അപ്രതീക്ഷിത കോണുകളില്‍നിന്ന് തലപൊക്കുന്ന പല തരത്തിലുള്ള വിവാദങ്ങള്‍ ഇടതുസര്‍ക്കാറിനെ സദാ പിന്തുടരുമ്പോള്‍ സ്വാഭാവികമായും അത് ജനങ്ങളെ ചെടിപ്പിക്കുന്നുവെന്ന് മാത്രമല്ല, പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ തകര്‍ത്തുകളയുമോ എന്ന ആശങ്ക വളര്‍ത്തുകയുമാണ്്. 2016 മേയ് 25ന് അധികാരമേറ്റ ശേഷം സാമൂഹിക ക്ഷേമവും വികസനവും മുന്നില്‍ കണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും സ്വീകരിച്ച പ്രവര്‍ത്തനശൈലിയും വലിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചിരുന്നു. വിവാദങ്ങളും ആരോപണങ്ങളും കൊണ്ട് പൊറുതിമുട്ടിയ ജനം യു.ഡി.എഫിനെ അധികാരത്തില്‍നിന്ന് താഴെയിറക്കി, ഇടതുസര്‍ക്കാറിന്‍െറ കൈയില്‍ ചെങ്കോല്‍ ഏല്‍പിച്ചപ്പോള്‍, വലിയ അദ്ഭുതങ്ങളൊന്നും സ്വപ്നം കണ്ടിരുന്നില്ളെങ്കിലും മുന്‍കാലങ്ങളില്‍നിന്നുള്ള വ്യക്തമായൊരു വിടുതല്‍ പ്രത്യാശിച്ചിരുന്നുവെന്നത് നേരാണ്. അതിന്‍െറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഘട്ടത്തിലാണ് ബന്ധുനിയമനത്തിന്‍െറ പേരില്‍ മന്ത്രിസഭയിലെ രണ്ടാമനായി എണ്ണപ്പെട്ട വ്യവസായമന്ത്രി ഇ.പി. ജയരാജന് പുറത്തുപോകേണ്ടിവന്നത്. പ്രമുഖനായ ഭരണകക്ഷി നേതാവിനെതിരെ സ്വജനപക്ഷപാത ആരോപണം ഉയര്‍ന്നതും അതിന്‍െറ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നതുമെല്ലാം സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി. അപ്പോഴും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കൈക്കൊണ്ട ആര്‍ജവമുള്ള നിലപാട് നിഷ്പക്ഷമതികളില്‍ മതിപ്പുളവാക്കി.
തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന വിഷയത്തില്‍ മുന്നണികള്‍ തമ്മില്‍ അന്തരമുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സര്‍ക്കാര്‍ അവിടെനിന്ന് അല്‍പം മുന്നോട്ടുപോയപ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, കസ്റ്റഡി മരണങ്ങള്‍ തുടങ്ങി മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിലെ അതിരുവിട്ട ചെയ്തികള്‍ കേരളത്തിന്‍െറ മൊത്തം മന$സാക്ഷിയെ ഞെട്ടിച്ചതും വിവിധ തലങ്ങളില്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടതും. എന്നാല്‍, പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്ന പരിധിവിട്ട കളികള്‍ സര്‍ക്കാറിന്‍െറയും സി.പി.എമ്മിന്‍െറയും പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാണെന്നും ഈ ദിശയില്‍ പുനര്‍വിചിന്തനങ്ങള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും വിശദീകരണവുമായി മുന്നോട്ടുവന്നതോടെ പിരിമുറുക്കത്തിന് അയവുണ്ടായി.
എന്നാല്‍, അന്തരീക്ഷം തെളിയും മുമ്പിതാ, മറ്റൊരു വിവാദവുംകൂടി സര്‍ക്കാറിനെ പിടികൂടിയിരിക്കുന്നു. ഇടുക്കിയിലെ പ്രമാദമായ അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതിമന്ത്രി എം.എം. മണി പ്രതിസ്ഥാനത്ത് തുടരുമെന്ന് തീര്‍പ്പാക്കിയ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി, മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയിരിക്കയാണ്. അതോടെ, മണി മന്ത്രിസഭയില്‍ തുടരുന്നത് ശരിയാണോ എന്ന ചോദ്യവുമായി ഭരണപരിഷ്കരണ കമ്മിറ്റി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചതോടെ, വിവാദത്തിനു പുതിയൊരു മാനം കൈവന്നിരിക്കുന്നു. വിചാരണ നേരിടുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരരുത് എന്ന കേന്ദ്രനേതൃത്വത്തിന്‍െറ മുന്‍ നിര്‍ദേശം ഓര്‍മിപ്പിച്ചുകൊണ്ട് വി.എസ് അയച്ച കത്തിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമലര്‍ത്തുകയാണെങ്കിലും വിവാദം കൊഴുപ്പിക്കാനും സര്‍ക്കാറിനെ വിഷമവൃത്തത്തിലകപ്പെടുത്താനും പല കോണുകളില്‍നിന്ന് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അഞ്ചേരി ബേബി വധക്കേസില്‍ മണി പ്രതിക്കൂട്ടിലായത് അദ്ദേഹത്തിന്‍െറ തന്നെ കൃതാനര്‍ഥങ്ങളുടെ ഫലമാണ്. 1982 നവംബര്‍ 13നു മണത്തോട്ടിലെ ഏലക്കാട്ടില്‍ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ ‘85 മാര്‍ച്ചില്‍ സംശയത്തിന്‍െറ ആനുകൂല്യത്തില്‍ കേസ് അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായിരിക്കെ എം.എം. മണി നടത്തിയ വിവാദമായ ‘വണ്‍... ടു... ത്രീ... ഫോര്‍’ പ്രസംഗമാണ് കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈകോടതിയെ പ്രേരിപ്പിച്ചതും ഇപ്പോഴത്തെ കോടതി തീരുമാനത്തിലേക്ക് നയിച്ചതും. കേസില്‍ മണി പ്രതിയായി തുടരുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ കേസ് നിലനില്‍ക്കുമ്പോള്‍തന്നെയാണ് മണി മത്സരിച്ചു ജയിക്കുന്നതും ഇ.പി. ജയരാജന്‍ രാജിവെച്ച ഒഴിവ് നികത്തപ്പെട്ടപ്പോള്‍ മന്ത്രിയായി അവരോധിക്കപ്പെട്ടതും. ജയരാജനെതിരായി ഉയര്‍ന്ന സ്വജനപക്ഷപാത കുറ്റവും മണിക്കെതിരെയുള്ള രാഷ്ട്രീയസ്വഭാവമുള്ള ക്രിമിനല്‍ കുറ്റവും രണ്ടുതരത്തിലാണ് പാര്‍ട്ടി കാണുന്നത്. അതുകൊണ്ടാണ് ജയരാജന്‍െറ രാജി പിടിച്ചുവാങ്ങിയ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും മണിയുടെ രാജിയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്തത്. അതേസമയം, തന്‍െറ മുന്‍ വിശ്വസ്തനും പിന്നീട് കടുത്ത വിമര്‍ശകനുമായി മാറിയ മണിക്കുനേരെ സന്ദര്‍ഭം ഒത്തുവന്നപ്പോള്‍ ശരം തൊടുത്തുവിടാന്‍ വി.എസ് ആവേശം കാട്ടുന്നതിനു പിന്നില്‍, മറ്റു ചില ലക്ഷ്യങ്ങളും കാണുന്നവരുണ്ട്. ജനുവരി നാല് മുതല്‍ ലാവലിന്‍ കേസിന്‍െറ വിചാരണ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്വേഗത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്താനുള്ള വി.എസിന്‍െ ലാക്കാണ് ചില കേന്ദ്രങ്ങള്‍ ഈ നീക്കത്തില്‍ സംശയിക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലേക്ക് വ്യക്തികളെ തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കേണ്ട അവധാനതയുടെ കുറവാണ് മന്ത്രി മണിയുടെ കാര്യത്തില്‍ സര്‍ക്കാറിനെ ഇമ്മട്ടിലൊരു പ്രയാസത്തില്‍ കൊണ്ടത്തെിച്ചത്. പാര്‍ട്ടിയില്‍ അനുയോജ്യരായ മറ്റാരും ഇല്ലാത്തതുകൊണ്ടല്ലല്ളോ വധക്കേസില്‍ പ്രതിയായ ഒരു നേതാവിനത്തെന്നെ പിടിച്ച് മന്ത്രിക്കസേരയില്‍ കൊണ്ടിരുത്തിയത്. വിവാദങ്ങളും പാര്‍ട്ടിക്കകത്തെ ചക്കളത്തിപ്പോരും അവസാനിപ്പിച്ചാലേ നേരാംവണ്ണം സംസ്ഥാനം ഭരിക്കാന്‍ കഴിയൂവെന്ന് പിണറായി വിജയനെ ഓര്‍മപ്പെടുത്തേണ്ടതില്ലല്ളോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.