കശ്മീരിലെ പ്രക്ഷോഭകർ കല്ലെടുത്ത് സൈന്യത്തെ നേരിടുന്നതിനുപകരം തോക്കെടുത്താൽ അതായിരുന്നു സന്തോഷം എന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്തിനെക്കൊണ്ട് പറയിപ്പിച്ചത് പെൺകുട്ടികൾ ഉൾപ്പെടെയുള്ള കശ്മീരി യുവത കഴിഞ്ഞ ജൂലൈ മുതൽ തുടരുന്ന കല്ലേറ് സമരം സൃഷ്ടിച്ച സങ്കീർണ സാഹചര്യമാണെന്ന് വ്യക്തമാണ്. ജൂലൈയിൽ ഹിസ്ബ് കമാൻഡർ ബുർഹാൻ വാനി പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിെൻറ ഫലമായി പൊട്ടിപ്പുറപ്പെട്ട ഹിംസാത്മക പ്രക്ഷോഭത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും 360 പേർക്ക് സൈന്യത്തിെൻറ പെല്ലെറ്റ് പ്രയോഗത്തിൽ കണ്ണുകൾ നഷ്ടപ്പെടുകയും 17,340 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിൽപിന്നെ കശ്മീർ താഴ്വര ഒരുദിവസംപോലും ശാന്തമായി ഉറങ്ങിയിട്ടില്ല. കേന്ദ്രസർക്കാറിനോ സംസ്ഥാനത്തെ ബി.ജെ.പി^പി.ഡി.പി ഭരണകൂടത്തിനോ ഒരൽപംപോലും സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ സാധിച്ചിട്ടുമില്ല. അതിനിടെയാണ് ബുർഹാൻ വാനിയുടെ പിൻഗാമി സബ്സർ ഭട്ട് ഉൾപ്പെടെ എട്ട് തീവ്രവാദികൾ ശനിയാഴ്ച കൊല്ലപ്പെട്ടതും ജനരോഷം പൂർവാധികം ശക്തിയിൽ പതഞ്ഞുപൊന്തിയിരിക്കുന്നതും. വിവിധ വിഘടന സംഘടനകൾ ചേർന്ന് ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് ജനജീവിതത്തെ സമ്പൂർണമായി സ്തംഭിപ്പിച്ചു എന്നു പറയേണ്ടതില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഒാഫിസുകളും കടകേമ്പാളങ്ങളും തുറന്നുപ്രവർത്തിച്ച ദിവസങ്ങൾ നേരത്തെത്തന്നെ നന്നേ കുറവായിരുന്നു. ഇൻറർനെറ്റ് സംവിധാനം സുരക്ഷാസേന ഒാഫ് ചെയ്തിരിക്കുന്നു. ഫലത്തിൽ സിവിലിയൻ ഭരണമാണ് കശ്മീരിലേത് എന്നു പറയാൻ പ്രയാസമാണ്. 13 ലക്ഷത്തോളം വരുന്ന വിവിധ പേരുകളിലുള്ള സുരക്ഷാസേനയാണ് രംഗത്ത്. മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി^ബി.ജെ.പി സർക്കാർ കേവലം നോക്കുകുത്തിയായി നിൽക്കുന്നു. ഇടക്കിടെ ഡൽഹിയിലെത്തുന്ന മഹ്ബൂബ പ്രധാനമന്ത്രിയെയോ മറ്റ് കേന്ദ്ര നേതാക്കളെയോ കണ്ട് തിരിച്ചുപോവുന്നതല്ലാതെ ഫലപ്രദമായി ഒന്നുംചെയ്യാൻ അവർക്കാവുന്നില്ല. സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് നാഷനൽ കോൺഫറൻസ് ആവശ്യപ്പെടുന്നത് ഇൗ പശ്ചാത്തലത്തിലാണ്. അതുകൊണ്ടും താഴ്വര ശാന്തമാവാൻ പോവുന്നില്ലെന്നത് വേറെ കാര്യം.
കൊൽക്കത്ത കേന്ദ്രമാക്കിയുള്ള സെൻറർ ഫോർ പീസ് ആൻഡ് പ്രോഗ്രസ് എന്ന സംഘടനയുടെ ഒരു ടീമിനോടൊപ്പം കശ്മീരിലെത്തി വിഘടനവാദികൾ ഉൾപ്പെടെയുള്ള ഏതാണ്ടെല്ലാ വിഭാഗങ്ങളുടെയും നേതാക്കളെ വിളിച്ചുകൂട്ടി നടത്തിയ വട്ടമേശ സമ്മേളനത്തിനുശേഷം തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ കുറിച്ച വസ്തുതകൾ വെച്ച് പരിശോധിച്ചാൽ കശ്മീർ മുെമ്പാരിക്കലും സംഭവിക്കാത്തവിധം കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിൽനിന്ന് പുറത്തുപോയിരിക്കുന്നു എന്നു കാണേണ്ടിവരും. ‘ഇേതവരെ ഇന്ത്യയിൽനിന്ന് കശ്മീരികൾ അന്യവത്കരിക്കപ്പെട്ടതായിരുന്നു സ്ഥിതിയെങ്കിൽ ഇപ്പോഴത് ഇന്ത്യക്കാർ കശ്മീരികളിൽനിന്ന് അന്യവത്കരിക്കപ്പെടുന്നതായി മാറിയിരിക്കുന്നു’ എന്ന് ഏറെ ആദരണീയനായ ഒരു പ്രമുഖൻ ചൂണ്ടിക്കാണിച്ചത് അയ്യർ അനുസ്മരിക്കുന്നുണ്ട്. മൂന്നര ജില്ലകളിലൊഴികെ ബാക്കി കശ്മീരാകമാനം ശാന്തമാണെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറയുേമ്പാൾ ഹിന്ദു ഭൂരിപക്ഷമായ ജമ്മുവും മുസ്ലിം ഭൂരിപക്ഷമായ കശ്മീരും രണ്ട് വഴിക്ക് നീങ്ങുന്ന അപകടകരമായ സൂചനയാണത് നൽകുന്നതെന്ന് മണിശങ്കർ അയ്യർ വിളിച്ചുചേർത്ത വട്ടമേശ സമ്മേളനത്തിൽ പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. തികച്ചും രാഷ്ട്രീയ പ്രശ്നമായ കശ്മീരിനെ ഹിന്ദു^മുസ്ലിം പ്രശ്നമാക്കിമാറ്റുന്ന ആപൽക്കരമായ സ്ഥിതിവിശേഷത്തെപ്പറ്റിയും ഹുർറിയത് നേതാക്കൾ മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ കൊച്ചാക്കി സംസാരിച്ച ൈവസ്രോയി ലിൻലിത് ഗോയുടെ ഭാഷയാണ് അമിത് ഷായുടേത് എന്നാണ് ചിലരുടെ പ്രതികരണം. അതിെൻറ ഫലം അഞ്ചുവർഷങ്ങൾക്കുശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കെട്ടുകെേട്ടണ്ടിവരുകയായിരുന്നു എന്നവർ ഒാർമിപ്പിക്കുന്നു. ഘർ വാപസി, ലവ് ജിഹാദ്, മാട്ടിറച്ചി വിലക്ക്, ഗോ രക്ഷക ഗുണ്ടകളുടെ പരാക്രമങ്ങൾ, യോഗി ആദിത്യനാഥിെൻറ സ്വകാര്യ സേനയായ ഹിന്ദു യുവവാഹിനി എന്നിവയോടൊപ്പം അഭൂതപൂർവമായ സൈനിക സാന്നിധ്യം കൂടിയാവുേമ്പാൾ കശ്മീരികളുടെ ഹൃദയം കവരാൻ സാധിക്കുന്നതെങ്ങനെ എന്ന ചോദ്യമാണുയരുന്നതെന്നും മണിശങ്കർ അയ്യർ ഒാർമിപ്പിക്കുന്നു.
തീവ്രവാദത്തിനും ഭീകരതക്കും വിഘടനവാദത്തിനുമെതിരായ വേട്ടയായി സൈനിക ഇടപെടലുകളെയും പ്രത്യേകാധികാര നിയമത്തെയും കേന്ദ്രസർക്കാർ ന്യായീകരിക്കുേമ്പാൾ അതിെൻറ പ്രത്യാഘാതം കൂടുതൽ അപകടകാരികളായ തീവ്രവാദികൾ പിറവിയെടുക്കുകയാണെന്ന യാഥാർഥ്യവും കാണാതെ പോവരുത്. ഹുർറിയത് കോൺഫറൻസിലെ തീവ്രവാദി വിഭാഗം നേതാവായാണ് അലിഷാ ഗീലാനി സ്ഥിരമായി ചിത്രീകരിക്കപ്പെടാറ്. എന്നാൽ, അദ്ദേഹം ഒരിക്കലും കശ്മീർ പ്രശ്നത്തെ ഹിന്ദു^മുസ്ലിം പ്രശ്നമായോ ഇസ്ലാമിക ഇഷ്യൂ ആയോ അവതരിപ്പിക്കാറില്ല. ഇപ്പോൾ താഴ്വരയിൽ ഉയർന്നുപൊങ്ങുന്ന ശബ്ദം സാകിർ മൂസയുടേതാണ്. ഗീലാനിയെ തള്ളിപ്പറയുന്ന സാകിർ മൂസ കശ്മീർ പ്രശ്നത്തെ ഇസ്ലാമിക ഇഷ്യൂ ആയിട്ടാണ് അവതരിപ്പിക്കുന്നത്. സമ്മർദംമൂലം അയാൾ തെൻറ വാദത്തിൽനിന്ന് തൽക്കാലം പിന്മാറിയെങ്കിലും ഒരുവിഭാഗം യുവാക്കളിൽ അത് സൃഷ്ടിക്കുന്ന വൈകാരികോന്മാദം വിഷമസന്ധി കൂടുതൽ അപരിഹാര്യമാക്കുകയേ ചെയ്യൂ. ഇതിനൊക്കെയും അവസരമൊരുക്കുന്നത് തീവ്രഹിന്ദുത്വ പശ്ചാത്തലത്തിൽനിന്ന് കാര്യങ്ങളെ നോക്കിക്കാണുന്ന കേന്ദ്രസർക്കാറും ഭരണകക്ഷിയുമാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമുക്ക് കശ്മീർ മതി, കശ്മീരികൾ വേണ്ട എന്ന് തീരുമാനിച്ചാണ് നരേന്ദ്ര മോദി സർക്കാറിെൻറ നീക്കങ്ങളും നടപടികളുമെങ്കിൽ പ്രതിസന്ധി തീർത്തും അപരിഹാര്യമാവുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.