വിവേകം ദു:ഖമാണുണ്ണീ, ഭ്രാന്ത​േല്ലാ സുഖപ്രദം!

സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്‍െറ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് ബുധനാഴ്ച ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയുണ്ടായി. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി നടത്തിയ മാര്‍ച്ചിന്‍െറ കാരണം വിചിത്രമാണ്. തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന സുപ്രീംകോടതി വിധി പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് കമല്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അതായത്, സുപ്രീംകോടതിയുടെ ഒരു വിധി പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു സാംസ്കാരിക സംഘം അതേ സുപ്രീംകോടതിയില്‍തന്നെ ഹരജി നല്‍കുന്നു. അങ്ങനെ ഹരജി നല്‍കുന്നതുതന്നെ ദേശദ്രോഹമാണെന്നാണ് ‘സംഘ്പരിവാര്‍ കോടതി’ വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രകടമായ ഭീഷണിയുടെ ഭാഷയാണ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത ബി.ജെ.പി നേതാക്കള്‍ ഉപയോഗിച്ചത്. നിങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ ഒരു ഹരജി നല്‍കണമെങ്കില്‍ സംഘ്പരിവാറിന്‍െറ ‘ദേശസ്നേഹ പരിശോധനാ ഫലം’ ലഭിച്ചശേഷമേ അത് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെി എന്നതാണ് കൊടുങ്ങല്ലൂര്‍ സംഭവം കാണിക്കുന്നത്.
തങ്ങളുടെ ഉന്മാദ ദേശീയതാവാദത്തിനൊപ്പം നില്‍ക്കാത്തവരെ ദേശദ്രോഹികളും പാകിസ്താനി ഏജന്‍റുമാരുമാക്കി മാറ്റുന്ന സംഘ്പരിവാറിന്‍െറ വിഷലിപ്ത രാഷ്ട്രീയം നമ്മുടെ നാട്ടിലും അതിന്‍െറ ഭ്രാന്തന്‍ ഏര്‍പ്പാടുകളിലേക്ക് പോകുന്നുവെന്നതിന്‍െറ സൂചകങ്ങളാണ് ഈ സംഭവിക്കുന്ന കാര്യങ്ങള്‍. ഫ്രിഡ്ജില്‍ ഇറച്ചി സൂക്ഷിച്ചുവെന്നതിന്‍െറ പേരില്‍ ഗൃഹനാഥനെ തല്ലിക്കൊന്നതടക്കമുള്ള ആര്‍.എസ്.എസിന്‍െറ  മഹത്തായ പ്രവര്‍ത്തന പരിപാടികള്‍ ഇനിമേല്‍ വെറുമൊരു ഉത്തരേന്ത്യന്‍ വാര്‍ത്ത മാത്രമായിരിക്കില്ല എന്ന് നാം തിരിച്ചറിയുകയാണ്. ഒരു കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതുപോലും നിങ്ങളെ രാജ്യദ്രോഹിയാക്കാനും തല്ലിക്കൊല്ലാനുമുള്ള കാരണങ്ങളായി മാറുകയാണ്. അതിനാല്‍ കൊടുങ്ങല്ലൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണരുത്. നമ്മുടെ സമൂഹത്തിനുമേല്‍ സംഘ്പരിവാര്‍ അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്ന വിധ്വംസക രാഷ്ട്രീയത്തിന്‍െറ പ്രകടമായൊരു ആവിഷ്കാരമാണത്.
തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഗൗരവപ്പെട്ട സംവാദങ്ങള്‍ നടക്കുന്നുണ്ട്. ദേശസ്നേഹം നിയമം വഴി അടിച്ചേല്‍പിക്കാനുള്ള സുപ്രീംകോടതി നടപടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സജീവമാണ്. ദേശസ്നേഹം ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെങ്കില്‍ അതെന്തുകൊണ്ട് തിയറ്ററുകളില്‍ മാത്രം എന്ന ചോദ്യവും ഉയരുന്നുണ്ട്. കോടതിയുടെ ഓരോ സിറ്റിങ്ങിനുമുമ്പും ദേശീയഗാനം ആയിക്കൂടേ എന്ന ചോദ്യം സുപ്രീംകോടതിയില്‍തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എല്ലാറ്റിലുമുപരി, ഒരു കാര്യം പൗരന്മാര്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കുകയെന്നത് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതാണോ എന്ന ഗൗരവപ്പെട്ട പ്രശ്നവും നിയമപണ്ഡിതര്‍ ഉന്നയിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം പലമട്ടിലുള്ള സംവാദങ്ങള്‍ നടക്കുന്ന ഒരു വിഷയത്തില്‍, കോടതിയില്‍ ഹരജി നല്‍കിയത് മഹാ അപരാധമായി ചാപ്പകുത്തുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ തിടംവെക്കുന്നത് നിസ്സാരമായി കാണരുത്.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞയാഴ്ച ഭോപാലില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുപോരേണ്ടിവന്നു. കാരണം, സംഘി പ്രതിഷേധം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കാരും ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. പക്ഷേ, ഭോപാല്‍ സംഭവത്തിന്‍െറ തലേദിവസമാണ് കോഴിക്കോട്ട്, നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാനുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത്. കാരണം, യുവമോര്‍ച്ച പ്രതിഷേധം. ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നു പറഞ്ഞ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍നിന്ന് കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്‍െറ ആധാരമാവട്ടെ യുവമോര്‍ച്ച നല്‍കിയ പരാതിയും. അപ്പോള്‍, യുവമോര്‍ച്ചക്കാരുടെ പ്രതിഷേധവും പരാതികളുമാണ് രാജ്യത്ത് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് എന്ന നില വന്നിരിക്കുകയാണ്. ഭോപാലില്‍ ശിവരാജ് സിങ് ചൗഹാന്‍െറ പൊലീസ് ബജ്റംഗ്ദള്‍ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും യുവമോര്‍ച്ചക്കാരുടെ മനോഗതത്തിനനുസരിച്ചാണ് പിണറായിയുടെ പൊലീസ് നടപടികളെടുത്തത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ പൊലീസ് ഏര്‍പ്പാടുകളൊക്കെ അവസാനിപ്പിച്ച് നിയമപാലന, ക്രമസമാധാന ചുമതല നിരവധിയായ സംഘ്പരിവാര്‍ പോഷകസംഘടനകളെയങ്ങ് ഏല്‍പിച്ചുകൊടുക്കുന്നതാണ് നല്ലത്.
സഹജമായ ഭ്രാന്തന്‍ ആശയങ്ങള്‍ക്കൊപ്പം കേന്ദ്രഭരണം നല്‍കുന്ന അമിതാവേശവും സുരക്ഷിതത്വ ബോധവുമാണ് സംഘ്പരിവാറിനെ മറയൊന്നുമില്ലാതെ ഇത്തരം നിലപാടുകളെടുത്ത് മുന്നോട്ടുപോവാന്‍ പ്രേരിപ്പിക്കുന്നത്. ഉന്മാദികളായ ദേശീയവാദികളല്ല, വിവേകമുള്ള പൗരന്മാരാണ് നമുക്ക് വേണ്ടത്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ആശയതലത്തില്‍ നടക്കേണ്ടതാണ്. പക്ഷേ, നിയമം കൈയിലെടുത്തുകൊണ്ടുള്ള നടപടികളെ നിയമപരമായിതന്നെ കര്‍ക്കശമായി നേരിടണം. അല്ലാതെ, യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിച്ചുകളയും എന്ന് ഭയന്ന് മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതരത്തിലേക്ക് കാര്യങ്ങളത്തെുന്നത് അപകടകരമാണ്. ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെങ്കിലും കാര്യങ്ങള്‍ അമ്മട്ടിലാവുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്.
Tags:    
News Summary - madhyamam editorial- bjp protest near director kamal's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.