പൊതുജനത്തെ ക്യൂവില്‍ നിര്‍ത്തി സമ്പന്നരുടെ കാല്‍ തിരുമ്മുന്നു

തങ്ങളുടെ പിച്ചച്ചട്ടിയില്‍, ഭരിക്കുന്ന സര്‍ക്കാര്‍ മണ്ണ് വാരിയിട്ടതിന്‍െറ ഫലമായി ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുന്ന സാമാന്യജനത്തിന്‍െറ ദാരുണചിത്രം രാജ്യത്തിന്‍െറ മന$സാക്ഷിയെ പിടിച്ചുലക്കുകയാണ്.  അതിനിടയിലാണ്   7016  കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി കുത്തകമുതലാളിമാരുടെ കാലുകള്‍ തിരുമ്മിക്കൊടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  തീരുമാനം എടുത്തിരിക്കുന്നത്. ഇത് പൗരബോധമുള്ള സമൂഹത്തെ  ഇരുത്തിച്ചിന്തിപ്പിക്കാതിരിക്കില്ല. ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് കടന്നുകളഞ്ഞ വിജയ് മല്യ കൊടുത്തുതീര്‍ക്കാനുള്ള 1201 കോടിയടക്കം എഴുതിത്തള്ളുകയാണത്രെ!

ഒരിക്കലും തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയില്ലാത്ത വായ്പയുടെ ഗണത്തില്‍പെടുത്തി രേഖകളില്‍നിന്ന് മാറ്റുന്ന ഏര്‍പ്പാട് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ളെങ്കിലും, ഉയര്‍ന്ന മൂല്യമുള്ള കറന്‍സിനോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന്  നിത്യനിദാന ചെലവുകള്‍ക്കുപോലും കൈയില്‍ കാശില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍  ക്യൂനിന്ന് തളരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യാന്‍ സര്‍ക്കാറും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്ന വാര്‍ത്ത കേള്‍ക്കുന്നത് ജനത്തിന് സഹിക്കാവുന്നതിലുമപ്പുറമാണ്. ഏത് മാര്‍ഗേണയും ഇത്തരക്കാരില്‍നിന്ന്  വായ്പ തിരിച്ചുപിടക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയമേലാളന്മാര്‍ ധൈര്യപ്പെടില്ളെന്നുറപ്പ്.

സാധാരണക്കാരന്‍െറ തുച്ഛമായ വായ്പ മുടങ്ങിയാല്‍ കൊള്ളപ്പലിശ ചുമത്തി, സ്വത്തുതന്നെ ജപ്തി ചെയ്തു ലേലത്തിനു വില്‍ക്കുന്ന ക്രൂരതയൊന്നും മല്യമാരുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഇവര്‍ പുറത്തെടുക്കില്ല. വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ച 63 വന്‍ വ്യവസായികളില്‍ കെ.എസ് ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെറ്റ് പവര്‍, സായ് ഇന്‍ഫോസിസുമൊക്കെ പെടുന്നുണ്ട്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. കിട്ടാക്കടത്തിന്‍െറ പട്ടികയില്‍പെടുത്തിയതോടെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇനി ശ്രമിക്കില്ളെന്ന് അര്‍ഥമാക്കേണ്ടതില്ല എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം കാപട്യത്തിന്‍േറതാണ്. 17 ബാങ്കുകള്‍ക്കായി ഏഴായിരം കോടിയോളം കൊടുക്കാനുള്ളപ്പോള്‍ മല്യയെ ലണ്ടനിലേക്ക് യാത്രയയച്ച ഭരണകൂടത്തിനു ഈ വിഷയത്തിലുള്ള ആത്മാര്‍ഥത എന്തുമാത്രമാണെന്ന് ജനത്തിന് നന്നായി അറിയാം.

വന്‍കിട വ്യവസായികളും വാണിജ്യസ്ഥാപനങ്ങളും ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടത്തിന്‍െറ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി  കിട്ടാക്കടമായി മാറുമെന്നതിനാല്‍ ബാലന്‍സ്ഷീറ്റ് വെടിപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണത്രെ. രാജ്യത്തെ ഒന്നാംനിരയിലുള്ള പത്ത് ബിസിനസ് സ്ഥാപനങ്ങളെല്ലാംകൂടി മാത്രം 5,00,000 കോടി രൂപ ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ട്. റോഡുകള്‍, വിമാനത്താവളം, സ്റ്റീല്‍ പ്ളാന്‍റ്, മാളുകള്‍ തുടങ്ങിയ വ്യത്യസ്ത ആസ്തികള്‍ വിറ്റിട്ടെങ്കിലും വായ്പ തിരിച്ചുപിടിക്കണമെന്ന് തീരുമാനമെടുക്കുമെങ്കിലും എല്ലാറ്റിനുമൊടുവില്‍ എഴുതിത്തള്ളിയ വാര്‍ത്തയായിരിക്കും പുറത്തുവരുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 1,87,070 കോടിയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് 1,21,000 കോടിയും. വാര്‍ഷിക പലിശ ഇനത്തില്‍ 8,299 കോടിയാണത്രെ അനില്‍ അടക്കേണ്ടത്. എസ്സാര്‍ ഗ്രൂപ്പിന്‍െറ കടബാധ്യത 1,01,461 കോടിയാണ്്. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടപ്പെട്ട ആളായ ഗൗതം അദാനിക്ക് 96,031 കോടിയുടെ ബാങ്ക് കടമുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടി വരുകയാണ്. 2002 മുതല്‍ 2013 വരെ കാലയളവില്‍ ഉണ്ടായ കിട്ടാക്കടങ്ങളുടെ ഇരട്ടിയാണത്രെ 2016ല്‍ മാത്രം ഉണ്ടായത്. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടം 15,551 കോടിയാണെങ്കില്‍ മോദിയുഗം ആരംഭിച്ചശേഷം 2015ല്‍ അത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടി വരെ എത്തി. 2013-2015 സാമ്പത്തിക വര്‍ഷത്തില്‍ 29 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് പത്രം ശേഖരിച്ച ഒൗദ്യോഗിക വിവരത്തില്‍ പറയുന്നു.

വിവിധ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍, ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വായ്പകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം. 2013ല്‍ 5,594 കോടിയാണ് കിട്ടാക്കടമെങ്കില്‍ 2015ല്‍ 21,313 കോടിയായി അത് പെരുകി. തൊട്ടടുത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക്് നില്‍ക്കുന്നു. 2015ല്‍ 6,587 കോടിയാണ് അതിന്‍െറ കിട്ടാക്കടം.

28 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് റദ്ദാക്കണമെന്നും അവ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ നേതൃത്വത്തിലുള്ള ‘പൊതുവ്യവഹാര കേന്ദ്രം’ സമര്‍പ്പിച്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കിട്ടാക്കടം വരുത്തിവെച്ച അതിസമ്പന്നരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. ഈ വന്‍കിട വെട്ടിപ്പുകാരുടെ പേര് വെളിപ്പെടുത്തിയാല്‍ രാജ്യത്തിന്‍െറ സമ്പദ്ഘടനയെ അത് പ്രതികൂലമായി ബാധിക്കുമെന്നും വ്യവസായ നിക്ഷേപമേഖലയില്‍ ആത്മവിശ്വാസം കുറയാന്‍ ഇടവരുത്തുമെന്നുമായിരുന്നു വിശദീകരണം. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥമുഖമാണ് ഇതിലൂടെ അനാവൃതമാകുന്നത്.

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.