എലിയെ പേടിച്ച് ഇല്ലം ചുടരുത്

നൊബേൽ സമ്മാനത്തിെൻറ ചരിത്രത്തിലെ അപൂർവ സംഭവമായിരുന്നു 2006ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ്​  അർഹനായത്. സാമ്പ്രദായിക രീതിയിലെ ഒരുവിധ സമാധാനപ്രവർത്തനത്തിനുമുള്ള അംഗീകാരമായല്ല നൊബേൽ പുരസ്​കാരം മുഹമ്മദ് യൂനുസിനെ തേടിയെത്തിയത്. പ്രത്യുത, ദാരിദ്യ്രത്തിെൻറയും പട്ടിണിയുടെയും കൊടുംദുരിതം പേറുന്ന ബംഗ്ലാ നാട്ടിൻപുറങ്ങളിലെ പാഴ്ജന്മങ്ങൾക്ക് ഗ്രാമീണ ബാങ്ക് ശൃംഖലവഴി പുനർജീവിതം നൽകിയതാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിെൻറ സേവനം. ജീവിതത്തിെൻറ ഏറ്റവും താഴെത്തട്ടിൽ കഴിഞ്ഞ 66 ലക്ഷം ജനങ്ങൾക്ക് 2,200 ശാഖകളിലൂടെ ഉപജീവനമാർഗവും ആശ്വാസവും സാന്ത്വനവും നൽകാൻ മുഹമ്മദ് യൂനുസിെൻറ ഗ്രാമീണ ബാങ്കിന് കഴിഞ്ഞു.

പൂർണാർഥത്തിൽ ഒരു താരതമ്യം സാധ്യമല്ലെങ്കിലും കേരളത്തിലാകെ സഹകരണ രജിസ്​ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന 15,287 പ്രാഥമിക സഹകരണ സംഘങ്ങളെ ഉപര്യുക്ത പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ. ഇവയിൽ 10,503 സംഘങ്ങൾ നന്നായി പ്രവർത്തിക്കുന്നവയാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. 14 ജില്ല സഹകരണ ബാങ്കുകൾ, 60 അർബൻ ബാങ്കുകൾ, 48 പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, 1,602 പ്രാഥമിക വായ്പ സംഘങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം സംസ്​ഥാന സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ വെളിപ്പെടുത്തിയതു പ്രകാരം 1,83,435.90 കോടി രൂപയാണ്.

ജീവിതത്തിെൻറ അടിത്തട്ടിൽ കഴിയുന്ന എല്ലാവിഭാഗം ജനങ്ങളുടെയും ദൈനംദിന ചെലവുകളും നിക്ഷേപങ്ങളും സമ്പാദ്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നതാണ് മൊത്തം സഹകരണമേഖല. പ്രാഥമിക സഹകരണ ബാങ്കുകളടക്കമുള്ള സഹകരണ മേഖലയെയാകെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നതാണ് 1000, 500 കറൻസി നോട്ടുകൾ അസാധുവാക്കിയതിനെതുടർന്ന് മോദി സർക്കാർസ്വീകരിച്ച കർക്കശ നടപടികൾ.

അസാധുവാക്കിയ നോട്ടുകൾ പുതിയ നോട്ടുകളായി മാറ്റിയെടുക്കാനുള്ള സംവിധാനത്തിൽനിന്ന് പ്രാഥമിക സഹകരണ ബാങ്കുകളെ ആദ്യമേ ഒഴിവാക്കി. എന്നാൽ, നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും കഴിഞ്ഞദിവസം റിസർവ് ബാങ്ക് റദ്ദാക്കിയിരിക്കുകയാണ്. ജില്ല സഹകരണ ബാങ്കുകൾക്കുകൂടി വിലക്ക് ബാധകമാണ്. സംസ്​ഥാന സഹകരണ ബാങ്കിനും അർബൻ ബാങ്കുകൾക്കും കറൻസി മാറ്റ ഇടപാടുകൾ ഈ മാസം 24 വരെ തുടർന്നും നടത്താമെന്ന ഇളവുണ്ട്. പക്ഷേ, വെറും 10 ശതമാനം മാത്രമാണ് ഈ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതെന്നോർക്കുമ്പോൾ പ്രതിസന്ധിയുടെ ആഴം ഈഹിക്കാൻ കഴിയും. 1000, 500 നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിെൻറ പിറ്റേന്ന് സഹകരണ ബാങ്കുകൾക്ക് നൽകപ്പെട്ട നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള അനുമതിയെ തുടർന്ന് പ്രാഥമിക സഹകരണ സംഘങ്ങൾ ഇടപാടുകാരിൽനിന്ന് ശേഖരിച്ച 2,800 കോടി എന്തു ചെയ്യണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടില്ല.

കടുത്ത അനിശ്ചിതത്വവും ആശയക്കുഴപ്പവും നിലനിൽക്കുന്ന സഹകരണമേഖല അതിനാൽത്തന്നെ തീർത്തും പ്രവർത്തനരഹിതമായിരിക്കുന്നു. പ്രസ്​തുത ബാങ്കുകളിലെ ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവിയും ദശലക്ഷക്കണക്കിന് ഗ്രാമീണരുടെ ധനമിടപാടുകളും ചോദ്യചിഹ്നമായിരിക്കുകയാണ്. എല്ലാം കലങ്ങിത്തെളിയാൻ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 50 ദിവസത്തെ ഇടവേള കഴിഞ്ഞാൽപോലും സഹകരണ ബാങ്കുകൾക്ക് ശുഭപ്രതീക്ഷയുടെ കിരണങ്ങൾ കാണാനില്ല.

ബോധപൂർവവും ആസൂത്രിതവുമായ ഈ നടപടിക്കാകെ നിരത്താനുള്ള ന്യായം കള്ളനോട്ടും കരിമ്പണവും പിടികൂടാനുള്ള തീവ്രയത്നം വിജയിക്കണമെങ്കിൽ സഹകരണ ബാങ്കുകളെ കടിഞ്ഞാണിടാതെ നിർവാഹമില്ല എന്നാണ്.  നേരത്തേ ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സഹകരണ ബാങ്കുകളിൽ 30,000 കോടിയുടെ കള്ളപ്പണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവത്രെ. 40,000 കോടിയിലധികം അനക്കമറ്റു കിടക്കുകയാണെന്നും കണ്ടെത്തി. ഇതപ്പടി ശരിയാണെന്ന് തെളിഞ്ഞാൽത്തന്നെ കള്ളപ്പണം പിടിച്ചെടുക്കുന്നതിനെയോ അതിനായി പ്രധാനമന്ത്രിയും റിസർവ് ബാങ്കും സ്വീകരിക്കുന്ന നടപടികളെയോ ആരും എതിർത്തില്ലെന്ന് മാത്രമല്ല, കൂടുതൽ കാര്യക്ഷമമായും ഈർജിതമായും അത് തുടരണമെന്നാണ് എല്ലാവരുടെയും ആവശ്യവും.

ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിെൻറ കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയാണല്ലോ എൻ.ഡി.എ അധികാരത്തിലേറിയതുതന്നെ. ഇന്ത്യയിൽ കരിമ്പണത്തിെൻറ ഒരു സമാന്തര സമ്പദ്വ്യവസ്​ഥതന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് വിലനൽകിയും അത് തകർക്കുകതന്നെ വേണം. പക്ഷേ, കേവലം ഒരാഴ്ച പിന്നിടുമ്പോഴേക്ക് കർക്കശനിലപാടുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുപോലും സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ ജനകോടികളുടെ ദുരിതങ്ങൾ പാരമ്യത്തിലെത്തിയിരിക്കെ അവരിൽ ഗണ്യമായൊരു വിഭാഗത്തിെൻറ ആശ്രയമായ ഗ്രാമീണ ബാങ്കിങ് മേഖലയെ അപ്പടി തകർക്കാനുള്ള നീക്കം നീതീകരിക്കാനാവുമോ എന്നതാണ് ചോദ്യം.

കള്ളപ്പണക്കാരെ തിരഞ്ഞുപിടിക്കാനും പിടികൂടാനുമുള്ള ശ്രമം ജാഗ്രതയോടെ തുടർന്നുകൊണ്ടുതന്നെ സഹകരണ ബാങ്കുകളുടെ നിയമാനുസൃത സേവനം തുടരാനനുവദിക്കുന്നതിൽ എന്താണ് തടസ്സം? ആദായനികുതി പരിധിക്ക് എത്രയോ താഴെയുള്ള ധനമിടപാടുകൾ നിർവിഘ്നം നടത്തിക്കൊണ്ടുപോവാൻ സഹകരണ ബാങ്കുകൾക്ക് അവസരമൊരുക്കുകയല്ലേ വേണ്ടത്? എലിയെ പേടിച്ച് ഇല്ലം ചുടുന്നതിലെ നീതീകരണമേ നിലവിലെ വിലക്കുകൾക്കുള്ളൂ.
 

Tags:    
News Summary - madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT