നേരത്തേ തീര്‍ക്കാമായിരുന്ന സമരം

തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ കഴിഞ്ഞ 29 ദിവസമായി നടന്നുവരുന്ന വിദ്യാര്‍ഥി സമരം ബുധനാഴ്ച വൈകീട്ടോടെ വിജയകരമായ പരിസമാപ്തിയില്‍ എത്തിയിരിക്കുകയാണല്ളോ. കേരളം കണ്ട ശ്രദ്ധേയമായ വിദ്യാര്‍ഥി സമരം എന്ന നിലക്ക് ലോ അക്കാദമി സമരം അടയാളപ്പെടുത്തപ്പെടും. പ്രസ്തുത സമരത്തിന്‍െറ ബഹുമുഖമായ സന്ദേശങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കുന്നത് പ്രസക്തമാവും.

സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മറ്റാരെക്കാളും മികവ് ഇടതുപക്ഷത്തിന്, വിശിഷ്യാ സി.പി.എമ്മിന്, ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, സമരങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അത്തരമൊരു മികവ് സി.പി.എമ്മിനോ അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ക്കോ ഇല്ല എന്നത് മറ്റൊരു വസ്തുതയാണ്. ജനകീയ സമരങ്ങളോട് സംവദിക്കാനുള്ള സി.പി.എമ്മിന്‍െറ കഴിവുകേടാണ് ലോ അക്കാദമി സമരം ഇത്രത്തോളം നീണ്ടുപോവാനും സംഭവബഹുലമാകാനും പ്രധാന കാരണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടന്ന ചെങ്ങറ സമരം, മൂലമ്പള്ളി സമരം, കിനാലൂര്‍ സമരം എന്നിവയോട് അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നാവും. യഥാക്രമം, റബര്‍ പാല്‍ മോഷ്ടാക്കള്‍, മാവോവാദികള്‍, തീവ്രവാദികള്‍ എന്നീ ആക്ഷേപവാക്കുകള്‍ ഉപയോഗിച്ച് ആ സമരങ്ങളെ തകര്‍ക്കാനായിരുന്നു അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്.

അവരുടെ പ്രതിച്ഛായക്ക് വലിയരീതിയില്‍ കോട്ടം വരുത്തിയതായിരുന്നു ആ സമീപനം. തങ്ങളല്ലാത്തവരുടെ മുന്‍കൈയില്‍ നടക്കുന്ന ജനകീയ സമരങ്ങളോട് സി.പി.എം സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് സുവിദിതമാണ്. ആ നിലപാടുതന്നെയാണ് ലോ അക്കാദമി സമരവും ഇത്രയധികം നീണ്ടുപോവാന്‍ കാരണം. സി.പി.എമ്മിനും അതിന്‍െറ വര്‍ഗ ബഹുജന സംഘടനകള്‍ക്കും പുറത്ത് സാമൂഹിക, സമര ശക്തികള്‍ ധാരാളമുണ്ടെന്നും അവര്‍ക്കും ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ അറിയാമെന്നും ഇടതുപക്ഷം മനസ്സിലാക്കുക എന്നതാണ് ലോ അക്കാദമി സമരത്തിന്‍െറ ഒരു സന്ദേശം.

സ്വാശ്രയ കോളജുകള്‍ക്കെതിരെ കര്‍ക്കശമായ നിലപാടുള്ളവരാണ് ഇടതുപക്ഷം. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കലാലയം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം ലോ അക്കാദമി. വിദ്യാര്‍ഥികളുടെ പ്രാഥമികമായ ജനാധിപത്യ അവകാശങ്ങള്‍പോലും നിഷേധിക്കുന്ന തരത്തിലാണ് ആ സ്ഥാപനം പ്രവര്‍ത്തിച്ചുപോരുന്നത്. അവിടത്തെ നെറികേടുകള്‍ക്ക് സാരഥ്യം വഹിക്കുന്ന സ്ഥാപന മേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. എന്നാല്‍, ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു സ്വാശ്രയ സ്ഥാപന മേധാവിയെ സംരക്ഷിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുവെന്നതാണ് ലോ അക്കാദമി സമരത്തിലെ വിചിത്രമായ കാര്യം. സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടതുപക്ഷ നിലപാട് ആത്മാര്‍ഥമോ തത്ത്വാധിഷ്ഠിതമോ അല്ളെന്നാണ് ഇത് കാണിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയെ വരുതിയിലാക്കി സമരം അവസാനിപ്പിച്ച് കോളജ് തുറക്കാം എന്നതായിരുന്നു മാനേജ്മെന്‍റ് പദ്ധതി. ഈ പദ്ധതിയ സര്‍ക്കാര്‍ സര്‍വാത്മനാ പിന്തുണക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികളുടെ കക്ഷിരഹിതമായ ഐക്യം ഈ ഗൂഢപദ്ധതിയെ തകര്‍ക്കുന്നതായിരുന്നു. അതായത്, എസ്.എഫ്.ഐയെ വിലക്കെടുത്താല്‍ സമരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന മാനേജ്മെന്‍റുകളുടെ ധാരണകളെ പ്രഹരിക്കുന്നതാണ് ലോ അക്കാദമി സമരത്തിന്‍െറ വിജയം. സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് മാത്രമല്ല, എസ്.എഫ്.ഐക്കും ഇതില്‍ പാഠങ്ങളുണ്ട്.

ലോ അക്കാദമി സമരം പീഡനം അനുഭവിക്കുന്ന അവിടത്തെ വിദ്യാര്‍ഥികള്‍, വിശിഷ്യാ പെണ്‍കുട്ടികള്‍, കക്ഷിരഹിതമായി തുടങ്ങിവെച്ച സമരമാണ്. വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അതില്‍ പങ്കാളികളാവുകയായിരുന്നു. ജനകീയ സമരങ്ങളുടെ ഭാവിയെക്കുറിച്ച പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. ഇരകളാക്കപ്പെട്ട മനുഷ്യര്‍ തുടങ്ങിവെക്കുന്ന സമരങ്ങള്‍ വിജയിക്കുമെന്നും മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് അവയെ അവഗണിക്കാന്‍ കഴിയില്ല എന്നതുമാണ് ആ സന്ദേശം.

സ്വാശ്രയ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന പതിവു സര്‍ക്കാര്‍ ഭാഷ്യത്തെയും ലോ അക്കാദമി സമരം പരിക്കേല്‍പിക്കുന്നുണ്ട്. വേണമെന്നുണ്ടെങ്കില്‍ സ്വാശ്രയ സ്ഥാപനങ്ങളെയും വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുമെന്നതാണ് സത്യം. എന്നാല്‍, സാധാരണഗതിയില്‍ സര്‍ക്കാറുകള്‍ ഇതിന് സന്നദ്ധമാവാറില്ല. അതിനാല്‍തന്നെ, സ്വാശ്രയ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാനുള്ള ദീര്‍ഘമായ സമരത്തിന്‍െറ തുടക്കമായി ലോ അക്കാദമി സമരത്തെ കാണാവുന്നതാണ്.

ലോ അക്കാദമി വിഷയം വെളിപ്പെടുത്തുന്ന മറ്റൊരു കാര്യംകൂടിയുണ്ട്. സംസ്ഥാന തലസ്ഥാനത്ത് ഒരു സ്വാശ്രയ സ്ഥാപനം സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലാണ് പതിറ്റാണ്ടുകളായി സസുഖം പ്രവര്‍ത്തിക്കുന്നത് എന്ന സത്യമാണത്. ഇടത്തും വലത്തുമുള്ള രാഷ്ട്രീയ മുന്നണികള്‍ കാലങ്ങളായി ഈ കൊള്ളയെ പിന്തുണച്ചുകൊണ്ടിരിക്കുകയുമായിരുന്നു. തങ്ങള്‍ക്ക് വേണ്ടപ്പെട്ട വ്യക്തികള്‍ക്കും സമുദായ സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുകയെന്നത് ഇരുമുന്നണികളും അഭംഗുരം തുടരുന്ന ഏര്‍പ്പാടാണ്.

അതിനാല്‍, പ്രിന്‍സിപ്പലെ മാറ്റാന്‍ വേണ്ടി തുടങ്ങിയ ലോ അക്കാദമി സമരം അതിന്‍െറ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്കുകൂടി വികസിക്കേണ്ടതുണ്ട്. കൂര കെട്ടാന്‍ ഭൂമി ചോദിക്കുന്ന ഭൂരഹിതരെ തീവ്രവാദികളാക്കി യു.എ.പി.എ ചുമത്തുന്ന നാട്ടില്‍ സ്വാശ്രയ മുതലാളിക്ക് കോടികള്‍ വിലവരുന്ന നഗരഭൂമികള്‍ പതിച്ചു നല്‍കുന്നുവെന്നത് എന്തുമാത്രം ഞെട്ടിപ്പിക്കുന്ന കാര്യമാണ്!

Tags:    
News Summary - law academi strike can be finishe earliar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.