ജമ്മു-കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് സിവിലിയന്മാരായ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും നേരെ നടന്ന പൈശാചികാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കാത്തവരായി ഈ രാജ്യത്തെന്നല്ല പരിഷ്‍കൃത മനുഷ്യസമൂഹത്തിൽ തന്നെ ആരുമുണ്ടാവില്ല. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരകൃത്യത്തെ ഐക്യരാഷ്ട്ര സുരക്ഷാസമിതിയും ഒടുവിൽ അസന്ദിഗ്ധമായി അപലപിച്ചിട്ടുണ്ട്. ഈ ഘോരകൃത്യത്തിലെ പങ്കാളികളും ഉത്തരവാദികളും സംഘാടകരും സഹായം ചെയ്തവരുമായ എല്ലാവരെയും പിടികൂടി നീതി നടപ്പാക്കണമെന്ന് പാകിസ്താൻ ഉൾപ്പെടെയുള്ള പതിനഞ്ചംഗ സുരക്ഷാസമിതി ആവശ്യപ്പെടുന്നു. ഇരകളുടെ കുടുംബാംഗങ്ങളോടും ഇന്ത്യ, നേപ്പാൾ സർക്കാറുകളോടും അഗാധമായ അനുഭാവവും അനുശോചനവും രേഖപ്പെടുത്തിയ സുരക്ഷാസമിതി പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചിട്ടുണ്ട്. എവിടെ, ആർ, എപ്പോൾ നടത്തിയാലും ഏത് ഭീകരകൃത്യവും കുറ്റകരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഓർമിപ്പിച്ച സുരക്ഷാസമിതി യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും മാനിക്കാനുള്ള ഉത്തരവാദിത്തം എല്ലാ രാജ്യങ്ങൾക്കുമുണ്ടെന്ന് ഓർമിപ്പിക്കുക കൂടി ചെയ്യുന്നു. തീർച്ചയായും യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ ഇടപെടലും പഹൽഗാം ഭീകരാക്രമണത്തെ കരുതിവെപ്പില്ലാതെ അപലപിച്ച നടപടിയും ഇന്ത്യൻ ജനതയുടെയും സർക്കാറിന്റെയും ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല.
നിരായുധരും നിസ്സഹായരുമായ സിവിലിയന്മാരെ ഓർക്കാപ്പുറത്ത് ചാടിവീണ് വംശീയാടിസ്ഥാനത്തിൽ വേർതിരിച്ചുനിർത്തി വെടിയുണ്ടകൾക്കിരയാക്കാൻ പ്ലാൻ ചെയ്തവരും മതിയായ ആസൂത്രണത്തോടെ ഘോരകൃത്യം നടപ്പാക്കിയവരും പ്രഫഷനൽ ഭീകരസംഘങ്ങളുടെ ഭാഗമാണെന്നേ സാമാന്യബുദ്ധികൾക്ക് കരുതാനാവൂ. അതാവട്ടെ പതിറ്റാണ്ടുകളായി ഇന്ത്യാ രാജ്യം നേരിടുന്ന അതിർത്തിക്കപ്പുറത്തുനിന്നുള്ള സുരക്ഷാഭീഷണിയുടെ തുടർച്ചയുമാണ്. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ലശ്കറെ ത്വയ്യിബയുടെ തന്നെ ഉൽപന്നമായ ടി.ആർ.എഫിനെ പേരെടുത്തുപറയാൻ യു.എൻ രക്ഷാസമിതി തയാറാവാത്തതിൽ സ്വാഭാവികമായും ഇന്ത്യക്ക് പരിഭവമുണ്ട്.
നിലവിൽ പാകിസ്താൻ, സെക്യൂരിറ്റി കൗൺസിലിലെ താൽക്കാലികാംഗമാണെന്നതും ആ രാജ്യത്തെ പിണക്കാൻ വീറ്റോ അധികാരമുള്ള ശക്തികൾക്ക് പ്രയാസമുണ്ടെന്നതുമാവാം ഇതിനുള്ള കാരണം. ഭീകരസംഘടനകളുടെ നിരന്തരമായ വിളയാട്ടം ആഭ്യന്തരമായിത്തന്നെ സ്ഥിരം തലവേദനയായ പാകിസ്താനെ സംബന്ധിച്ചിടത്തോളം സാമൂഹിക, വംശീയ, രാഷ്ട്രീയ കാരണങ്ങളാൽ സുസംഘടിത ഭീകരപ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും ഒതുക്കുക എളുപ്പമല്ലെന്ന് ഇതഃപര്യന്തമുള്ള അനുഭവങ്ങൾ തെളിയിച്ചതാണ്. രാഷ്ട്രത്തിന്റെ ജനനം മുതൽ കൊണ്ടുനടക്കുന്ന കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം തേടാൻ പാകിസ്താനെ നാളിതുവരെ ഭരിച്ചവർക്കാർക്കും സാധിക്കാതിരുന്നതും അതുകൊണ്ടാവാം.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്ക് സാധിക്കേണ്ടത് അതിർത്തിക്കപ്പുറത്തുനിന്ന് സ്പോൺസർ ചെയ്യപ്പെടുന്നതോ ആസൂത്രണം ചെയ്യപ്പെടുന്നതോ ആയ ഭീകരകൃത്യങ്ങളുടെ വാതിലും പഴുതും എന്നെന്നേക്കുമായി അടച്ചുകളയുക എന്നതാണ്. ജമ്മു -കശ്മീർ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച് സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രം നേരിട്ട് ഭരിക്കാനാരംഭിച്ച് അഞ്ചുവർഷക്കാലത്തിനുശേഷമാണ് അവിടെ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, കോടതിക്ക് ഉറപ്പുനൽകിയ സമ്പൂർണ സംസ്ഥാന പദവി ഇതുവരെ പുനഃസ്ഥാപിച്ചില്ല. അതിന്റെ ലളിതമായ അർഥം എല്ലാവിധ കരുതലോടെയും സന്നാഹങ്ങളോടെയും കേന്ദ്രസർക്കാറാണ് ഭരണം ഫലത്തിൽ കൊണ്ടുനടത്തുന്നത് എന്നുതന്നെ. കശ്മീരിൽ എല്ലാം ശാന്തമാണെന്നും ഭീകരരെയും വിഘടനവാദികളെയും നിശ്ശേഷം തുരത്തി സമാധാനം പുനഃസ്ഥാപിച്ചുവെന്നും രാജ്യത്തിന് നൽകിയ ഉറപ്പിൽ വിശ്വസിച്ചാണ് നാനാഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ ‘ഭൂമിയിലെ സ്വർഗത്തിലേക്ക്’ പ്രവഹിക്കാൻ തുടങ്ങിയതും.പഹൽഗാം സംഭവം ആ വിശ്വാസത്തെയും പ്രതീക്ഷയെയുമാണ് അപ്പടി തകർത്തുകളഞ്ഞിരിക്കുന്നതെന്ന് സമ്മതിച്ചേ തീരൂ.
അതിന്റെ പേരിൽ കേന്ദ്രസർക്കാറിനെ വിചാരണ ചെയ്യാനല്ല, എത്രയും പെട്ടെന്ന് ഭീകരതയുടെ വേരറുക്കാനും സമാധാനവും സ്വൈരജീവിതവും പുനഃസ്ഥാപിക്കാനുമാണ് എല്ലാ കോണുകളിൽനിന്നുമുയരുന്ന ആവശ്യം. വീണ്ടും ഒരു യുദ്ധത്തിലൂടെ ഭീഷണി അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്നവരുണ്ടെങ്കിലും രാജ്യത്തിന്റെ ഉത്തമ ഗുണകാംക്ഷികളും സഹകാരികളുമെന്ന് മോദി സർക്കാർ വിശ്വസിപ്പിക്കുന്ന ഡോണൾഡ് ട്രംപിന്റെ അമേരിക്കയോ പുടിന്റെ റഷ്യയോ പോലും സൈനിക നടപടിക്ക് പച്ചക്കൊടി കാട്ടുന്നില്ല. ഇന്ത്യയും പാകിസ്താനും ചേർന്ന ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് രാഷ്ട്രാന്തരീയ തലത്തിൽ ഉയരുന്ന ആവശ്യം. അതേസമയം, ഭീകരാക്രമണ ഭീഷണിയുടെ നിഴലിൽ ഒരുനിമിഷവും ഈ രാജ്യത്തിന് മുന്നോട്ടുപോവാനുമാവില്ല. എല്ലാം പരിശോധിച്ചും പരിഗണിച്ചും വിവേകപൂർവമായ ഒരു തീരുമാനത്തിലെത്താൻ സർക്കാറിന് സാധിക്കണം, രാജ്യം ഒറ്റക്കെട്ടായി ആ തീരുമാനത്തോടൊപ്പം നിൽക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.