സ്വന്തം മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രകാരം രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തി മൂന്ന് രൂപ അടക്കേണ്ടിവരുന്ന ഒരു പക്ഷേ, ഇന്ത്യയിലെ ഏക വ്യക്തിയായിരിക്കും അബ്ദുന്നാസർ മഅ്ദനി എന്ന രാഷ്ട്രീയ നേതാവ്. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് മഅ്ദനി പരപ്പന അഗ്രഹാര ജയിലിൽ അടക്കപ്പെട്ടിട്ട് ഏഴുവർഷമായി. സമ്പൂർണമായി കെട്ടിച്ചമക്കപ്പെട്ട കേസാണിതെന്ന്, വിഷയത്തിൽ അന്വേഷണം നടത്തിയ നിഷ്പക്ഷ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഒറ്റക്കെട്ടായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം അകപ്പെട്ട കേസിെൻറ വിചാരണയാകട്ടെ പാതിവഴി പോലും പിന്നിടാതെ, ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോവുന്നത്. മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ബി.ജെ.പിയാണ് കർണാടക ഭരിച്ചിരുന്നത്. ഇപ്പോൾ കോൺഗ്രസും. ‘അവർണർക്ക് അധികാരം’ എന്ന രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവെച്ച ഒരു മുസ്ലിം രാഷ്ട്രീയപ്രവർത്തകനോട് ബി.ജെ.പി സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, ഇപ്പോൾ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ബി.ജെ.പിയേക്കാൾ ക്രൂരമായിട്ടാണ് മഅ്ദനിയോട് പെരുമാറുന്നത് എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ കാണിക്കുന്നത്.
നിരന്തരവും ക്ലേശകരവുമായ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, ചികിത്സാവശ്യാർഥം മഅ്ദനിക്ക് 2014ൽ സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത്. അപ്പോഴും ബംഗളൂരു നഗരം വിട്ടുപോകാൻ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, അടുത്തയാഴ്ച നടക്കുന്ന തെൻറ മൂത്ത മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി വിചാരണ കോടതിയെ സമീപിക്കുന്നു. പ്രതീക്ഷിക്കപ്പെട്ടതുപോലെ അവർ അപേക്ഷ തള്ളുന്നു. മഅ്ദനി ഇതേ ആവശ്യവുമായി സുപ്രീംകോടതിയിലെത്തുന്നു. ഈ അപേക്ഷയിലാണ് ആഗസ്റ്റ് 14 വരെ, മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി മഅ്ദനിയെ അനുവദിക്കുന്നത്. എന്നാൽ, കേരളത്തിലേക്കുള്ള യാത്രക്ക് ആവശ്യമായ സുരക്ഷച്ചെലവുകൾ മഅ്ദനിതന്നെ വഹിക്കണമെന്ന കർണാടക സർക്കാറിെൻറ വിചിത്ര ആവശ്യം സുപ്രീംകോടതി അംഗീകരിച്ചുകൊടുക്കുകയായിരുന്നു. മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ പ്രഗല്ഭ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇതിെൻറ യുക്തിയെ ചോദ്യം ചെയ്യുകയുണ്ടായി. ഒരു കാലില്ലാത്ത, കണ്ണിന് കാഴ്ച നഷ്ടപ്പെട്ട മഅ്ദനി എങ്ങോട്ടും കടന്നുകളയാൻ പോവുന്നില്ല എന്ന് അദ്ദേഹം കോടതിയെ ഉണർത്തി. വിചാരണ തടവുകാരനായ ഒരാളുടെ ചെലവുകൾ കോടതിതന്നെ വഹിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ പോലും ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിമാർ സന്നദ്ധമായില്ല. അതേസമയം, യുക്തിപൂർവമായ ചെലവേ ഈ സുരക്ഷയൊരുക്കലിന് ഉണ്ടാകാവൂ എന്ന് കോടതി ഉണർത്തി. കർണാടകയെ പ്രതിനിധാനംചെയ്ത് വന്ന അഭിഭാഷകൻ അക്കാര്യം സർക്കാറിനെ തെര്യപ്പെടുത്താമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, വിചിത്രമെന്ന് പറയട്ടെ, ചൊവ്വാഴ്ച കർണാടക പൊലീസ് മഅ്ദനിക്ക് മുമ്പാകെ സമർപ്പിച്ച ചെലവ് പട്ടിക ആരെയും അമ്പരപ്പിക്കുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥ സംഘത്തിനുള്ള മുൻകൂർ ശമ്പളവും മറ്റുമായി 12,54,132 രൂപയും അതിെൻറ ജി.എസ്.ടി ആയി 2,25,743യും രൂപയും അടക്കം ആകെ 14,79,875 രൂപ കർണാടക സർക്കാറിൽ മുൻകൂർ കെട്ടിവെക്കാനാണ് കർണാടക പൊലീസ് മഅ്ദനിക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതു കൂടാതെ പൊലീസ് പടയുടെ വിമാന യാത്ര, 13 ദിവസത്തെ താമസം, ഭക്ഷണം എന്നിവക്കായി ലക്ഷങ്ങൾ വേറെയും ചെലവഴിക്കേണ്ടി വരും. വർഷങ്ങളായി തടവറക്കകത്ത് കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന് താങ്ങാൻ കഴിയുന്നതല്ല ഈ ഭീമമായ തുക എന്ന് ആർക്കും മനസ്സിലാക്കാനാവുന്നതേയുള്ളൂ. ഇനി, തെൻറ വ്യക്തിപ്രഭാവം മുൻനിർത്തി അദ്ദേഹം കാശ് സംഘടിപ്പിച്ചെടുത്താലാവട്ടെ, കുറഞ്ഞ ദിവസം കൊണ്ട് ഇത്രയും തുകയൊക്കെ സംഘടിപ്പിക്കാൻ കഴിയുന്ന ഭീകരനാണ് ഈ മഅ്ദനി എന്ന വാദവുമായിട്ടായിരിക്കും ക്രൂരതയിൽ ആനന്ദിക്കുന്ന ഈ ഉദ്യോഗസ്ഥർ പിന്നീട് കോടതിയിലെത്തുക. ഓർക്കുക, കെട്ടിച്ചമക്കപ്പെട്ട ഒരു കേസിൽ നീണ്ട ഒമ്പതര വർഷക്കാലം കോയമ്പത്തൂർ ജയിലിൽ ജീവിതം നരകിച്ചു തീർത്ത ആളാണ് ഈ മഅ്ദനി. ആ നീണ്ട ഒമ്പതരക്കൊല്ലം അദ്ദേഹത്തിെൻറ ജീവിതത്തിൽനിന്ന് പറിച്ചെടുത്തതിന് നയാ പൈസയുടെ നഷ്ടപരിഹാരം ഒരു കോടതിയും ഭരണകൂടവും അദ്ദേഹത്തിന് നൽകിയിട്ടില്ല. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഹിംസ്ര ജന്തുക്കളെേപ്പാലെയാണ് നമ്മുടെ ഭരണകൂടങ്ങൾ വികലാംഗനും രോഗിയുമായ ആ മനുഷ്യനോട് പെരുമാറിക്കൊണ്ടിരിക്കുന്നത്.
മകെൻറ വിവാഹത്തിൽ പങ്കെടുക്കാനുള്ള മഅ്ദനി എന്ന പിതാവിെൻറ ആഗ്രഹം തടയാനാണ് കർണാടക സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയാണ് ഈ വൃത്തികെട്ട ക്രൂരതക്ക് മറുപടി പറയേണ്ടത്. മനുഷ്യാവകാശങ്ങളോടും പ്രാഥമിക മാനുഷിക വികാരങ്ങളോടും അൽപം പോലും ആദരവില്ലാത്തവരാണ് കർണാടകയിലെ കോൺഗ്രസ് ഭരണകൂടം എന്ന് ഈ അനുഭവം മുന്നിൽവെച്ച് പറയേണ്ടിവരും. അയൽ സംസ്ഥാനത്തെ കോൺഗ്രസ് ഭരണകൂടത്തിെൻറ ഈ ക്രൂരതക്കെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം രംഗത്തുവരണം; കർണാടക സർക്കാറിനെക്കൊണ്ട് ഈ തീരുമാനം തിരുത്തിക്കണം. മനുഷ്യാവകാശത്തെക്കുറിച്ചും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള അർഹത അപ്പോഴേ അവർക്കുണ്ടാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.