വോട്ടർപട്ടികയിലെ ക്രമക്കേട് ജനാധിപത്യത്തി​ന്‍റെ കളങ്കം


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നാണ് നാം സ്വയം വിശേഷിപ്പിക്കാറുള്ളത്. കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുന്നു എന്നതാണ് ആ സ്വയംവിശേഷണത്തിെൻറ കാതൽ. തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രഹസനമാക്കുകയും ജനഹിതത്തെ അട്ടിമറിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവണതകൾ കേരളത്തിലും വ്യാപകമാകുകയാണ്. പ്രമുഖ ചരിത്രപണ്ഡിതൻ എം.ജി.എസ്. നാരായണനെ 'പരേത'നാക്കി വോട്ടർപട്ടികയിൽനിന്ന് മുറിച്ചുനീക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ വോട്ടർപട്ടികയിൽ ജീവിച്ചിരിക്കുന്നു. ഇത്തരം അപഹാസ്യതയെ ആകസ്മികം എന്നു പറഞ്ഞു ചിരിച്ചു തള്ളിക്കളയാനാകില്ല. ജനാധിപത്യസാക്ഷരതയിൽ ഒന്നാമന്മാരാ​െണന്ന് ഊറ്റംകൊള്ളുന്ന മലയാളികൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ഒട്ടും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ്, വോട്ടർപട്ടികയിലെ വ്യാപകമായ അപാകതകളും പോസ്​റ്റൽവോട്ടിലെ ക്രമക്കേടുകളും. കക്ഷിഭേദമില്ലാതെ, എല്ലാ രാഷ്​ട്രീയപാർട്ടികളും കൃത്രിമ വോട്ടുകളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ നടത്തിപ്പുകാരാകുന്നുവെന്നത് എത്ര ലജ്ജാകരം. കള്ളവോട്ടുകളുടെ മിടുക്കിലാണ് കേരളം അടുത്ത തവണ ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്നതെങ്കിൽ പിന്നെ, ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള വായ്ത്താരികൾ എത്രയും വേഗം അവസാനിപ്പിക്കുന്നതാവും നല്ലത്​.

വോട്ടർ പട്ടികയിലെ അപാകതകളും കൃത്രിമത്വങ്ങളും തിരിച്ചറിഞ്ഞ കേരള ഹൈകോടതി ശക്തമായ മാർഗനിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരിക്കുന്നത്. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന ഹൈകോടതിയുടെ ഉത്തരവ് എന്തു വിലകൊടുത്തും സാക്ഷാത്കരിക്കപ്പെടേണ്ടതാണ്. വ്യാജ വോട്ടുകൾ വ്യാപകമാ​െണന്നും ഹൈകോടതി ഇടപെടണമെന്നും അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കെ, നിലവിലെ വോട്ടർ പട്ടികയിൽ 38,586 ഇരട്ട വോട്ടുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിരിക്കുന്നു. എന്നാൽ, operationtwins.com എന്ന വെബ്സൈറ്റിലൂടെ രമേശ് ചെന്നിത്തല പുറത്തുവിട്ടത് 4. 34 ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്നാണ്. ഇത്രയും ഭീകരമായ ക്രമക്കേട്​ ഉദ്യോഗസ്ഥരും ബി.എൽ.ഒ മാരും രാഷ്​ട്രീയ പാർട്ടികളും ചേർന്ന ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കോവിഡ് വ്യാപന ഭീഷണി മുൻനിർത്തി 80 വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിൽ വോട്ട് ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചിരിക്കെ തപാൽ വോട്ടിലും വൻക്രമക്കേടുകൾ നടക്കുന്നുണ്ട്. വോട്ടിെൻറ രഹസ്യസ്വഭാവം നിലനിർത്തുന്നതിന് സംവിധാനിച്ച ക്രമീകരണങ്ങൾക്ക്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നതുപോലെ മറ്റൊരു ശരിയാണ്, ഒരു സുതാര്യതയുമില്ലാതെ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ, വിഡിയോവിൽ പകർത്തുകയോ രാഷ്​ട്രീയപാർട്ടികളുടെ ഏജൻറുമാരെ അറിയിക്കുകയോ ചെയ്യാതെ ഉദ്യോഗസ്ഥർ വോട്ടുകൾ രേഖപ്പെടുത്തി തിരിച്ചുപോകുന്നുവെന്നതും. മഹാമാരിക്കാലത്ത്, തപാൽവോട്ടുകൾ അധികമാകുന്ന സാഹചര്യത്തിൽ വോട്ട് ശേഖരണം മുതൽ സ്​​ട്രോങ്​ റൂമിലെ സുരക്ഷ ക്രമീകരണം വരെയുള്ള കാര്യങ്ങളിലെ വീഴ്ചകളെ ലഘുവായി കാണുന്നത് ജനാധിപത്യ സംവിധാനത്തെ വിലയിടിക്കുന്നതിന് തുല്യമാണ്. വോട്ട് ദിനത്തിൽ വ്യാജ വോട്ട് തടയാൻ 20,441 ബൂത്തുകളിൽ വെബ്കാസ്​റ്റിങ് ഏർപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ ഹൈകോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷേ, പൂർണാർഥത്തിൽ നടപ്പാകുമോ എന്നറിയാൻ തെരഞ്ഞെടുപ്പ് കഴിയേണ്ടി വരും. തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ് മൂലത്തിൽ സമർപ്പിക്കുകയും ഹൈകോടതി അംഗീകരിക്കുകയും ചെയ്ത മാർഗനിർദേശങ്ങൾ പൂർണമായി യാഥാർഥ്യമായാൽ മാത്രമേ ഇത്തവണത്തെ തെരഞ്ഞെടുപ്പ് സുതാര്യമായെന്ന് ഉറപ്പുപറയാനാകൂ.

വോട്ടർപട്ടികയിൽ ബോധപൂർവമായി കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന പരിശോധന തെരഞ്ഞെടുപ്പിനു ശേഷമാണെങ്കിലും ഗൗരവത്തിൽ നടക്കുകയും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ പിഴവുകൾ, വിവാഹം, വീടുമാറലുകൾ തുടങ്ങിയ കാരണങ്ങളാൽ ചിലരുടെ പേരിൽ ഇരട്ടവോട്ടുകൾ സാധാരണയായി സംഭവിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് ഓരോ മണ്ഡലത്തിലും ജനാഭിലാഷത്തെ അട്ടിമറിക്കാൻ കഴിയുന്നത്ര അധികം വ്യാജവോട്ടുകൾ ചേർക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ജനാധിപത്യത്തിനുമേലുള്ള അപകടകരമായ ഈ കളങ്കം എന്തു വിലകൊടുത്തും മായ്ച്ചുകളയേണ്ടത് ജനാധിപത്യ സംവിധാനങ്ങളുടെ പവിത്രതക്ക് അനിവാര്യമാണ്. ഏതു മാർഗം സ്വീകരിച്ചും വിജയിക്കുക എന്ന വിധ്വംസക രാഷ്​ട്രീയബോധം നിർമിച്ചെടുക്കുന്ന സമ്മതിദാനം ജനഹിതത്തിെൻറ പ്രതിഫലനമായി വ്യാഖ്യാനിക്കാൻ ഇടവരുത്തിക്കൂടാ. ജനങ്ങളും ഉദ്യോഗസ്ഥരും എല്ലാ രാഷ്​ട്രീയപാർട്ടികളും ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ രംഗത്തിറങ്ങണം. ജനാധിപത്യമൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവർക്കു മാത്രമേ സാമൂഹികാരോഗ്യമുള്ള ജനതയായി നിലനിൽക്കാനും അതിജയിക്കാനും കഴിയൂ.

Tags:    
News Summary - Madhyamam editorial 2nd April 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.