ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ വർഗീയരോഷം ഇളക്കിവിട്ടു എന്ന കേസിൽ ബി.ജെ.പി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രയെ പ്രതിയാക്കി പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യണമെന്ന് ഏതാനും ദിവസം മുമ്പ് ഡൽഹി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ ഉത്തരവിട്ടത്, ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം അൽപമെങ്കിലും വീണ്ടെടുക്കാൻ സഹായകമായി. പ്രതിഷേധകർക്കെതിരെ നിയമം കൈയിലെടുത്തും പൊലീസിനെ ഭീഷണിപ്പെടുത്തിയും കപിൽ മിശ്ര നടത്തിയ ‘പ്രകടനം’ അദ്ദേഹംതന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. നിർബന്ധമായും എഫ്.ഐ.ആർ ആവശ്യമാകുന്നത്ര കടുത്ത കുറ്റകൃത്യങ്ങളായിട്ടും, ധാരാളം സാക്ഷിമൊഴികൾ ലഭ്യമായിട്ടും, പൊലീസ് ഡെപ്യൂട്ടി കമീഷണർ വേദ് പ്രകാശ് സൂര്യ എല്ലാറ്റിനും സാക്ഷിയായി ഒപ്പമുണ്ടായിരുന്നിട്ടും പൊലീസ് നിയമനടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന സമാധാനപരമായ സമരങ്ങളെപ്പോലും നിയമം വഴി അടിച്ചമർത്താൻ നീക്കങ്ങളുണ്ടായി. ധാരാളം പാവങ്ങളടക്കം കള്ളക്കേസുകളിൽ അറസ്റ്റിലായി. വളരെ ദുർബലമായ ‘തെളിവുകളു’ടെ ബലത്തിൽ മാസങ്ങൾ കഴിഞ്ഞും പലരെയും തടവിലാക്കി. ജാമ്യം നിരന്തരം നിഷേധിച്ചു. അപ്പോഴും കപിൽ മിശ്രയെ നിയമം തൊട്ടില്ല. ഡൽഹി കോടതിയിൽ കേസെത്തുകയും ജസ്റ്റിസുമാരായ മുരളീധർ, തൽവന്ത്സിങ് എന്നിവർ മിശ്രക്കും മറ്റ് രണ്ട് ബി.ജെ.പി നേതാക്കൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കൽപിക്കുകയും ചെയ്തതിന് പിന്നാലെ ജസ്റ്റിസ് മുരളീധറിനെ സർക്കാർ സ്ഥലംമാറ്റി. നിരപരാധികൾ കൊല്ലപ്പെടാനിടയാക്കിയ കലാപത്തെപ്പറ്റി പൊലീസ് നടത്തിയ അന്വേഷണങ്ങളെ തുടർച്ചയായി വിമർശിച്ച അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവിനും സ്ഥലംമാറ്റം കിട്ടി. ഒട്ടനേകം നിരപരാധികൾക്കെതിരായ കരുതൽ തടങ്കൽ നടപടികൾ റദ്ദാക്കുകയും പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത ജസ്റ്റിസ് അതുൽ ശ്രീധരനെ, ജമ്മു-കശ്മീർ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസാകാൻ 26 ദിവസം മാത്രം ബാക്കിയിരിക്കെ മധ്യപ്രദേശ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി.


ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലതാനും. വർഷങ്ങളോളം തടവിൽ കഴിഞ്ഞശേഷം നിരപരാധികളെന്ന് തെളിഞ്ഞ് വെറുതെവിടപ്പെടുന്നവരുടെ എണ്ണം നമ്മുടെ ഭരണ-നീതിന്യായ സംവിധാനങ്ങൾക്കു​നേരെ ഉയരുന്ന കുറ്റാരോപണമാണ്. കള്ളക്കേസുകളിൽ കുടുക്ക​പ്പെട്ട് വിചാരണ കാത്ത് വർഷങ്ങളോളം തടവിൽ കഴിയുന്ന എത്രയോ പേർക്കാണ് കോടതികൾ സ്വന്തം മാനദണ്ഡംപോലും പാലിക്കാതെ ജാമ്യം നിഷേധിക്കുന്നത്. അതേസമയം, കടുത്ത കുറ്റം ചെയ്തവർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുകയും ശിക്ഷിക്കപ്പെട്ടവർ കാലാവധി തീരും മുമ്പേ ഇളവോടെ വിട്ടയക്കപ്പെടുകയും ചെയ്യുന്ന ഉദാഹരണങ്ങളും ധാരാളമുണ്ട്. ജുഡീഷ്യറി പാർലമെന്റ് ചമയുകയാണെന്നും നിയമം നിർമിക്കുകയാണെന്നും ആരോപണമുന്നയിച്ച ഉപരാഷ്ട്രപതി ‘ജുഡീഷ്യൽ റിവ്യൂ’ എന്ന ഭരണഘടനാപരമായ അധികാരത്തെയാണ് ചോദ്യം ചെയ്തത്. എന്നാൽ, ഇതേസമയം രാജ്യത്ത് പലേടത്തും നീതിന്യായ സംവിധാനത്തെ ഫലത്തിൽ എക്സിക്യൂട്ടിവ് (സർക്കാറും പൊലീസും) ഹൈജാക്ക് ചെയ്യുന്നു എന്നതാണ് സത്യം. കപിൽ മിശ്രക്കെതിരെ ന്യായമായ നിയമനടപടി തുടങ്ങിവെക്കാൻ അഞ്ചുവർഷവും എക്സിക്യൂട്ടിവിന്റെ വിവിധ തന്ത്രങ്ങളെ മറികടക്കാനുള്ള അസാമാന്യമായ ജുഡീഷ്യൽ ഇച്ഛാശക്തിയും ഇരകളുടെ കുടുംബങ്ങളുടെ നിശ്ചയദാർഢ്യവും വേണ്ടിവന്നു എന്നത് തെളിയിക്കുന്നതും അതാണ്-നാട്ടിൽ ജുഡീഷ്യറിയുടെ റോൾ എക്സിക്യൂട്ടിവ് കൈകാര്യം ചെയ്യുന്നു എന്ന്; നീതിന്യായത്തിൽ സർക്കാർ ഇടപെടുന്നു എന്ന്.


തകർന്നുപോയ പല രാജ്യങ്ങളിലും ആ തകർച്ച തുടങ്ങിയിട്ടുള്ളത് നീതി-നിയമരംഗത്താണ്. നമ്മുടെ നാട്ടിലും ഭരണഘടനയുടെ അടിസ്ഥാനങ്ങൾവരെ അൽപാൽപമായിട്ടാണെങ്കിലും കടന്നാക്രമണം നേരിടുന്നുണ്ട്. ജനാധിപത്യം ശക്തിനേടുന്നത് പൗരന്മാരുടെ തൃപ്തിയിലൂടെയാണ്. സമത്വവും നീതിയുമാണ് അതിന്റെ അടിസ്ഥാനം. നീതി ഇല്ലാതാകുന്നിടത്ത് ജനാധിപത്യം ഇല്ലാതാകുകയും ഭൂരിപക്ഷ വാഴ്ച തിടംവെച്ച് ഒടുവിൽ അവരടക്കം നശിക്കുകയും ചെയ്യുമെന്നാണ് നാസി ജർമനിയും ഫാഷിസ്റ്റ് ഇറ്റലിയുമെല്ലാം തെളിയിച്ചിട്ടുള്ളത്. ജുഡീഷ്യറിക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. സർക്കാർ നിയമവും നീതിയും നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാൻ കോടതികൾക്ക് കഴിയട്ടെ.

Tags:    
News Summary - Madhyamam Editorial 2025 Apr 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.