ഇന്ദോറിന്റെ ശുചിത്വവും മലയാളിയുടെ മാലിന്യവും

തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരം മധ്യപ്രദേശിലെ ഇന്ദോർ നേടിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് 2022ലെ സ്വച്ഛ് സർവേക്ഷൻ അവാർഡുകൾ പ്രഖ്യാപിച്ചത്. 35 ലക്ഷം ജനസംഖ്യയുള്ള ഇന്ദോറിൽ, തുറന്ന ചവറ്റുപെട്ടിയേ ഇല്ലത്രേ. സംസ്ഥാനങ്ങൾക്കിടയിൽ മധ്യപ്രദേശിന് താഴെ വന്നത് മഹാരാഷ്ട്രയും ഛത്തിസ്ഗഢുമാണ്. നഗരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയും നേടി. 4354 നഗര ഭരണസ്ഥാപനങ്ങളുടെ ശുചിത്വ അവാർഡിനുള്ള മാനദണ്ഡങ്ങൾ വീടാന്തരം തരംതിരിച്ചുള്ള മാലിന്യ ശേഖരം, തെരുവുകളുടെ ശുചിത്വം, പൊതു ശൗചാലയങ്ങൾ, നഗര സൗന്ദര്യവത്​കരണം, വ്യാപാര-പാർപ്പിട മേഖലകളിലും മഴവെള്ള ചാലുകളിലുമുള്ള മാലിന്യമുക്തി, പാർപ്പിട കേന്ദ്രങ്ങളിലെ ദിനേനയുള്ള തൂപ്പ് സംവിധാനങ്ങൾ, തുറന്ന കുപ്പത്തൊട്ടികളുടെ അഭാവം, പൗരന്മാരുടെ പരാതി പരിഹാരം തുടങ്ങിയവയായിരുന്നു.

10 ലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ കേരളത്തിന്‍റെ വ്യാപാര സിരാകേന്ദ്രവും സംസ്ഥാനത്തിന്റെ ഷോ പീസുമായ കൊച്ചി 298ാം സ്ഥാനത്താണ്. തിരുവനന്തപുരത്തിന് 305. മൊത്തം നഗരങ്ങളിലും സംസ്ഥാനത്തെ പട്ടണങ്ങൾ ഏറെ പിന്നിലാണ്. കൊച്ചി 2593, തിരുവനന്തപുരം 2735, കോഴിക്കോട് 3192 എന്നിങ്ങനെ. ആദ്യ 100 റാങ്കിൽ കേരളത്തിലെ ഒരു നഗരവുമില്ല. കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രാലയമാണ് റാങ്കിങ് നടത്തിയത്. മാലിന്യ ശേഖരത്തിലെ പോരായ്മയും തെരുവുകളിലെയും പൊതു ശൗചാലയങ്ങളിലെയും വൃത്തിഹീനതയും കൊച്ചിയുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടിരിക്കുന്നു. മാതൃകയായി സംസ്ഥാനം എടുത്തുകാണിക്കുന്ന കൊച്ചി നഗരവും മുമ്പ് ശുചിത്വത്തിൽ മുന്നിലായിരുന്ന തിരുവനന്തപുരവും ശുചിത്വ പരിപാലന ശ്രദ്ധയുടെയും അടിസ്ഥാന നാഗരിക ഉപാധികളുടെയും കാര്യത്തിൽ എത്ര പിന്നാക്കമാണെന്ന് തിരിച്ചറിയാൻ ഈ മാർക്കിടൽ ഉപകരിച്ചേക്കും.

റാങ്കിങ്ങിന് ഉപയോഗിച്ച മാനദണ്ഡങ്ങളെക്കുറിച്ച്​ പരാതികൾ ഉണ്ടെങ്കിലും ശുചിത്വ സംബന്ധിയായ വീഴ്ചകൾ കൊച്ചിയല്ലാത്ത മറ്റു നഗരങ്ങളിലുമുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽനിന്ന് പുറത്തുകടന്നാൽ തെരുവുകളിലും അവയുടെ ഓരങ്ങളിലും ഉണ്ടാവേണ്ട ശുചിത്വബോധം പൊതുവേ കുറഞ്ഞുവരുന്നു. മാലിന്യം പൊതുയിടങ്ങളിൽ വലിച്ചെറിയുന്നത് ഒരുദാഹരണം. പക്ഷേ, അതിലും നിർണായകമാണ്​ ഇതിൽ സർക്കാറിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള ഉത്തരവാദിത്തം. ഉദാഹരണമായി ഇടക്കിടെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്ത് അധികാരപ്രയോഗം നടക്കുന്നതല്ലാതെ, തദ്ദേശസ്ഥാപനങ്ങൾ 2016ലെ കേന്ദ്ര പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ടങ്ങളനുസരിച്ച് അവർക്കുള്ള നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കാറില്ല. അനുവദനീയമായ പരിധിയിൽ മൈക്രോൺ അടങ്ങിയ പ്ലാസ്റ്റിക് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും അധികാരവും അവർക്കുള്ളതോടൊപ്പം, പാഴ്വസ്തുക്കൾ സംസ്കരിച്ച് പുനരുപയോഗം ചെയ്യാനുള്ള സംവിധാനം ഒരുക്കാനുള്ള ഉത്തരവാദിത്തവുമുണ്ടെന്ന് പ്രസ്തുത ചട്ടം കൃത്യമായി നിർവചിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് അത്തരം ഏജൻസികളെ ഏൽപിക്കുകയും നിശ്ചയിച്ച ഫീസ് അടക്കുകയും ചെയ്യാനുള്ള ബാധ്യതയേയുള്ളൂ.

ഇതുകൂടാതെ ചിലതരം പ്ലാസ്റ്റിക് വസ്തുക്കളുടെ ഉൽപാദകരുടെ മേലും നിയമത്തിൽ ചിലതു പറയുന്നുണ്ട്. ഇതൊന്നും നടപ്പിലാക്കാതെ, പൗരന്മാരെയും ചെറുകിട വ്യാപാരികളെയും പ്രതിക്കൂട്ടിലാക്കുന്ന എളുപ്പവിദ്യ മാത്രമാണ് അധികാരികൾ നടത്താറുള്ളത്. ശുചിത്വ പരിപാലനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ മൂലധന നിക്ഷേപ കാര്യത്തിൽ (കാപെക്സ്) മാത്രം ഒതുങ്ങിക്കൂടാ. അത് സ്ഥായിയാക്കാനുള്ള സംവിധാനങ്ങൾ വേണം. അതിനുള്ള ജീവനക്കാർ, വാഹനങ്ങൾ, ഇന്ധനം, അറ്റകുറ്റപ്പണികൾ, ഉപകരണങ്ങൾ പുതുക്കൽ എന്നിവയും അതിനുള്ള അടങ്കലും (ഒപെക്സ്) ലഭ്യമായിരിക്കണം. പൊതുജനമാണോ അതോ സ്​റ്റേറ്റാണോ ഇതിൽ ആദ്യം തിരുത്തേണ്ടത് എന്ന ചോദ്യത്തിന് സ്​റ്റേറ്റ്​ എന്നാണുത്തരം. റെയിൽവേ സ്റ്റേഷനുകൾ ഉദാഹരണം. സ്റ്റേഷനുകളിലെ തറ ഒരു ബസ് സ്റ്റാൻഡിലേതിനേക്കാൾ മൊത്തത്തിൽ മെച്ചമായിരിക്കുന്നത് ഭരണകൂടം ഒരുക്കുന്ന ഫണ്ടിങ്ങും സാമഗ്രികളും ഭരണ-സേവന സംവിധാനവും കാരണമാണ്. പ്ലാസ്റ്റിക് തുടങ്ങിയ ഖരമാലിന്യ ശേഖരത്തിൽ ഹരിത കർമസേന പല തദ്ദേശസ്ഥാപനങ്ങളിലും ഫലപ്രദമാണെങ്കിലും സംസ്ഥാനം മുഴുവൻ അതിന്‍റെ സാന്നിധ്യമായിട്ടില്ല.

കൂടാതെ ഭക്ഷ്യമാലിന്യം, അറവുമാലിന്യം തുടങ്ങിയ ജൈവ മാലിന്യങ്ങൾക്കും മതിയായ ശേഖര-സംസ്കരണ പദ്ധതികളുണ്ടാവണം. ഇതിനുള്ള പണം ആനുപാതികമായ നികുതികളിൽ നിന്നോ, അത്ര മൗലികപ്രാധാന്യമില്ലാത്ത നിർമാണപദ്ധതികൾ വേണ്ടെന്നു​വെച്ചോ പോലും കണ്ടെത്തുകയാണ് വേണ്ടത്. സർക്കാർ മേഖല മറ്റൊരു വികസനവും നടത്തിയില്ലെങ്കിലും നിർവഹിക്കേണ്ട, ജനങ്ങൾക്ക് സ്വന്തം നിലക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുൾപ്പെട്ട, അടിസ്ഥാന പ്രവർത്തന മേഖലയാണിത്. ഉദ്ഗ്രഥിതമായ മാലിന്യ ശേഖരണ-സംസ്കരണ നയവും സംവിധാനങ്ങളും അത് നിലനിർത്താനുള്ള മെഷിനറിയും ഉണ്ടായാലേ പൗരന്മാരെ അനുസരിപ്പിക്കാനും ശുചിത്വ സ്കോർ മെച്ചപ്പെടുത്താനും വഴിയൊരുങ്ങുകയുള്ളൂ.

Tags:    
News Summary - Madhyamam editorial on cleanliness ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.