ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന സങ്കൽപം വെറുമൊരു മിഥ്യയാണെന്നും രാജവാഴ്ച ജനതക്ക് ആകമാനം സമാധാനവും സമൃദ്ധിയും പകർന്ന് ആയിരമായിരം ആണ്ടുകളോളം ശ്രേയസ്കരമായി നിലകൊണ്ട വ്യവസ്ഥയാണെന്നുമുള്ള ആചാര്യെൻറ 'വിചാരധാര'യിൽ വിശ്വസിക്കുന്ന സംഘ്പരിവാറാണ് കേന്ദ്രം ഭരിക്കുന്നത്. മതിയായ ഭൂരിപക്ഷം പാർലമെൻറിൽ കിട്ടിയതോടെ ജനാധിപത്യത്തെ പ്രയോഗതലത്തിൽ എങ്ങനെ മിഥ്യയാക്കിത്തീർക്കാമെന്ന പരീക്ഷണം അവർ വിജയകരമായി നടത്തിവരുന്നുമുണ്ട്. ഭരണഘടനാശിൽപികൾ നെടുനാളത്തെ സംവാദങ്ങളിലൂടെ സമവായങ്ങളിലെത്തിച്ചേർന്ന സങ്കീർണപ്രശ്നങ്ങളുടെ പരിഹാരക്രിയകളൊക്കെ പുറംകാൽകൊണ്ട് തട്ടിയെറിഞ്ഞ് ബില്ലുകളും ഒാർഡിനൻസുകളും വഴി ഹിന്ദുത്വ മുഖമുദ്രയായ സ്വേച്ഛാവാഴ്ച പൗരന്മാർക്കുമേൽ അടിച്ചേൽപിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ജമ്മു-കശ്മീർ എന്ന സംസ്ഥാനത്തെ വെട്ടിമുറിക്കാൻ, ആഭ്യന്തരശത്രുക്കളായി തങ്ങൾ ഗണിക്കുന്ന വിഭാഗത്തെ അഴികൾക്കകത്താക്കാനുള്ള അപഹാസ്യവും അപ്രായോഗികവുമായ നിയമം നിർമിക്കാൻ, ജനസഞ്ചയത്തിൽ വലിയൊരു വിഭാഗത്തെ വംശീയമായ നാടുകടത്തലിനും ഉന്മൂലനത്തിനുമിരയാക്കുന്ന നിയമങ്ങൾ ചുെട്ടടുക്കാൻ, രാജ്യത്തിെൻറ നെട്ടല്ലായ കർഷകരുടെ നടുവൊടിച്ച് ഭൂമിയടക്കമുള്ള വിഭവങ്ങൾക്ക് സ്വന്തക്കാരായ സ്വദേശികൾക്കും വിദേശികൾക്കും പതിച്ചു നൽകാൻ...എല്ലാം അവർക്ക് അത്രമേൽ എളുപ്പമാകുന്നത് ജനാധിപത്യത്തിെൻറ പട്ടിനുള്ളിൽ പുതപ്പിച്ച് ഏകാധിപത്യത്തിെൻറ ഉരുക്കുമുഷ്ടി കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്.
വിളവെടുപ്പും പുതുവിളയിറക്കാൻ മണ്ണും വിളയുമൊരുക്കലുമായി കൃഷിഭൂമിയിൽനിന്നു കയറിനിൽക്കാൻ നേരമില്ലാത്ത നാളുകളിൽ ഉത്തരേന്ത്യയിലെ കർഷകസഹസ്രങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നത് ഇൗ ഏകാധിപത്യഭരണത്തിെൻറ സ്വേച്ഛാവാഴ്ചയുടെ ഫലമാണ്. കാർഷികവ്യവസ്ഥയെതന്നെ കുത്തകകൾക്കു തീറെഴുതുന്ന പുതിയ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ വിട്ടുവീഴ്ചക്കൊന്നും കർഷകർക്കാവില്ല. ജനാധിപത്യത്തിെൻറ വഴിയിലേക്ക് ഗവൺമെൻറിനെ കൊണ്ടുവരാൻ കർഷകരും അവരെ ഏകാധിപത്യത്തിെൻറ തീട്ടൂരങ്ങൾക്കു വഴക്കിയെടുക്കാൻ ഭരണകൂടവും തമ്മിൽ നടത്തുന്ന വടംവലിയാണിപ്പോൾ രാജ്യതലസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന സവിശേഷത നിലവിൽ ബി.ജെ.പി ഭരണകൂടത്തിനു വഹിയാഭാരമായി മാറിയിരിക്കുന്നുവെന്നാണ് ജനാധിപത്യപ്രക്ഷോഭങ്ങളുടെ നേർക്കുള്ള അവരുടെ മനോഭാവം വെളിപ്പെടുത്തുന്നത്. ജനാധിപത്യത്തിെൻറ ആനുകൂല്യങ്ങൾ അനുഭവിക്കുകയും വേണം; അവകാശങ്ങൾ വിട്ടുകൊടുക്കുകയുമില്ല എന്നാണു മട്ട്. ഇതിെൻറ ഒടുവിലെ ഉദാഹരണമാണ് നിതി ആേയാഗ് സി.ഇ.ഒ അമിതാഭ് കാന്ത് കഴിഞ്ഞ ദിവസം നടത്തിയ ഏകാധിപത്യത്തിെൻറ കാടുകയറിയ പ്രസ്താവന. ഇന്ത്യൻ സാഹചര്യത്തിൽ കടുംവെട്ട് പരിഷ്കാരങ്ങൾ ഏറെ പ്രയാസം പിടിച്ച ജോലിയാണെന്നും ഇവിടെ ജനാധിപത്യം ഒത്തിരി കൂടുതലാണെന്നുമാണ് കാന്തിെൻറ പരിഭവം. ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയിൽ കടുത്ത പരിഷ്കാരങ്ങൾക്ക് രാഷ്ട്രീയമായ നിശ്ചയദാർഢ്യവും ഭരണപരമായ ഉറച്ച ഇച്ഛാശക്തിയും വേണം. ഖനനം, കൽക്കരി, കൃഷി, തൊഴിൽ എന്നിവയാണത്രേ ഏറ്റവും കുഴപ്പം പിടിച്ച രംഗങ്ങൾ. അവിടെ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കനത്ത അളവിലുള്ള ഇച്ഛാശക്തി തന്നെ കേന്ദ്രം പ്രകടിപ്പിച്ചുകഴിഞ്ഞെന്നാണ് കാന്ത് പറയുന്നത്. ഇനി സംസ്ഥാനങ്ങളുടെ ഉൗഴമാണെന്നും അവർ ഇക്കാര്യത്തിൽ ഉദാരനിലപാട് സ്വീകരിക്കണമെന്നുമാണ് സംഘ്പരിവാർ ജിഹ്വയായ 'സ്വരാജ്യ'യും പ്രമുഖ കുത്തക ചൂഷണ കമ്പനിയായ വേദാന്തയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ നിതി ആയോഗ് സി.ഇ.ഒ നിർദേശിക്കുന്നത്.
സംഘാടകരും സന്ദർഭവും രാജ്യത്തെ രാഷ്ട്രീയപശ്ചാത്തലവുമൊക്കെ വെച്ചുനോക്കുേമ്പാൾ ജനാധിപത്യം നിലനിന്നു പോകുന്നതിലുള്ള പൊറുതികേടാണ് കേന്ദ്രഭരണത്തിെൻറ ആസൂത്രണസംവിധാനത്തിെൻറ പരമോന്നത ഉദ്യോഗസ്ഥൻ പങ്കുവെക്കുന്നത് എന്നു വ്യക്തം. മോദിഗവൺമെൻറിെൻറ 'ത്യാഗനിർഭരമായ' ഇച്ഛാശക്തിയുടെ പൊരുൾ അദ്ദേഹം തന്നെ എണ്ണിപ്പറഞ്ഞ മേഖലകളിൽ മോദി ഗവൺമെൻറ് വരുത്തിയ 'പരിഷ്കാരങ്ങൾ' പരിശോധിച്ചാൽ വ്യക്തമാകും-രാജ്യത്തിെൻറ ഖനിവിഭവങ്ങളും കൃഷിസമ്പത്തും എല്ലാം കുത്തകകൾക്കു തീറെഴുതിക്കൊടുത്തതു തന്നെ. അത് ഏതറ്റം വരെയും പോകുമെന്നു വന്നപ്പോൾ ഗതികെട്ട കർഷകർ സമരരംഗത്തിറങ്ങിയ നേരത്താണ് ജനാധിപത്യത്തിെൻറ പൊറുതികേടുകളെക്കുറിച്ച കാന്തിെൻറ നിരീക്ഷണങ്ങൾ. അതും സ്വാശ്രയത്വത്തിെൻറ പര്യായമായ 'ആത്മനിർഭർ ഭാരതി'നു വേണ്ടിയുള്ള ചർച്ചയിൽ. തൂത്തുക്കുടി മുതൽ സാമ്പിയ വരെ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ വൻകിട ചൂഷകഭീമന്മാരുടെ മടിയിലിരുന്നാണ് പാവപ്പെട്ട കർഷകർ സമരത്തിെൻറ പൊരിവെയിലിലെരിയുന്ന നേരത്ത് രാജ്യത്തിെൻറ ആസൂത്രണപ്രമാണിയുടെ ജനാധിപത്യവിരുദ്ധമായ ഗീർവാണങ്ങൾ. ഒടുവിൽ വിവാദമായപ്പോൾ ഒന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ തലയൂരാൻ വിഫലശ്രമം നടത്തിനോക്കിയെങ്കിലും വെറുമൊരു നാക്കുപിഴയല്ല, തെൻറ യജമാനന്മാരുടെ ഉള്ളിലിരിപ്പറിഞ്ഞുള്ള കുഴലൂത്താണ് അദ്ദേഹം നടത്തിയതെന്നു വ്യക്തം. അതു ജനാധിപത്യത്തിെൻറ തന്നെ അന്തിമകാഹളത്തിെൻറ മുന്നോടിയാണോ എന്നേ ഇനി അറിയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.