കാറു നീങ്ങ​ട്ടെ, ആശ്വാസക്കാറ്റായി മാറ​ട്ടെ




ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട്​ ശ്രീലങ്കയിലെ ജാഫ്ന മേഖലയിൽ വീശിയടിച്ച്​ വരുന്ന ബുറെവി ചുഴലിക്കാറ്റിനെ അതിജീവിക്കാനുള്ള ജാഗ്രതയിലാണ്​ കേരളം. കാറ്റ് പശ്ചിമഘട്ടം മറികടക്കുമ്പോൾ അതിതീവ്ര ന്യൂനമർദമായോ തീവ്ര ന്യൂനമർദമായോ മാറിയേക്കുമെന്ന കാലാവസ്ഥ വിദഗ്​ധർ നൽകുന്ന പുതിയ വിവരം ആശ്വാസം നൽകുന്നതാണ്. നേരത്തേ പ്രതീക്ഷിച്ചതിൽനിന്ന് വിഭിന്നമായി ബുറെവിയുടെ സഞ്ചാരപാത കുറച്ചുകൂടി വടക്കോട്ടുമാറി പൊന്മുടി േമഖലയിലൂടെ കേരളത്തിലേക്ക് പ്രവേശിച്ച് വർക്കല തീരത്തുകൂടി അറബിക്കടലിൽ ചേരാനാണ് സാധ്യതയെന്ന വിവരം കൂടുതൽ ജാഗ്രതയും മുന്നൊരുക്കവും അനിവാര്യമാക്കുന്നുമുണ്ട്​. പശ്ചിമഘട്ട മലനിരകളിൽ തട്ടി ചിതറി കാറ്റിെൻറ പ്രഭാവത്തിലും ഗതിയിലും മാറ്റം വരാമെന്ന വിദഗ്​ധരുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അപകടാവസ്ഥ പൂർണമായി മാറുന്നതുവരെ ഭരണകൂടവും ജനങ്ങളും സർവസജ്ജരായി ഉണർന്നിരിക്കേണ്ടതുണ്ട്. ഓഖി ഏൽപിച്ച മുറിവിെൻറ നീറ്റൽ നമ്മെ ഇപ്പോഴും നടുക്കുന്നുണ്ട്.

ദുരന്തങ്ങളുടെ കാഠിന്യം ലഘൂകരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 48 വില്ലേജുകൾ അതിജാഗ്രതയിലാണ്. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ആളുകളെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാറ്റിനൊപ്പം മിന്നലും തീവ്രമഴയുമുണ്ടാകുമെന്ന അനുമാനത്തിൽ കെടുതികൾ ലഘൂകരിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ റവന്യൂ വകുപ്പും സജ്ജമാക്കിയിട്ടുണ്ട്. കര, ​േവ്യാമ, നാവിക സേന ഉദ്യോഗസ്ഥരടക്കം സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കുകയും ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയെ നേരിടാനുമുള്ള മാർഗങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരിക്കുന്നു. ദേശീയ ദുരിതാശ്വാസ സേനയും രക്ഷാപ്രവർത്തനത്തിന് ഒരുങ്ങിയിട്ടുണ്ട്. രണ്ട് പ്രളയങ്ങൾ നൽകിയ അനുഭവങ്ങൾ മുൻകരുതലുകൾ ഒരുക്കുന്നതിന് നമുക്ക് സഹായകരമാകുന്നുണ്ട്. എമർജൻസി കിറ്റുകളും വീടുകളിൽ ഒരുക്കേണ്ട അടിയന്തര സംവിധാനങ്ങളും എങ്ങനെ ക്രമീകരിക്കാമെന്നതിെന കുറിച്ച് എല്ലാവർക്കും സാമാന്യധാരണകളുണ്ട് എന്നതും ആശ്വാസം നൽകുന്ന കാര്യംതന്നെ.

ഇത്തരം ദുരന്തങ്ങളോട് അലസഭാവം പുലർത്താതിരിക്കുകയാണ് ഇനി വേണ്ടത്. ആപത്തുകളൊന്നും വരരുതേ എന്ന് ഉള്ളുരുകി പ്രാർഥിക്കാം; അപകടങ്ങൾ സംഭവിച്ചാൽ ജീവാപായങ്ങൾ ഇല്ലാതിരിക്കാനുള്ള പരമാവധി മുൻകരുതലുകൾ ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ കടന്നുപോയ ശേഷം പ്രവചിക്കപ്പെട്ട ദുരന്തമുണ്ടായില്ലെങ്കിൽ സുരക്ഷാക്രമീകരണങ്ങളെ അപഹസിക്കുന്ന സമീപനം പലപ്പോഴും ഉണ്ടാകാറുണ്ട്. അങ്ങേയറ്റം സംസ്കാരശൂന്യവും ജാഗ്രതാപ്രവർത്തനങ്ങളുടെ വിലയിടിക്കുകയും ചെയ്യുന്ന അത്തരക്കാർ ഭാവിയിൽ അപകടത്തെ വിലകൊടുത്തു വാങ്ങുന്ന ദുഷ്പ്രചാരകരാവുകയാണ്. പ്രതീക്ഷിച്ച ദുരന്തങ്ങളുണ്ടാകാതിരുന്നതിൽ സമാശ്വാസം കൊള്ളുകയും ജാഗ്രതാനിർദേശങ്ങൾ പൂർണമായി പാലിച്ചതിൽ അഭിമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം അനിവാര്യമായ നാടുകളിലൊന്നായി കേരളവും മാറി എന്നതാണ് അടിക്കടി സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ, രാത്രിസഞ്ചാരവും ദീർഘയാത്രകളും നീട്ടിവെക്കാനുള്ള മുന്നറിയിപ്പുകൾ മുതൽ സർക്കാർ പുറത്തിറക്കിയ എല്ലാ ജാഗ്രതാനിർദേശങ്ങളും അക്ഷരംപ്രതി അനുസരിക്കപ്പെടേണ്ടതുണ്ട്. തീവ്രമഴ കാരണം ഡാമുകളുടെയും നദികളുടെയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളും കൂടുതൽ കരുതലുകൾ സ്വീകരിക്കേണ്ടതാണ്.

കാലാവസ്ഥ വ്യതിയാനം രൂക്ഷമായി ബാധിച്ച ഭൂപ്രദേശങ്ങളിലൊന്നായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നുവെന്ന സത്യത്തെ ഇനിയും മൂടിവെച്ചിട്ട് കാര്യമില്ല. കാലാവസ്ഥ മാറ്റത്തിെൻറ ലക്ഷണങ്ങൾ എല്ലാ ഋതുക്കളിലും പ്രകടമാണ്. കാലാവസ്ഥ വ്യതിയാനം കാരണം രൂപപ്പെടുന്ന എൽനിനോ പ്രതിഭാസം ആഘാതമുണ്ടാക്കുന്ന പ്രദേശമാണ് േകരളം. ബുറെവി ബംഗാൾ ഉൾക്കടലിൽ ഈ ആഴ്ചയുണ്ടായ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിന് കാരണമായ ന്യൂനമർദങ്ങളുടെ കാരണവും ചെ​െന്നത്തുന്നത് കാലാവസ്ഥ വ്യതിയാനത്തിൽതന്നെ. ശക്തമായി മഴ പെയ്താൽ സംസ്ഥാനത്തിെൻറ 75 ശതമാനം പ്രദേശവും വെള്ളക്കെട്ടുകൾക്ക് സാധ്യതയുള്ളതാ​െണങ്കിൽ മലയോര മേഖല ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംഭവിക്കാൻ ഇടവരുന്ന മേഖലകളുമാണ്. ഇത്രയും ലോലമായ ഭൂപ്രദേശത്ത് ജീവിക്കുന്നവർ കാലാവസ്ഥ വ്യതിയാനത്തെ അന്തർദേശീയ പ്രശ്നമായല്ല, നമ്മുടെ ജീവൽ​പ്രശ്​നമായിതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ആഗോളതാപനത്തിനെതിരായ ജനകീയ പ്രതിരോധങ്ങളുടെ മണ്ണായി കേരളം മാറാതെ പ്രകൃതിക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമാവുകയില്ല. സാക്ഷരതായജ്ഞത്തെ അനുസ്മരിപ്പിക്കുംവിധം ലോകത്തെതന്നെ പ്രചോദിപ്പിക്കുന്ന പാരിസ്ഥിതിക കാമ്പയിൻ സർക്കാറും സന്നദ്ധസംഘങ്ങളും സാമൂഹിക, സാമുദായിക കൂട്ടായ്​മകളുമൊക്കെ ചേർന്ന് നിർവഹിക്കേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടം നമ്മുടെ നിലനിൽപിന് എത്രമാത്രം അനിവാര്യമാ​െണന്ന് ബുറെവിയും നമ്മെ പഠിപ്പിക്കുന്നു. പക്ഷേ, അത് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണമെന്ന ബോധം തുടർച്ചയായ പ്രകൃതിക്ഷോഭങ്ങൾക്കുശേഷവും ഉണ്ടാകുന്നില്ല എന്നതാണ് ശരിക്കും നാം നേരിടുന്ന ദുരന്തം. 

Tags:    
News Summary - madhyamam editorial on burevi cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.