യുദ്ധങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ അതിസങ്കീര്‍ണവും സര്‍വനാശകാരിയുമായ സിറിയന്‍ പ്രക്ഷുബ്ധത ആറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പൗരാണികമായ ഒരു നഗരം അഭിമുഖീകരിക്കുന്ന കെടുതികള്‍ മന$സാക്ഷിയുള്ള ഏത് മനുഷ്യനെയും പിടിച്ചുലക്കുന്നതാണ്. സിറിയയിലെ ഏറ്റവും വലുതും പൗരാണികവുമായ അലപ്പോ നഗരം ഇന്ന് ചുടലക്കളമാണ്. എണ്ണമറ്റ ശത്രുക്കള്‍ നാനാഭാഗത്തുനിന്നും ഈ മഹാനഗരത്തിനുനേരെ മാരകായുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മരിച്ചുവീഴുന്ന സിവിലിയന്മാര്‍ക്കുവേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍പോലും ആരുമില്ലാത്ത ഭയാനകമായ അവസ്ഥ. ഈ മാനുഷിക ദുരന്തത്തിനു മൂകസാക്ഷികളാകേണ്ടിവരുന്ന മനുഷ്യരില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇത്രക്കും ക്രൂരമാണോ നമ്മുടെ കാലഘട്ടമെന്ന് തലയില്‍കൈവെച്ച് ചോദിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
2011 മാര്‍ച്ചില്‍ സിറിയന്‍ ഭരണാധികാരി ബശ്ശാര്‍ അല്‍അസദിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിച്ച കാലത്ത് താരതമ്യേന ശാന്തമായിരുന്ന ഈ നഗരം ഇന്ന് തകര്‍ന്നടിഞ്ഞ് പൊടിപടലങ്ങളായി അമര്‍ന്നുകൊണ്ടിരിക്കയാണ്. 25 ലക്ഷം ജനം അധിവസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഈ നഗരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ ചരിത്രപ്രാധാന്യമേറെയുള്ള ആവാസകേന്ദ്രമാണ്്. നിലയ്ക്കാത്ത വെടിയൊച്ചയും അതിക്രൂരമായ ബോംബുവര്‍ഷവും കൂട്ടമരണത്തിന്‍െറയും ഒടുങ്ങാത്ത ദുരിതത്തിന്‍െറയും ഇടമായി ‘ഹലബ’യെ മാറ്റിയെടുത്തിരിക്കയാണ്.
ബശ്ശാര്‍ അല്‍അസദിനെ എതിര്‍ക്കുന്ന വിവിധ പ്രതിപക്ഷ മിലിഷ്യകളുടെ കൈയിലേക്ക് കിഴക്കന്‍ അലപ്പോയുടെ നിയന്ത്രണം പോയതിനുശേഷമാണ് സിറിയന്‍ സൈന്യം ശക്തമായ ആക്രമണം തുടങ്ങിയത്. ഫ്രീ സിറിയന്‍ ആര്‍മി അടക്കമുള്ള വിവിധ പോരാളിഗ്രൂപ്പുകളില്‍പെട്ട ആറായിരത്തോളം പേര്‍ക്കെതിരെ തുടങ്ങിവെച്ച യുദ്ധം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിവിലിയന്മാരെപ്പോലും ലക്ഷ്യമിട്ട് നടത്തുന്ന രൂക്ഷ ആക്രമണത്തിനു വഴിമാറിയതാണ് അലപ്പോയെ ലോകത്തിന്‍െറ കണ്ണീര്‍പ്പാടമാക്കിയത്. ഇവിടെ ആര് ആര്‍ക്കെതിരെ പോരാടുന്നുവെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം അതിസങ്കീര്‍ണമാണ് യുദ്ധക്കളം.
സിറിയന്‍ സൈന്യത്തെ പിന്തുണച്ച് റഷ്യന്‍ സൈന്യവും ഇറാന്‍െറ ഖുദ്സ് പോരാളികളും ലബനാനിലെ ഹിസ്ബുല്ലയുമൊക്കെ രംഗത്തുണ്ട്. റഷ്യയുടെ കടന്നുവരവോടെയാണ് പോരാട്ടം രൂക്ഷതരമായതും കൂട്ടമരണങ്ങള്‍ നിത്യസംഭവമായതും. രാപ്പകല്‍ ഭേദമില്ലാതെ, ജനവാസകേന്ദ്രങ്ങളില്‍പോലും റഷ്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിക്കുന്ന ബോംബുകള്‍ നൂറുകണക്കിന് സിവിലിയന്മാരെയാണ് ദിനേന കൂട്ടക്കൊല നടത്തുന്നത്. കൊല്ലപ്പെടുന്നതില്‍ ഭൂരിഭാഗവും വീടുകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയ, ചോരയിലും പൊടിപടലങ്ങളിലും മുഖം വികൃതമായ ഇംറാന്‍ ദഖ്നീശ്് എന്ന അഞ്ചുവയസ്സുകാരന്‍െറ അതിദയനീയ ചിത്രം കണ്ട് ലോകം നടുങ്ങിയതല്ലാതെ യുദ്ധത്തിനു അറുതി കാണാന്‍ ആരും മുന്നോട്ടുവന്നില്ല. രണ്ടു മാസത്തിനിടക്ക് എണ്ണൂറോളം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. അവസാനത്തെ ആശുപത്രികെട്ടിടംപോലും ബോംബിങ്ങില്‍ ബാക്കിവെച്ചില്ല. നഗരത്തില്‍ കുടുങ്ങിയവര്‍ക്ക് അഭയാര്‍ഥികളായി സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്യാന്‍പോലും സാധ്യമാകാത്തവിധം പോരാട്ടം കനക്കുകയാണ് എല്ലാ ദിശകളിലും.
ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യരും നിശ്ചലമായ കെട്ടിടങ്ങളും, എന്തിന് മറ്റു ജീവജാലങ്ങള്‍പോലും ആക്രമണകാരികള്‍ക്ക് ഇരകളാണെന്നും പൂര്‍ണമായ ഉന്മൂലമാണ് അവിടെ നടക്കുന്നതെന്നും ‘സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ്’ എന്ന മനുഷ്യാവകാശ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന സാംസ്കാരികമൂല്യങ്ങളും ബഹുസ്വരതയുടെ മാതൃകയും ഒരുവേള കാഴ്ചവെച്ച ഒരു ജനതയുടെ നിസ്സഹായാവസ്ഥക്കു മുന്നില്‍ കരളുരുകി പ്രാര്‍ഥിക്കുകയല്ലാതെ പോംവഴിയൊന്നുമില്ളെന്ന് പരിക്കേറ്റുകിടക്കുന്ന ഡോക്ടറുടെ മൊഴിയില്‍ ഒരു ദുരന്തത്തിന്‍െറ തീക്ഷ്ണതയും വേദനയും അടങ്ങിയിട്ടുണ്ട്.
അറബ്വസന്തം തുനീഷ്യയിലും ഈജിപ്തിലും യമനിലുമൊക്കെ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് നിദാനമായപ്പോള്‍ സിറിയയില്‍ അത് ഇക്കാണുന്ന മാനുഷിക അത്യാഹിതമായി പരിണമിച്ചത് രക്തദാഹിയായ ബശ്ശാര്‍ അല്‍അസദിന്‍െറ നിഷ്ഠുരതയും വന്‍ശക്തികളുടെ കള്ളിക്കളികളുംകൊണ്ടായിരുന്നു. ഇതിനകം നാലു ലക്ഷം മനുഷ്യര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഒടുങ്ങാത്തയുദ്ധം രാജ്യത്തെ ജനസംഖ്യയില്‍ പകുതിയെ അഭയാര്‍ഥികളായി വലിച്ചെറിഞ്ഞു.
ഒരുനാള്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ട് വന്‍ശക്തികള്‍ കൂടുതല്‍ ശക്തമായ സൈനിക ഇടപെടലുകള്‍ക്ക് കോപ്പുകൂട്ടുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പോര്‍വിമാനങ്ങളുമായി റഷ്യന്‍ കപ്പല്‍ സിറിയന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണ്. ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസ് അധിപനായി എത്തുന്നത് അസദിന്‍െറ കരങ്ങള്‍ക്ക് കൂടുതല്‍ ബലമേകും എന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം, യുദ്ധത്തിന് അറുതി കാണുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും ആരുമില്ല എന്ന ദാരുണാവസ്ഥ ഒരു രാജ്യത്തിന്‍െറയും ജനതയുടെയും ഭാവിയെക്കുറിച്ച എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.