രക്ഷാസമിതി എന്ന തമാശ

യുക്രെയ്നിന്റെ നാലു പ്രദേശങ്ങൾ തങ്ങളുടേതായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിളംബരമിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം അതിനെ അപലപിക്കുന്ന പ്രമേയം പരിഗണനക്കെടുത്തു. പ്രമേയം റഷ്യ വീറ്റോ ചെയ്ത് നിർവീര്യമാക്കിയെങ്കിലും അടുത്തുതന്നെ ഐക്യരാഷ്ട്ര പൊതുസഭയിൽ അത് എത്തും. രക്ഷാസമിതിയിൽ വീറ്റോ ചെയ്യപ്പെട്ടതിനർഥം സമിതി അത് തള്ളി എന്നല്ല; വോട്ടുനിലയിൽ അത് വ്യക്തമാണ്. അമേരിക്കയും അൽബേനിയയും കൊണ്ടുവന്ന പ്രമേയത്തിന് 15 അംഗ സമിതിയിലെ 10 അംഗ രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യ അടക്കം നാലു രാജ്യങ്ങൾ വിട്ടുനിന്നു. റഷ്യക്കനുകൂലമായി ആ രാജ്യമല്ലാതെ മറ്റാരും ഉണ്ടായില്ല. പ്രമേയത്തിന്റെ ഉള്ളടക്കം മൂന്നു കാര്യങ്ങളിൽ ഊന്നിയുള്ളതാണ്: യുക്രെയ്നിന്റെ അതിർത്തിയിൽ റഷ്യ വരുത്തിയ മാറ്റങ്ങൾ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല. അതിനുവേണ്ടി നടത്തിയ 'ഹിതപരിശോധന'യെ അപലപിക്കുന്നു, യുക്രെയ്നിൽനിന്ന് പട്ടാളത്തെ പിൻവലിക്കാൻ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ മൂന്നു കാര്യങ്ങളോടും രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗ രാജ്യങ്ങൾക്കും യോജിപ്പാണെന്നതാണ്, റഷ്യൻ വീറ്റോക്കുപരിയായി രക്ഷാസമിതി യോഗം നൽകുന്ന സന്ദേശം. കടന്നാക്രമണങ്ങൾക്കും പിടിച്ചെടുക്കലിനുമെതിരായ നിലപാടെന്ന നിലക്കാണ് ലോകരാഷ്ട്രങ്ങൾ റഷ്യയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നാറ്റോയുടെ ഏകപക്ഷീയ വ്യാപനം തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും റഷ്യ നടത്തുന്ന പ്രത്യക്ഷവും പ്രകടവുമായ അന്യായത്തെയും കുരുതിയെയും അത് സാധൂകരിക്കുന്നില്ല എന്ന് രക്ഷാസമിതിയിലെ ഭൂരിപക്ഷം പേരും കരുതുന്നു. ലോകവേദിയുടെ പൊതുനിലപാടായിത്തന്നെ അതിനെ കാണാനാകും.

ഇവിടെയാണ് യു.എന്നിന്റെയും രക്ഷാസമിതിയുടെയും അമേരിക്ക അടക്കമുള്ള പാ​ശ്ചാത്യ രാജ്യങ്ങളുടെയും ഇരട്ടത്താപ്പ് വല്ലാതെ തെളിയുന്നത്. യൂറോപ്പിലെ 'വെള്ളക്കാരുടെ നാട്ടി'ൽ അതിക്രമം നടന്നാൽ മണിക്കൂറുകൾക്കകം ശക്തമായി പ്രതികരിക്കുന്നവർ തന്നെയാണ് സമാനവും എന്നാൽ കൂടുതൽ തീക്ഷ്ണവും ദീർഘവുമായ അന്യായങ്ങൾ ഇറാഖിനും അഫ്ഗാനിസ്താനും ലിബിയക്കും സിറിയക്കും ഫലസ്തീനിനുമൊക്കെ എതിരിൽ നടക്കുമ്പോൾ അവയെ ആളും ആയുധവും സ്വാധീനവുംകൊണ്ട് പിന്തുണച്ചുപോന്നിട്ടുള്ളത്. ഫലസ്തീനിന്റെ കാര്യമെടുക്കുക. കഴിഞ്ഞവർഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 61 കുട്ടികളും 35 സ്ത്രീകളുമടക്കം 275 സിവിലിയന്മാർ കൊല്ലപ്പെട്ടു. 40 സ്കൂളുകൾ, അനേകം ആശുപത്രികൾ, യു.എൻ കണക്കനുസരിച്ച് 94 കെട്ടിടങ്ങൾ എല്ലാം ഗസ്സ ആക്രമണത്തിൽ സയണിസ്റ്റ് പട നിലംപരിശാക്കി. 11 ദിവസം നീണ്ട ആക്രമണത്തിൽ മാത്രം 72,000 പേർ അഭയാർഥികളായി. ഇ​സ്രായേൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും അപലപിക്കുന്ന പ്രമേയം രക്ഷാസമിതിയിൽ വന്നപ്പോൾ അമേരിക്ക അത് വീറ്റോ ചെയ്തു. ഇക്കൊല്ലം ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം അമേരിക്ക അരഡസൻ അടിയന്തര രക്ഷാസമിതി യോഗങ്ങൾ വിളിപ്പിച്ച് റഷ്യക്കെതിരെ നടപടികൾ തുടങ്ങിവെച്ചു. ഇതേ അമേരിക്ക കഴിഞ്ഞവർഷം ഇസ്രായേലിന്റെ ഗസ്സ ആക്രമണവേളയിൽ, ഇസ്രായേലിനോട് വെടിനിർത്തലിന് ആഹ്വാനംചെയ്യുന്ന മൂന്നു രക്ഷാസമിതി പ്രമേയങ്ങളാണ് ഒറ്റ ആഴ്ചയിൽ തടഞ്ഞിട്ടത്. റഷ്യയുടെ വീറ്റോ പ്രയോഗത്തെ ഇപ്പോൾ ആക്ഷേപിക്കുന്ന അമേരിക്ക ഇസ്രായേലിനുവേണ്ടി രക്ഷാസമിതിയിൽ 82 തവണ വീറ്റോ പ്രയോഗിച്ചിട്ടുണ്ട്. അതിൽ 43 എണ്ണം ഇസ്രായേലിന്റെ പൈശാചികതയെ സംരക്ഷിക്കാനായിരുന്നു. ജനീവ കരാറുകളടക്കം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വംശഹത്യയും കുടിയേറ്റവും വംശവിവേചനവും നിരന്തരം നടത്തുന്ന ഇസ്രായേലിനെ പണംകൊണ്ടും വീറ്റോകൊണ്ടും ആയുധംകൊണ്ടും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ അമേരിക്കയും കൂട്ടാളികളും.

2014ൽ റഷ്യ ക്രീമിയ കൂട്ടിച്ചേർത്തപ്പോൾ മണിക്കൂറുകൾക്കുള്ളിലാണ് റഷ്യക്കെതിരെ കടുത്ത ഉപരോധവുമായി അമേരിക്കൻപക്ഷം നടപടി സ്വീകരിച്ചത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഇസ്രായേൽ സേന ഗസ്സയിൽ നരനായാട്ട് നടത്തി. 6000 ബോംബിട്ട് 2100 ഫലസ്തീൻകാരെ കൊന്നു. ഇസ്രായേലിനെതിരെ ഉപരോധം വേണമെന്ന ആവശ്യ​ത്തോട് അമേരിക്ക പ്രതികരിച്ചത്, ഇസ്രായേലിന് സ്വരക്ഷക്ക് അവകാശമുണ്ട് എന്നായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ ലോകം ഫലപ്രദമായി നടപ്പാക്കിയ ബി.ഡി.എസ് തന്ത്രം (ബഹിഷ്കരണം, നിക്ഷേപം പിൻവലിക്കൽ, ഉപരോധം) ഇസ്രായേലിന്റെ വംശവിവേചനത്തിനെതിരെ പ്രയോഗിക്കാൻ ഒരുങ്ങുന്നവരെ 'സെമിറ്റിക്‍വിരുദ്ധ' മുദ്രകൊണ്ട് നേരിടുകയാണ് പടിഞ്ഞാറൻ ശക്തികൾ. അവർതന്നെയാണ് റഷ്യക്കും ഇറാനും മറ്റുമെതിരെ സ്വന്തം താൽപര്യങ്ങൾക്കായി ഉപരോധം മുറുക്കിക്കൊണ്ടിരിക്കുന്നതും. യു​ക്രെയ്ൻ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തപ്പോഴേക്കും ഉപരോധം കൂട്ടിയും രക്ഷാസമിതിയെ ഇളക്കിയും ബഹളംവെക്കുന്നവർ, കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള വെസ്റ്റ്ബാങ്ക് കൈവശംവെക്കുന്ന, ജൂലാൻ കുന്നുകൾ പിടിച്ചെടുത്ത, ഗസ്സയെ വരിഞ്ഞുമുറുക്കുന്ന, കുടിയേറ്റങ്ങൾ വഴി ജനീവകരാർ ലംഘിച്ച് അന്യരുടെ പ്രദേശങ്ങൾ സ്വന്തമാക്കുന്ന ഇസ്രായേലിന്റെ കുറ്റങ്ങൾ കാണുകപോലും ചെയ്യുന്നില്ല. ഇസ്രായേൽ ചെയ്യുന്ന മനുഷ്യാവകാശലംഘനങ്ങളും അപാർതൈറ്റും യുദ്ധക്കുറ്റങ്ങളും അനുവദിക്കുക മാത്രമല്ല, ന്യായീകരിക്കുക കൂടി ചെയ്യുന്നവരാണവർ. ഇസ്രായേലിനെതിരായ രക്ഷാസമിതിയുടെ അനേകം പ്രമേയങ്ങൾ അവഗണിക്കുന്നവർ സമാധാനപ്രേമികളായി ചമയുമ്പോൾ ചിരിയാണ് വരുന്നത്. 

News Summary - madhyamam editorial 2022 october 3 monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.