യൂറോപ്യൻ ശക്തിരാഷ്ട്രങ്ങളിലൊന്നായ ജർമനിയിൽ രാഷ്ട്രീയപ്രതിസന്ധികൾക്കിടയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഫ്രെഡറിഷ് മെർസിന്‍റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതികകക്ഷി മുന്നിലെത്തി. ഫെഡറൽ തെരഞ്ഞെടുപ്പ് നടത്തിപ്പു വിഭാഗത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് മെർസ് നയിക്കുന്ന സി.ഡി.യു-സി.എസ്.യു പാർട്ടി 28.6 ശതമാനം വോട്ടുനേടി. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ജർമനിയിൽ ശക്തിപ്രാപിച്ചുവരുന്ന തീവ്രവലതുപക്ഷ കക്ഷിയായ ഓൾട്ടർനേറ്റിവ് ഫ്യുറ ഡഷ് ലാൻഡ് (ഓൾട്ടർനേറ്റിവ് ഫോർ ജർമനി-എ.എഫ്.ഡി) 20.8 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്തുണ്ട്. പുറത്തുപോകുന്ന ചാൻസലർ ഒലാഫ് ഷോൾസിന്‍റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 16.4 ഉം പരിസ്ഥിതിവാദികളായ ഗ്രീൻസ് പാർട്ടിക്കാർക്ക് 11.6 ഉം ശതമാനം വോട്ടുകിട്ടി. മെർസിന്‍റെ ജയം ആകസ്മികമെന്നു പറഞ്ഞുകൂടാ. തെരഞ്ഞെടുപ്പിനു പത്തുനാൾ മുമ്പ് നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 29 ശതമാനം വോട്ടുകൾ സി.ഡി.യു-സി.എസ്.യു പാർട്ടി നേടുമെന്ന പ്രവചനമുണ്ടായിരുന്നു. ഇതര പാർട്ടികളുടെ വോട്ടും അഭിപ്രായ വോട്ടുഫലങ്ങളുടെ ഒപ്പമെത്തി. സഖ്യമില്ലാതെ ഗവൺമെന്‍റ് രൂപവത്കരിക്കാനാവില്ലെന്നിരിക്കെ, ‘തൊട്ടുകൂടാത്ത’ എ.എഫ്.ഡിയെ വിട്ട് മറ്റു കക്ഷികളുമായി ചേർന്ന് സർക്കാറുണ്ടാക്കാനുള്ള ശ്രമത്തിലാണ് സി.ഡി.യു-സി.എസ്.യു. നേരത്തേ 2021 വരെയുള്ള 16 വർഷം ജർമനി ഭരിച്ച ആഞ്ജല മെർക്കലിന്‍റെ പാർട്ടിയായ സി.ഡി.യു പിന്നെയും ഭരണത്തിലെത്തുന്നത് മെർക്കൽ പാർട്ടിയിൽ ഒതുക്കിയ മെർസിന്‍റെ നായകത്വത്തിലാണ് എന്ന സവിശേഷത കൂടിയുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ എസ്.പി.ഡി, ഗ്രീൻസ്, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി എന്നിവർ ചേർന്ന സഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിനു ശേഷവും സഖ്യഗവൺമെന്‍റിനു തന്നെയാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. നാസി ഭൂതത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് തീവ്രവലതുപക്ഷ ദേശീയതയുടെ ലൈൻ സ്വീകരിച്ച എ.എഫ്.ഡിയെ ഒരു ഊഴം കൂടി ഭരണത്തിനു പുറത്തുനിർത്താൻ കഴിഞ്ഞതാണ് അകത്തും പുറത്തുമുള്ളവർ പ്രകടിപ്പിക്കുന്ന ഏക ആശ്വാസം.
വീണ്ടുമൊരിക്കൽ ഭരണത്തിലെത്തുന്ന സി.ഡി.യു പഴയ നേതാവ് മെർക്കലിന്‍റെ മധ്യമ നിലപാടിൽനിന്നു മാറി തീവ്രവലതുപക്ഷ ചായ്വുള്ളവരെ പാട്ടിലാക്കാനുള്ള അടവുകൾ കൂടി പുറത്തെടുത്താണ് അധികാരത്തിലേക്ക് വരുന്നത്. കുടിയേറ്റക്കാർക്കെതിരായ വികാരം അലയടിക്കുന്ന യൂറോപ്പിൽ തീവ്രദേശീയ കക്ഷികൾ വളർച്ച നേടുന്നത് ആ ദൗർബല്യം മുതൽക്കൂട്ടിയാണ്. ജർമൻ തെരഞ്ഞെടുപ്പിൽ, കുടിയേറ്റക്കാർക്ക് മെർക്കൽ തുറന്നിട്ടുകൊടുത്ത വാതിൽ വലിച്ചടച്ചു ഭദ്രമാക്കുമെന്ന വാഗ്ദാനമായിരുന്നു സി.ഡി.യു-സി.ഡി.എസ് മുന്നോട്ടുവെച്ചത്. അവർ മാത്രമല്ല, ഏതാണ്ട് എല്ലാ കക്ഷികളും കുടിയേറ്റ നിയന്ത്രണം കർക്കശമാക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ, കുടിയേറ്റ-അഭയാർഥിനിയമങ്ങിൽ കാതലായ മാറ്റം വരുത്തി, അതിൽ പലതും യു.എന്നിന്‍റെ ജനീവ കൺവെൻഷൻ തത്ത്വങ്ങൾക്ക് എതിരാണെങ്കിലും, അഞ്ചിന കർമപരിപാടി സമർപ്പിക്കുന്നുണ്ട് അവർ. കഴിഞ്ഞ ജനുവരിയിൽ അതിർത്തികൾ ഭദ്രമാക്കി കുടിയേറ്റക്കാരെ തടയാനുള്ള പഴുതടച്ച നിയമനിർമാണം ആവശ്യപ്പെട്ട് മെർസ് അവതരിപ്പിച്ച പ്രമേയത്തെ തീവ്രവലതുപക്ഷ എ.എഫ്.ഡി പിന്തുണച്ചിരുന്നു. ഈ പിന്തുണ പാർട്ടിക്കുള്ളിലെ തന്‍റെ ആജീവനാന്ത പ്രതിയോഗിയായ മെർസിനെതിരെ, ആഞ്ജല മെർക്കൽ പരമാവധി ഉപയോഗപ്പെടുത്തി. നേരിയ ഭൂരിപക്ഷത്തിന് പ്രമേയം പരാജയപ്പെട്ടെങ്കിലും എ.എഫ്.ഡിക്കെതിരെ ഘോരഘോരം സംസാരിച്ചിരുന്ന മെർസ് തന്നെ അവർക്കെതിരായ മുഖ്യധാരാ കക്ഷികളുടെ തൊട്ടുകൂടായ്മ മയപ്പെടുത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതു മനസ്സിലാക്കിയ അദ്ദേഹം തെരഞ്ഞെടുപ്പിലും ശേഷവും അവരുമായി സഖ്യമുണ്ടാവില്ലെന്ന് വ്യക്തമാക്കി.
കുടിയേറ്റവിരുദ്ധ നിലപാടിന്‍റെ കൂടെ അമേരിക്കയുടെ യൂറോപ്യൻ-നാറ്റോ സഖ്യവിരോധത്തിനെതിരെ പടനയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും മെർസിനുള്ള പിന്തുണ കൂട്ടിയിട്ടുണ്ട്. യൂറോപ്പിനെ അതിവേഗം, പടിപടിയായി ശക്തിപ്പെടുത്തി അമേരിക്കയിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനാണ് പ്രഥമപരിഗണനയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിൽ ചിലരും ട്രംപ് ഭരണകൂടവും യൂറോപ്പ് ഗുണം പിടിക്കരുതെന്ന് നിർബന്ധം പുലർത്തുന്നുണ്ട്. അവരെ മറികടന്നു മുന്നോട്ടുപോകുമെന്നും നാറ്റോയുടെ യശസ്സ് വീണ്ടെടുക്കുമെന്നും മെർസ് ആണയിടുന്നു. അമേരിക്ക മാത്രമല്ല, യുക്രെയ്ന് ശക്തമായ പിന്തുണ നൽകുന്നതിനാൽ റഷ്യയും പുതിയ ഭരണകൂടത്തോട് അത്ര മമത പുലർത്തണമെന്നില്ല. ഇക്കാര്യം മറ്റാരേക്കാളും നന്നായറിയുന്നതുകൊണ്ടാണ് അമേരിക്കയുടെ തുറന്നയുദ്ധത്തിന്‍റെയും റഷ്യയുടെയും ചൈനയുടെയും ശീതയുദ്ധത്തിന്‍റെയും നടുവിൽ പെട്ടുപോയിരിക്കുകയാണ് തങ്ങളെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതിനെ നിസ്സഹായതയായല്ല, നിലനിൽപ്പിനുള്ള പോരാട്ടവീര്യമായാണ് മെർക്കലിന്‍റെ പിൻഗാമി കാണുന്നത്. ഇരു വൻശക്തി സമ്മർദങ്ങൾക്കെതിരെ യൂറോപ്പിനെ ഐക്യത്തോടെ മുന്നോട്ടുനയിക്കുമെന്നാണ് ഏറ്റവും വലിയ യൂറോപ്യൻ സമ്പദ് വ്യവസ്ഥയുടെ ഉടമയായ ജർമനിയുടെ നിയുക്ത ഭരണാധികാരിയുടെ പ്രഖ്യാപനം. സൈനികകരുത്തിന്‍റെയും അണുശക്തിയുടെയും കാര്യത്തിൽ പുതിയ സാഹചര്യങ്ങൾക്കനുസൃതമായി സമീപനത്തിൽ മാറ്റം വരുത്താൻ അദ്ദേഹം പ്രകടിപ്പിക്കുന്ന സൂചനകൾ യൂറോപ്യൻ പുനരേകീകരണ ശക്തിപ്രകടനത്തിന്‍റെ വിളംബരമായി കാണണം. പറഞ്ഞതെല്ലാം ഫലവത്താകണമെങ്കിൽ ആദ്യം വിശ്വസ്തരുടെ സഖ്യം രൂപപ്പെടുത്തി സ്ഥിരതയുള്ള ഭരണകൂടത്തിന് തുടക്കമിടണം. തുടർന്ന് കഴിഞ്ഞ കാലങ്ങളിൽ ജർമനിക്ക് നഷ്ടമായ യൂറോപ്യൻനായകത്വം തിരിച്ചുപിടിക്കണം. ആ ചരിത്രമാറ്റത്തിന് മെർസിനു കരുത്തുണ്ടോ എന്നാണിനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.