ഭീകരക്കേസുകളില്‍ ഇരകളാക്കപ്പെട്ട നിരപരാധികളുടെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ പീപ്ള്‍സ് ട്രൈബ്യൂണല്‍ ’16 ഡിസംബര്‍ 10ന് പുറത്തുവിട്ട അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയുമെല്ലാം കണ്ണുതുറപ്പിക്കേണ്ടതാണ്. ഒടുവിലത്തെ മുന്തിയ കറന്‍സി നോട്ട് റദ്ദാക്കല്‍ നടപടിപോലും ഭീകരതയെ നേരിടാനെന്നപേരിലാണ് പ്രധാനമന്ത്രി ന്യായീകരിച്ചതെന്ന വസ്തുത, ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതര പ്രശ്നമായി സര്‍ക്കാര്‍ കാണുന്നത് ഭീകരപ്രവര്‍ത്തനങ്ങളാണെന്ന് വിളിച്ചോതുന്നു.
10 കൊല്ലം ഭരിച്ച യു.പി.എ സര്‍ക്കാറും അതങ്ങനത്തെന്നെ കരുതിയതായാണ് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുട്ടെടുത്തതും അത് വിവേചനരഹിതമായി പ്രയോഗിക്കപ്പെട്ടതുമായ അനുഭവങ്ങള്‍ തെളിയിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ പാര്‍ലമെന്‍ററി ക്രമമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെങ്കിലും ഭീകരക്കേസുകളില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണെന്നാണ് ജസ്റ്റിസ് ഷാ തുറന്നടിച്ചിരിക്കുന്നത്. രാജ്യത്ത് എവിടെ ആക്രമണമോ സ്ഫോടനമോ ഉണ്ടായാലും മുസ്ലിം യുവാക്കളെ അറസ്റ്റു ചെയ്യുക എന്നത് അന്വേഷണ ഏജന്‍സികളുടെ രീതിയാണ് എന്നഭിപ്രായപ്പെട്ട ട്രൈബ്യൂണല്‍ അതിന്‍െറ ഏറ്റവും മികച്ച ഉദാഹരണമായി 2006ലെ മാലേഗാവ് സ്ഫോടനക്കേസ് ചൂണ്ടിക്കാട്ടുന്നു.
ബറാഅത്ത് രാവ് ദിനത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാള്‍ നേരത്തേ പൊലീസിന്‍െറ കസ്റ്റഡിയിലുണ്ടായിരുന്നയാളാണ്. മറ്റൊരാള്‍ സ്ഫോടനം നടക്കുമ്പോര്‍ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരെയായിരുന്നുതാനും. അന്വേഷണ ഏജന്‍സികള്‍ മുന്‍ധാരണയോടെ പിടികൂടുക മാത്രമല്ല തെളിവുകള്‍ പടച്ചുണ്ടാക്കുകയും ചെയ്തു. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട ഈ യുവാക്കള്‍ തീര്‍ത്തും നിരപരാധികളായിരുന്നുവെന്ന് തെളിഞ്ഞത്, സാധ്വി പ്രജ്ഞ സിങ്ങിന്‍െറ അഭിനവ് ഭാരതാണ് സംഭവത്തിന്‍െറ പിന്നിലെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെ കണ്ടത്തെിയതോടെയാണ്. എന്നാല്‍, താന്‍ ജഡ്ജിയായിരുന്ന മഹാരാഷ്ട്ര കോടതിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിരുന്ന പബ്ളിക് പ്രോസിക്യൂട്ടറോട് ഹിന്ദുത്വ ഭീകരര്‍ പ്രതികളായ ഭീകരത കേസുകളില്‍ മെല്ളെപ്പോവാന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നതായി ജസ്റ്റിസ് വെളിപ്പെടുത്തുന്നു.
നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ടു പുറത്തുവരുന്ന ഇരകളുടെ മൊഴികള്‍ സമഗ്രമായി സമാഹരിച്ച് പീപ്ള്‍സ് ട്രൈബ്യൂണല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വസ്തുതകള്‍ അടങ്ങിയതാണ്. നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിക്കല്‍, പൊലീസ് കസ്റ്റഡിയിലെ ക്രൂരപീഡനങ്ങള്‍, ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കല്‍, ജാമ്യം നിഷേധിക്കല്‍ എന്നിവ ചിലതുമാത്രമാണ്. വിട്ടയക്കപ്പെട്ട നിരപരാധികളെ സ്വന്തം സമുദായം പോലും ഏറ്റെടുക്കാത്ത ദുരവസ്ഥ തന്നെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ഷാ പറയുന്നു. വിട്ടയക്കപ്പെട്ട മനുഷ്യരുമായി ആശയവിനിമയം നടത്തിയാല്‍ തങ്ങളെയും ഇത്തരത്തിലുള്ള കേസുകളില്‍ പെടുത്തുമോ എന്ന സംശയമായിരിക്കാം അതിന്‍െറ പിന്നിലെന്ന് അദ്ദേഹം സംശയിക്കുന്നു.
അത് കേവലം സംശയമല്ല, തികഞ്ഞ യാഥാര്‍ഥ്യം തന്നെയാണെന്ന് ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനി കുടകില്‍ ചെന്നാണ് ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് സ്ഥാപിച്ചെടുക്കാന്‍ പൊലീസുണ്ടാക്കിയ കൃത്രിമ സാക്ഷ്യങ്ങളുടെ സത്യസ്ഥിതി അന്വേഷിക്കാന്‍ പോയ സ്വതന്ത്ര പത്രപ്രവര്‍ത്തക ഷാഹിനയുടെ ദുരനുഭവം തെളിയിക്കുന്നു. അവരിപ്പോഴും കേസിലെ പ്രതിയായി തുടരുകയാണ്.
ഭീകരക്കേസുകളില്‍നിന്ന് വിട്ടയക്കപ്പെട്ടവര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നയിക്കുന്നതിന് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും നിയമനിര്‍മാണം നടത്തണമെന്ന് ജനകീയ ട്രൈബ്യൂണല്‍ ജൂറി ശിപാര്‍ശ ചെയ്യുന്നു. നിയമനിര്‍മാണത്തിന് ഭരണകൂടം തയാറായില്ളെങ്കില്‍പോലും കോടതിക്ക് സ്വന്തംനിലക്ക് നഷ്ടപരിഹാരം വിധിക്കാനുള്ള അവസരമുണ്ട്. എന്നാല്‍, അവരത് വിധിക്കുന്നില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരകളുടെ അന്തസ്സ് പുന$സ്ഥാപിക്കണമെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷനുകള്‍ പ്രത്യേക സെല്ലുകള്‍ രൂപവത്കരിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ മോദി സര്‍ക്കാറില്‍നിന്ന് ഇവ്വിഷയകമായി എന്തെങ്കിലും പുനരാലോചന നടക്കാന്‍ പക്ഷേ, സാധ്യതയില്ല. അതേസമയം, സുപ്രധാന മനുഷ്യാവകാശ പ്രശ്നമായി ഈയാവശ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള കൂട്ടായ്മകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഒരുവിഭാഗം മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടുകളും ട്രൈബ്യൂണലിന്‍െറ വിമര്‍ശനത്തിന് ശരവ്യമായിട്ടുണ്ട്. പൊലീസ് ആരെയെങ്കിലും സംശയിച്ച് ചോദ്യം ചെയ്യാന്‍ പിടികൂടുമ്പോഴേക്ക് ‘ഭീകരര്‍ അറസ്റ്റില്‍’ എന്ന് തലക്കെട്ട് കൊടുക്കുന്ന പ്രമുഖ മാധ്യമങ്ങളുടെ നിലപാട് എത്ര നിരപരാധികളുടെ ജീവിതമാണ് നരകീയമാക്കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.