലരുടെ സമചിത്തമായ ഇടപെടല്‍മൂലം വലിയൊരു സംഘര്‍ഷം ഒഴിവായി. സംഗതി രഹസ്യമാക്കിവെച്ച ആരാധനാലയത്തിന്‍െറ നടത്തിപ്പുകാര്‍ കുറിപ്പ് പൊലീസിന് കൈമാറി. പ്രതിയെ കുറിച്ച് വ്യക്തമാകുന്നതുവരെ വിഷയം രഹസ്യമാക്കിവെക്കാനുള്ള പൊലീസ് അഭ്യര്‍ഥന സ്വീകരിച്ച വിശ്വാസികള്‍ക്ക് പത്ത് ദിവസത്തിനുശേഷം വീണ്ടും സമാനമായ കുറിപ്പ് കിട്ടി. പൊലീസിന് പ്രതിയേയും. പൊലീസ് രഹസ്യമായി സ്ഥാപിച്ച കാമറ  കുട്ടിയുടെ ചെയ്തികള്‍ സുതാര്യം ഒപ്പിയെടുത്തത് ഭക്തര്‍പോലും അറിഞ്ഞത് പ്രതി വലയിലായതിന് ശേഷം മാത്രം.  

വിദ്യാര്‍ഥികളുടെ കേവലമായ വികൃതിയും കുസൃതിയുമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല ഈ രണ്ടു സംഭവങ്ങളും. അപകടകരവും വലിയ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമായ ഇത്തരം കുസൃതികളുടെ ആശയങ്ങള്‍ രൂപപ്പെടുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമോ മന$ശാസ്ത്ര പഠനങ്ങളോ വേണ്ടതില്ല. ഒരു തുണ്ട് കടലാസില്‍ മതത്തെക്കുറിച്ച് പ്രകോപനപരമായി വല്ലതും എഴുതിയാല്‍ അനായാസം ഉണ്ടാക്കാവുന്നതാണ് വര്‍ഗീയ കലാപങ്ങളെന്ന് അനുഭവ പരിസരങ്ങള്‍ അവനെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വരെ അവശ്യാനുസാരം വര്‍ഗീയ കലാപങ്ങള്‍ നടത്തിക്കൊടുക്കുകയും രക്തം ചിന്താന്‍ ആയുധത്തിന് മൂര്‍ച്ചകൂട്ടുകയും ചെയ്യുന്ന ഭക്തജനങ്ങളെ നിത്യേന കാണുന്ന അവനെപ്പോലെയുള്ള പുതുതലമുറ അധ്യാപക ദണ്ഡനത്തില്‍നിന്നോ മറ്റേതെങ്കിലും വികൃതിയില്‍നിന്നോ രക്ഷപ്രാപിക്കാന്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാം എന്ന് ചിന്തിക്കുന്നത് എത്രമാത്രം ഭീതിജനകമല്ല!  പാകിസ്താന്‍ വസ്ത്രം ധരിച്ച ഭീകരവാദികളെന്ന ഒറ്റ പദപ്രയോഗം മതി അജിത് ഡോവല്‍ മുതല്‍ സ്കൂളിലെ അധ്യാപികയെ വരെ പറ്റിക്കാനെന്ന് വിദ്യാര്‍ഥിനിയെ പഠിപ്പിച്ചതും ഭീകരാക്രമണങ്ങളെക്കുറിച്ച് നാം ഉല്‍പാദിപ്പിക്കുന്ന വാര്‍പ്പുമാതൃകകള്‍ തന്നെ. നല്ലനടപ്പിനു രണ്ടുപേരെയും കൗണ്‍സലിങ്ങിന് അയക്കാന്‍ പൊലീസും സ്കൂള്‍ അധികൃതരും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക മനോനിര്‍മിതിയില്‍ പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ മുതല്‍ കുടുംബാന്തരീക്ഷ സ്രഷ്ടാക്കളായ  രക്ഷകര്‍ത്താക്കള്‍ വരെ ശരിയായ ആത്മപരിശോധനക്കും  മികച്ച കൗണ്‍സലിങ്ങിനും തയാറാവാത്തപക്ഷം  അടുത്ത തലമുറയും രക്ഷപ്പെടില്ളെന്ന് തെളിയിക്കുന്നു ഈ രണ്ട് ‘കുസൃതി’ത്തരങ്ങള്‍.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.