കുഞ്ഞുങ്ങളുടെ കരച്ചിലടക്കാതെ നാം എങ്ങോട്ട്?

ലോകത്ത് അതിദ്രുതം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സമ്പദ്ഘടനയുള്ള ഇന്ത്യയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും കണക്കു നിരത്താന്‍ ഭരണാധികാരികള്‍ മത്സരിക്കാറുണ്ട്. വന്‍കിട ക്ഷേമ വികസനപദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും ആഘോഷപൂര്‍വമാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍, ഇതിനൊക്കെ ആയുസ്സെത്ര, ഗവണ്‍മെന്‍റിന്‍െറ വിവിധ പദ്ധതികള്‍ പ്രയോഗതലത്തില്‍ എന്തു നേടുന്നു എന്നന്വേഷിക്കുമ്പോള്‍ ലഭ്യമാകുന്ന ചിത്രങ്ങള്‍ അതിദയനീയമാണ്. രണ്ടാഴ്ച മുമ്പ് പുറത്തുവന്ന രാജ്യത്തെ യുവജനങ്ങളുടെ വികസനസൂചിക അടയാളപ്പെടുത്തുന്ന ‘ഗ്ളോബല്‍ യൂത്ത് ഡെവലപ്മെന്‍റ് ഇന്‍ഡക്സ്’ റിപ്പോര്‍ട്ടില്‍ ലോകത്തെ 183 രാജ്യങ്ങളില്‍ 133ാം സ്ഥാനത്താണ് ഇന്ത്യ. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി രാഷ്ട്രീയ പ്രാതിനിധ്യം വരെയുള്ള കാര്യങ്ങളില്‍ യുവജനങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുന്ന വിഷയത്തില്‍ അയല്‍രാജ്യങ്ങളായ നേപ്പാളിനും ഭൂട്ടാനും ശ്രീലങ്കക്കും പിറകില്‍ പിന്നെയും അറുപത് രാജ്യങ്ങള്‍ കൂടി കഴിഞ്ഞാണ് ഇന്ത്യ ഓടിയത്തെുന്നത്. ആഗോളസൂചിക മാനദണ്ഡമാക്കിയ ഘടകങ്ങളില്‍ നേരിയൊരു പുരോഗതി കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം നേടാന്‍ ഇനിയും ഏറെ ആഞ്ഞുപിടിക്കേണ്ടിവരും എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഈയിടെ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ആഗോള ആരോഗ്യവികസന സൂചികയിലും ഇന്ത്യ ബഹുദൂരം പിറകിലാണ്. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് നല്‍കുന്ന ശ്രദ്ധയില്‍ ലോകത്തെ 187 രാജ്യങ്ങളില്‍ ഇന്ത്യ 135ാം സ്ഥാനത്താണത്രെ. ഇക്കാലയളവില്‍ തന്നെ പുറത്തുവന്ന ആഗോള വിശപ്പ് സൂചികയുടെ വിശദീകരണം കുറേക്കൂടി ആശങ്കജനകമാണ്. ഓരോ അഞ്ച് ഇന്ത്യക്കാരിലും ഒരാള്‍ ദാരിദ്ര്യത്തിലാണെന്നാണ് 2030ഓടെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യാനുള്ള സുസ്ഥിര വികസനലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സൂചിക സമിതിയുടെ കണക്ക്. ഉപരി, മധ്യവര്‍ഗ മേല്‍പാളിക്ക് കീഴെ കഴിയുന്ന ഇന്ത്യയില്‍ എന്തു നടക്കുന്നു എന്ന അന്വേഷണത്തിന് അധികാരികളെ പ്രേരിപ്പിക്കേണ്ടതാണിത്. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, യുവജനങ്ങള്‍, വൃദ്ധന്മാര്‍ എന്നിങ്ങനെ ജനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹികസുരക്ഷ തുടങ്ങി സര്‍വതോമുഖമായ ക്ഷേമത്തിനും വളര്‍ച്ചക്കും ഗവണ്‍മെന്‍റ് സ്വന്തമായും വിവിധ ഏജന്‍സികളുമായി സഹകരിച്ചുമൊക്കെ പല പരിപാടികളും നടത്തിവരുന്നുണ്ട്. എന്നാല്‍, ഇവയില്‍ എത്രയെണ്ണം ഏതളവില്‍ ഫലപ്രദമാകുന്നു എന്നൊരു കണക്കെടുപ്പിന് മുതിര്‍ന്നാല്‍ നാണം കെട്ട് തലതാഴ്ത്തേണ്ടിവരും.
കുഞ്ഞുങ്ങളുടെ ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ എവിടെയത്തെി ഇന്ത്യ എന്നതിന്‍െറ തിക്തമായ വസ്തുതകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പകര്‍ച്ചവ്യാധികള്‍ക്ക് ഇക്കണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയെന്നും നടക്കുന്നുവെന്നും അവകാശവാദമുയരുമ്പോഴും അതിസാരവും ന്യുമോണിയയും നമ്മുടെ ശിശുക്കളെ ഇപ്പോഴും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് പുതിയ കണക്ക്. ഈയൊരു വര്‍ഷം ഇന്ത്യയില്‍ മൂന്നു ലക്ഷം കുട്ടികളാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. 1990നും 2008നുമിടയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മൂന്നിരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണ് ശിശുമരണ നിരക്കില്‍ രാജ്യം അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഹെയ്തി, സബ് സഹാറന്‍ ആഫ്രിക്ക എന്നീ അവികസിത രാജ്യങ്ങളെയൊക്കെ  പിറകിലാക്കിയിരിക്കുന്നത്. ലോകത്തെവിടെയുമെന്ന പോലെ പോഷകാഹാരക്കുറവുതന്നെ ഇവിടെയും വില്ലന്‍. ബിഹാര്‍, മധ്യപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളില്‍ പത്തു കുട്ടികളില്‍ നാലു പേര്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ളെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നു. റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്തിരിക്കുകയോ കോള്‍ഡ് സ്റ്റോറേജിലേക്കോ പോവുകയോ ചെയ്യുന്നു എന്നല്ലാതെ തുടര്‍നടപടി കാര്യമായൊന്നുമുണ്ടാകുന്നില്ല. പത്തു സംസ്ഥാനങ്ങളിലെ കുരുന്നുകളില്‍ ഗുരുതരമായ വിളര്‍ച്ചരോഗം കാണപ്പെടുന്നു. ഹെയ്തി, ബുര്‍കിനോ ഫാസോ, ബംഗ്ളാദേശ് തുടങ്ങി ഇന്ത്യയുമായി ഒരു താരതമ്യവും അരുതാത്ത രാജ്യങ്ങളുടേതിനെക്കാള്‍ മോശമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ രാജ്യത്തിന്‍െറ സ്ഥാനം. ഈ അതിഗുരുതരാവസ്ഥയെ നേരിടാന്‍ എന്തു ചെയ്യുന്നു? ഒന്നുമില്ളെന്ന് പറയാനാവില്ല.  എന്നാല്‍, കാര്യമാത്ര പ്രസക്തമായൊന്നും ചെയ്യുന്നുമില്ല. കേന്ദ്ര ബജറ്റില്‍ കാര്യമായ വിഹിതം ആരോഗ്യപരിരക്ഷക്ക് ലഭിക്കുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുന്നുവെന്നല്ലാതെ പ്രയോഗത്തില്‍ ചിലപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല. പലപ്പോഴും ചെയ്യുന്ന പലതും നാമമാത്രമായിത്തീരുന്നു. അതാകട്ടെ വൈകാതെ നാമാവശേഷമാകുകയും ചെയ്യുന്നു.
ന്യുമോണിയ ഇന്ത്യയെ ഇത്ര മോശമായി ബാധിച്ചിട്ടും ലോകത്ത് അതിനെതിരായ പ്രതിരോധവാക്സിന്‍ പ്രയോഗം 16 വര്‍ഷം മുമ്പേ തുടങ്ങിയിട്ടും ഈ വര്‍ഷമാണ് ഇന്ത്യ അത് സ്വീകരിച്ചു നടപ്പാക്കുന്നത്്. അതും ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രം. അടുത്ത സഹസ്രാബ്ദത്തിലേക്കുള്ള വികസനലക്ഷ്യങ്ങള്‍ നേടാനുള്ള വഴിയിലത്തൊന്‍ കണ്ട അവധി 2015ല്‍ അവസാനിച്ചു. എന്നാല്‍, ഈ ലക്ഷ്യങ്ങളില്‍ 60 ശതമാനത്തിലും നാം പരാജയമാണെന്നാണ് ഓരോ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. പോഷകാഹാരക്കുറവിന് പരിഹാരമൊരുക്കാനോ ഉള്ള കാതലായൊരു സമീപനവും പരിപാടിയും ഇതുവരെയും ഉണ്ടായിട്ടില്ല എന്നു കേട്ടാല്‍ അവിശ്വാസം തോന്നാം. എന്നാല്‍, ലോകത്തെ വിസ്മയിപ്പിച്ച് കുതിച്ചുയരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും അതിന് തക്ക പരീക്ഷണങ്ങള്‍ക്ക് അന്യഗ്രഹങ്ങളിലേക്കുവരെ ചെന്നത്തെുമ്പോഴും കാല്‍ച്ചുവട്ടില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വിശന്നും വിളറിയും കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതിന് ചെവികൊടുക്കാതെ ഏതു പുരോഗതിയിലേക്കാണാവോ നാട് ഗതിപിടിക്കുക!
Tags:    
News Summary - madhyamam editorial: children's health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.