ഗവർണർ ചുവപ്പുരേഖകൾ ലംഘിക്കരുത്

ഇന്ത്യൻ ഭരണഘടനയുടെ ഖണ്ഡിക 153 ആണ് സംസ്​ഥാന ഗവർണർ പദവിയെക്കുറിച്ച് പറയുന്നത്. കേന്ദ്രത്തിൽ രാഷ്ട്രപതിക്കുള്ള സ്​ഥാനമാണ് സംസ്​ഥാനതലത്തിൽ ഗവർണർമാർക്ക് കൽപിക്കപ്പെടുന്നത്. എന്നാൽ, ഭരണഘടനയുടെ കാവൽക്കാരൻ എന്ന നിലക്കും പലവിധ ഭരണഘടനസ്​ഥാപനങ്ങൾ ചേർന്ന രാഷ്ട്രകൂടത്തിെൻറ സന്തുലിതത്വം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലക്കുമുള്ള മഹത്തായ ഉത്തരവാദിത്തങ്ങൾ രാഷ്​ട്രപതിക്ക് നിർവഹിക്കാനുണ്ട്.

അതേസമയം, രാഷ്ട്രീയത്തിൽ എടുക്കാചരക്കായവരെ പുനരധിവസിപ്പിക്കാനും പാളയംമാറി എത്തുന്നവരെ കുടിയിരുത്താനുമുള്ള വഴിയായാണ് പൊതുവെ ഗവർണർ പദവി രാജ്യത്ത് ഉപയോഗപ്പെടുത്തപ്പെട്ടുപോന്നത്. വൃദ്ധസദനങ്ങൾ എന്ന പരിഹാസപ്പേരും രാജ്ഭവനുകൾക്കുണ്ട്. ഗവർണർ സമ്പ്രദായം തന്നെ അവസാനിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത് പലരും ഇതിനകം ഉയർത്തി. 'ആടിെൻറ താടിപോലെ വേണ്ടാത്തതാണ് ഗവർണർപദവി' എന്ന് അടുത്തിടെ അഭിപ്രായപ്പെട്ടത് തമിഴ്​നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ്.

ഗവർണർ സർക്കാറിെൻറ തലവനല്ല. ആ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടേതാണ്. സംസ്​ഥാനത്തെ നിയമനിർമാണവും ഭരണനിർവഹണവും ഭരണഘടനപ്രകാരം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഗവർണറുടെ ഉത്തരവാദിത്തം. ഭരണനിർവഹണത്തിലും നയരൂപവത്​കരണത്തിലും ഗവർണർ ഇടപെടാൻ പാടില്ല. എന്നാൽ, ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്​ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണനിർവഹണത്തിൽ കേന്ദ്രം വ്യാപകമായി ഇടപെടുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഗവർണറും തെരഞ്ഞെടുക്കപ്പെട്ട സർക്കാറും തമ്മിലെ സംഘർഷം പതിവായിരിക്കുകയാണ്. നേരത്തേ പുതുച്ചേരിയിലും ഡൽഹിയിലും ഈ സംഘർഷം നിലവിട്ട​ുപോയ അവസ്ഥയുമുണ്ടായി. കേന്ദ്രഗവൺമെൻറി​െൻറ നിലപാടുകളും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മുൻഗണനകളും വളഞ്ഞ വഴിയിലൂടെ സംസ്ഥാനത്ത് അടിച്ചേൽപിക്കാൻ ഗവർണർമാർ ശ്രമിക്കുന്നതാണ് ഈ സംഘർഷങ്ങൾക്കെല്ലാം കാരണമാവുന്നത്. നമ്മുടെ ഫെഡറൽ തത്ത്വങ്ങളെ ലംഘിക്കുന്നതാണ് ഈ സമീപനം. അത്തരമൊരു നിലപാട് സംസ്ഥാനവും കേന്ദ്രവും തമ്മിലെ വലിയ സംഘർഷങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും.

2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. ഭാരതീയ ക്രാന്തി ദൾ, ഇന്ത്യൻ നാഷനൽ കോൺഗ്രസ്​, ജനതാദൾ, ബി.എസ്​.പി എന്നീ പാർട്ടികളിൽ കയറിയിറങ്ങിയശേഷം ബി.ജെ.പിയിൽ എത്തിയ ആളാണ് ഖാൻ. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിനുവേണ്ടി കേരളത്തിൽ അധിക സമയം വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗവർണർ പദവിയിൽ എത്തിയശേഷം അദ്ദേഹം. പലപ്പോഴും താൻ ഇരിക്കുന്ന പദവിയുടെ പരിമിതികളും മഹത്ത്വവും മറന്ന് രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്ന ഗവർണറെയാണ് കണ്ടത്. അതിപ്പോൾ എല്ലാ പരിധികളും ലംഘിച്ച് മുന്നോട്ടുപോവുകയാണ്.

1986ൽ മുസ്​ലിംവനിത സംരക്ഷണ നിയമം അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പാസാക്കിയതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽനിന്ന് രാജിവെച്ചയാളാണ് അദ്ദേഹം. വിവാഹമോചിതയായ മുസ്​ലിം സ്​ത്രീകളെ ആജീവനാന്തം മുൻ ഭർത്താവിെൻറ ഔദാര്യത്തിൽ കഴിയാൻ നിർബന്ധിക്കുന്ന, അങ്ങേയറ്റം സ്​ത്രീവിരുദ്ധമായ ഷാബാനു കേസ്​ വിധിയെ മറികടക്കാനാണ് രാജീവ് ഗാന്ധി സർക്കാർ ആ നിയമം കൊണ്ടുവന്നത്. വിവാഹമോചിതരായ മുസ്​ലിം സ്​ത്രീകളെ അപമാനിക്കുന്ന ആ വിചിത്ര വിധിയെ ഇന്ത്യയിലെ ഹിന്ദുത്വരും ഇടതുപക്ഷവും സവർണ ഫെമിനിസ്റ്റുകളും പിന്തുണക്കുന്ന അസാധാരണമായ സാഹചര്യമായിരുന്നു. അന്നു മുതൽ മുസ്​ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയിലെ ഹിന്ദുത്വ മുഖ്യധാരയെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചുവന്നത്. ഹിജാബ് വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം പരസ്യമായി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും അതിെൻറ ഭാഗമാണ്.

മുസ്​ലിം സ്​ത്രീകളെ ഭരണകൂടവും സംഘ്പരിവാരവും ചേർന്ന് വസ്​ത്രാക്ഷേപം നടത്തുകയാണ്​ കർണാടകയിലിപ്പോൾ. തലയിൽ തട്ടമിട്ട് ക്ലാസിലേക്കു വരുന്ന കുട്ടികളെ തടഞ്ഞുനിർത്തി അധ്യാപകർതന്നെ അത് അഴിപ്പിക്കുകയാണ്. മനഃസാക്ഷിയുള്ള ഏതു മനുഷ്യനെയും ഏറെ വേദനിപ്പിക്കുന്ന ഈ കാഴ്ചകളാണ്​ അന്തർദേശീയ തലത്തിൽ കർണാടക പ്രശ്നം ചർച്ചചെയ്യപ്പെടാൻ വഴിവെച്ചത്​. അത്തരമൊരു വിഷയത്തിലാണ് ഗവർണർ പദവിയിലിരിക്കുന്ന ഒരാൾ, അതിക്രമികളുടെ പക്ഷംപിടിച്ച് പരസ്യമായി സംസാരിക്കുന്നത്. ഒരു സമുദായത്തെ വേദനിപ്പിക്കാനും കുറ്റപ്പെടുത്താനും അവർ പവിത്രമെന്നു കരുതുന്ന അടയാളങ്ങളെ പരസ്യമായി അവഹേളിക്കാനും ഗവർണർ കൂട്ടുനിൽക്കുന്നുവെന്നത്​ കേന്ദ്രസർക്കാറിെൻറ ആവശ്യങ്ങൾക്കനുസരിച്ച് ഭരണനിർവഹണത്തിൽ അനാവശ്യമായി ഇടപെടുന്നതിനെക്കാൾ ഗുരുതരമാണ്​. അത് ചുവപ്പുരേഖകളെ ഭേദിക്കലാണ്. ഗവർണർ പദവിയിൽ ഇരിക്കുന്ന ഒരാളിൽനിന്ന് അതുണ്ടാകാൻ പാടില്ലാത്തതാണ്​. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരസ്യമായി അവഹേളിക്കുന്ന കർണാടകസർക്കാറും സംഘ്പരിവാറും കുഴപ്പമുണ്ടാക്കി രാഷ്ട്രീയലാഭം നേടാനാണ് ശ്രമിക്കുന്നത്. ഭരണഘടന തത്ത്വങ്ങളെത്തന്നെ അട്ടിമറിക്കുന്ന ആ കാലുഷ്യങ്ങളെ ന്യായീകരിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഗവർണറിൽനിന്ന്​ കേരളം പ്രതീക്ഷിക്കുന്നുണ്ട്​. 

News Summary - Madhyamam Editorial on arif mohammed khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT